Pages

Friday, August 6, 2010

മുസ്‌ലിംകളും പീഡനവും

ന്ത്യയിലെ മുസ്‌ലിംകള്‍ക്ക്‌ പീഡനമുണ്ട്‌. മുസ്‌ലിമായി ജനിച്ചു എന്ന ഏകകാരണത്താല്‍ അവരുടെ രക്തം ചില വര്‍ഗീയവാദികള്‍ അവര്‍ ജനിച്ചഭൂമിയില്‍ ഒഴുക്കുന്നുണ്ട്‌. ഇതിനു പരിഹാരം എന്താണ്‌? ഇന്ത്യയില്‍ വര്‍ഗീയവാദികള്‍ വളര്‍ന്നുവരുവാന്‍ ഇടയാക്കിയതില്‍ ജമാഅത്തെ ഇസ്‌ലാമിയെക്കാള്‍ വലിയ പങ്ക്‌ മുജാഹിദുകള്‍ക്കുണ്ടെന്ന്‌ ഇന്ത്യയിലെ വകതിരിവുള്ള ഒരു മനുഷ്യനെങ്കിലും പറയുമെന്ന്‌ തോന്നുന്നില്ല. രാഷ്‌ട്രീയമായി മുസ്‌ലിംകളെ സംഘടിപ്പിച്ചാല്‍ ഇതിനു പരിഹാരമാകുമോ? എങ്കില്‍ ജമാഅത്തിന്റെ മുന്‍ അമീര്‍ അബുല്ലൈസ്‌ തന്നെ പറയുന്നതുകാണുക: തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനു മൂന്നു രൂപമുണ്ടാവാം. മൂന്നും മുസ്‌ലിംകള്‍ക്കാപല്‌കരമാണ്‌. മുസ്‌ലിംകള്‍ പ്രത്യേകസംഘടന സ്ഥാപിക്കുകയും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ വേണ്ടി സ്വന്തം പ്രതിനിധികളെ നിര്‍ത്തുകയും ചെയ്യുകയെന്നതാണ്‌ ഒരു രൂപം. പക്ഷേ, ഇന്നേവരെ ബാധിച്ചിട്ടുള്ള ഛിദ്രതയും അനൈക്യവും വെച്ച്‌ നോക്കുമ്പോള്‍ അവര്‍ ഒരേ പ്ലാറ്റ്‌ഫോറത്തില്‍ ഏകീകരിക്കുക എന്നതു പ്രയാസമാണ്‌. മുസ്‌ലിംകളുടെ മാത്രം ഭൂരിപക്ഷം വോട്ടുകൊണ്ട്‌ മുസ്‌ലിം സ്ഥാനാര്‍ഥി ജയിക്കുന്നത്ര ഭൂരിപക്ഷം ഇന്ത്യയിലൊരിടത്തും ഇന്നവര്‍ക്കില്ല''. (പുസ്‌തകം 4, ലക്കം 3, 1, പ്രബോധനം, അബുല്ലയ്‌സ്‌ സാഹിബ്‌ നദ്‌വി)


ഇന്ത്യയിലെ മുസ്‌ലിംകള്‍ കോളനിയായിട്ടു ഒരു സ്ഥലത്ത്‌ ഒന്നിച്ചു ജീവിക്കുകയല്ല; അതിനാല്‍ അവരുടെ വോട്ടുകള്‍ ചിതറിക്കിടക്കുകയാണ്‌. അവര്‍ ഒന്നിച്ച്‌ ഒരു സ്ഥലത്ത്‌ വോട്ടുകള്‍ കേന്ദ്രീകരിച്ച നിലയ്‌ക്കാണ്‌ ജീവിക്കുന്നതെന്നു നാം സങ്കല്‌പിക്കുക. എന്നാല്‍ തന്നെ ഏതാനും എം പി മാരെ വിജയിപ്പിക്കാന്‍ മാത്രമേ അവര്‍ക്ക്‌ സാധിക്കുകയുള്ളൂ. ഇതുകൊണ്ട്‌ ഇന്ത്യയിലെ മുസ്‌ലിംപീഡനം അവസാനിപ്പിക്കത്തക്കവിധം ഭരണം അവരുടെ കൈയില്‍ വരുമോ? പുറമേ, തെരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ തെറ്റാണെന്നും ശിര്‍ക്കാണെന്നും ജമാഅത്തെ ഇസ്‌ലാമി വാദിച്ചുപോരുകയും ചെയ്‌തു. അസംബ്ലിയിലും പാര്‍ലിമെന്റിലും പോകല്‍ ശിര്‍ക്കാണെന്ന്‌ അവര്‍ മുസ്‌ലിംസമൂഹത്തോടു പ്രഖ്യാപിച്ച്‌ അതില്‍ നിന്ന്‌ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചു. രാഷ്‌ട്രീയമായി സംഘടിച്ചാല്‍ മതവും രാഷ്‌ട്രീയവും രണ്ടാണെന്ന ചിന്ത ഉണ്ടാകുമെന്നും അതിനാല്‍ ഈ ഐക്യം സാധ്യമല്ലെന്നും അത്‌ ഇസ്‌ലാമിന്‌ എതിരാണെന്നും ജമാഅത്ത്‌ വാദിച്ചു. ജമാഅത്തെ ഇസ്‌ലാമിയും സമുദായസ്‌നേഹവും എന്ന അധ്യായം ഇവിടെ ചേര്‍ത്തുവായിക്കുന്നത്‌ നന്നായിരിക്കും. അപ്പോള്‍ ഇന്ത്യയിലെ മുസ്‌ലിം പീഡനം അവസാനിപ്പിക്കുവാന്‍ രാഷ്‌ട്രീയമായി യാതൊരു പരിഹാരമാര്‍ഗവും ജമാഅത്തെ ഇസ്‌ലാമിയുടെ കൈവശമില്ല. അത്രയുമല്ല, പീഡനം വര്‍ധിക്കുവാന്‍ മാത്രം ഉപകരിക്കുന്ന ആദര്‍ശങ്ങളാണ്‌ ഇവര്‍ പ്രചരിപ്പിച്ചത്‌. മുജാഹിദുകള്‍ക്ക്‌ ഈ രംഗത്ത്‌ വ്യക്തമായ കാഴ്‌ചപ്പാടുണ്ട്‌. (ഇല്ലെന്ന്‌ വരുത്തുവാനാണ്‌ ഇവര്‍ ശ്രമിക്കുന്നതെന്നു മാത്രം.)

ഇന്നത്തെ മുസ്‌ലിംകളുടെ വിശ്വാസ്യത നിലനിര്‍ത്തി ഇന്ത്യയില്‍ അവര്‍ക്ക്‌ ഭരണം ലഭിച്ചാല്‍ ഉണ്ടാകുന്ന അവസ്ഥ വിവരിക്കുവാന്‍ എന്റെ പേനക്ക്‌ ശക്തിയില്ല. ഇന്ന്‌ രക്തത്തിന്റെ പുഴകളാണ്‌ ഒഴുകുന്നതെങ്കില്‍ നാളെ രക്തത്തിന്റെ സമുദ്രങ്ങളായിരിക്കും ഇവിടെ ഉണ്ടാവുക. ഇസ്‌ലാമിസ്റ്റുകളെ ദിവസവും വെടിവെച്ച്‌ കൊല്ലുന്ന മുസ്‌ലിം രാഷ്‌ട്രങ്ങളുണ്ടെന്ന യാഥാര്‍ഥ്യം ജമാഅത്ത്‌ സ്‌നേഹിതന്മാര്‍ മറക്കരുത്‌. അനര്‍ഹരായ മനുഷ്യരുടെ കൈയില്‍ അധികാരം ലഭിച്ചാല്‍ അപകടമാണ്‌. അഭിപ്രായഭിന്നതയുള്ള വിഷയങ്ങളില്‍ വിശാലമനസ്സുള്ളവരാണോ മുസ്‌ലിം സംഘടനകള്‍? അവരെപ്പോലെ സങ്കുചിത മനസ്സുള്ള വിഭാഗം വേറെ ഇല്ലെന്നതിന്ന്‌ വ്യക്തമായ തെളിവാണ്‌ പ്രബോധനത്തിലെ `മുഖാമുഖം' തന്നെ. ഇസ്‌ലാഹീ പ്രസ്ഥാനത്തെ ഇസ്‌ലാമിന്റെ ശത്രുക്കളായി ചിത്രീകരിച്ചവര്‍ അധികാരം ലഭിച്ചാല്‍ ഇസ്‌ലാഹീ പണ്ഡിതന്മാരെ ജീവിക്കുവാന്‍ അനുവദിക്കുമോ എന്ന്‌ ഒരാള്‍ സംശയം പ്രകടിപ്പിച്ചാല്‍ അതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല.

ഭരണദൂഷ്യം ഇല്ലാതാക്കുവാന്‍ മൗദൂദിസാഹിബ്‌ നിര്‍ദേശിക്കുന്നത്‌ അധികാരം കൈവശപ്പെടുത്തി നല്ലവരുടെ കൈയില്‍ ഭരണം ഏല്‍പിക്കുവാനാണ്‌. ഇന്ത്യയില്‍ നല്ലവരായി ആരെയാണ്‌ ജമാഅത്തുകാര്‍ കാണുന്നത്‌? ഇനി നല്ലവരായി കാണുന്നവരുടെ കൈയില്‍ ഭരണം ഏല്‍പിക്കുവാനുള്ള മാര്‍ഗമെന്ത്‌? ഇസ്‌ലാം അനുവദിച്ച ഒരു മാര്‍ഗവും ജമാഅത്തുകാരുടെ കൈവശമില്ലതാനും. ഇന്ത്യയിലെ മുസ്‌ലിം പീഡനത്തിന്‌ കാരണം മുജാഹിദുകളാണെന്നുവരെ തെറ്റിദ്ധരിപ്പിച്ച്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാനുള്ള ശ്രമം ചില കേന്ദ്രങ്ങളില്‍ നിന്ന്‌ ഉണ്ടായതുകൊണ്ടാണ്‌ ഈ വിഷയം ഇത്രയും എഴുതുവാനും ജമാഅത്തെ ഇസ്‌ലാമിയും സമുദായസ്‌നേഹവും എന്ന ഒരു അധ്യായം തന്നെ ചേര്‍ക്കുവാനും കാരണം. ആരുടെയും ഇസ്‌ലാമിക സേവനത്തെ ഞങ്ങള്‍ കുറച്ച്‌ കാണിക്കുന്നില്ല. പാലക്കാട്‌ സമ്മേളനത്തിന്റെ സന്ദര്‍ഭത്തില്‍ എന്റെ ഗുരുനാഥനും ഇന്ന്‌ കെ എന്‍ എം ജന. സെക്രട്ടറിയുമായ എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി ചെയ്‌ത ഒരു പ്രസ്‌താവനയെ തെറ്റായി വ്യാഖ്യാനിച്ച്‌ ഇവര്‍ സൃഷ്‌ടിച്ച ബഹളം കുറച്ചൊന്നുമായിരുന്നില്ല. ചില മുസ്‌ലിം രാഷ്‌ട്രങ്ങളെപ്പോലും താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ശരിക്കും യാഥാര്‍ഥ്യമായിരുന്നു അദ്ദേഹം പറഞ്ഞത്‌. അബുല്‍ അഅ്‌ലാ മൗദൂദി സാഹിബിന്റെ അനുയായികള്‍ എന്ന്‌ ഇവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മാനസിക വിശാലതപോലും ഇവര്‍ക്ക്‌ ലഭിച്ചിട്ടില്ല.

അദ്ദേഹം എഴുതി: ``ഈ കാലഘട്ടത്തില്‍ ഒരാള്‍ ദൈവത്തിന്റെ അടിമത്തത്തിലേക്കു ക്ഷണിക്കുകയും കലിമത്തുശ്ശഹാദത്ത്‌ മാത്രം പഠിപ്പിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. എങ്കില്‍ പോലും അത്‌ വിലമതിക്കപ്പെടേണ്ടതാണ്‌''. (ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍, ഐ പി എച്ച്‌ നമ്പര്‍ 54) ഇതും മുജാഹിദുകള്‍ ചെയ്യുന്നില്ല എന്നായിരിക്കാം ഇവര്‍ക്കുള്ള മറുപടി. ഇബാദത്ത്‌ ഒരു സമഗ്രപഠനത്തില്‍ ജനാബ്‌ കെ സി അബ്‌ദുല്ലമൗലവി അങ്ങനെ തെറ്റിദ്ധരിപ്പിക്കുവാനാണല്ലോ ശ്രമിച്ചത്‌.

1 comments:

Malayali Peringode said...

``ഈ കാലഘട്ടത്തില്‍ ഒരാള്‍ ദൈവത്തിന്റെ അടിമത്തത്തിലേക്കു ക്ഷണിക്കുകയും കലിമത്തുശ്ശഹാദത്ത്‌ മാത്രം പഠിപ്പിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. എങ്കില്‍ പോലും അത്‌ വിലമതിക്കപ്പെടേണ്ടതാണ്‌''. (ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍, ഐ പി എച്ച്‌ നമ്പര്‍ 54)

Post a Comment