Pages

Friday, August 6, 2010

തിന്മ വിരോധിക്കലും സമുദായ ഭിന്നിപ്പും

“നമസ്‌കാരാനന്തരമുള്ള കൂട്ടുപ്രാര്‍ഥന നിഷിദ്ധമാണെന്നോ നരകപ്രവേശത്തിനിടയാക്കുമെന്നോ പ്രാമാണികരായ പണ്ഡിതന്മാരാരും പറഞ്ഞിട്ടില്ല. സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കല്‍ നിഷിദ്ധവുമാണ്‌. അതിനാല്‍ ഭിന്നിപ്പ്‌ ഒഴിവാക്കാനാണെങ്കില്‍ കൂട്ടുപ്രാര്‍ഥന നടത്താവുന്നതാണ്‌. ഭിന്നിപ്പ്‌ ഒഴിവാക്കാന്‍, ഇസ്രാഈല്യര്‍ പശുക്കുട്ടിയെ ആരാധിച്ചപ്പോള്‍ ഹാറൂന്‍ നബി(അ) അതിനെ തടഞ്ഞില്ലെന്നും ഭിന്നിപ്പാകുന്ന മുഖ്യതിന്മ ഒഴിവാക്കാനാണ്‌ പശുവാരാധനയില്‍ നിന്ന്‌ ഇസ്രാഈല്യരെ തടയാതിരിക്കുകയെന്ന തിന്മ അദ്ദേഹം ചെയ്‌തതെന്നും ഡോ. യൂസുഫുല്‍ ഖര്‍ദാവി തന്റെ ഫിഖ്‌ഹുദ്ദൗല ഫില്‍ ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്‌. (പ്രബോധനം, 1998 ഒക്‌ടോബര്‍ 10, പേജ്‌ 35)


ശിര്‍ക്കിന്റെ കാര്യത്തില്‍ ഭിന്നിപ്പു ഭയന്ന്‌ ബലം പ്രയോഗിച്ച്‌ തടഞ്ഞില്ലെങ്കില്‍ നിസ്സാരവും ശാഖാപരവുമായ കാര്യങ്ങളുടെ പേരില്‍ വാശിപിടിച്ച്‌ ഭിന്നിപ്പ്‌ ഉണ്ടാക്കാവതല്ലെന്ന്‌ വ്യക്തമാണല്ലോ അതേ പുസ്‌തകത്തില്‍ പറയുന്നുണ്ട്‌. ഭിന്നിപ്പ്‌ ഒഴിവാക്കാനായി ഹാറൂന്‍ നബിയും പശുവാരാധനയില്‍ അവരോടൊപ്പം ചേര്‍ന്നെന്നും അതില്‍ പങ്കെടുക്കാത്ത ഇസ്രാഈല്യരോട്‌ പങ്കെടുക്കുവാന്‍ ഉപദേശിച്ചുവെന്നും കൂടി ഇവര്‍ എഴുതാതിരുന്നതു വലിയ ഭാഗ്യംതന്നെ കൂട്ടുപ്രാര്‍ഥന നടത്തുന്നവരുടെ പ്രവര്‍ത്തനത്തിന്‌ ഇത്‌ തെളിവാകുക അപ്പോഴാണല്ലോ.

ഇന്ത്യന്‍ ജനാധിപത്യം നിലനില്‍ക്കുവാനും വര്‍ഗീയവാദികള്‍ കേന്ദ്രം കീഴ്‌പ്പെടുത്തി മനുവിന്റെ നിയമപ്രകാരമുള്ള ഒരു ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാതിരിക്കുവാനും ഉദ്ദേശിച്ച്‌ മുസ്‌ലിംസമുദായത്തിലെ കിഴവന്മാരും കിഴവികളും പോലും വെയില്‍കൊണ്ട്‌ പോളിംഗ്‌ ബൂത്തിന്റെ മുന്നില്‍ വോട്ടുചെയ്യുവാന്‍ നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ അവരെ `താഗൂത്തിനെ ആരാധിക്കുന്നവര്‍' എന്നു വിമര്‍ശിച്ച്‌ സമുദായത്തില്‍ നിന്ന്‌ വിട്ടുനിന്നവരാണ്‌ ഭിന്നതയുടെ പേരില്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നത്‌? കൂട്ടുപ്രാര്‍ഥനയില്‍ പങ്കെടുക്കാതിരുന്നാലാണ്‌ പോലും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ മുസ്‌ലിംകളുമായി ഭിന്നിച്ചുനില്‍ക്കുന്നതിനെക്കാള്‍ അപകടം സമുദായത്തിനുണ്ടാകുന്നത്‌! വല്ലാത്ത ബുദ്ധിതന്നെ. ഇവിടുത്തെ മുസ്‌ലിംകള്‍ അബൂജഹ്‌ലും നംറൂദുമാണെന്ന്‌ പ്രഖ്യാപിച്ച്‌ അവരുടെ സാമുദായിക നന്മയ്‌ക്കുവേണ്ടി പോലും പ്രവര്‍ത്തിക്കുവാന്‍ പാടില്ലെന്ന്‌ പ്രഖ്യാപിച്ചവരാണ്‌ ഭിന്നതയുടെ പേരില്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തെ ആക്ഷേപിക്കുന്നത്‌. `മൗദൂദി മുസ്‌ലിംകളെക്കാള്‍ ഇസ്‌ലാമിനെയാണ്‌ സ്‌നേഹിച്ചിരുന്നത്‌. ഇതുകൊണ്ടാണ്‌ മുസ്‌ലിം ലീഗുമായി അകന്നുനില്‍ക്കേണ്ടിവന്നത്‌' എന്ന്‌ വാര്‍ഷികപ്പതിപ്പില്‍ എഴുതിയവരാണ്‌ ഭിന്നതയുടെ പേരുപറഞ്ഞ്‌ ബിദ്‌അത്തുകള്‍ക്ക്‌ അംഗീകാരം നല്‍കുന്നത്‌.

അല്ലാഹു പറയുന്നു: ``അവരോട്‌ സത്യമായും ഹാറൂന്‍ മുമ്പ്‌ തന്നെ പറഞ്ഞു: എന്റെ ജനങ്ങളേ, നിശ്ചയം നിങ്ങളെ ഇതുകൊണ്ട്‌ പരീക്ഷക്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും നിങ്ങളുടെ നാഥന്‍ പരമകാരുണികനാണ്‌. അതിനാല്‍ എന്നെ നിങ്ങള്‍ പിന്‍പറ്റുക. എന്റെ ആജ്ഞയെ നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: മൂസാ, ഞങ്ങളുടെ അടുത്തേക്ക്‌ തിരിച്ചെത്തുന്നതുവരെ അതിനെ പൂജിക്കുന്നതില്‍ നിശ്ചയം ഞങ്ങള്‍ നിലക്കൊള്ളുകതന്നെ ചെയ്യും''. (ത്വാഹാ 90, 91)

ഹാറൂന്‍ നബി(അ) കേവലം പ്രതിനിധി മാത്രമായിരുന്നു. അദ്ദേഹത്തിന്‌ കര്‍ശന നടപടി എടുക്കുവാന്‍ അധികാരമില്ല. ജനങ്ങള്‍ അത്‌ അംഗീകരിച്ചതുമില്ല. ഈ യാഥാര്‍ഥ്യം ഖുര്‍ആന്‍ തന്നെ വിവരിക്കുന്നത്‌ കാണുക: ``അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്റെ മാതൃപുത്രാ, നിശ്ചയം ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവര്‍ എന്നെ കൊല്ലുവാന്‍ അടുത്തു. അതുകൊണ്ട്‌ എന്റെ കാര്യത്തില്‍ ശത്രുക്കളെ താങ്കള്‍ ആനന്ദിപ്പിക്കരുത്‌''. (അല്‍ അഅ്‌റാഫ്‌:150) ഈ സാഹചര്യത്തില്‍ ഹാറൂന്‍ (അ) തിരിച്ചുവന്നപ്പോള്‍ എന്താണ്‌ ചെയ്‌തത്‌? സമുദായത്തിലെ ഭിന്നത ഒഴിവാക്കുവാന്‍ കര്‍ശനനടപടി എടുക്കാതിരിക്കുകയാണോ ചെയ്‌തത്‌? ഈ ഭാഗം ഇവര്‍ മനഃപൂര്‍വം വിട്ടുകളയും, അനാചാരങ്ങള്‍ക്ക്‌ വെള്ളപൂശുവാന്‍ വേണ്ടി.

അല്ലാഹു പറയുന്നു: (മൂസാ അവനോടു) പറഞ്ഞു: നീ (ഞങ്ങളുടെ ഇടയില്‍ നിന്നു) പോവുക. നിനക്ക്‌ ഇനി ജീവിതത്തിലുള്ളത്‌ `തൊടരുത്‌' എന്നു പറയലാണ്‌. തീര്‍ച്ചയായും നിനക്ക്‌ ഒരു നിശ്ചിതസമയമുണ്ട്‌. അത്‌ ലംഘിക്കപ്പെടുകയേ ഇല്ല. നീ പൂജിച്ചുകൊണ്ടേ ഇരുന്ന നിന്റെ ദൈവത്തെ നോക്കൂ. തീര്‍ച്ചയായും അതിനെ നാം കരിച്ചുകളയും. പിന്നെ അതിനെ ഭസ്‌മമാക്കി നാം സമുദ്രത്തില്‍ വിതറുകയും ചെയ്യും''. (ത്വാഹാ: 97, 98)

ഈ കര്‍ശന നടപടികൊണ്ട്‌ മൂസാനബി(അ) മതിയാക്കിയോ? ഒരിക്കലുമില്ല. സമുദായം ഭിന്നിക്കുകയും ദുര്‍ബലമാവുയും ചെയ്യാതിരിക്കുവാന്‍ പശുവിനെ ആരാധിച്ചവരോട്‌ ഖേദിച്ചു മടങ്ങുവാന്‍ മാത്രമല്ല നിര്‍ദേശിച്ചത്‌. അല്ലാഹു പറയുന്നു: ``മൂസാനബി(അ) തന്റെ ജനങ്ങളോട്‌ പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക: അല്ലയോ എന്റെ ജനങ്ങളേ, നിങ്ങള്‍ പശുക്കുട്ടിയെ ആരാധ്യവസ്‌തുവായി വരിക്കുക നിമിത്തം നിശ്ചയമായും സ്വന്തത്തോടുതന്നെ അതിക്രമം ചെയ്‌തു. അതിനാല്‍ നിങ്ങള്‍ രക്ഷിതാവിലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ നിങ്ങളെത്തന്നെ കൊല്ലുക...'' (വി.ഖു. 2: 54)

ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇബ്‌നുഅബ്ബാസ്‌ (റ) ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇപ്രകാരമാണ്‌ പറയുന്നത്‌: ശിര്‍ക്ക്‌ ചെയ്‌ത മനുഷ്യനോട്‌ രണ്ടു ഗ്രൂപ്പുകളായി പിരിഞ്ഞുനിന്ന്‌ പരസ്‌പരം കഴുത്ത്‌ വെട്ടിമുറിക്കുവാന്‍ മൂസാനബി(അ) ആജ്ഞാപിച്ചു. അങ്ങനെ എഴുപതിനായിരം പേരോളം വധിക്കപ്പെട്ടു. അല്ലാഹു നമ്മോട്‌ ഓര്‍മിക്കുവാന്‍ പറഞ്ഞത്‌ മൂസാനബി(അ) സ്വീകരിച്ച ഈ കര്‍ശനനിലപാടാണ്‌. ഹാറൂന്‍നബി(അ)ക്ക്‌ അധികാരവും ശക്തിയും ഉണ്ടായിരുന്നില്ല. മുജാഹിദുകളുടെ അവസ്ഥയും ഇതുതന്നെയാണ്‌. അതിനാല്‍ കര്‍ശന നടപടി ഞങ്ങള്‍ സ്വീകരിക്കാറില്ല. ഉയര്‍ത്തപ്പെട്ട ഖബ്‌റുകള്‍ പൊളിച്ചുമാറ്റാന്‍ നബി(സ) കല്‌പിച്ചു. ഒരു തിന്മ കണ്ടാല്‍ ആദ്യമായി കൈകൊണ്ടു തടയുവാന്‍ കല്‌പിച്ചു. ഇതൊന്നും ചെയ്യാത്ത ജമാഅത്തെ ഇസ്‌ലാമി സ്വീകരിക്കാറുള്ളത്‌ ഖുര്‍ആനില്‍ വിവരിച്ച ജൂതന്മാരുടെയും ക്രിസ്‌ത്യാനികളുടെയും സ്വഭാവമാണ്‌.

``ദാവൂദിന്റെയും മര്‍യമിന്റെ പുത്രന്‍ ഈസായുടെയും നാവിലൂടെ ഇസ്രാഈല്‍ സന്തതികളില്‍ നിങ്ങളെ സത്യനിഷേധികള്‍ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട്‌ കാണിക്കുകയും അതിരുകവിയുകയും ചെയ്‌തതുകൊണ്ടാണ്‌. അവര്‍ പ്രവര്‍ത്തിച്ചിരുന്ന നിഷിദ്ധകാര്യങ്ങളെക്കുറിച്ച്‌ അവര്‍ പരസ്‌പരം നിരോധിച്ചിരുന്നില്ല. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്‌ എത്ര ചീത്ത''. (ആലുംഇംറാന്‍: 79) കൂട്ടു പ്രാര്‍ഥന നബിചര്യക്ക്‌ എതിരാണെന്ന്‌ ഇവര്‍തന്നെ എഴുതിയതു ഇതേ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്‌. നബിചര്യയ്‌ക്ക്‌ വിരുദ്ധമായ കാര്യം വിലക്കാതിരിക്കുന്ന നിലപാട്‌ വളരെ ചീത്തയാണെന്ന്‌ ഈ ആയത്ത്‌ വ്യക്തമാക്കുന്നു.

സമുദ്രപരിസരത്തുണ്ടായിരുന്ന ഒരു നാട്ടുകാരെക്കുറിച്ച്‌ അവരോടു ചോദിക്കുക; സാബത്ത്‌ദിനത്തില്‍ അവര്‍ അതിക്രമം കാണിച്ചിരുന്ന സന്ദര്‍ഭത്തെക്കുറിച്ച്‌. അവര്‍ സാബത്ത്‌ദിനം ആചരിക്കുന്ന ദിവസം മത്‌സ്യങ്ങള്‍ വെള്ളത്തില്‍ പൊങ്ങിവരികയും അവര്‍ സാബത്തു ദിനം ആചരിക്കാത്ത ദിവസം മത്സ്യങ്ങള്‍ അവരുടെയടുത്ത്‌ വരാതിരിക്കുകയും ചെയ്‌തിരുന്ന സന്ദര്‍ഭം. അവര്‍ ദുര്‍മാര്‍ഗികളായത്‌ കാരണം ഇപ്രകാരം അവരെ നാം പരീക്ഷിക്കുകയായിരുന്നു. അവരില്‍ (മത്സ്യം പിടിക്കുകയോ തിന്മയെ നിരോധിക്കുകയോ രണ്ടും ചെയ്‌തിട്ടില്ലാത്ത) ഒരു കൂട്ടര്‍ പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക: അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യുന്ന ഒരു ജനതയെ നിങ്ങള്‍ ഉപദേശിക്കുന്നതെന്നതിന്‌? നിങ്ങളുടെ രക്ഷിതാവിന്റെ മുമ്പില്‍ (ഞങ്ങളുടെ ഉപദേശം) ഞങ്ങള്‍ക്ക്‌ ഒഴികഴിവുണ്ടാക്കാനും (അവര്‍ മത്സ്യം പിടിക്കുന്നതിനെ) സൂക്ഷിക്കുന്നതിനുവേണ്ടിയുമാണ്‌ എന്ന്‌ അവര്‍ പറഞ്ഞു. അവരോട്‌ ഉപദേശിക്കപ്പെട്ടത്‌ അവര്‍ വിസ്‌മരിച്ചപ്പോള്‍ ദുഷ്‌കര്‍മത്തെക്കുറിച്ച്‌ വിലക്കിയവരെ നാം രക്ഷപ്പെടുത്തി. അക്രമകാരികളായവരെക്കുറിച്ച്‌ അവര്‍ ദുര്‍മാര്‍ഗികളായതിന്റെ ഫലമായി കഠിനമായ ശിക്ഷകൊണ്ടു നാം പിടികൂടുകയും ചെയ്‌തു''. (അല്‍ അഅ്‌റാഫ്‌: 163 -165)

ഇവിടെ തിന്മയെ നിരോധിച്ചവര്‍ മാത്രമാണ്‌ രക്ഷപ്പെട്ടതെന്ന്‌ അല്ലാഹു പറയുന്നു. മൗനം പാലിച്ച `ശാഖാപര'ക്കാരുടെ സ്ഥിതി എന്തായി എന്നു പറയുന്നില്ല. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇവരുടെ കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലാണ്‌. ഇബ്‌നുഅബ്ബാസ്‌(റ) പറയുന്നത്‌ അവരെയും ശിക്ഷ പിടികൂടിയെന്നാണ്‌. ഈ സൂക്തം പാരായണം ചെയ്യുമ്പോള്‍ അദ്ദേഹം കരയാറുണ്ട്‌. എന്നിട്ട്‌ പറയും: ``നാം തിന്മ കാണുന്നു. ഭയം കാരണം മൗനം പാലിക്കുന്നു''. (റാസി) പുറമെ, ജൂതന്മാരിലെ ഈ `ശാഖാപര'ക്കാര്‍ തിന്മയില്‍ പങ്കെടുക്കുകയോ അതിനു എന്തെങ്കിലും പ്രേരണ നല്‍കുകയോ അവരുടെ പ്രവര്‍ത്തനത്തെ ന്യായീകരിക്കുകയോ ചെയ്യുകയുണ്ടായില്ല. അവര്‍ ഉപദേശിക്കാതിരുന്നത്‌ ഉപദേശിച്ചിട്ട്‌ ഫലമില്ലെന്ന്‌ ശരിക്കും ബോധ്യമായതുകൊണ്ടായിരുന്നു. അപ്പോള്‍ ഇവര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്ന അഭിപ്രായം ഇന്നത്തെ `ശാഖാപര'ക്കാര്‍ക്ക്‌ തെളിവല്ല. ജൂതന്മാരിലെ `ശാഖാപര'ക്കാരായിരുന്നു തിന്മക്കെതിരെ കുറെയെങ്കിലും പ്രതികരിച്ചിരുന്നത്‌. അവര്‍ ഭിന്നതയെ ഭയപ്പെട്ടു; തിന്മക്കെതിരെ മൗനം പാലിച്ചിരുന്നില്ല. അതില്‍ സഹകരിച്ചിരുന്നുമില്ല.

``കാലത്തെക്കൊണ്ടു സത്യം. നിശ്ചയമായും മനുഷ്യന്‍ നഷ്‌ടത്തില്‍ തന്നെയാണ്‌. വിശ്വസിക്കുകയും സദ്‌കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും പരസ്‌പരം സത്യംകൊണ്ടും ക്ഷമകൊണ്ടും അനുശാസിക്കുകയും ചെയ്യുന്നവരൊഴികെ''. (103:1-3)

ദീനില്‍ ഭിന്നിപ്പുകൊണ്ട്‌ ഉദ്ദേശ്യം, മനുഷ്യന്‍ ദീനിന്നകത്തു ബുദ്ധിപരമായ സാധ്യതയില്ലാത്ത വല്ല പുതിയകാര്യവും സ്വന്തം വകയായി ആവിഷ്‌കരിക്കുകയും താന്‍ ആവിഷ്‌കരിച്ച സംഗതിയെ അംഗീകരിക്കുകയാണ്‌ ഈമാനിന്റെയും കുഫ്‌റിന്റെയും അച്ചാണി എന്ന്‌ ശഠിക്കുകയുമാകുന്നു. തുടര്‍ന്ന്‌ അത്‌ അംഗീകരിക്കുന്നവര്‍ അംഗീകരിക്കാത്തവരില്‍ നിന്ന്‌ വേര്‍പെടുന്നു. ഈ പുതിയ സംഗതി പലവിധത്തിലുണ്ടാകാവുന്നതാണ്‌. ദീനില്‍ ഇല്ലാത്തകാര്യങ്ങള്‍ കൊണ്ടുവന്ന്‌ കൂട്ടിച്ചേര്‍ക്കലാവാം. ദീനില്‍ ഉള്‍പ്പെട്ട കാര്യങ്ങള്‍ അതില്‍നിന്ന്‌ ഒഴിവാക്കലുമാകാം. ദീനീപ്രമാണങ്ങളില്‍ ഭേദഗതിയുടെ പരിധിയോളമെത്തുന്ന വ്യഖ്യാനങ്ങള്‍ ചമച്ച്‌ പുതിയ വിശ്വാസങ്ങളും പുതുമയുള്ള കര്‍മങ്ങളുമാവിഷ്‌കരിക്കുന്നതും ദീനില്‍ ഭിന്നിക്കുന്നതിന്റെ രൂപങ്ങളില്‍ പെടുന്നു''. (പ്രബോധനം അമ്പതാം വാര്‍ഷികപ്പതിപ്പ്‌, പേജ്‌ 67)

``എന്റെ സമുദായത്തിലെ നേതാക്കളുടെ വീക്ഷണവൈവിധ്യം എന്റെ സമുദായത്തിന്‌ ഗുണകരമാണ്‌ എന്ന സുന്നത്ത്‌'' (പ്രബോധനം വാരിക, വാള്യം 48, ലക്കം 2, പ്രശ്‌നവും വീക്ഷണവും, പേജ്‌ 32) മനുഷ്യനിര്‍മിതമായൊരു വാറോല ഉദ്ധരിച്ചാണ്‌ തിന്മയെ വിരോധിച്ചാല്‍ സമുദായം ഭിന്നിക്കുമെന്ന്‌ ജല്‍പിക്കുന്നവര്‍ ഇവിടെ ഭിന്നതയ്‌ക്ക്‌ നബി(സ)യുടെ തന്നെ അംഗീകാരം കണ്ടെത്തുന്നത്‌!

``മതപരമായി ഭിന്നതകളുള്ളതിനാല്‍ ആ ഭാഗം മാറ്റിനിര്‍ത്തി രാഷ്‌ട്രീയമായി ഒന്നിക്കണമെന്നു പറയുമ്പോള്‍ രാഷ്‌ട്രീയകാര്യങ്ങള്‍ മതത്തിന്‌ അതീതമാണെന്ന ധ്വനിയാണ്‌ മുഴങ്ങിക്കേള്‍ക്കുന്നത്‌. രാഷ്‌ട്രീയകാര്യങ്ങളിലും ഇസ്‌ലാമിന്‌ അതിന്റേതായ വീക്ഷണമുണ്ട്‌ എന്നതാണ്‌ ശരിയെങ്കില്‍ മതപരമായ ഭിന്നതകള്‍ മാറ്റിനിര്‍ത്തി രാഷ്‌ട്രീയമായി ഒന്നിക്കണമെന്നു പറയുന്നത്‌ അടിസ്ഥാനപരമായി തന്നെ അബദ്ധമാണെന്ന്‌ വരുന്നു''. (പ്രബോധനം മാസിക, പുസ്‌തകം 34, ലക്കം 3, മുഖപ്രസംഗം, പേജ്‌ 7,8) ഇവരാണ്‌ ഐക്യത്തിന്റെ വേഷം ധരിച്ച്‌, തിന്മ വിരോധിക്കുന്ന മുജാഹിദുകളെ ഭിന്നിപ്പിക്കുന്നവരെന്ന്‌ വിമര്‍ശിക്കുന്നത്‌.

1 comments:

Malayali Peringode said...

``എന്റെ സമുദായത്തിലെ നേതാക്കളുടെ വീക്ഷണവൈവിധ്യം എന്റെ സമുദായത്തിന്‌ ഗുണകരമാണ്‌ എന്ന സുന്നത്ത്‌'' (പ്രബോധനം വാരിക, വാള്യം 48, ലക്കം 2, പ്രശ്‌നവും വീക്ഷണവും, പേജ്‌ 32) മനുഷ്യനിര്‍മിതമായൊരു വാറോല ഉദ്ധരിച്ചാണ്‌ തിന്മയെ വിരോധിച്ചാല്‍ സമുദായം ഭിന്നിക്കുമെന്ന്‌ ജല്‍പിക്കുന്നവര്‍ ഇവിടെ ഭിന്നതയ്‌ക്ക്‌ നബി(സ)യുടെ തന്നെ അംഗീകാരം കണ്ടെത്തുന്നത്‌!

Post a Comment