Pages

Friday, August 6, 2010

നബിചര്യക്ക്‌ സ്ഥാനമില്ലാത്ത കര്‍മശാസ്‌ത്രം

മുഹമ്മദ്‌ നബി(സ) കൊണ്ടുവന്നതാണെന്ന്‌ നമുക്ക്‌ അറിവ്‌ ലഭിക്കാത്ത യാതൊന്നും തന്നെ കര്‍മശാസ്‌ത്രത്തില്‍ നാം അനുഷ്‌ഠിക്കുവാന്‍ പാടില്ലെന്ന്‌ പരിശുദ്ധഖുര്‍ആനും നബിചര്യയും വ്യക്തമാക്കുന്നു. അല്ലാഹുവിനെ സ്‌നേഹിക്കുന്ന സ്‌ത്രീ പുരുഷന്മാരോട്‌ മുഹമ്മദ്‌ നബി(സ)യെ കര്‍മശാസ്‌ത്രത്തിലും പിന്തുടരുവാന്‍ നിര്‍ദേശിക്കുന്നു. ഈ വിഷയം യാഥാസ്‌ഥിതികര്‍ക്ക്‌ എതിരായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളില്‍ സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌.


ഇസ്‌ലാമിന്റെ പ്രമാണം ഖുര്‍ആനും സുന്നത്തുമാണെന്ന്‌ തങ്ങള്‍ ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്‌ അഭിമാനംകൊള്ളാറുണ്ടെങ്കിലും ജമാഅത്ത്‌ അനുഷ്‌ഠിക്കുന്ന മിക്ക സംഗതികള്‍ക്കും നബിചര്യയില്‍ മാതൃകയില്ലെന്ന്‌ ഇവര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്‌.

നമസ്‌കാരശേഷമുള്ള കൂട്ടുപ്രാര്‍ഥന

``നമസ്‌കാരാനന്തരം തനിച്ച്‌ പ്രാര്‍ഥിക്കുന്നതുതന്നെയാണ്‌ ഏറെ ഉത്തമം. നബി(സ)യുടെയും സ്വഹാബത്തിന്റെയും സമ്പ്രദായം അതായിരുന്നു. എന്നാല്‍ കൂട്ടായി പ്രാര്‍ഥിക്കുന്നത്‌ നിഷിദ്ധമാണെന്ന്‌ ഈ ലേഖകന്‍ കരുതുന്നില്ല. കാരണം അതു നിഷിദ്ധമാണെന്ന്‌ സ്ഥാപിക്കുന്ന തെളിവുകളില്ല''. (പ്രബോധനം മാസിക, വാള്യം 46, ലക്കം 38, പേജ്‌ 33, പ്രശ്‌നവും വീക്ഷണവും, )

നബി(സ)യുടെയും സ്വഹാബത്തിന്റെയും ചര്യ തനിച്ച്‌ പ്രാര്‍ഥിക്കലായിരുന്നുവെന്ന്‌ ഇവരിവിടെ സമ്മതിക്കുന്നു. എന്നിട്ടും അതിനെ മാറ്റിമറിച്ച്‌ ആരോ നിര്‍മിച്ചുണ്ടാക്കിയ ഇന്നത്തെ സമ്പ്രദായം നിഷിദ്ധമാണെന്നതിന്‌ തെളിവില്ലെന്നും ജല്‍പിക്കുന്നു. ഈ ന്യായപ്രകാരം ആയിരക്കണക്കിന്‌ ബിദ്‌അത്തുകള്‍ക്ക്‌ അംഗീകാരം നല്‍കുവാന്‍ ഇവര്‍ക്ക്‌ സാധിക്കും. ഓരോന്നും പേരെടുത്തുപറഞ്ഞ്‌, പാടില്ലെന്ന്‌ പറയുക അശാസ്‌ത്രീയമാണെന്നത്‌ ഏതു മനുഷ്യനും അറിയുന്ന യാഥാര്‍ഥ്യംമാത്രമാണ്‌. ബിദ്‌അത്തിന്‌ ഇവരുടെ നിഘണ്ടുവില്‍ എന്താണ്‌ നിര്‍വചനമെന്ന്‌ നമുക്കറിയുകയില്ല. യാഥാസ്ഥിതികരുടെ നിര്‍വചനപ്രകാരവും കൂട്ടുപ്രാര്‍ഥന നിഷിദ്ധമാകുന്നതാണ്‌. നല്ല ബിദ്‌അത്തിന്റെ കവാടം ഇവര്‍ തുറന്നതിന്റെ രഹസ്യം നമുക്ക്‌ ഇവിടെയും മനസ്സിലാക്കാം. ഭരണം ലഭിച്ചാല്‍ ഇസ്‌ലാം സമ്പൂര്‍ണമാകുമെന്ന്‌ എഴുതിയവര്‍ നല്ല ബിദ്‌അത്തുണ്ടായാല്‍ മാത്രമേ ഇസ്‌ലാം സമ്പൂര്‍ണമാവുകയുള്ളൂ എന്ന്‌ സ്വന്തം വാരികയില്‍ എഴുതിയതും നാം വിവരിച്ചു. നമസ്‌കാരശേഷം കൂട്ടുപ്രാര്‍ഥന നടത്തുന്ന മുസ്‌ലിയാന്മാര്‍ക്ക്‌ അല്ലാഹു ഒരുപക്ഷേ മാപ്പ്‌ കൊടുത്തേക്കാം. ഇവര്‍ക്ക്‌ ഇതിനും സാധ്യതയില്ല. കാരണം യാഥാസ്ഥിതികര്‍ ഇതു ചെയ്യുന്നത്‌ നബി(സ)യും സ്വഹാബിമാരും നമസ്‌കാരശേഷം തനിച്ചായിരുന്നില്ല പ്രാര്‍ഥിച്ചിരുന്നത്‌; പ്രത്യുത കൂട്ടമായിക്കൊണ്ടാണ്‌ എന്ന്‌ സമര്‍ഥിച്ചും കൊണ്ടാണ്‌.

``ചുരുക്കത്തില്‍ നമസ്‌കാരാനന്തര കൂട്ടുപ്രാര്‍ഥന ഹറാമല്ല; സുന്നത്തുമല്ല. ഒരനാവശ്യകാര്യമാണ്‌. വിവരമുള്ള മുജാഹിദ്‌ പണ്ഡിതന്മാര്‍ കൂട്ടുപ്രാര്‍ഥന ഹറാമാണെന്നു പറയുകയില്ലെന്നാണ്‌ ഈ ലേഖകന്റെ ഉത്തമ വിശ്വാസം.'' (പ്രബോധനം വാരിക, പ്രശ്‌നവും വീക്ഷണവും, വാള്യം: 46, ലക്കം:45)

ഇദ്ദേഹത്തിന്‌ തന്റെ അഭിപ്രായം എഴുതിയാല്‍ മതിയല്ലോ. എന്നാല്‍ ഇതുകൊണ്ട്‌ അവസാനിപ്പിക്കാതെ മറ്റുള്ളവരുടെ പേരില്‍ കുതിരകയറുകകൂടി ചെയ്യുകയാണ്‌. യാഥാസ്ഥിതികര്‍ ഇതുചെയ്യുന്നതു സുന്നത്താണെന്ന നിലയ്‌ക്കാണ്‌. പക്ഷേ, ഒരനാവശ്യകാര്യമായിട്ടും ബഹുജനത്തെ തൃപ്‌തിപ്പെടുത്താനാണ്‌ ഇവരിത്‌ അനുഷ്‌ഠിക്കുന്നത്‌. ``കൂട്ടുപ്രാര്‍ഥന അനഭിലഷണീയമാണെന്നും സുന്നത്താണെന്നും തികച്ചും ഹറാമാണെന്നും അഭിപ്രായമുണ്ട്‌. ഇതില്‍ അനഭിലഷണീയം എന്ന അഭിപ്രായമാണ്‌ ഈ ലേഖകന്‌ സ്വീകാര്യമായി തോന്നുന്നത്‌. അനഭിലഷണീയമായ കാര്യങ്ങള്‍ ഒഴിവാക്കുന്നതാണ്‌ ഉത്തമമെന്ന്‌ വിശേഷിച്ചു പറയേണ്ടതില്ലല്ലോ. താന്‍ നന്നല്ല എന്ന്‌ വിശ്വസിക്കുന്ന ഒരു കാര്യം വര്‍ജിക്കുന്നതില്‍ മറ്റുള്ളവരില്‍ നിന്ന്‌ ഒറ്റപ്പെടുന്നതു കാര്യമാക്കേണ്ടതില്ല.'' (പ്രബോധനം, വാള്യം: 47, ലക്കം 25, പ്രശ്‌നവും വീക്ഷണവും പേജ്‌:30).

മുജാഹിദ്‌ പണ്ഡിതന്മാര്‍ക്കിടയിലുള്ള ഭിന്നത ഗവേഷണപരമായ വിഷയങ്ങളില്‍ സുന്നത്ത്‌ ഏതാണെന്ന്‌ ഗ്രഹിക്കുന്നതില്‍ മാത്രമാണെന്ന കാര്യം പ്രത്യേകം ഉണര്‍ത്തട്ടെ.

ഖുനൂത്ത്‌

നബി(സ) സുബ്‌ഹ്‌ നമസ്‌കാരത്തില്‍ ഖുനൂത്ത്‌ ഓതിയിരുന്നില്ലെന്ന്‌ ഹദീസുകള്‍ ഉദ്ധരിച്ച്‌ സ്ഥിരപ്പെടുത്തുകയും ഖുനൂത്ത്‌ ഓതിയതായി പറയുന്ന ഹദീസുകളുടെ ന്യൂനത പണ്ഡിതോചിതം സമര്‍ഥിക്കുകയും ചെയ്‌തശേഷം ഇവര്‍ എഴുതുന്നു: ``ഏതായാലും ഖുനൂത്ത്‌ ഓതുന്നത്‌ ശിക്ഷാര്‍ഹമോ നമസ്‌കാരം അസാധുവാക്കുന്നതോ ആയ കാര്യമൊന്നുമല്ല. പ്രവാചകചര്യയായി സ്ഥിരപ്പെട്ടതിനെ അനുധാവനം ചെയ്യുന്നതാണ്‌ കൂടുതല്‍ ഉത്തമമെന്നു മാത്രം'' (പ്രബോധനം മാസിക, പുസ്‌തകം 42, ലക്കം 6)

ദീനില്‍ യാതൊന്നും വര്‍ധിപ്പിക്കുവാന്‍ പാടില്ലെന്നും അത്‌ മഹാപാപവും ദുര്‍മാര്‍ഗവുമാണെന്നും ഈ വര്‍ധനവ്‌ മനസ്സിലാക്കുവാനുള്ള ഏകമാര്‍ഗം ഖുര്‍ആനും നബിചര്യയുമാണെന്നും എഴുതിയവര്‍ തന്നെയാണ്‌ ഇപ്രകാരം ജല്‍പിക്കുന്നത്‌. ഞങ്ങളുടെ ഭരണഘടന ഖുര്‍ആനും സുന്നത്തും മാത്രമാണെന്ന്‌ പറഞ്ഞു ഇവര്‍ അഭിമാനംകൊള്ളുകയും ചെയ്യുന്നു. ഇവിടത്തെ യാഥാസ്ഥിതികര്‍ ഖുനൂത്ത്‌ ചൊല്ലുന്നത്‌ ഈ വിഷയത്തില്‍ ഉദ്ധരിക്കപ്പെട്ട ഹദീസ്‌ സഹീഹാണെന്ന ധാരണയിലാണ്‌. അതിനാല്‍ ഒരുപക്ഷേ അല്ലാഹു അവര്‍ക്കു മാപ്പ്‌ നല്‍കിയേക്കാം. എന്നാല്‍ ഇവര്‍ ആ ഹദീസ്‌ സ്ഥിരപ്പെട്ടതല്ലെന്നും പുറമേ നബിചര്യയിലും സഹാബികള്‍ക്കിടയിലും ഖുനൂത്ത്‌ ഉപേക്ഷിക്കലാണ്‌ സ്ഥിരപ്പെട്ടതെന്നും സലക്ഷ്യം സ്ഥാപിച്ചശേഷമാണ്‌ ഈ ഉരുണ്ടുകളി നടത്തുന്നത്‌. കാരണം വളരെ വ്യക്തമാണ്‌.

ഇമാം ഖുനൂത്ത്‌ ഓതുകയാണെങ്കില്‍ എന്തുചെയ്യണമെന്ന ചോദ്യത്തിന്‌ ഇവര്‍ മറുപടി നല്‍കുന്നു: `` നമസ്‌കാരത്തില്‍ ഖുനൂത്ത്‌ ഓതുക ഒരു നിഷിദ്ധകാര്യമല്ല... അതിനാല്‍ ഇമാമിനെ പിന്തുടരണം.'' (പ്രബോധനം വാരിക, പ്രശ്‌നവും വീക്ഷണവും, വാള്യം 49, ലക്കം 29, പേജ്‌ 28)

``ചുരുക്കത്തില്‍ വിത്‌റിലെ ഖുനൂത്തിനു പ്രാമാണികമായ അടിസ്ഥാനമില്ല.'' (പ്രബോധനം വാരിക, വാള്യം 49, ലക്കം 41, വിത്‌റീ നമസ്‌കാരവും ഖുനൂത്തും, പേജ്‌ 29)

നബിദിനാഘോഷം

``ചോ. നബിദിനം, മൗലൂദ്‌ പോലുള്ള ചടങ്ങുകള്‍ നബിയുടെയോ ഖലീഫമാരുടെയോ കാലത്തു നടന്നിരുന്നതായി വല്ല തെളിവുമുണ്ടോ? ഇത്തരം പരിപാടികള്‍ നടത്തുന്നതിന്‌ തെറ്റുണ്ടോ? ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വീക്ഷണമെന്താണ്‌?

ഉത്തരം: നമ്മുടെ ഈ ദീനില്‍ അതിലില്ലാത്തതു വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അതു തള്ളിക്കളയേണ്ടതാണ്‌ എന്ന്‌ നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. ഇങ്ങനെ നവനിര്‍മിതമായതൊക്കെ ബിദ്‌അത്തുകള്‍ ആണെന്നും ബിദ്‌അത്തുകളെല്ലാം ദുര്‍മാര്‍ഗമാണെന്നും ഓരോ ജുമുഅ പ്രസംഗത്തിലും ഖതീബ്‌ ആവര്‍ത്തിച്ച്‌ ഉദ്‌ബോധിപ്പിക്കുന്നു. നബി(സ) തനിക്കു മുമ്പ്‌ കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനം ആഘോഷിച്ചില്ല. ആഘോഷിക്കാന്‍ കല്‌പിച്ചതുമില്ല. തന്റെ ജന്മദിനം കൊണ്ടാടാനും തിരുമേനി നിര്‍ദേശിച്ചില്ല. അദ്ദേഹത്തിന്റെ ജീവിതകാലത്തോ വിയോഗശേഷമോ സഹാബികള്‍ തിരുമേനിയുടെ ജന്മദിനം കൊണ്ടാടിയില്ല. മൗലിദ്‌ എന്ന പേരില്‍ ഗദ്യമായോ പദ്യമായോ ഒരു സാധനവും അന്നുണ്ടായിരുന്നില്ല. അപ്പോള്‍ പിന്നെ മതാചാരമായി നബിദിനാഘോഷവും മൗലിദുമൊക്കെ പിന്നീട്‌ ഉണ്ടാക്കപ്പെട്ടതാണെന്ന്‌ വ്യക്തമായി. അതിനാല്‍ തന്നെ അവ തള്ളപ്പെടേണ്ട ബിദ്‌അത്തുകളുമായി....... ഈ വക വിഷയങ്ങളില്‍ പ്രവാചകന്‍ പഠിപ്പിച്ചതെന്തോ അതാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെയും വീക്ഷണം''. (പ്രബോധനം വാരിക, വാള്യം 47, ലക്കം 10, ചോദ്യോത്തരം, പേജ്‌ 10) സുന്നികള്‍ നബിദിനത്തിന്‌ ഉദ്ധരിക്കുന്ന തെളിവുകളും അവയ്‌ക്കുള്ള പണ്ഡിതോചിതമായ മറുപടിയുമാണിത്‌.

``ചോ: വിവിധ മതക്കാരും കക്ഷിക്കാരുമായ മലയാളികള്‍ ഇവിടെ കമ്പനികളില്‍ ജോലിയെടുക്കുകയും ഒരുമിച്ച്‌ താമസിക്കുകയും ചെയ്യുന്നു. സുന്നികള്‍ നടത്തുന്ന മൗലിദ്‌, നേര്‍ച്ച മുതലായ പരിപാടികളില്‍ മറ്റുള്ളവരെ ക്ഷണിക്കാറും അവര്‍ പങ്കെടുക്കാറുമുണ്ട്‌. ജമാഅത്തുകാരനായ ഒരു സഹോദരന്‍ മാത്രം വിട്ടുനില്‍ക്കുന്നു. ഇതൊക്കെ ശിര്‍ക്കാണെന്നാണ്‌ അയാള്‍ പറയുന്നത്‌. അതേയവസരത്തില്‍ ക്രിസ്‌തുമസ്സ്‌, ഓണം മുതലായ ആഘോഷങ്ങളില്‍ ഇയാള്‍ പങ്കെടുക്കാറും പലഹാരങ്ങള്‍ കഴിക്കാറും ഉണ്ട്‌. ഇതു ശരിയാണോ?

ഉ: മൗലിദ്‌, നേര്‍ച്ച മുതലായ അനാചാരങ്ങളില്‍ പങ്കെടുത്താല്‍ താന്‍ അവയെ പ്രോത്സാഹിപ്പിക്കുന്നവനാണ്‌ എന്നു മറ്റുള്ളവര്‍ ധരിക്കുമെന്ന ആശങ്കയാവണം വിട്ടുനില്‍ക്കാന്‍ ജമാഅത്തു പ്രവര്‍ത്തകനെ പ്രേരിപ്പിക്കുന്നത്‌. ഇത്‌ തെറ്റാണെന്നു പറഞ്ഞുകൂടാ. അയാള്‍ എതിര്‍ക്കുന്ന ഒരു കാര്യത്തെ പരോക്ഷമായി പിന്താങ്ങുന്നുവെന്ന ധാരണയുളവാക്കുന്നതു ശരിയല്ലല്ലോ.'' (പ്രബോധനം വാരിക, 1997, മെയ്‌ 16, പേജ്‌ 25, ചോദ്യോത്തരം)

തറാവീഹ്‌ നമസ്‌കാരം

``ആഇശ(റ)യില്‍ നിന്ന്‌ ബുഖാരി ഉദ്ധരിക്കുന്നു: നബി(സ) റമദാനിലോ അല്ലാത്തപ്പോഴോ പതിനൊന്നു റക്‌അത്തിനെക്കാള്‍ അധികരിപ്പിക്കാറുണ്ടായിരുന്നില്ല. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍, നബിചര്യയനുസരിച്ച്‌ റമദാനിലെ ഖിയാമുല്ലൈല്‍ (തറാവീഹ്‌ 8ഉം 3ഉം അല്ലെങ്കില്‍ 10ഉം ഒന്നും ആണ്‌. റക്‌അത്തുകളുടെ കാര്യത്തില്‍ ഏറ്റവും സ്ഥിരപ്പെട്ട നിവേദനം ഇതാണ്‌. ആ നിലയ്‌ക്ക്‌ എട്ടുകാരുടെ നിലപാടാണ്‌ ഏറ്റവും ശരിയായിട്ടുള്ളത്‌.'' (പ്രബോധനം വാരിക, പ്രശ്‌നവും വീക്ഷണവും, വാള്യം 49, ലക്കം 41)

``നബി(സ)യുടെ ഒമ്പത്‌ പത്‌നിമാരില്‍ ഒരാള്‍ മാത്രമായിരുന്നു ആഇശ. താന്‍ കണ്ടകാര്യം റിപ്പോര്‍ട്ടുചെയ്‌തു എന്നതല്ലാതെ മറ്റു ഭാര്യമാരുടെ വീടുകളില്‍ വെച്ച്‌ പതിനൊന്നില്‍ കൂടുതല്‍ നമസ്‌കരിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ്‌ മദ്‌ഹബുകാരുടെ വാദം. നബി(സ) ഒരു രാത്രി 17 റക്‌അത്തു നമസ്‌കരിച്ചതായി മുസ്‌ലിം ഉദ്ധരിച്ച ഹദീസിലും ഉണ്ട്‌.'' (പ്രബോധനം വാരിക, 1996 മാര്‍ച്ച്‌ 16) മുസ്‌ലിമില്‍ ഇപ്രകാരം ഒരു ഹദീസ്‌ കാണാന്‍ സാധ്യമല്ല. ഇതിവര്‍ എന്തിനാണെഴുതിയത്‌?

``മൗദൂദി തന്റെ ഇജ്‌തിഹാദിലൂടെ ശരിയെന്ന്‌ തോന്നിയ ചിലകാര്യങ്ങളിലൊഴിച്ച്‌ മറ്റെല്ലാറ്റിലും ഹനഫിമദ്‌ഹബ്‌ പിന്‍പറ്റിയ ആളായിരുന്നു. അതുകൊണ്ടു തറാവീഹ്‌ നമസ്‌കാരം 23 റക്‌അത്ത്‌ നിര്‍വഹിച്ചു. ജുമുഅ ഖുത്വ്‌ബയുടെ രണ്ടാംഘട്ടം അറബി ആയിരിക്കണമെന്ന്‌ നിഷ്‌കര്‍ഷിക്കുകയും ചെയ്‌തു. ഹനഫി മദ്‌ഹബുകാരായ ജമാഅത്തെ ഇസ്‌ലാമിക്കാരുടെ നിയന്ത്രണത്തിലുള്ള പള്ളികളിലും ഹനഫി സമ്പ്രദായങ്ങളായിരിക്കും നിലനില്‌ക്കുക.'' (പ്രബോധനം വാരിക, ചോദ്യോത്തരം, വാള്യം 53, ലക്കം 47 പേജ്‌ 15)

മൂന്ന്‌ ത്വലാഖ്‌

``അതിനാല്‍ ധാരാളം പ്രമുഖ സ്വഹാബികളും താബിഉകളും നാല്‌ മദ്‌ഹബുകളുടെ ഇമാമുകളും അഭിപ്രായപ്പെടുന്നപോലെ മൂന്ന്‌ ത്വലാഖ്‌ മൂന്നു പ്രാവശ്യം ഒരുമിച്ചു ചൊല്ലുകയോ ഒരു പ്രാവശ്യം മൂന്നും ഒരുമിച്ചു ചൊല്ലുക (ഞാന്‍ മൂന്നു ത്വലാഖും ചൊല്ലി എന്നോ മറ്റോ പറയുക)യോ ചെയ്‌താല്‍ അതു തെറ്റാണെങ്കിലും ത്വലാഖ്‌ മൂന്നും സംഭവിക്കുമെന്നു തന്നെയാണ്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌''. (പ്രബോധനം മാസിക, വാള്യം 34, ലക്കം 7, വിവാഹമോചനം മൂന്നുതവണ, കുടുംബരംഗം, പേജ്‌ 42)

ഒരു ത്വലാഖ്‌ മാത്രമേ സംഭവിക്കുകയുള്ളൂ എന്ന ഹദീസുകളെ ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടാണ്‌ സമസ്‌തയുടെ അഭിപ്രായം ഇവരിവിടെ സ്ഥാപിച്ചിരിക്കുന്നത്‌.

അഹ്‌ലുല്‍ ഹദീസ്‌ പണ്ഡിതന്മാര്‍ മൂന്നു ത്വലാഖ്‌ ഒന്നിച്ച്‌ ചൊല്ലിയാല്‍ മൂന്നു ത്വലാഖും പിരിയുകയില്ലെന്നും ഒരു ത്വലാഖ്‌ മാത്രമേ പിരിയുകയുള്ളുവെന്നും പ്രഖ്യാപിച്ചുകൊണ്ട്‌ അടുത്ത കാലത്ത്‌ ഒരു ഫത്‌വ പുറപ്പെടുവിക്കുകയും അത്‌ ചര്‍ച്ചാവിഷയമാവുകയും ചെയ്‌തു. അപ്പോള്‍ പ്രബോധനത്തില്‍ അഹ്‌ലെ ഹദീസിന്റെ പുതിയ ഫത്‌വ സ്വാഗതം ചെയ്യപ്പെടേണ്ട ഒന്നാണ്‌ എന്ന്‌ പ്രഖ്യാപിച്ച്‌ ഇവരെഴുതുകയും ദുര്‍വ്യാഖ്യാനം ചെയ്‌ത ഹദീസുകള്‍ തന്നെ തെളിവായി ഉദ്ധരിക്കുകയും ചെയ്‌തു. (ബോധനം 1993 ജൂലൈ 17, ഒരു ഫത്‌വയും കുറെ വിവാദങ്ങളും) മൂന്ന്‌ ത്വലാഖും ഒന്നിച്ച്‌ പിരിച്ചാല്‍ ഒരു ത്വലാഖ്‌ മാത്രമേ പിരിയുകയുള്ളൂ എന്ന അഭിപ്രായം ശരിയല്ലെന്ന്‌ പ്രബോധനത്തി(പുസ്‌തകം 31 ലക്കം 2,)ലും എഴുതുന്നു.

സ്‌ത്രീ ജുമുഅ

``ഇസ്‌ലാമില്‍ മാതൃക പ്രവാചകനാണ്‌. അദ്ദേഹം സ്‌ത്രീകളെ പള്ളിയിലയയ്‌ക്കാന്‍ നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്‌തില്ല.'' (പ്രബോധനം വാരിക, വാള്യം: 46, ലക്കം 43)

കൂട്ടുപ്രാര്‍ഥനയില്‍ സുന്നികളുമായി സഹകരിച്ചതുപോലെ സഹകരിക്കുന്നതല്ലേ ഇവര്‍ക്കു നല്ലത്‌! സമുദായം ഭിന്നിക്കാതിരിക്കുവാന്‍വേണ്ടി ഹാറൂന്‍ നബി(അ)യുടെ സംഭവം ഇവിടെ മറന്നുപോയോ?

തല്‍ഖീന്‍

``മരിച്ച്‌ മറമാടിയശേഷം മയ്യിത്തിനു വിശ്വാസകാര്യങ്ങള്‍ പറഞ്ഞുപഠിപ്പിക്കുകയാണ്‌ ഇന്നത്തെ തല്‍ഖീന്‍കാര്‍ ചെയ്യുന്നത്‌. അത്‌ ജീവിതകാലത്താണെങ്കില്‍ നന്നായിരുന്നു. മരിച്ചശേഷം ഈ ഏര്‍പ്പാടിന്‌ ഇസ്‌ലാമില്‍ ഒരടിസ്ഥാനവുമില്ല''. (പ്രബോധനം മാസിക, പുസ്‌തകം 34, ലക്കം 5)

കര്‍മശാസ്‌ത്രത്തിന്റെ വാതില്‍ തുറന്നുകിടക്കുകയല്ലേ? അടിസ്ഥാനം വോട്ടുചെയ്യുമ്പോള്‍ അന്വേഷിച്ചാല്‍ മതിയല്ലോ.

ബറാത്ത്‌ രാവ്‌

``ചുരുക്കത്തില്‍ ചില ഹദീസുകളനുസരിച്ച്‌ ഈ രാത്രിക്കു പ്രത്യേക പുണ്യവും പ്രാധാന്യവുമുണ്ട്‌. അന്ന്‌ പ്രാര്‍ഥനാനിരതരായി ദൈവത്തിലേക്കു മുഖം തിരിക്കുന്നതും ആ രാത്രി ഇബാദത്തുകള്‍ കൊണ്ട്‌ സജീവമാക്കുന്നതും പകലില്‍ നോമ്പനുഷ്‌ഠിക്കുന്നതും മുസ്‌ലിംകള്‍ക്കഭികാമ്യമാണെന്ന്‌ വിവരിക്കപ്പെട്ടിരിക്കുന്നു. ശഅ്‌ബാന്‍ പതിനഞ്ചാംരാവിന്‌ മറ്റൊരു സവിശേഷത കൂടിയുണ്ട്‌. വിശുദ്ധ റമദാന്‍ മാസത്തിന്റെ ആഗമനത്തെക്കുറിച്ച്‌ മുസ്‌ലിമിനെ അതോര്‍മപ്പെടുത്തുന്നു. അതിനാല്‍ റമദാന്‌ വേണ്ടി ഒരുങ്ങാന്‍ ശഅ്‌ബാന്‍ പതിനഞ്ചിന്‌ മുസ്‌ലിം വ്രതമനുഷ്‌ഠിക്കട്ടെ. റമദാനിലെ രാത്രികള്‍ സജീവമാക്കാന്‍ വേണ്ടി അന്നുരാത്രി നമസ്‌കരിക്കട്ടെ''. (പ്രബോധനം വാരിക, വാള്യം:15, ലക്കം:22, പേജ്‌:3).

ബിസ്‌മി ചൊല്ലല്‍

``നമസ്‌കാരത്തില്‍ ഫാതിഹയിലും സൂറത്തിലും ബിസ്‌മി ചൊല്ലുന്നതിനെക്കുറിച്ചുമുണ്ട്‌ ഒരുപാടഭിപ്രായങ്ങള്‍. അവയെ മൊത്തത്തില്‍ പരിശോധിച്ചതില്‍ നിന്ന്‌ ഈ ലേഖകന്‍ എത്തിച്ചേര്‍ന്നിട്ടുള്ള നിലപാട്‌ ഇതാണ്‌: നമസ്‌കാരത്തില്‍ ഫാതിഹയിലും സൂറത്തിലും ബിസ്‌മി ഓതണമെന്ന്‌ നിര്‍ബന്ധമില്ല. എങ്കിലും ഉറക്കെയോ പതുക്കെയോ രണ്ടിലും ഓതുന്നതാണ്‌ നല്ലത്‌''. (പ്രബോധനം വാരിക, വാള്യം: 49, ലക്കം: 41, പ്രശ്‌നവും വീക്ഷണവും) ഇമാമിന്റെ പിന്നില്‍ യാഥാസ്ഥിതികര്‍ ഉണ്ടെങ്കില്‍ സമുദായം ഭിന്നിക്കാതിരിക്കുവാന്‍ ബിസ്‌മി ഉറക്കെ ഓതല്‍ അനിവാര്യമാണെന്ന്‌ കൂടി ചേര്‍ക്കാമായിരുന്നു.

ഹാറൂന്‍ നബി(അ)യുടെ സംഭവത്തെ ആസ്‌പദമാക്കി മുസ്‌ലിം ലീഗിനെ എന്തുകൊണ്ട്‌ മൗദൂദി എതിര്‍ത്തുവെന്ന്‌ ചോദിക്കുമ്പോള്‍ സമുദായത്തെക്കാള്‍ ഇസ്‌ലാമിനെയാണ്‌ അദ്ദേഹം സ്‌നേഹിച്ചിരുന്നതെന്നു പറയാം. അപ്പോള്‍ ഭിന്നതയുടെ പ്രശ്‌നം ഉല്‍ഭവിക്കുന്നുമില്ല. (പ്രബോധനം അമ്പതാം വാര്‍ഷികപതിപ്പ്‌, പേജ്‌ 118)

``മുസ്‌ലിം സമൂഹത്തിന്റെ ചലനാത്മകത തിരിച്ചുകിട്ടണമെങ്കില്‍ ഇന്നത്തെ മുന്‍ഗണനാക്രമം ഉപേക്ഷിച്ച്‌ ശരിയായ മുന്‍ഗണനാ ക്രമത്തിലേക്കു മടങ്ങേണ്ടതുണ്ട്‌. അതായത്‌ ആദ്യം ഖുര്‍ആനിലേക്കും രണ്ടാമത്‌ സുന്നത്തിലേക്കും മൂന്നാമത്‌ മാത്രം പണ്ഡിതന്മാരുടെ ഗവേഷണഫലങ്ങളിലേക്കും തിരിയുക''. (അതേ പുസ്‌തകം, പേജ്‌ 35) ``തങ്ങളുള്‍ക്കൊള്ളുന്ന മുസ്‌ലിം സമുദായത്തോട്‌ വീണ്ടും മുസ്‌ലിമാവുകയെന്ന്‌ ശക്തിയായി ഉദ്‌ബോധിപ്പിക്കുന്ന പ്രസ്ഥാനമാണ്‌ ഈ കാലഘട്ടത്തിലെ നവോത്ഥാനപ്രസ്ഥാനം'' (അതേ പുസ്‌തകം, പേജ്‌ 43).

ഇത്‌ സമുദായത്തെ ഭിന്നിപ്പിക്കുന്ന പ്രസ്ഥാനമാവുകയില്ലേ? ശാഖാപരമായ കാര്യത്തിലല്ലേ മുസ്‌ലിംകള്‍ക്കിടയിലുള്ള ഭിന്നത?

മറഞ്ഞ മയ്യിത്തിനുള്ള നമസ്‌കാരം

``മറ്റെവിടെയെങ്കിലും വെച്ച്‌ മരിച്ചവര്‍ക്ക്‌ വേണ്ടി നബി(സ) നമസ്‌കരിക്കുകയോ അതിന്‌ കല്‍പിക്കുകയോ ചെയ്യാത്തതിനാല്‍ ഒന്നുകില്‍ മയ്യിത്ത്‌ മുമ്പില്‍വെച്ചുകൊണ്ടോ അതിന്‌ സാധിച്ചില്ലെങ്കില്‍ ഖബ്‌റിങ്കല്‍ വെച്ചോ നമസ്‌കരിക്കുകയല്ലാതെ മറ്റൊരു രൂപവും ഇസ്‌ലാം പഠിപ്പിക്കുന്നില്ലെന്നു വേണം മനസ്സിലാക്കാന്‍. സഹാബിമാരുടെ ജീവിതത്തിലും ഇതല്ലാതെ മറ്റൊന്നും കാണുന്നില്ല. അതിനാല്‍ എവിടെയെങ്കിലുമുള്ള മയ്യിത്തിനുവേണ്ടി നമസ്‌കരിക്കുന്നത്‌ അടിസ്ഥാനരഹിതമാണെന്ന്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു.'' (പ്രബോധനം മാസിക, പുസ്‌തകം: 34, ലക്കം: 1, പേജ്‌: 38, 39, പ്രശ്‌നവും വീക്ഷണവും) ശാഖാപരമായ ഇത്തരം കാര്യങ്ങളിലെ അഭിപ്രായപ്രകടനം സ്വന്തം അണികളില്‍ത്തന്നെ ആശയക്കുഴപ്പം ഉണ്ടാക്കുകയില്ലേ? നമ്മുടെ മാസികയില്‍ എന്തിനാണ്‌ കര്‍മശാസ്‌ത്രം വിശദീകരിക്കുന്ന ഒരു പംക്തിയുടെ ആവശ്യം? ഭരണംവിശദീകരിച്ചാല്‍ പോരേ?

രണ്ടാംബാങ്ക്‌


``നബി(സ) മിമ്പറില്‍ കയറിയ ശേഷമായിരുന്നു ജുമുഅക്ക്‌ ബാങ്കു വിളിച്ചിരുന്നത്‌. ഇന്നുള്ളപോലെ മുന്‍കൂട്ടി ജനങ്ങളെ ഉണര്‍ത്താന്‍ വേണ്ടിയുള്ള ബാങ്കൊന്നും അന്നുണ്ടായിരുന്നില്ല. അതു ജനങ്ങള്‍ അധികമാവുകയും പല ഏര്‍പ്പാടുകളിലും കഴിയുന്നവര്‍ സമയമറിയാതെ അശ്രദ്ധയില്‍ പെട്ട്‌പോകുമെന്നു ഭയപ്പെടുകയും ചെയ്‌തപ്പോള്‍ ഉസ്‌മാന്‍(റ) ഏര്‍പ്പെടുത്തിയ കേവലം ഒരറിയിപ്പാണെന്ന വസ്‌തുത പ്രസിദ്ധമാണ്‌. അതിനാല്‍ അത്‌ പള്ളിയില്‍ നിന്നല്ല, അങ്ങാടിയിലുള്ള ഒരുയര്‍ന്ന സ്ഥലത്തു നിന്നാണ്‌ നിര്‍വഹിച്ചിരുന്നത്‌. കാലക്രമത്തില്‍ അതും പള്ളിയില്‍തന്നെ കയറിക്കൂടുകയും വിവരമില്ലാത്തവര്‍ അതും ഇസ്‌ലാമിലെ ഒരു പ്രധാനസുന്നത്താണെന്ന്‌ ധരിച്ചു തുടങ്ങുകയും ചെയ്‌തു''. (പ്രബോധനം മാസിക, പുസ്‌തകം: 34, ലക്കം: 7, പേജ്‌: 31, പ്രശ്‌നവും വീക്ഷണവും)

ഇമാമിന്റെ പിന്നില്‍ ഫാതിഹ ഓതല്‍

``എന്നാല്‍ ഇമാമിന്റെ ഖിറാഅത്ത്‌ ശ്രവിക്കാനും ശ്രദ്ധിക്കാനും കഴിയാത്തപ്പോള്‍ മഅ്‌മൂമും ഫാതിഹ ഉരുവിടേണ്ടത്‌ നിര്‍ബന്ധമാണെന്നും അല്ലാത്തപ്പോള്‍ ഇമാമിനെ ശ്രദ്ധിച്ചുനില്‍ക്കുകയാണ്‌ വേണ്ടതെന്നുമാണ്‌ ഈ ലേഖകന്‍ മനസ്സിലാക്കുന്നത്‌.'' (പ്രബോധനം മാസിക, പുസ്‌തകം: 44, ലക്കം: 56, പ്രശ്‌നവും വീക്ഷണവും)

ഇമാമിന്റെ ഖിറാഅത്ത്‌ മഅ്‌മൂമിന്റെയും ഖിറാഅത്താകുന്നു എന്ന്‌ നബി(സ) പ്രസ്‌താവിച്ചിട്ടുണ്ടെന്നും തുടര്‍ന്ന്‌ ഇവര്‍ എഴുതുന്നു. വളരെയധികം ദുര്‍ബലമായൊരു ഹദീസ്‌ ഉദ്ധരിച്ചുകൊണ്ടാണ്‌ ശാഖാപരമായ ഒരു പ്രശ്‌നത്തില്‍ ഇവര്‍ അഭിപ്രായപ്രകടനം നടത്തുന്നത്‌. കര്‍മശാസ്‌ത്രത്തില്‍ ആര്‍ക്കും എന്തും പറയാം. ഇഷ്‌ടമുള്ളതു ചെയ്യാം എന്നാണോ? സമുദായത്തെ ഭിന്നിപ്പിക്കുവാന്‍ എന്തിനാണ്‌ ഇത്തരത്തിലുള്ള ശാഖാപരമായ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത്‌? നമുക്ക്‌ ഭരണദൂഷ്യം വിവരിക്കുവാന്‍ തന്നെ ധാരാളമുണ്ടല്ലോ?

2 comments:

Malayali Peringode said...

ഇസ്‌ലാമിന്റെ പ്രമാണം ഖുര്‍ആനും സുന്നത്തുമാണെന്ന്‌ തങ്ങള്‍ ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്‌ അഭിമാനംകൊള്ളാറുണ്ടെങ്കിലും ജമാഅത്ത്‌ അനുഷ്‌ഠിക്കുന്ന മിക്ക സംഗതികള്‍ക്കും നബിചര്യയില്‍ മാതൃകയില്ലെന്ന്‌ ഇവര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്‌.

Abu Adnaan said...

താടിയെ കുറിച്ചും സ്വഫ്ഫു ശേരിയക്കുന്നതിനെ കുറിച്ചും കൂടി പരാമര്ഷിക്കാംആയിരുന്നു

Post a Comment