Pages

Monday, July 26, 2010

ദീനും ദുന്‍യാവും

ദീനും ദുന്‍യാവും അല്ലെങ്കില്‍ മതവും ഭൗതികവും തമ്മില്‍ ഒരിക്കലും വേര്‍പെടുത്താന്‍ സാധിക്കാത്ത ബന്ധമുണ്ട്‌. ഇവ രണ്ടിനും സമ്പൂര്‍ണവും തൃപ്‌തികരവുമായ ഓരോ നിര്‍വചനം നല്‍കി വേര്‍പെടുത്തുവാന്‍ പോലും നമുക്ക്‌ സാധിക്കാത്തവിധം ഈ പരസ്‌പര ബന്ധം സുദൃഢമാണ്‌. എന്നാല്‍ ഇവ രണ്ടും ഒന്നുതന്നെയല്ലെന്ന്‌ മുജാഹിദ്‌ പ്രസ്ഥാനം പറയുന്നു. മുജാഹിദുകളല്ല, പ്രത്യുത ഖുര്‍ആനും സുന്നത്തും സലഫീ പണ്ഡിതന്മാരുമാണ്‌ ദീനും ദുന്‍യാവും രണ്ടാണെന്നു പറഞ്ഞത്‌. ഇത്‌ `ദീനുല്‍ ഇസ്‌ലാമിനെ തുണ്ടാക്ക'ലല്ല; രണ്ടിനെയും ശരിയായ രൂപത്തില്‍ സംരക്ഷിക്കലാണ്‌. മതം മനുഷ്യര്‍ക്ക്‌ പ്രയാസരഹിതമാക്കലാണ്‌ മനുഷ്യര്‍ മതനിഷേധികളും ദൈവനിഷേധികളും ആയിത്തീരാതിരിക്കുവാന്‍, അതത്‌ കാലത്തെ ഭൗതിക പുരോഗതിയെ മതം ഉള്‍ക്കൊള്ളുവാന്‍ മുസ്‌ലിംകള്‍ ബിദ്‌അത്തുകളെ തിരിച്ചറിയുവാന്‍. ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നതിന്‌ മുമ്പായി ഈ പ്രശ്‌നത്തിലും മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ എതിരായി വിമര്‍ശകര്‍ വളരെ തന്ത്രപൂര്‍വം ഉണ്ടാക്കുന്ന തെറ്റിദ്ധാരണകള്‍ ശ്രദ്ധിക്കുക. അവര്‍ എഴുതുന്നു:


``ഖിലാഫത്തിന്റെ തകര്‍ച്ചയും സാമ്രാജ്യത്വശക്തികളുടെ കടന്നുകയറ്റവും സംഭവിച്ചതോടെ പാശ്ചാത്യരുടെ ആശയാദര്‍ശങ്ങളും ജീവിതവീക്ഷണങ്ങളും നമ്മുടെ സമൂഹത്തില്‍ സാരമായ സ്വാധീനം നേടി. തദ്‌ഫലമായി മതം മനുഷ്യനും ദൈവവും തമ്മിലുള്ള സ്വകാര്യ ഇടപാടാണെന്നും അത്‌ ചില ആരാധനാനുഷ്‌ഠാനങ്ങളും ആചാരങ്ങളും മാത്രമാണെന്നുമുള്ള തെറ്റായ ധാരണ സമൂഹത്തില്‍ വളരെ വ്യാപകമായും ആഴത്തിലും വേരൂന്നി. സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും രാഷ്‌ട്രീയവും ഭരണവുമായതെല്ലാം ഭൗതിക (ദുനിയാ)കാര്യമാണെന്നും അവയൊക്കെ മനുഷ്യര്‍ യഥേഷ്‌ടം കൈകാര്യം ചെയ്യേണ്ടവയും ചെയ്യാവുന്നവയുമാണെന്നുമുള്ള ധാരണ പരക്കെ സ്വാധീനംനേടി.... ദീനും ദുന്‍യാവും രണ്ടാക്കരുതെന്നും ദീനിസ്‌ലാമിനെ തുണ്ടാക്കരുതെന്നും പറഞ്ഞതിന്റെ ഉദ്ദേശ്യം ഇതാണ്‌.... മോഡേണിസ്റ്റുകള്‍ക്കും സെക്യുലറിസ്റ്റുകള്‍ക്കും ഭൗതിക വാദികള്‍ക്കുമെതിരെ ജമാഅത്തെ ഇസ്‌ലാമിയുടെ കൂടെനിന്ന്‌ പൊരുതേണ്ടിയിരുന്ന മുജാഹിദ്‌ സുഹൃത്തുക്കള്‍ നിര്‍ഭാഗ്യവശാല്‍ കളം മാറിച്ചവിട്ടി. അതിനാല്‍ അവരുടെ നിലപാട്‌ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക്‌ സഹായകരമായി മാറുകയാണുണ്ടായത്‌'' (പ്രബോധനം വാരിക, 1998 സെപ്‌തംബര്‍ 26, പേജ്‌ 32)

വിഷയം തന്ത്രപൂര്‍വം ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ട്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക്‌ സഹായകരമാണെന്നാണ്‌ ലേഖകന്‍ ആരോപിക്കുന്നത്‌. ദീനും ദുന്‍യാവും ഒന്ന്‌ തന്നെയാണെന്നും അവ രണ്ടാക്കരുതെന്നും ദീനിസ്‌ലാമിനെ തുണ്ടാക്കരുതെന്നും ഇവര്‍ പറഞ്ഞതു മോഡേണിസ്റ്റുകളുടെയും സെക്യുലറിസ്റ്റുകളുടെയും ഭൗതികവാദികളുടെയും മുഖത്തുനോക്കിക്കൊണ്ടായിരുന്നുവെങ്കില്‍ ദുര്‍വ്യാഖ്യാനത്തിന്‌ അല്‌പമെങ്കിലും അടിസ്ഥാനമുണ്ടായിരുന്നു. മുസ്‌ലിംകളുടെ, പ്രത്യേകിച്ച്‌ മുജാഹിദ്‌ പ്രവര്‍ത്തകരുടെ മുഖത്തു നോക്കി ഇവര്‍ ഇപ്രകാരം പ്രഖ്യാപിച്ചത്‌ എന്തിന്റെ അടിസ്ഥാനത്തിലാണ്‌? മുജാഹിദുകളായ ഞങ്ങള്‍ വോട്ടു ചെയ്യുവാന്‍ പുറപ്പെട്ടു. വോട്ട്‌ ഞങ്ങള്‍ ചിലപ്പോള്‍ ചെയ്യുന്നതു ഇന്ത്യന്‍ ജനാധിപത്യം നിലനില്‍ക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു അമുസ്‌ലിം സ്ഥാനാര്‍ഥിക്കായിരിക്കും. അല്ലെങ്കില്‍ ഒരു സുന്നി നേതാവിന്‌. ഇത്‌ കണ്ടപ്പോള്‍ ഇവര്‍ ഞങ്ങളുടെ നേരെ നോക്കി ആക്രോശിച്ചു: ``പള്ളിയില്‍ നിങ്ങള്‍ ഇവരെ ഇമാമായി നിര്‍ത്തുമോ? മതകാര്യത്തില്‍ ഇവരുടെ ആദര്‍ശം നിങ്ങള്‍ സ്വീകരിക്കുമോ? അമുസ്‌ലിമിനെ രക്ഷാധികാരിയാക്കരുതെന്നു ഖുര്‍ആന്‍ നിര്‍ദേശിക്കുന്നില്ലേ? നിങ്ങള്‍ ദീനും ദുന്‍യാവും രണ്ടാക്കി ദീനിസ്‌ലാമിനെ തുണ്ടാക്കുകയാണ്‌. ദീനും ദുന്‍യാവും ഒന്നുതന്നെയാണ്‌.''

ഞങ്ങള്‍ മുസ്‌ലിംകളുടെ രക്ഷയ്‌ക്കുവേണ്ടി മുസ്‌ലിം നേതാക്കന്മാരെയും ഹിന്ദുവര്‍ഗീയവാദികള്‍ക്കെതിരെ ശബ്‌ദിക്കുന്ന, ഇന്ത്യന്‍ മതേതരത്വം നിലനിന്നുകാണുവാന്‍ ആഗ്രഹിക്കുന്ന അമുസ്‌ലിംകളെയും ജയിപ്പിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും രാഷ്‌ട്രീയത്തില്‍ ഇറങ്ങുകയും മുസ്‌ലിംകളുടെ നന്മക്കുവേണ്ടി പാര്‍ലിമെന്റിലും അസംബ്ലികളിലും പോകുകയും അവരുടെ രക്ഷക്കുവേണ്ടി അധികാരങ്ങളില്‍ പ്രവേശിക്കുകയും ചെയ്‌തപ്പോള്‍ ആയിരുന്നു നിങ്ങള്‍, ദീനും ദുന്‍യാവും രണ്ടാക്കി, ദീനിസ്‌ലാമിനെ തുണ്ടാക്കിയെന്ന്‌ പാടിയത്‌. മോഡേണിസ്റ്റുകള്‍ക്ക്‌ എതിരായി ഇത്‌ പാടുവാന്‍ നിങ്ങള്‍ വലിയ ആവേശമൊന്നും കാണിച്ചിട്ടില്ല.

മുസ്‌ലിംകള്‍ അധികാരത്തില്‍ ഇല്ലാത്തതുകാരണം, അവരുടെ നേതാക്കന്മാര്‍ പാര്‍ലിമെന്റിലും അസംബ്ലിയിലും ഇല്ലാത്തതു കാരണം മുസ്‌ലിംസമൂഹം ഉപദ്രവിക്കപ്പെടുമ്പോള്‍ ദീനും ദുന്‍യാവും തമ്മില്‍ നമുക്ക്‌ വേര്‍പെടുത്തുവാന്‍ സാധിക്കാത്തവിധം ബന്ധമുണ്ടെങ്കിലും ഭൗതികമായ പ്രശ്‌നങ്ങളില്‍ ഇസ്‌ലാം ചില ഇളവുകള്‍ നല്‍കുന്നുണ്ട്‌. അതിനാല്‍ ഇന്ത്യന്‍ മതേതരത്വം നിലനില്‍ക്കുവാന്‍ ആഗ്രഹിക്കുന്ന അമുസ്‌ലിംകളെ നമുക്ക്‌ വോട്ടുചെയ്‌ത്‌ അയയ്‌ക്കാം. അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളില്‍ ചേര്‍ന്ന്‌ നമുക്കും നിയമനിര്‍മാണസഭകളില്‍ പോകാം എന്നും മുജാഹിദ്‌ പ്രസ്ഥാനം പറഞ്ഞപ്പോള്‍ അവരുടെ കൂടെ നിന്ന്‌ ശബ്‌ദിക്കേണ്ടിയിരുന്ന ജമാഅത്തെ ഇസ്‌ലാമി കളം മാറിച്ചവിട്ടി. മതത്തെ തുണ്ടാക്കിയെന്ന്‌ പറഞ്ഞു അവരെ പിന്നില്‍ നിന്ന്‌ ശക്തിയായി കുത്തി. അങ്ങനെ ഹിന്ദുവര്‍ഗീയവാദികള്‍ വളര്‍ന്നുവരുവാനും അധികാരങ്ങളെല്ലാം കൈവശപ്പെടുത്തുവാനുമിടയായി.

ദീനും ദുന്‍യാവും ഒന്നുതന്നെയാണെന്ന്‌ പറഞ്ഞു യാഥാസ്ഥിതികര്‍ മതത്തില്‍ പല അനാചാരങ്ങള്‍ നിര്‍മിച്ചു. നബിയുടെ കാലത്തു ബസ്സും കാറും ഉണ്ടായിരുന്നുവോ? നബിയുടെ കാലത്ത്‌ പള്ളിയില്‍ ഫാന്‍ ഉണ്ടായിരുന്നുവോ? ഉച്ചഭാഷിണിയില്‍ പ്രസംഗിച്ചിരുന്നുവോ? ഇതിനെല്ലാം മുജാഹിദുകള്‍ അംഗീകാരം നല്‌കിയിട്ടില്ലേ? എന്നെല്ലാമായിരുന്നു യാഥാസ്ഥിതികരുടെ ന്യായവാദം. എങ്കില്‍ എന്താണ്‌ പുതിയ ആരാധനകള്‍ നിര്‍മിക്കുന്നതിന്‌ വിരോധം? ദീനും ദുന്‍യാവും വേര്‍പെടുത്തുവാന്‍ സാധിക്കാത്തവിധം ബന്ധമുണ്ടെങ്കിലും വളരെയധികം വ്യത്യാസമുണ്ടെന്ന്‌ നബി(സ) നമ്മെ ഉണര്‍ത്തിയിട്ടുണ്ട്‌. ഭൗതിക പ്രശ്‌നങ്ങളില്‍ നമുക്ക്‌ പുതിയത്‌ നിര്‍മിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്‌. നമ്മുടെ ജ്ഞാനത്തെയും ബുദ്ധിയെയും അംഗീകരിച്ചിട്ടുണ്ട്‌. എന്നാല്‍ മതത്തില്‍ ഇത്‌ പാടില്ല. അത്‌ നബി(സ)യുടെ ജീവിതാന്ത്യത്തോടെ പൂര്‍ത്തിയായി. മതത്തില്‍ പുതിയത്‌ നിര്‍മിക്കല്‍ അനാചാരമാണ്‌ അവ നരകത്തിലുമാണെന്ന്‌ മുജാഹിദുകള്‍ പറഞ്ഞപ്പോള്‍ അവരെ വധിക്കുവാനും മര്‍ദിക്കുവാനും ഒരുവിഭാഗം രംഗത്തുവന്നു. എന്തുകൊണ്ടും മുജാഹിദിന്റെ പിന്നില്‍ നിന്ന്‌ സഹായിക്കുവാന്‍ അവകാശപ്പെട്ട ജമാഅത്തെ ഇസ്‌ലാമി യാഥാസ്ഥിതികരുടെ കളത്തിലേക്ക്‌ മാറിച്ചവിട്ടി. ദീനും ദുന്‍യാവും ഒന്നുതന്നെയാണെന്ന്‌ പറഞ്ഞ്‌ ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശത്രുവെന്ന്‌ നബി(സ) പ്രസ്‌താവിച്ച ബിദ്‌അത്തിന്റെ ആളുകളെ സഹായിച്ചു.



മതവും ഭൗതികവും ഖുര്‍ആനില്‍



പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ ഞങ്ങളെ നീ നയിക്കേണമേ'' (1: 7) ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ പോലും മതവും ഭൗതികവും ഉണ്ടെന്ന്‌ പണ്ഡിതന്മാര്‍ പ്രസ്‌താവിക്കുന്നതു കാണാം. ഇമാം റാസി(റ) എഴുതി: ഇവിടെ ഭൗതികമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ വഴി എന്നല്ല പ്രത്യുത മതപരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ വഴി എന്നാണ്‌ വിവക്ഷ. (1-260)

അല്ലാഹു പറയുന്നു: ``മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുവിന്‍, നിങ്ങളേയും നിങ്ങള്‍ക്ക്‌ മുമ്പുള്ളവരെയും സൃഷ്‌ടിച്ചവനായ.... നിങ്ങള്‍ അറിവുള്ളവരായിരിക്കേ''. (2: 21, 22) ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി(റ) എഴുതി: വിജ്ഞാനം രണ്ടു തരമാണ്‌. മതപരമായ അറിവ്‌, ഭൗതികമായ അറിവ്‌. മതപരമായ അറിവാണ്‌ ഭൗതികമായ അറിവിനെക്കാള്‍ ഏറ്റവും ശ്രേഷ്‌ടമായതെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. (2: 87)

ഖുര്‍ആന്‍ പറയുന്നു: നന്മ ചെയ്യുന്നവര്‍ക്ക്‌ നാം വര്‍ധനവ്‌ നല്‍കുന്നതാണ്‌. (2: 57) ഇമാം റാസി(റ) ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ എഴുതുന്നു: ഇവിടെ അല്ലാഹു വാഗ്‌ദാനം ചെയ്‌ത വര്‍ധനവ്‌ ഭൗതികവും മതപരവുമായ അനുഗ്രഹങ്ങളാണ്‌. (2: 90)

അല്ലാഹു പറയുന്നു: ``ഈ ദിനം നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തന്നു. എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക്‌ പരിപൂര്‍ണമാക്കുകയും ചെയ്‌തു''. (വി.ഖു. 5:3) മതപരമായ അനുഗ്രഹമാണ്‌ ഇവിടെ വിവക്ഷ. ദീന്‍ പൂര്‍ത്തിയാക്കിത്തന്നു എന്ന്‌ അല്ലാഹു നബിയോടു പറയുന്നു. എന്നാല്‍ ഭൗതികം മുഹമ്മദ്‌ നബിക്ക്‌ പൂര്‍ത്തിയാക്കി കൊടുത്തിട്ടില്ല; അതുപോലെ ഭൗതികമായ അനുഗ്രഹങ്ങളും. ഇന്നു നമുക്ക്‌ വളരെ വേഗത്തില്‍ യാത്രചെയ്യുവാന്‍ സാധിക്കുന്നു. ഈ അനുഗ്രഹം നബിക്ക്‌ അല്ലാഹു പൂര്‍ത്തിയാക്കി കൊടുത്തിരുന്നില്ല. ഇന്നു വാര്‍ത്തകള്‍ അറിയുവാന്‍ വളരെ സൗകര്യങ്ങളുണ്ട്‌. അറഫയില്‍ നബി(സ) നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഈ അനുഗ്രഹം അല്ലാഹു അദ്ദേഹത്തിനു പൂര്‍ത്തിയാക്കിക്കൊടുത്തിട്ടില്ല.

ചുരുക്കത്തില്‍ നൂറു നൂറ്‌ അനുഗ്രഹങ്ങള്‍ നബി(സ)ക്ക്‌ നല്‍കാത്തത്‌ ഇന്ന്‌ നമുക്ക്‌ അല്ലാഹു നല്‍കിയിട്ടുണ്ട്‌; നിരീശ്വരവാദികള്‍ക്ക്‌ വരെ. ദീനിന്റെ പൂര്‍ത്തീകരണം മുഹമ്മദ്‌ നബിയോടുകൂടി അവസാനിച്ചു. ഭൗതിക പുരോഗതിയുടെ പൂര്‍ത്തീകരണം ഇനിയും അവസാനിച്ചിട്ടില്ല. മതത്തിന്റെ അനുഗ്രഹങ്ങള്‍ മുഹമ്മദ്‌ നബി (സ)യിലൂടെ അല്ലാഹു മനുഷ്യസമൂഹത്തിന്‌ നല്‍കി. ഭൗതികമായ അനുഗ്രഹങ്ങള്‍ ചിലപ്പോള്‍ അമുസ്‌ലിംകളിലൂടെയും നിരീശ്വരവാദികളിലൂടെയും താഗൂത്തുകളിലൂടെയും നമുക്ക്‌ നല്‍കിയേക്കാം; അന്ത്യദിനംവരെ. ജമാഅത്തുകാര്‍ ഹജ്ജിനു പോകുന്ന സന്ദര്‍ഭത്തില്‍ വരെ താഗൂത്തിലൂടെ ദൈവം നല്‍കിയ അനുഗ്രഹമായ വിമാനം ഉപയോഗിക്കുന്നു. ഇമാംറാസി(റ) ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ എഴുതുന്നു: ``മതത്തിന്റെ സംഗതികള്‍ ഈ പ്രസ്‌താവനയോടുകൂടി പൂര്‍ത്തീകരിക്കപ്പെട്ടു''. (4:16)

ഖുര്‍ആന്‍ പറയുന്നു: ``ദൂതന്‍ കൊണ്ടുവന്നത്‌ നിങ്ങള്‍ സ്വീകരിക്കുവിന്‍. നിരോധിച്ചത്‌ നിങ്ങള്‍ വര്‍ജിക്കുവിന്‍''. (ഹശ്‌ര്‍:7) മതത്തിന്റെ പ്രശ്‌നമാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. നബി(സ)യുടെ മാതൃകയില്ലാത്ത ഒന്നും തന്നെ മതത്തിന്റെ പ്രശ്‌നത്തില്‍ സ്വീകരിക്കാന്‍ പാടില്ല. ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന പേനയും കടലാസും മുഹമ്മദ്‌ നബി(സ) കൊണ്ടുവന്നതല്ല. ഞാന്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ദൂതന്‍ കൊണ്ടുവന്നതല്ല. രോഗമായാല്‍ ഞാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ പ്രവാചകന്‍ കണ്ടിട്ടുപോലുമില്ല. ഇവയില്‍ മിക്കതും ദൈവം താഗൂത്തികളുടെ കൈയിലൂടെയും അമുസ്‌ലിംകളുടെ കൈയിലൂടെയും ഞാന്‍ ഉള്‍പ്പെടെയുള്ള മനുഷ്യസമൂഹത്തിനു നല്‍കിയതാണ്‌. എങ്കിലും അക്കാരണം കൊണ്ട്‌ ഞാനതു വര്‍ജിക്കേണ്ടതില്ല. ഇവ ഉപയോഗിക്കുവാന്‍ ആരാണ്‌ ഇത്‌കൊണ്ടുവന്നതെന്ന്‌ അന്വേഷിക്കേണ്ടതുമില്ല. എന്നാല്‍ മതത്തിന്റെ പ്രശ്‌നം ഇപ്രകാരമല്ല. ഞാന്‍ എന്തു ചെയ്യുന്ന സന്ദര്‍ഭത്തിലും ഇത്‌ അല്ലാഹുവും അവന്റെ ദൂതനും കൊണ്ടുവന്നതാണോ എന്ന്‌ അന്വേഷിക്കണം. ചാവടിയന്തിരം, മൗലീദ്‌, കൂട്ടുപ്രാര്‍ഥന, ജുമുഅയുടെ രണ്ടാംബാങ്ക്‌, തറാവീഹ്‌ 23 റക്‌അത്ത്‌, മൂന്നു ത്വലാഖ്‌ ഒന്നിച്ച്‌ ചൊല്ലിയാല്‍ മൂന്ന്‌ ത്വലാഖായി പരിഗണിക്കല്‍, മആശിറവിളി, ഖുതുബയില്‍ വാളെടുക്കല്‍ ഇവയെല്ലാം തന്നെ വര്‍ജിക്കണം. കാരണം ഇവയില്‍ ചിലത്‌ കൊണ്ടുവന്നത്‌ ചില സഹാബിവര്യന്മാരായിരിക്കാം. മറ്റു ചിലതു നാല്‌ മദ്‌ഹബിന്റെ ഇമാമുകള്‍ അംഗീകരിച്ചതായിരിക്കാം. എങ്കിലും അല്ലാഹുവിന്റെ ദൂതന്‍ കൊണ്ടുവന്നതല്ല. കാരണം ഒന്നുകൂടി സംഗ്രഹിക്കാം. ഇതു മതമാണ്‌. അത്‌ ഭൗതികമാണ്‌.

ഖുര്‍ആന്‍ പറയുന്നു: ``അപ്പോള്‍ നിങ്ങള്‍ എന്തെങ്കിലും പ്രശ്‌നത്തില്‍ ഭിന്നിച്ചാല്‍ അതിനെ അല്ലാഹുവിലേക്കും (ഖുര്‍ആനിലേക്കും) ദൂതനിലേക്കും (നബിചര്യയിലേക്കും) മടക്കുവിന്‍'' (4: 59)

ഈ ആയത്തിനെ ഇമാം ആലുസി(റ) വ്യാഖ്യാനിക്കുന്നു: ``ഈ നിര്‍ദേശം എല്ലാ മുസ്‌ലിംകളോടും പൊതുവായ നിലക്കുള്ളതാണെങ്കിലും എന്തെങ്കിലും പ്രശ്‌നം എന്നതുകൊണ്ടു വിവക്ഷ മതത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രമാണ്‌. ഇപ്രകാരം പ്രത്യേകവുമാക്കപ്പെടും. അപ്പോള്‍ സൂക്തത്തിന്റെ വിവക്ഷ ഇപ്രകാരമാണ്‌: അല്ലയോ വിശ്വാസികളേ, നിങ്ങളും ശാസിക്കാന്‍ അവകാശമുള്ളവരും തമ്മില്‍ ദീനിന്റെ എന്തെങ്കിലും പ്രശ്‌നത്തില്‍ ഭിന്നിച്ചാല്‍ അത്‌ നിങ്ങള്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കുവിന്‍''. (റൂഹുല്‍ മആനി: 566)

ഇമാം സമഖ്‌ശരി(റ) വ്യാഖ്യാനിക്കുന്നു: ``മതത്തിന്റെ പ്രശ്‌നത്തില്‍ ഭിന്നിച്ചാല്‍ എന്നതാണ്‌ വിവക്ഷ'' (കശ്ശാഫ്‌ 1: 524)

``നിങ്ങളുടെ മതത്തിന്റെ എന്തെങ്കിലും കാര്യങ്ങളില്‍ ഭിന്നിച്ചാല്‍ എന്നതാണ്‌ വിവക്ഷ''. (ഖാസിന്‍ 1: 552)

ആയത്തിന്റെ ആരംഭത്തില്‍ ശാസനാധികാരമുള്ളവരെയും അനുസരിക്കുക എന്നുപറയുന്നുണ്ട്‌. ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ തഫ്‌സീര്‍ മറാഗിയില്‍ എഴുതുന്നു: ``എന്നാല്‍ ഇബാദത്തുകളിലും വിശ്വാസങ്ങളിലും ഇവരെ സ്വീകരിക്കുവാന്‍ പാടില്ല. ഇവ അല്ലാഹുവില്‍ നിന്നും ദൂതനില്‍ നിന്നും മാത്രമേ സ്വീകരിക്കുവാന്‍ പാടുള്ളൂ. ആര്‍ക്കും തന്നെ ദീന്‍ കാര്യത്തില്‍ അഭിപ്രായത്തിന്ന്‌ അവകാശമില്ല'' (തഫ്‌സീര്‍ മറാഗി 2: 72). വിമര്‍ശക വാരിക എഴുതുന്നു: ``പള്ളിയുണ്ടാക്കുക എന്നത്‌ തികച്ചും ദീനിന്റെ കാര്യമാണല്ലോ. എന്നാല്‍ പള്ളിയുടെ ഭിത്തി ഇഷ്‌ടികയോ കല്ലോ, മേല്‍പ്പുര ഓലയോ ഓടോ കോണ്‍ക്രീറ്റോ എന്നിത്യാദി കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം മനുഷ്യര്‍ക്കുണ്ട്‌. നമസ്‌കാരത്തെക്കാള്‍ വലിയ ദീന്‍കാര്യമുണ്ടോ? എന്നാല്‍ നമസ്‌കരിക്കുന്നതു മണ്ണിലോ പായയിലോ വിരിപ്പിലോ, നമസ്‌കാരത്തില്‍ ധരിക്കുന്നതു മുണ്ടോ പാന്റ്‌സോ, പരുത്തിയോ കൃത്രിമ നൂലോ എന്നൊന്നും ഇസ്‌ലാം നിശ്ചയിട്ടില്ല. ഇത്തരത്തിലുള്ള സ്വാഭാവിക സ്വാതന്ത്ര്യം മാത്രമേ മേല്‍പറഞ്ഞ ഭൗതികകാര്യങ്ങളിലും ഇസ്‌ലാം മനുഷ്യര്‍ക്ക്‌ നല്‍കിയിട്ടുള്ളൂ. പക്ഷേ, ഭൗതിക കാര്യങ്ങളിലുള്ള സ്വാതന്ത്ര്യത്തിന്റെ ശതമാനം അല്‌പം കൂടുമെന്നു മാത്രം''. (പ്രബോധനം വാരിക 1998 സപ്‌തംബര്‍ 26, പേജ്‌ 33). എത്ര ശതമാനമാണെന്നുകൂടി വിശദീകരിച്ചാല്‍ ഉപകാരമായിരുന്നു.

യഥാര്‍ഥത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനം പറയുന്നത്‌ ഏതൊരു മനുഷ്യനും വളരെ വ്യക്തമായി ഗ്രഹിക്കുവാന്‍ സാധിക്കും. ഭൗതിക പ്രശ്‌നങ്ങളില്‍ മതത്തിന്റെ നിര്‍ദേശങ്ങള്‍ മറികടക്കാതിരിക്കുക. അല്ലാത്തവ നമ്മുടെ നന്മയ്‌ക്കും മതം പ്രയാസരഹിതമാകുവാന്‍ വേണ്ടിയും അല്ലാഹു നമ്മുടെ സ്വാതന്ത്ര്യമനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ വിട്ടുതന്നതാണ്‌. മുകളില്‍ പറഞ്ഞ സ്വാഭാവിക സ്വാതന്ത്ര്യം മാത്രമല്ല, ഭൗതിക പ്രശ്‌നങ്ങളില്‍ ഉള്ളതെന്ന്‌ മുകളില്‍ വിവരിച്ച തെളിവുകള്‍ കൊണ്ടുതന്നെ വ്യക്തമാണ്‌. ഇവര്‍ വോട്ടുചെയ്യുന്ന വ്യക്തികളെ നമസ്‌കാരത്തില്‍ ഇമാമായി നിര്‍ത്തുമോ? മതകാര്യത്തില്‍ പുതിയതു നിര്‍മിക്കുവാന്‍ പാടില്ലെന്നും ഭൗതിക കാര്യങ്ങളില്‍ അതിന്‌ വിരോധമില്ലെന്നും, മതകാര്യത്തില്‍ മുഹമ്മദ്‌ നബി(സ) കൊണ്ടുവന്നതു മാത്രമേ സ്വീകരിക്കുവാന്‍ പാടുള്ളൂവെന്നും ഭൗതികപ്രശ്‌നത്തില്‍ അങ്ങനെയൊരു നിബന്ധനയില്ലെന്നും പറയുമ്പോള്‍ മതം പൂര്‍ത്തിയാക്കപ്പെട്ടു, ഭൗതികകര്യങ്ങള്‍ പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല, മതകാര്യങ്ങള്‍ ഭൗതിക ലക്ഷ്യത്തോടുകൂടി ചെയ്യുവാന്‍ പാടില്ല എന്നെല്ലാം പറയുമ്പോള്‍ ഇവര്‍ വിവരിക്കുന്ന സ്വാതന്ത്ര്യം മാത്രമാണോ ഉള്ളത്‌? സ്വാതന്ത്ര്യത്തിന്റ ശതമാനം നിശ്ചയിക്കുകയോ അതിന്റെ അളവ്‌ നോക്കുകയോ അല്ല നാം ചെയ്യേണ്ടത്‌. പ്രത്യുത മതത്തിന്റെ ശാസനകള്‍ക്ക്‌ സ്വാതന്ത്ര്യം എതിരാകുന്നുണ്ടോ എന്നതാണ്‌ ശ്രദ്ധിക്കേണ്ടത്‌.

ഇതോടൊപ്പം നമുക്ക്‌ ഇവരോടു ചോദിക്കുവാനുള്ളത്‌ ഇതാണ്‌: നിങ്ങള്‍ പറയുന്ന ഈ സ്വാതന്ത്ര്യത്തിന്റെ ശതമാനത്തില്‍ അനിസ്‌ലാമിക ഭരണകൂടത്തില്‍ ന്യൂനപക്ഷമായി ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക്‌ പരിപൂര്‍ണ മുസ്‌ലിമും മുവഹ്‌ഹിദുമായി ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഉള്‍പ്പെടുമോ? ഇന്ത്യന്‍ മതേതരത്വത്തില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക്‌ വോട്ടുചെയ്യുവാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും ജോലികള്‍ ചെയ്യുവാനും കുട്ടികളെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക്‌ അയക്കുന്നതിനും ഈ സ്വാതന്ത്ര്യം ബാധകമാണോ? ഇതാണല്ലോ ജമാഅത്തും മുജാഹിദും തമ്മിലുള്ള തര്‍ക്കത്തിന്റെ മര്‍മം.

അതുപോലെ നിങ്ങള്‍ പറയുന്ന ഈ സ്വാതന്ത്ര്യത്തിന്റെ ശതമാനത്തില്‍, ഭൗതിക പ്രശ്‌നങ്ങളില്‍ പുതിയ സംഗതികള്‍ നിര്‍മിക്കുന്നതു പോലെ യാഥാസ്ഥിതികര്‍ മതത്തില്‍ ബിദ്‌അത്തുകള്‍ നിര്‍മിക്കുന്നതും ഉള്‍പ്പെടുമോ?

ഖുര്‍ആന്‍ പറയുന്നു: ``നിനക്ക്‌ വിവരമില്ലാത്തതിനെ എന്നോട്‌ പങ്കുചേര്‍ക്കുവാന്‍ അവര്‍ (അമുസ്‌ലിംകളായ മാതാപിതാക്കള്‍) ഇരുവരും നിന്നെ നിര്‍ബന്ധിച്ചാല്‍ അവരെ നീ അനുസരിക്കരുത്‌. എന്നാല്‍ ഇരുവരോടും ഭൗതികകാര്യത്തില്‍ നീ മര്യാദയോടെ സഹവസിക്കുക'' (ലുഖ്‌മാന്‍:15). അവിശ്വാസികളായ മാതാപിതാക്കളെ മതകാര്യത്തില്‍ അനുസരിക്കരുതെന്നും ഭൗതിക പ്രശ്‌നത്തില്‍ അനുസരിക്കണമെന്നുമാണ്‌ അല്ലാഹു ഇവിടെ പറയുന്നത്‌. അപ്പോള്‍ മേല്‍ ഉദ്ധരണിയില്‍ ഇവര്‍ ചൂണ്ടിക്കാണിച്ച വ്യത്യാസം മാത്രമാണോ ഉള്ളതെന്നു വായനക്കാര്‍ തീരുമാനിക്കുക.

അല്ലാഹു പറയുന്നു: ``കാര്യങ്ങള്‍ നീ അവരോടു കൂടിയാലോചിക്കുക'' (3:159). ``അവരുടെ പ്രശ്‌നങ്ങള്‍ അവര്‍ക്കിടയില്‍ കൂടിയാലോചിക്കപ്പെടുന്നതാണ്‌'' (42:38). പ്രബോധനം വാരിക തന്നെ ഈ ആയത്തുകള്‍ക്ക്‌ അര്‍ഥം നല്‍കുന്നതു കാണുക: ``തങ്ങളുടെ ഭരണകാര്യ(നിര്‍വഹണ)ങ്ങളില്‍ അന്യോന്യം കൂടിയാലോചന ചെയ്യുന്നവര്‍ എന്നാണ്‌ ഇസ്‌ലാമിന്റെ അനുയായികളെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌''. (പുസ്‌തകം 21, ലക്കം10, ആദര്‍ശ സ്റ്റെയ്‌റ്റ്‌, പേജ്‌17) ആദ്യത്തെ ആയത്തിനും `ഭരണകാര്യങ്ങളില്‍' എന്ന്‌തന്നെ അര്‍ഥം നല്‍കുന്നു. (പേജ്‌: 17)

വിമര്‍ശകര്‍ എഴുതുന്നു: ``മുസ്‌ലിംകളുടെ സാമൂഹ്യകാര്യങ്ങളെല്ലാം പരസ്‌പരം കൂടിയാലോചിച്ചു തീരുമാനിക്കണമെന്നാണ്‌ ഖുര്‍ആനികവിധി. സത്യവിശ്വാസികളുടെ തീരുമാനരീതിയെ വര്‍ണിച്ചുകൊണ്ട്‌ ഖുര്‍ആന്‍ പറയുന്നു: പരസ്‌പരം കൂടിയാലോചനയാണ്‌ അവരുടെ ഭരണരീതി (42:38) റസൂലി(സ)നോടു അല്ലാഹു ആജ്ഞാപിക്കുന്നു: ഭരണകാര്യത്തില്‍ അവരുമായി ആലോചിക്കുക. (3:159)'' (പ്രബോധനം മാസിക, പുസ്‌തകം: 26, ലക്കം 9 പേജ്‌ 31, ടി മുഹമ്മദ്‌) നോക്കുക! രണ്ട്‌ ആയത്തുകളിലും കാര്യങ്ങള്‍ (അംറ്‌) എന്നതിന്‌ ഇവര്‍ നല്‍കുന്ന അര്‍ഥം ഭരണകാര്യങ്ങള്‍ എന്നാണ്‌. അപ്പോള്‍ മറ്റുള്ള മതകാര്യങ്ങളില്‍ കൂടിയാലോചിക്കുവാന്‍ പാടില്ലേ എന്ന്‌ മുജാഹിദുകളോടല്ല ചോദിക്കേണ്ടത്‌. വിമര്‍ശകരോട്‌ തന്നെ ചോദിക്കുക. മുജാഹിദുകളുടെ അഭിപ്രായം, മതകാര്യങ്ങളിലും കൂടിയാലോചിക്കാമെന്നാണ്‌. ഈ കൂടിയാലോചന ഖുര്‍ആനില്‍നിന്നും നബിചര്യയില്‍ നിന്നും നിയമങ്ങള്‍ അന്വേഷിച്ച്‌ അറിയുവാന്‍ മാത്രമാണ്‌; പുതിയ നിയമങ്ങള്‍ നിര്‍മിക്കുവാനല്ല. എന്നാല്‍ ഭൗതിക പ്രശ്‌നങ്ങളില്‍ അല്ലാഹുവിന്റെയും ദൂതന്റെയും ശാസനക്ക്‌ എതിരാവാത്ത നിലയ്‌ക്ക്‌ പുതിയനിയമങ്ങളും സമ്പ്രദായങ്ങളും നിര്‍മിക്കുവാന്‍ തന്നെ കൂടിയാലോചനയാവാം. ഇതുകൊണ്ടാണ്‌ മതകാര്യങ്ങളില്‍ ഭിന്നിച്ചാല്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കുവിന്‍ എന്ന്‌ മുകളില്‍ വിവരിച്ച ആയത്തില്‍ നിര്‍ദേശിച്ചത്‌. ഇവിടെ നിര്‍ദേശിച്ചത്‌ ജനങ്ങളിലേക്ക്‌ മടക്കാനാണ്‌. മതകാര്യങ്ങളില്‍ കൂടിയാലോചനയില്ലെന്ന്‌ മുജാഹിദുകള്‍ എഴുതിയിട്ടുണ്ടെങ്കില്‍ ഈ ആശയത്തില്‍ മാത്രമാണ്‌. ഇവര്‍ തെറ്റിദ്ധരിപ്പിക്കുവാന്‍ പ്രസ്‌താവനയെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്‌.

നബി(സ) മുആദി(റ)നെ യമനിലേക്കു നിയോഗിച്ചപ്പോള്‍ നീ എന്തുകൊണ്ട്‌ വിധിക്കുമെന്നു ചോദിച്ചു. അദ്ദേഹം ഖുര്‍ആന്‍ കൊണ്ടു വിധിക്കുമെന്ന്‌ പ്രസ്‌താവിച്ചു. അതില്‍ കണ്ടില്ലെങ്കിലോ എന്ന്‌ തിരുമേനി ചോദിച്ചപ്പോള്‍ പ്രവാചകന്റെ ചര്യകൊണ്ട്‌ എന്ന്‌ അദ്ദേഹം പ്രത്യുത്തരം നല്‍കി. അതിലും കണ്ടില്ലെങ്കിലോ എന്ന്‌ ചോദിച്ചപ്പോള്‍, ഞാന്‍ ഗവേഷണം ചെയ്യും (സദൃശമായ വിധികളെ താരതമ്യപ്പെടുത്തും) എന്നായിരുന്നു മറുപടി. നബി(സ) ഇത്‌ അംഗീകരിച്ചു.

കൂടിയാലോചിച്ച്‌ ജനങ്ങളുടെ ഇഷ്‌ടം പോലെ വിധിക്കുമെന്ന്‌ പറയുകയുണ്ടായില്ല. സഹാബിവര്യന്മാര്‍ മതകാര്യങ്ങള്‍ കൂടിയാലോചിച്ചിരുന്നത്‌ വിജ്ഞാനം ആപേക്ഷികമാണ്‌, ഒരാള്‍ക്ക്‌ അറിയാത്ത സംഗതി മറ്റുള്ളവര്‍ക്ക്‌ അറിയാന്‍ സാധ്യതയുണ്ട്‌ എന്നതുകൊണ്ടായിരുന്നു. എന്നാല്‍ ഭൗതിക പ്രശ്‌നങ്ങളില്‍ ദൈവത്തിന്റെ കല്‌പനക്ക്‌ എതിരാവാത്തനിലയ്‌ക്കു പുതിയ നിയമങ്ങള്‍ മനുഷ്യനന്മ ലക്ഷ്യംവെച്ച്‌ നിര്‍മിക്കുവാന്‍ നമുക്ക്‌ കൂടിയാലോചിക്കാം. ഭൗതികകാര്യങ്ങളില്‍ ദൈവത്തിന്റെ നിര്‍ദേശമുള്ള സംഗതികള്‍ യഥാര്‍ഥത്തില്‍ മതകാര്യങ്ങള്‍ തന്നെയാണ്‌. അതു മാറ്റുവാന്‍ ഒരു മനുഷ്യനും അധികാരമില്ല. ശൂറായോഗങ്ങള്‍ക്കോ അമീറിനോ താഗൂത്തിനോ തങ്ങള്‍ക്കോ സയ്യിദിനോ ഇമാമിനോ കോടതിക്കോ ഭരണാധികാരിക്കോ ഈ വിഷയത്തില്‍ അധികാരമില്ല.



മതവും ഭൗതികവും നബിചര്യയില്‍



മതവും ഭൗതികവും തമ്മില്‍ വേര്‍പെടുത്തുവാന്‍ സാധിക്കാത്ത വിധം ബന്ധമുണ്ടെന്ന്‌ പഠിപ്പിച്ച പ്രവാചകന്റെ ഏതാനും ചില പ്രസ്‌താവനകള്‍ താഴെ ഉദ്ധരിക്കാം. ശതമാനവും മറ്റും വായനക്കാര്‍ തീരുമാനിച്ചു കൊള്ളുക.

നബി(സ) അരുളി: ``എന്റെ നിര്‍ദേശമില്ലാതെ എന്തെങ്കിലും കാര്യം ആരെങ്കിലും ചെയ്‌താല്‍ അത്‌ വര്‍ജിക്കപ്പെടണം''. (മുസ്‌ലിം) നബി (സ)യുടെ നിര്‍ദേശമില്ലാത്ത ധാരാളം സംഗതികള്‍ മുജാഹിദുകള്‍ ചെയ്യുന്നുണ്ട്‌. എന്നാല്‍ അത്‌ ഭൗതിക പ്രശ്‌നങ്ങളിലാണ്‌. മതത്തിന്റെ പ്രശ്‌നങ്ങളിലല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രശ്‌നം അവര്‍ തീരുമാനിച്ചുകൊള്ളട്ടെ.

നബി(സ) അരുളി:``വല്ലവനും നമ്മുടെ ഈ കാര്യത്തില്‍ എന്തെങ്കിലും പുതിയത്‌ നിര്‍മിച്ചാല്‍ അത്‌ ഉപേക്ഷിക്കണം. (ബുഖാരി, മുസ്‌ലിം) നമ്മുടെ ഈ കാര്യം എന്നതുകൊണ്ട്‌ നബി(സ) വിവക്ഷിക്കുന്നത്‌ മതകാര്യങ്ങളാണ്‌. ഭൗതികകാര്യങ്ങളല്ല. സര്‍വ ഹദീസ്‌ പണ്ഡിതന്മാരും ഇപ്രകാരം വ്യാഖ്യാനിക്കുന്നു. പള്ളിയുടെ ചുമരുകള്‍ കല്ലുകൊണ്ടാണോ ഇഷ്‌ടികകൊണ്ടാണോ നിര്‍മിക്കേണ്ടത്‌ എന്നു തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം പോലെയുള്ള സ്വാതന്ത്ര്യമാണോ നാം ഇവിടെ കാണുന്നത്‌?

നബി(സ) അരുളി: ``എല്ലാ പുതിയതും അനാചാരമാണ്‌. എല്ലാ അനാചാരങ്ങളും ദുര്‍മാര്‍ഗമാണ്‌'' (മുസ്‌ലിം). ``എല്ലാ ദുര്‍മാര്‍ഗവും നരകത്തിലാണ്‌'' (അബൂദാവൂദ്‌). ഭൗതികമായ പുതുനിര്‍മിതികളല്ല ഇവിടെ വിവക്ഷ; മതപരമാണ്‌. ജമാഅത്തെ ഇസ്‌ലാമിയുടെ വ്യാഖ്യാനം എന്താണെന്ന്‌ അവര്‍ വിവരിക്കട്ടെ; വ്യത്യാസത്തിന്റെ ശതമാനവും.

നബി(സ) അരുളി: ``മതത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഒരു വ്യക്തിക്ക്‌ മറ്റൊരു വ്യക്തിയുടെ മേല്‍ ശ്രേഷ്‌ഠത'' (അഹ്‌മദ്‌). മതവും ഭൗതികവും ഒന്നാണെന്നും വ്യത്യാസം ഉണ്ടെങ്കില്‍ തന്നെ ശതമാനം കുറവാണെന്നും അതിനാല്‍ ഭൗതികത്തിന്റെ അടിസ്ഥാനത്തിലാണ്‌ ശ്രേഷ്‌ഠതകല്‌പിക്കേണ്ടതെന്നും വിവരദോഷികള്‍ മാത്രമേ പറയുകയുള്ളൂ.

``മനുഷ്യര്‍ തങ്ങളുടെ മതത്തെ ദുന്‍യാവിന്നുവേണ്ടി വില്‍ക്കുന്ന കാലം സമാഗതമാകും''. (തുര്‍മുദി)

നബി(സ) അരുളി: `` മതത്തിനുവേണ്ടി മരിക്കുന്നവനാണ്‌ രക്തസാക്ഷി'' (ബുഖാരി). അപ്പോള്‍ മതത്തിനുവേണ്ടി മരിക്കുന്നവന്‍ സ്വര്‍ഗത്തില്‍. ദുന്‍യാവിന്നുവേണ്ടി മരിക്കുന്നവന്‍ നരകത്തിലും.

നബി(സ) പ്രാര്‍ഥിക്കും: ``മനസ്സിനെ മാറ്റുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ നീ സ്ഥിരപ്പെടുത്തേണമേ'' (തുര്‍മുദി, ഇബ്‌നുമാജ). ഇപ്രകാരം പ്രാര്‍ഥിക്കുന്നവന്‍ മുസ്‌ലിം. എന്റെ ഹൃദയത്തെ ദുന്‍യാവിന്റെ കാര്യത്തില്‍ (ഭൗതികകാര്യത്തില്‍) സ്ഥിരപ്പെടുത്തേണമേ എന്ന്‌ പ്രാര്‍ഥിക്കുന്നവന്‍ കാഫിര്‍.

നബി(സ) അരുളി: ``കരാര്‍ പാലിക്കാത്തവന്‌ ദീന്‍ ഇല്ല'' (അഹ്‌മദ്‌). എന്നാല്‍ ഭൗതിക നേട്ടം ചിലപ്പോള്‍ അവന്നായിരിക്കും.

നബി(സ) അരുളി: ``സംശയവുമായി ദീനിനെ സമീപിക്കുന്നവന്‍ എത്ര ചീത്ത'' (തുര്‍മുദി). ദുന്‍യാവിനെ സമീപിക്കേണ്ടത്‌ സംശയത്തോടുകൂടിയായിരിക്കണം. അതില്‍ മനഃശാന്തി അര്‍പ്പിക്കുവാന്‍ പാടില്ല. (യൂനുസ്‌: 7) ദീനും ദുന്‍യാവും തമ്മില്‍ ധ്രുവങ്ങള്‍ പോലെയുള്ള വ്യത്യാസം ഇവിടെ നമുക്കു കാണാം.

``നിങ്ങള്‍ ദുന്‍യാവിന്റെ സന്താനങ്ങളാവരുത്‌''. (ബുഖാരി) ദീനിന്റെ സന്താനങ്ങളാവണം.

``എല്ലാ തെറ്റിനും കാരണം ദുന്‍യാവിനോടുള്ള സ്‌നേഹമാണ്‌''. (ബുഖാരി) മതത്തോടുള്ള സ്‌നേഹമാണെന്ന്‌ പറഞ്ഞാല്‍ അവന്‍ നിരീശ്വരവാദിയാണ്‌.

``ഭൗതികം ഒരുവന്റെ ലക്ഷ്യമായാല്‍ അവന്റെ കണ്‍മുന്നില്‍ ദാരിദ്ര്യത്തെ ആക്കുന്നതാണ്‌'' (ഇബ്‌നുമാജ). മതം ലക്ഷ്യമാക്കിയാല്‍ എന്നു പറയുന്നവന്‍ മതനിഷേധിയാണ്‌.

നബി(സ) അരുളി: ``ഭൗതികനേട്ടം അല്ലാഹു അവന്‍ ഇഷ്‌ടപ്പെടുന്നവനും ഇഷ്‌ടപ്പെടാത്തവനും നല്‍കും. മതം അവന്‍ ഇഷ്‌ടപ്പെടുന്നവന്‌ മാത്രമേ നല്‍കുകയുള്ളൂ''. ( അഹ്‌മദ്‌) ഇതുകൊണ്ടാണ്‌ നംറൂദിനും ഫിര്‍ഔനിന്നും അല്ലാഹു ഭരണം നല്‌കിയത്‌.



ജമാഅത്ത്‌ വീക്ഷണം



``സാധാരണക്കാരെ ആകര്‍ഷിക്കുന്ന ചില ചോദ്യങ്ങളുമായി ചിലര്‍ രംഗത്തുവന്നു. വണ്ടിയാത്ര നൂതനമല്ലേ. ഉച്ചഭാഷിണി പുതിയതല്ലേ. നമ്മുടെ ദീനില്‍ പുതിയ കാര്യങ്ങള്‍ ഉണ്ടാകുന്നതിനെക്കുറിച്ചാണ്‌ നബി(സ) വിരോധിച്ചത്‌'' (പ്രബോധനം മാസിക, മാര്‍ച്ച്‌ 1972, ലക്കം 12, പുസ്‌തകം 32, പ്രശ്‌നവും വീക്ഷണവും, പേജ്‌ 38) ഇതെഴുതിയ ജമാഅത്തുകാരന്‍ ഇസ്‌ലാമിന്റെ ശത്രുക്കളെ സഹായിക്കുകയാണോ? കളം മാറി ചവിട്ടുകയാണോ? മോഡേണിസ്റ്റുകള്‍ക്കും സെക്യുലറിസ്റ്റുകള്‍ക്കും ഭൗതികവാദികള്‍ക്കും തെളിവുണ്ടാക്കുകയാണോ?

``ചോ: ജീവിതത്തില്‍ അഖിലവും പ്രബോധനത്തിലും പെരുമാറ്റത്തിലും വസ്‌ത്രധാരണത്തിലുമെല്ലാം നമസ്‌കാരത്തിലെന്നപോലെ മുഹമ്മദ്‌ നബി(സ)യെ അനുകരിക്കേണ്ടതാണ്‌ എന്ന്‌ ഒരു തബ്‌ലീഗ്‌ പ്രവര്‍ത്തകന്‍ വാദിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ വീക്ഷണമെന്താണ്‌?

ഉ:പ്രവാചകചര്യ സ്വതേ രണ്ടു മാനങ്ങളുള്ളതാണെന്ന്‌ ഓര്‍ക്കുക. ഒന്നു സുന്നത്ത്‌ മറ്റേതു ആദത്ത്‌ (ആചാരം, സമ്പ്രദായം). ആദത്തുകള്‍ സുന്നത്തുകളായി ഇമാമുകളോ പണ്ഡിതന്മാരോ കണക്കാക്കുന്നില്ല. അതിനാല്‍ നബി(സ) കഴിച്ച ഭക്ഷണം തന്നെ കഴിക്കുന്നതോ അദ്ദേഹം ധരിച്ച വസ്‌ത്രം തന്നെ ധരിക്കുന്നതോ പല്ല്‌ തേച്ച സാധനം കൊണ്ടു തന്നെ പല്ല്‌ തേക്കുന്നതോ ഒന്നും സുന്നത്തല്ല. ഇക്കാര്യങ്ങളിലൊക്കെ വിലക്കുകളും നിയന്ത്രണങ്ങളും മാത്രമേ പരിഗണിക്കേണ്ടതുള്ളൂ'' (പ്രബോധനം വാരിക, വാള്യം 47, ലക്കം 30, 1988 ഡിസംബര്‍ 31, ചോദ്യോത്തരം). ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മോഡേണിസ്റ്റുകള്‍ക്കും സെക്യുലറിസ്റ്റുകള്‍ക്കും ഭൗതികവാദികള്‍ക്കും തെളിവുണ്ടാക്കുകയാണെന്ന്‌ തബ്‌ലീഗ്‌ പ്രവര്‍ത്തകന്മാര്‍ക്കും വാദിക്കാമല്ലോ. ആചാരങ്ങള്‍ ദീനിലാണോ ദുന്‍യാവിലാണോ ഉള്‍പ്പെടുക?

``ഭൗതിക നേട്ടങ്ങള്‍ കാണിച്ചു പ്രലോഭിപ്പിച്ചുകൊണ്ടല്ല മുഹമ്മദ്‌ നബി(സ) മക്കാവാസികളെ തൗഹീദിലേക്കു ക്ഷണിച്ചത്‌''. (പ്രബോധനം മാസിക, പുസ്‌തകം 44, 1986 മാര്‍ച്ച്‌, ലക്കം 12 പേജ്‌ 4) എന്താ ഇതിന്‌ വിരോധം? അല്‌പശതമാനത്തിന്റെ വ്യത്യാസമല്ലേ മതനേട്ടങ്ങളും ഭൗതികനേട്ടങ്ങളും തമ്മിലുള്ളത്‌?

``യഥാര്‍ഥമതത്തെ തള്ളിമാറ്റി തദ്‌സ്ഥാനം കൈയേറുന്ന കൃത്രിമമതമാണ്‌ ബിദ്‌അത്ത്‌'' (പ്രബോധനം വാരിക, വാള്യം 51, ലക്കം 6, 1992 സെപ്‌തംബര്‍ 5). നബി(സ)യുടെ കാലത്തെ ഭൗതികലോകം മാറ്റി യന്ത്രങ്ങളും വാഹനങ്ങളും കൊണ്ടുവരുന്നതിന്‌ എന്താണു പറയുക? അതും നിഷിദ്ധമാണോ?

``ദീനിനെ അതിന്റെ സാക്ഷാല്‍ രൂപത്തില്‍ തന്നെ സ്ഥാപിക്കുവാന്‍ പരിശ്രമിക്കുകയും സ്വന്തം വകയായി അതില്‍ വല്ലതും കൂട്ടിച്ചേര്‍ക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യാതിരിക്കുകയും ചെയ്യുകയെന്നതാണ്‌. ഈ രണ്ടു സംഗതിയും പ്രത്യക്ഷത്തില്‍ അവ എത്ര പരിപാവനമായ തത്വവികാരത്തോടുകൂടി പ്രയോഗത്തില്‍ വന്നതാകട്ടെ തനിനിഷിദ്ധവും മാര്‍ഗദര്‍ശനവുമാണ്‌. ജൂതന്‍മാരുടെയും ക്രിസ്‌ത്യാനികളുടെയും മാര്‍ഗഭ്രംശം ഇതേ നിലക്കുള്ള അതിരുകവിച്ചിലിന്റെയും വെട്ടിച്ചുരുക്കലിന്റെയും അനന്തരഫലമായിരുന്നു. ഇതേ കാരണം കൊണ്ടാണ്‌ ദീനില്‍ നവീന വിഷയങ്ങള്‍ നിര്‍മിച്ചുണ്ടാക്കുന്നത്‌''. (ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യം, പരിപാടി അബുല്ലൈസ്‌, ഐ പി എച്ച്‌ നവംബര്‍1958) ഭൗതിക കാര്യങ്ങളുടെ അവസ്ഥയും ഇതു തന്നെയാണോ? ജമാഅത്തെ ഇസ്‌ലാമിക്കാര്‍ വിശദീകരിക്കുമല്ലോ?. ദീനില്‍ നവീന വിഷയങ്ങള്‍ എന്ന്‌ മൗലാന പ്രത്യേകമായി പറഞ്ഞത്‌ മോഡേണിസ്റ്റുകള്‍ക്കും ഭൗതികവാദികള്‍ക്കും തെളിവാകുകയില്ലേ?

``എല്ലാവര്‍ക്കും എല്ലാ വിദ്യകളും നേടുക സാധ്യമല്ല. മനുഷ്യ ശ്രേഷ്‌ഠരായ പ്രവാചകന്മാര്‍പോലും എല്ലാ വിഷയങ്ങളും അറിയുന്നവരായിരുന്നില്ല. ഒരിക്കല്‍ റസൂല്‍(സ) തിരുമേനി അരുളിച്ചെയ്യുകയുണ്ടായി. അന്‍തും അഅ്‌ലമു ബി ഉമൂരി ദുന്‍യാകും (നിങ്ങളുടെ ലൗകിക കാര്യങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങളാണ്‌ എന്നെക്കാള്‍ കൂടുതല്‍ അറിയുന്നവര്‍). അപ്പോള്‍ പറഞ്ഞുവരുന്നത്‌ ഇതാണ്‌: വിദ്യാഭ്യാസം രണ്ടു തരത്തിലുണ്ട്‌. മതവിദ്യാഭ്യാസവും ലൗകിക വിദ്യാഭ്യാസവും. പ്രവാചകന്മാര്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്‌തിട്ടുള്ള ദീന്‍. അതിനു പുറമെയുള്ളത്‌ ദുനിയാവും''. (പ്രബോധനം മാസിക, പുസ്‌തകം 28, ലക്കം 12, മതവിദ്യാഭ്യാസത്തെക്കുറിച്ചു ചില അഭിപ്രായങ്ങള്‍, പേജ്‌ 46)

ഈ ഹദീസ്‌ മുജാഹിദുകള്‍ ഉദ്ധരിച്ചാല്‍ ഭൗതികവാദികളെയും മോഡേണിസ്റ്റുകളെയും സഹായിക്കുകയാണെന്ന്‌ ഇവര്‍ വിമര്‍ശിക്കും. `പ്രബോധന'ത്തില്‍ ഇയ്യിടെ എഴുതിയതുപോലെ (1998 സെപ്‌തംബര്‍ 26,) എന്നാല്‍ ഈ ഹദീസ്‌ ഉദ്ധരിച്ച്‌ മുഹമ്മദ്‌ നബി(സ)ക്ക്‌ എല്ലാ വിഷയങ്ങളും അറിയുമായിരുന്നില്ലെന്ന്‌ വരെ എഴുതിയാലും ഇവര്‍ക്ക്‌ വിരോധമില്ല. വീണ്ടും എഴുതുന്നു: ``എന്നാല്‍ സയന്‍സ്‌, മെഡിസിന്‍, എഞ്ചിനീയറിങ്ങ്‌, ചിത്രകല, സംഗീതം, വാദ്യം, നെയ്‌ത്ത്‌, തയ്യല്‍, തക്ഷവേല ആദിയായി ശാസ്‌ത്രീയമോ കലാപരമോ സാങ്കേതികമോ ആയ വിദ്യകളെല്ലാം പ്രവാചകന്മാരൊക്കെ പരിശീലിക്കുകയും പരിശീലിപ്പിക്കുകയും ചെയ്‌തിരുന്നതിന്‌ ചരിത്രപ്രമാണമൊന്നുമില്ല. ഇതാകട്ടെ അവരെ സംബന്ധിച്ചിടത്തോളം ഒരു ന്യൂനതയല്ലതാനും''. (പ്രബോധനം മാസിക, 28.1.67)

``ഇച്ഛകള്‍ ഭിന്നങ്ങളാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളുമായാണ്‌ പ്രവാചകന്‍ ആഗതനായത്‌. അത്തരം പ്രശ്‌നങ്ങളില്‍ അവിടുന്ന്‌ ദീനിന്റെ വിധികള്‍ സ്ഥിരപ്പെടുത്തി. അവയില്‍ ആര്‍ക്കും ഗവേഷണ നിരീക്ഷണങ്ങള്‍ക്കവകാശമില്ല. ഐന്ദ്രിയാനുഭവങ്ങള്‍ക്കും പരീക്ഷണ നിരീക്ഷണങ്ങള്‍ക്കും വിധേയമായ പ്രശ്‌നങ്ങളില്‍ അവിടുന്ന്‌ ഒരു വിധിയും സ്ഥാപിച്ചിട്ടില്ല. എന്നല്ല, അവിടുത്തേക്കു തന്നെ അത്തരം കാര്യങ്ങളില്‍ പിശകു പറ്റിയിട്ടുണ്ട്‌. ഒരിക്കല്‍, ഈത്തപ്പനക്ക്‌ പരാഗ സംക്രമണം ചെയ്യേണ്ടതില്ല എന്ന്‌ നബി(സ) ചില അനുയായികളോട്‌ പറഞ്ഞു. വിളവ്‌ ക്ഷയിച്ചു എന്നതായിരുന്നു ഫലം. പരാഗസംക്രമണം വേണ്ടെന്ന അവിടുത്തെ ഉപദേശം പ്രയോജനകരമായില്ലെന്ന്‌ വ്യക്തം. അത്‌ തന്റെ സ്വന്തം വക ഒരു പരീക്ഷണം മാത്രമായിരുന്നുവെന്ന്‌ തിരുമേനി തന്നെ പിന്നീട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. തുടര്‍ന്ന്‌ അവിടുന്ന്‌ പ്രസ്‌താവിച്ചു: നിങ്ങളുടെ ദുന്‍യാകാര്യങ്ങള്‍ നിങ്ങള്‍ തന്നെയാണ്‌ നന്നായറിയുക''. (പ്രബോധനം മാസിക, പുസ്‌തകം 38, ലക്കം 2, 1978 മെയ്‌, ശൈഖ്‌ മുഹമ്മദ്‌ മുതവല്ലി ശഅറാവി, പേജ്‌:40) ഈ ഹദീസ്‌ യഥേഷ്‌ടം ദീനും ദുന്‍യാവും രണ്ടാണെന്ന്‌ സ്ഥാപിക്കുവാന്‍ ഇവര്‍ക്ക്‌ ഉദ്ധരിക്കാം. അതില്‍ വിരോധമൊന്നുമില്ല. എന്നാല്‍ മുജാഹിദുകള്‍ ദീനും ദുന്‍യാവും രണ്ടാണെന്നതിനു തെളിവായി ഈ ഹദീസ്‌ ഉദ്ധരിച്ചാലോ? അപ്പോള്‍ രണ്ടും ഒന്നാകും. ഹദീസ്‌ ഉദ്ധരിച്ചത്‌ നിരീശ്വരവാദികളെ സഹായിക്കലാണെന്ന്‌ ഇവര്‍ ജല്‍പിക്കും. ഇവരാണ്‌ പോലും സഹിഷ്‌ണുതയുടെ വക്താക്കള്‍!



തര്‍ക്കവിഷയമായതെങ്ങനെ?



ദീനും ദുന്‍യാവും (മതവും ഭൗതികവും) തമ്മില്‍ വ്യത്യാസമുണ്ടോ, ഇല്ലേ എന്ന്‌ ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദുകളും തമ്മില്‍ തര്‍ക്കം ഉദ്‌ഭവിക്കുവാനുള്ള കാരണം വിവരിക്കാം:

സമുദായത്തിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി മുസ്‌ലിംലീഗും കോണ്‍ഗ്രസിലെയും മറ്റും മുസ്‌ലിം നേതാക്കന്മാരും പ്രവര്‍ത്തിച്ചപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി അതിനെ നഖശിഖാന്തം എതിര്‍ത്തു. മുജാഹിദ്‌ പ്രസ്ഥാനം അത്‌ അംഗീകരിക്കുകയും അവര്‍ക്ക്‌ വോട്ടു ചെയ്യുകയും ചെയ്‌തു. അപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി ചോദിച്ചു: ``ഇവരെല്ലാം ശിര്‍ക്ക്‌ ചെയ്യുന്നവരാണെന്ന്‌ നിങ്ങള്‍ പറയുന്നു. സുന്നികളില്‍ പെട്ടവരാണ്‌ ഇവരില്‍ അധികപേരും. മറ്റു ചിലര്‍ നമസ്‌കരിക്കുകപോലും ചെയ്യുന്നില്ല. ഇസ്‌ലാമില്‍ രണ്ടു നേതൃത്വമില്ല. ഇവരെ നിങ്ങള്‍ മതത്തിന്റെ പ്രശ്‌നത്തില്‍ അംഗീകരിക്കുമോ? അവരുടെ നേതൃത്വം സ്വീകരിക്കുമോ? പള്ളിയില്‍ ഇമാമായി നിര്‍ത്തുമോ? മതവും ഭൗതികവും ഒന്ന്‌ തന്നെയാണ്‌. ഇസ്‌ലാമിനെ ദീനും ദുന്‍യാവുമായി നിങ്ങള്‍ തുണ്ടാക്കുകയാണ്‌.'

ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കണമെന്ന്‌ ആഗ്രഹിക്കുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികളെ മുജാഹിദ്‌ പ്രസ്ഥാനം സഹായിച്ചിട്ടുണ്ട്‌. വര്‍ഗീയവാദികള്‍ അധികാരത്തില്‍ വരാതിരിക്കുവാന്‍ വേണ്ടി അമുസ്‌ലിംകള്‍ക്ക്‌ വോട്ടു ചെയ്‌തിട്ടുണ്ട്‌. ഈ സന്ദര്‍ഭത്തില്‍ ജൂതന്മാരെയും ക്രിസ്‌ത്യാനികളെയും രക്ഷാധികാരികളാക്കരുതെന്ന പരിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ട്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ നേരെ ഇവര്‍ വിമര്‍ശനവുമായി വന്നു. അമുസ്‌ലിംകള്‍ക്കു എങ്ങനെ നിങ്ങള്‍ വോട്ടുചെയ്യുമെന്ന്‌ ഈ സൂക്തങ്ങള്‍ ഓതി ജമാഅത്തെ ഇസ്‌ലാമിയിലെ പലരും എന്നോട്‌ തര്‍ക്കിച്ചത്‌ ഇന്നും എന്റെ ഓര്‍മയില്‍ നിന്നു പോയിട്ടില്ല. ദീനും ദുന്‍യാവും ഒന്നാണെന്ന്‌ പറഞ്ഞു മുസ്‌ലിംകളെ തെരഞ്ഞെടുപ്പില്‍ നിന്നു ഇവര്‍ അകറ്റി. അങ്ങനെ വര്‍ഗീയവാദികളും മറ്റും അധികാരത്തില്‍ വരാന്‍ വാതിലുകള്‍ ഇവര്‍ തുറന്നു. അവസാനം മുസ്‌ലിംലീഗ്‌ വരെ ഇപ്രകാരം ആവലാതിപ്പെട്ടു: `പ്രബോധനം'തന്നെ എഴുതുന്നതു കാണുക: ``1959 നവംബര്‍ 18ന്‌ എടപ്പള്ളിവെച്ച്‌ അന്നത്തെ മുസ്‌ലിംലീഗ്‌ ജനറല്‍ സെക്രട്ടറി പരേതനായ കെ യം സീതിസാഹബ്‌ ചെയ്‌ത അത്യുഗ്രമായ പ്രഖ്യാപനം ഇന്നും ഞങ്ങളുടെ ഓര്‍മയില്‍ തള്ളിവരികയാണ്‌. അദ്ദേഹം പറഞ്ഞു: ഈ സന്ദര്‍ഭത്തില്‍ ജമാഅത്തെ ഇസ്‌ലാമി എഴുതിയിരിക്കുന്ന നിലപാട്‌ വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി. ദൈവത്തിന്റെ ആസ്‌തിക്യത്തെ നിഷേധിക്കുന്ന നിര്‍മതവാദികളായ കമ്യൂണിസ്റ്റുകള്‍ തിരഞ്ഞെടുപ്പിന്‌ നില്‌ക്കുമ്പോള്‍ അവരെ പരാജയപ്പെടുത്തേണ്ട കാര്യത്തില്‍ ശ്രദ്ധിയ്‌ക്കാതെ ആര്‍ക്കും വോട്ടുചെയ്യാതെ തങ്ങളുടെ വോട്ടുകള്‍ മരവിപ്പിക്കുകവഴി കമ്യൂണിസ്റ്റുകളെ സഹായിക്കുകയായിരിക്കും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ചെയ്യുന്നത്‌. അവര്‍ ആ നിലപാടില്‍ നിന്നു മാറാത്തപക്ഷം മാറ്റേണ്ടതു നമ്മുടെ കടമയാണ്‌. നാമവരെ ഉപദേശിക്കുകയും നയമുപേക്ഷിക്കുവാന്‍ പ്രേരിതരാകുമാറ്‌ നിരന്തരം പരിശ്രമിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. (ചന്ദ്രിക -21.11.59-യില്‍ നിന്നുദ്ധരിച്ചത്‌, പ്രബോധനം, പുസ്‌തകം 26 ല. 4, മാര്‍ച്ച്‌ 1965, പേജ്‌ 6)

മുജാഹിദ്‌ പ്രസ്ഥാനം ഇന്ത്യയിലെ മുസ്‌ലിംകളോടു പറഞ്ഞു: ``നിങ്ങള്‍ സര്‍ക്കാര്‍ ജോലികളിലും പട്ടാളത്തിലും പോലീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എല്ലാം പ്രവേശിച്ചുകൊള്ളുക. അങ്ങനെ ഈ സമുദായത്തിനു നിങ്ങളാല്‍ ചെയ്യാന്‍ സാധിക്കുന്ന ഉപകാരങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കുക. അല്ലാഹുവിന്റെ നിയമത്തെ അവഗണിച്ചുകൊണ്ട്‌ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്‌. പരമാധികാരം അല്ലാഹുവിന്‌ മാത്രമാണെന്ന തത്വം അവഗണിക്കുകയും ചെയ്യരുത്‌''. അപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍, നിങ്ങള്‍ ദീനും ദുന്‍യാവും രണ്ടാക്കുകയാണ്‌, ദീനിസ്‌ലാമിനെ തുണ്ടാക്കുകയാണ്‌ എന്നു പാടുവാന്‍ തുടങ്ങി.

``രണ്ട്‌ വ്യക്തികള്‍ തമ്മിലോ പാര്‍ട്ടികള്‍ തമ്മിലോ തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തിന്‌ നാട്ടിലെ മൂപ്പന്മാരെ സമീപിച്ചാല്‍ നീതി ലഭിക്കുന്നതിനെക്കാള്‍ സാധ്യത കോടതികളെ സമീപിക്കലാണെന്ന്‌ പലരും അഭിപ്രായപ്പെട്ടു. നാട്ടുമൂപ്പന്മാരില്‍ നിന്ന്‌ നീതി ലഭിച്ചാല്‍ തന്നെ അത്‌ നടപ്പാക്കുവാനുള്ള പോലീസും ശക്തിയും അധികാരവും ഇവര്‍ക്കില്ല. അതിനാല്‍ ഭൗതികകോടതികളെ നമുക്ക്‌ സമീപിക്കാം. ഇന്ത്യന്‍ സാഹചര്യത്തില്‍ നമ്മുടെ ഈ പ്രവര്‍ത്തനം കാരണം അല്ലാഹു ശിക്ഷിക്കുകയില്ല. മതത്തില്‍ ഒരു കാര്യം ഹലാലും ഹറാമുമാക്കുവാനുള്ള അധികാരം നാം അവര്‍ക്കു നല്‍കുന്നുമില്ല.'' അപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഇപ്രകാരം വാദിക്കുവാന്‍ തുടങ്ങി: ``അല്ലാഹു ഇറക്കിയതുകൊണ്ട്‌ മാത്രമേ വിധിക്കുവാന്‍ പാടുള്ളൂ. ഇന്ത്യയിലെ കോടതികള്‍ അപ്രകാരം വിധിക്കുന്നവരല്ല. ഇവര്‍ താഗൂത്താണ്‌. താഗൂത്തിന്‌ ഇബാദത്തെടുക്കുക എന്നതിന്റെ വിവക്ഷ അവരെ അനുസരിക്കലാണ്‌. നിങ്ങള്‍ ചെയ്യുന്നതു ശിര്‍ക്കാണ്‌. ദീനും ദുന്‍യാവും ഒന്നു തന്നെയാണ്‌. നിങ്ങള്‍ ഇസ്‌ലാമിനെ തുണ്ടാക്കുകയാണ്‌. ഇരു കക്ഷികളുടെയും വാദം കേട്ടു. ഒരു നീതിമാനായ മനുഷ്യന്‍ ഇന്ന കക്ഷിയുടെ അടുത്താണ്‌ കൂടുതല്‍ തെളിവെന്നു വിധിക്കല്‍ താഗൂത്തിന്റെ വിധിയാണ്‌.''

2 comments:

BorN said...

Enthu deeeeen ??? Kerala Mujahidukalkku "Theenum Duniyavum" Mathramalleee ulluuuu.... Ethonnumariyatha kurachu Anuyayikalum.... Ellavarkum Nethavaakanam.... eppol randayi,,, Nethakkalum randayi... randayappol.. parasparam theriparayunnu....


Oru pazhaya Salafi..
Massalam

മെഹദ്‌ മഖ്‌ബൂല്‍ said...

നേതാക്കളുടെ കാപട്യം ഇനിയും തിരിച്ചറിയാതെ പോകുന്നത് കഷ്ട്ടമാണ് കേട്ടോ ...

Post a Comment