Pages

Friday, August 6, 2010

ജമാഅത്തും മദ്‌ഹബുകളും

ന്റെ ജീവിതവും മരണവും അല്ലാഹുവിന്നാണെന്ന്‌ നമസ്‌കാരത്തിലും മറ്റും പ്രാര്‍ഥിക്കുന്ന മുജാഹിദുകള്‍ എങ്ങനെയാണ്‌ മുസ്‌ലിം ലീഗ്‌, കോണ്‍ഗ്രസ്സ്‌, ജനത മുതലായ പാര്‍ട്ടികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുക? സഖാക്കള്‍ വരെ നിങ്ങളില്‍ ഉണ്ടല്ലോ. ഇസ്‌ലാമില്‍ രാഷ്‌ട്രീയം ഉണ്ടെന്ന്‌ നിങ്ങള്‍ സമ്മതിക്കുന്നില്ലെന്നതിന്ന്‌ ഇത്‌ വ്യക്തമായ തെളിവല്ലേ? ഇതാണ്‌ ഇവര്‍ സൃഷ്‌ടിക്കുന്ന മറ്റൊരു തെറ്റിദ്ധാരണ. മദ്‌ഹബിനെ പ്രമാണമായി അംഗീകരിക്കുന്നവര്‍ക്കു ഇത്തരം ഒരു വിമര്‍ശനം ഇസ്‌ലാഹീ പ്രസ്ഥാനത്തിനു നേരെ ഉന്നയിക്കുവാന്‍ ധാര്‍മികമായി യാതൊരു അവകാശവുമില്ലെന്നുണര്‍ത്തട്ടെ. ആദ്യമായി ജമാഅത്തെ ഇസ്‌ലാമി മദ്‌ഹബിനെ പ്രമാണമായി അംഗീകരിച്ചിട്ടുണ്ടോ എന്ന്‌ പരിശോധിക്കാം.


1. ``ജമാഅത്ത്‌ എല്ലാ വിഭാഗക്കാരെയും മദ്‌ഹബുകാരെയും സംഘടനയില്‍ ചേര്‍ത്തു. അതില്‍ അഹ്‌ലുല്‍ ഹദീസില്‍ പെട്ടവരും ബറേല്‍വികളും ദുയൂബന്തികളുമുണ്ട്‌. ശിയാക്കളില്‍ നിന്ന്‌ ആരും ജമാഅത്തില്‍ അംഗങ്ങളായിട്ടില്ലെങ്കിലും അനുഭാവികളില്‍ അവര്‍ ധാരാളമുണ്ട്‌. നിങ്ങള്‍ക്ക്‌ ശരിയായി തോന്നുന്ന മദ്‌ഹബ്‌ പ്രകാരം പ്രവര്‍ത്തിച്ചോളൂ. പക്ഷെ, മറ്റുള്ളവരുടെ മേല്‍ അത്‌ അടിച്ചേല്‍പിക്കരുത്‌. നിങ്ങള്‍ക്ക്‌ ശരിയാണെന്നു തോന്നാത്തതു ചെയ്യാതിരുന്നുകൊള്ളൂ. പക്ഷെ, മറ്റുള്ളവരും അതു ശരിയായി കരുതാതെ ഉപേക്ഷിക്കണമെന്ന്‌ ശാഠ്യംപിടിക്കരുത്‌. അപ്രകാരം എല്ലാവരും ചേര്‍ന്ന്‌ ഇസ്‌ലാമിക വ്യവസ്ഥിതിയുടെ സംസ്ഥാപനത്തിനു വേണ്ടി ശ്രമിക്കുക എന്ന സിദ്ധാന്തപ്രകാരമാണ്‌ ജമാഅത്തെ ഇസ്‌ലാമി രൂപീകൃതമായതുതന്നെ''. (പ്രബോധനം, 1970 ഡിസംബര്‍ 19, പേജ്‌ 3, മൗലാനാ മൗദൂദിയുടെ പ്രസ്‌താവന)

ഈ പ്രസ്‌താവനക്ക്‌ പ്രബോധനം നല്‍കുന്ന മറുപടി വളരെ വിചിത്രമായിരിക്കുന്നു. പ്രസ്‌താവനയുടെ പ്രധാന ഭാഗങ്ങള്‍ വെട്ടി മാറ്റി ``ശിആക്കളില്‍ ആരും ജമാഅത്തില്‍ അംഗങ്ങളായിട്ടില്ലെങ്കിലും അനുഭാവികളില്‍ അവര്‍ ധാരാളമുണ്ട്‌'' എന്ന ഭാഗംവരെ ഉദ്ധരിച്ചാണിവര്‍ കളിക്കുന്നത്‌. പ്രബോധനം എഴുതുന്നു: ``അഹ്‌ലെ ഹദീസിനോ ബറേല്‍വിക്കോ ദയൂബന്ദിക്കോ കമ്യൂണിസ്റ്റുകാരനോ നിരീശ്വരവാദിക്കോ ഹിന്ദുവിനോ ക്രിസ്‌ത്യാനിക്കോ ആര്‍ക്കും ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമാകാമെന്നിത്‌ വ്യക്തമാക്കുന്നു. അതിന്റെ ഭരണഘടനയനുസരിച്ച്‌ ജീവിക്കണമെന്നു മാത്രം''. (പ്രബോധനം, മുഖാമുഖം, വാള്യം 55, ലക്കം 13)
ശേഷം ഇദ്ദേഹം ഭരണഘടനയുടെ മഹത്വം വിവരിക്കുന്നു. മൗദൂദി പല പാര്‍ട്ടികളെ എണ്ണിപ്പറഞ്ഞ കൂട്ടത്തില്‍ എന്തുകൊണ്ട്‌ കമ്യൂണിസ്റ്റുകാരെയും നിരീശ്വരവാദികളെയും ക്രിസ്‌ത്യാനികളെയും എണ്ണിയില്ല? ഇവരും തങ്ങള്‍ക്ക്‌ ശരിയായി തോന്നുന്ന പ്രകാരം പ്രവര്‍ത്തിച്ചാല്‍ മതിയോ? മറ്റുള്ളവരുടെ മേല്‍ അത്‌ അടിച്ചേല്‍പിക്കാതിരുന്നാല്‍ മതിയോ? യഥാര്‍ഥത്തില്‍ അദ്ദേഹം പറയുന്നത്‌ മദ്‌ഹബുകാരന്‌ മദ്‌ഹബുകാരനായും ഖബറിന്ന്‌ പൂജവരെ ചെയ്യുന്ന ബറേല്‍വിക്ക്‌ ബറേല്‍വിയായും ജമാഅത്തില്‍ പ്രവര്‍ത്തിക്കാമെന്നാണോ? ബറേല്‍വിയുടെയും സമസ്‌തയുടെ ഭരണഘടന പരിശോധിച്ചാലും പ്രമാണം ഖുര്‍ആനും സുന്നത്തുമാണെന്ന്‌ പറയുന്നതുകാണാം. ഖണ്‌ഡിക 4ല്‍ എടുത്തുകാണിച്ച സംഗതികള്‍ സമസ്‌തയും അംഗീകരിച്ചുവെന്ന്‌ വരും. പക്ഷേ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ടായിരിക്കുമെന്ന്‌ മാത്രം. വ്യാഖ്യാനത്തിന്‌ പഴുതുകള്‍ പ്രസ്‌തുത ഖണ്‌ഡികയില്‍ തന്നെ ധാരാളമുണ്ടുതാനും. പുറമെ അഹ്‌ലുല്‍ ഹദീസുകാരന്‌ ശരിയായി തോന്നാത്തത്‌ ചെയ്യാതിരിക്കുകയും മറ്റുള്ളവരും അതു ശരിയായി കരുതാതിരിക്കുകയും ഉപേക്ഷിക്കണമെന്ന്‌ ശാഠ്യം പിടിക്കാതിരിക്കുകയും ചെയ്‌താല്‍ മതിയോ?.

2. നാല്‌ മദ്‌ഹബുകളും സത്യമാണെന്ന മൗദൂദിയുടെ പ്രഖ്യാപനം കാണുക:

``അതിനാല്‍ പ്രസ്‌തുത നാല്‌ ഫിഖ്‌ഹുകളും സത്യമെന്ന്‌ മുസ്‌ലിംകള്‍ അംഗീകരിക്കുന്നു''. (ഇസ്‌ലാം മതം, പേജ്‌ 170) മദ്‌ഹബുകള്‍ തമ്മിലുള്ള വ്യത്യാസം ശാഖാപരവും നിസ്സാരവും ഗവേഷണപരവുമാണെന്ന്‌ പ്രഖ്യാപിച്ചാണ്‌ ഇവര്‍ മദ്‌ഹബുകള്‍ പ്രമാണമായി അംഗീകരിക്കുന്നത്‌.

3. ``ഇന്ന്‌ സമുദായത്തില്‍ വമ്പിച്ച കക്ഷി മത്സരങ്ങള്‍ക്കും അന്തഛിദ്രതക്കും ഇടവരുത്തിയ ആമീന്‍, കൈ കെട്ട്‌, ഫാതിഹ, തഖ്‌ലീദ്‌ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഞങ്ങളെയും കെട്ടിപ്പിണയ്‌ക്കാമെന്ന്‌ ആരും പ്രതീഷിക്കേണ്ടതില്ല. അത്തരം വാദകോലാഹലങ്ങളില്‍ ഞങ്ങള്‍ക്ക്‌ താല്‌പര്യവുമില്ല. ശാഖകള്‍ക്ക്‌ പകരം അടിസ്ഥാനപരമായി ഇസ്‌ലാമിനെ പ്രബോധിക്കുന്നവരാണ്‌ ഞങ്ങള്‍. അതിനാല്‍ ശാഖാപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു ഈ ജമാഅത്തില്‍ ഒട്ടും പഴുതില്ല. ഒരാള്‍ ശാഫിഈയോ ഹനഫിയോ മുഖല്ലിദോ ഗൈറ്‌ മുഖല്ലിദോ സൂഫിയോ ഫഖീഹോ ആരായിക്കൊള്ളട്ടെ ഇസ്‌ലാമിനെ അടിസ്ഥാനമാക്കിക്കൊണ്ട്‌ അതിനെ പൂര്‍ണരൂപത്തില്‍ സ്ഥാപിക്കാന്‍ വേണ്ടിയുള്ള പ്രസ്ഥാനത്തില്‍ അയാള്‍ പങ്കെടുക്കാനാഗ്രഹിക്കുന്നുവെങ്കില്‍ നിസ്സംശയം അയാള്‍ക്ക്‌ ഞങ്ങളുടെ സഹയാത്രികനാകാവുന്നതാണ്‌. ദീനില്‍ ഏതു നിലക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്ക്‌ പഴുതുള്ള മേല്‍ പ്രസ്‌താവിച്ച പോലുള്ള ചെറിയ ചെറിയ സംഗതികളുടെ പേരില്‍ ഞങ്ങളുടെ കവാടം ആരുടെ മുമ്പിലും കൊട്ടിയടക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല.'' (ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യം മാര്‍ഗം, 1982, മൗലാനാ അബുല്ലൈസ്‌) മുഖല്ലിദ്‌ എന്ന്‌ ആര്‍ക്കാണ്‌ പറയുകയെന്ന്‌ വായനക്കാര്‍ ഇവരോട്‌ തന്നെ ചോദിച്ച്‌ മനസ്സിലാക്കുക. മുഖല്ലിദും ഗൈറ്‌ മുഖല്ലിദും സൂഫിയും ഫഖീഹും എല്ലാം ഇവരുടെ ദൃഷ്‌ടിയില്‍ തുല്യരാണ്‌.

4. സലഫീ സംഘടന എന്നാല്‍ എന്താണ്‌, ജമാഅത്തെ ഇസ്‌ലാമി സലഫീ സംഘടനയാണോ? എന്ന ചോദ്യത്തിന്ന്‌ മറുപടി നല്‍കിക്കൊണ്ട്‌ അവസാനമായി എഴുതുന്നു. ``ജമാഅത്തെ ഇസ്‌ലാമി ഒരു പ്രത്യേക മദ്‌ഹബ്‌ വിഭാഗമോ മദ്‌ഹബേതര ഗ്രൂപ്പോ അല്ലാത്തതുകൊണ്ട്‌ ഇന്ന്‌ പ്രചാരത്തിലുള്ള അര്‍ഥത്തില്‍ സലഫീ സംഘടനകളില്‍ ഉള്‍പ്പെടുന്നില്ല. ഏതു മദ്‌ഹബുകാരനും അഹ്‌ലെ ഹദീസുകാരന്നും ചേര്‍ന്നു പ്രവര്‍ത്തിക്കാവുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി'' (പ്രബോധനം വാരിക, 1989 ഡിസംബര്‍ 2, പേജ്‌ 30, ചോദ്യോത്തരം)

5. ``മതസംഘടനകളുടെ കാര്യത്തിലാവട്ടെ പരസ്‌പരം പോരടിക്കുകയും കാഫിറാക്കുകയും ചെയ്‌തുവന്ന വിനാശകരമായ പ്രവണതയെ ജമാഅത്തെ ഇസ്‌ലാമി നഖശിഖാന്തം എതിര്‍ത്തു. മദ്‌ഹബുകളെ അംഗീകരിക്കുകയും ശാഖാപരമായ ഭിന്നതകളെ പൊറുപ്പിക്കാനുള്ള മനസ്സ്‌ സമുദായത്തില്‍ വളര്‍ത്തിയെടുക്കാന്‍ പരമാവധി യത്‌നിക്കുകയും ചെയ്‌തു''. (ഐ എസ്‌ എസും ജമാഅത്തും മുസ്‌ലിം ലീഗും, പ്രബോധനം വാരിക, വാള്യം 51, ലക്കം 6, പേജ്‌ 11)

6. ``ചോദ്യം: അനുഷ്‌ഠാനപരമായ ഏത്‌ വിഷയത്തിലും നബിചര്യക്കു വിരുദ്ധമായ മദ്‌ഹബുകളും വീക്ഷണങ്ങളും സ്വീകരിക്കുന്നതിനോട്‌ തങ്ങള്‍ക്ക്‌ വിയോജിപ്പില്ലെന്ന്‌ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ള ജമാഅത്തുകാര്‍ എല്ലാ മേഖലയിലും നബിചര്യ പിന്‍പറ്റുന്നവരാണെന്ന്‌ എങ്ങനെയാണ്‌ പറയുക? (ശബാബ്‌ വാരിക, ആഗസ്റ്റ്‌ 9, ലക്കം 49) മുജീബിന്റെ പ്രതികരണം?

ഉ: അനുഷ്‌ഠാനങ്ങള്‍ക്ക്‌ അടിസ്ഥാനം ഖുര്‍ആനും നബിചര്യയുമാണ്‌. ഇക്കാര്യത്തില്‍ ജമാഅത്തിന്‌ ഒരു ഭിന്നാഭിപ്രായവുമില്ല. പക്ഷേ, മദ്‌ഹബുകള്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണോ എന്നതാണ്‌ യഥാര്‍ഥ പ്രശ്‌നം. ഇജ്‌തിഹാദാണ്‌ മദ്‌ഹബുകള്‍ക്കാധാരം. ഇജ്‌തിഹാദ്‌ ഖുര്‍ആനും സുന്നത്തും അംഗീകരിച്ച അടിസ്ഥാനമാണുതാനും. ഇജ്‌തിഹാദിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ഭിന്നതകളുണ്ടാവും. ഭിന്നതകള്‍ക്ക്‌ നിദാനം പ്രധാനമായും വ്യാഖ്യാന ഭേദങ്ങളാണ്‌. ഭിന്നവ്യാഖ്യാനങ്ങളില്‍ ഏത്‌ സ്വീകാര്യമെന്നു തീരുമാനിക്കുന്നതും ഓരോരുത്തരുടെയും വിവേചനബുദ്ധിയനുസരിച്ചിരിക്കും. മദ്‌ഹബുകള്‍ വേണ്ട, നബിചര്യമതി എന്ന്‌ വാദിക്കുന്നവരും നബിചര്യയെക്കുറിച്ച്‌ സ്വന്തം വീക്ഷണത്തെയാണ്‌ പിന്‍തുടരുന്നത്‌. അതുകൊണ്ടാണ്‌ തറാവീഹ്‌ നമസ്‌കാരം ഉള്‍പ്പെടെ പല പ്രശ്‌നങ്ങളിലും സലഫികള്‍ തന്നെ ഭിന്ന വീക്ഷണക്കാരായത്‌. ഇത്‌ മനസ്സിലാക്കാതെ ജമാഅത്തുകാര്‍ നബിചര്യക്കെതിരെ മദ്‌ഹബുകളെ അംഗീകരിക്കുന്നു എന്നു കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കിയുള്ള മദ്‌ഹബുകളെ ജമാഅത്ത്‌ അംഗീകരിക്കുന്നു. മദ്‌ഹബ്‌ പക്ഷപാതിത്തത്തെ എതിര്‍ക്കുകയും ചെയ്യുന്നു.'' (പ്രബോധനം വാരിക, വാള്യം 53, ലക്കം 14, പേജ്‌ 17)

7. ``ഇജ്‌തിഹാദ്‌പരമായ പ്രശ്‌നങ്ങളില്‍ ശരീഅത്തിന്റെ നിയമവ്യവസ്ഥയില്‍ പഴുതുള്ള എല്ലാ മദ്‌ഹബുകളും മാര്‍ഗങ്ങളും സത്യമെന്ന്‌ ഞങ്ങള്‍ അംഗീകരിക്കുന്നു. പ്രസ്‌തുത മദ്‌ഹബുകളില്‍ തനിക്കു സംതൃപ്‌തി തോന്നുന്ന ഒന്നിന്നനുസരിച്ച്‌ പ്രവര്‍ത്തിക്കുവാനുള്ള അവകാശം സ്വന്തം നിലയ്‌ക്ക്‌ ഓരോരുത്തര്‍ക്കും ഞങ്ങള്‍ വകവെച്ചുകൊടുക്കുന്നുമുണ്ട്‌.'' (സത്യസാക്ഷ്യം, മൗലാനാ മൗദൂദി സാഹിബ്‌, പേജ്‌ 43)

എന്താണ്‌ മദ്‌ഹബുകള്‍?

നബിചര്യ നെല്ലും പതിരും വേര്‍തിരിച്ച്‌ ശരിക്കും ക്രോഡീകരിക്കുന്നതിന്റെ മുമ്പാണ്‌ നാലു മദ്‌ഹബിന്റെ ഇമാമുകളും ജീവിച്ചിരുന്നത്‌. കൈവശമുള്ള എല്ലാവരേയും സമീപിച്ച്‌ ഹദീസ്‌ മനസ്സിലാക്കുവാന്‍ അവര്‍ക്ക്‌ സാധിച്ചിരുന്നില്ല. അതിനാല്‍ എല്ലാ നബിചര്യയും അവര്‍ക്ക്‌ ലഭിച്ചില്ല. ഈ യാഥാര്‍ഥ്യം മദ്‌ഹബിന്റെ ഇമാമുകള്‍ തന്നെ മരണവേളയില്‍ പോലും മുസ്‌ലിംസമൂഹത്തെ ഉണര്‍ത്തിയിട്ടുണ്ട്‌. അതിനാല്‍ അവര്‍ നബിചര്യയുടെ അഭാവത്തില്‍ മിക്ക വിഷയങ്ങളിലും ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചു. ഇമാമുകള്‍ മരണപ്പെട്ട ശേഷമാണ്‌ നബിചര്യ ലോകത്തിന്റെ മുക്കിലും മൂലയിലും പോയി ഹദീസ്‌ പണ്‌ഡിതന്‍മാര്‍ ക്രോഡീകരിച്ചത്‌. അങ്ങനെ ഹദീസുകള്‍ ശേഖരിച്ചുകൂട്ടുകയും അവയിലെ നെല്ലും പതിരും ശരിക്കും വേര്‍തിരിക്കുകയും ചെയ്‌തപ്പോള്‍ നാം കണ്ട അത്ഭുതമെന്താണ്‌? നൂറു നൂറ്‌ വിഷയങ്ങളില്‍ വളരെ വ്യക്തമായ നബിചര്യക്ക്‌ എതിരായ അഭിപ്രായങ്ങള്‍ മദ്‌ഹബില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്‌. വിശദീകരണത്തിന്‌ സുന്നത്തും മദ്‌ഹബുകളും ഒരു താരതമ്യ പഠനം (യുവത ബുക്ക്‌ഹൗസ്‌) എന്ന പുസ്‌തകം വായിക്കുക. വ്യക്തമായ നബിചര്യക്ക്‌ എതിരായ 150 ഓളം ഉദാഹരണങ്ങള്‍ പ്രസ്‌തുത ഗ്രന്ഥത്തില്‍ എടുത്തുകാണിച്ചിട്ടുണ്ട്‌. അവയില്‍ ചിലത്‌ ഉദ്ധരിക്കാം.

1. ``നമസ്‌കാരത്തില്‍ വജ്ജഹ്‌തു പോലെയുള്ള പ്രാരംഭ പ്രാര്‍ഥന ചൊല്ലല്‍ കറാഹത്താണ്‌''. (മാലിക്കി) ധാരാളം ഹദീസുകളില്‍ സ്ഥിരപ്പെട്ട നബിചര്യയാണീ പ്രാരംഭ പ്രാര്‍ഥന.

2. നമസ്‌കാരത്തില്‍ കൈ താഴ്‌ത്തിയിടണം. (മാലിക്കി) ധാരാളം ഹദീസുകളില്‍ സ്ഥിരപ്പെട്ട ഒരു സംഗതിയാണ്‌ കൈകെട്ടണം എന്നത്‌.

3. റുകൂഇലേക്കും റുകൂഇല്‍ നിന്ന്‌ ഉയരുന്ന സന്ദര്‍ഭത്തിലും കൈ ഉയര്‍ത്തല്‍ സുന്നത്തില്ല. അത്‌ വെറുക്കപ്പെട്ടതും അനാചാരവുമാണ്‌. (ഹനഫി, മാലിക്കി) എന്നാല്‍ മുപ്പതില്‍പരം സഹാബിവര്യന്‍മാര്‍ സഹീഹായി ഉദ്ധരിക്കുന്ന ഒരു നബിചര്യയാണ്‌ ഇപ്രകാരം കൈ ഉയര്‍ത്തല്‍.

4. മഴയ്‌ക്കുവേണ്ടി നമസ്‌കരിക്കല്‍ അനാചാരമാണ്‌. (ഹനഫി) ബുഖാരി, മുസ്‌ലിം ഉള്‍പ്പെടെയുള്ള ധാരാളം ഹദീസുഗ്രന്ഥങ്ങളില്‍ സ്ഥിരപ്പെട്ട സുന്നത്താണ്‌ മഴയ്‌ക്ക്‌ വേണ്ടിയുള്ള നമസ്‌കാരം.

5. യാത്രയില്‍ ജംആക്കി നമസ്‌കരിക്കുവാന്‍ പാടില്ല. (ഹനഫി) ദശക്കണക്കിന്‌ ഹദീസുകളില്‍ സ്ഥിരപ്പെട്ടതാണ്‌ യാത്രയിലെ ജംഅ്‌.

6. ഗ്രഹണനമസ്‌കാരത്തില്‍ റുകൂഅ്‌ വര്‍ധിപ്പിക്കുവാന്‍ പാടില്ല. സാധാരണ സുന്നത്തു നമസ്‌കാരം പോലെയാണിത്‌. (ഹനഫി) ഈ നമസ്‌കാരത്തിനു ശേഷം പ്രസംഗിക്കുവാന്‍ പാടില്ല. (ഹനഫി, മാലിക്കി) ഇക്കാര്യങ്ങളും പ്രാമാണികമായ ഹദീസുകള്‍ക്ക്‌ വിരുദ്ധമാണ്‌.

അപ്പോള്‍ മദ്‌ഹബിലെ ഭിന്നത കേവലം ഇജ്‌തിഹാദിയ്യായ പ്രശ്‌നമല്ല. പ്രത്യുത, സുന്നത്തില്‍ സ്ഥിരപ്പെട്ട പ്രശ്‌നങ്ങളിലാണ്‌ 75 ശതമാനം ഭിന്നതയും. ഇജ്‌തിഹാദിയ്യായ വിഷയങ്ങളിലുള്ള ഭിന്നതകള്‍ വേറെയുമുണ്ട്‌. അവ എടുത്തുകാണിച്ച്‌ മുജാഹിദുകള്‍ മദ്‌ഹബിലെ ന്യൂനതകള്‍ വിവരിക്കാറുമില്ല. നബിചര്യ സ്ഥിരപ്പെട്ട പ്രശ്‌നങ്ങളില്‍ ഇജ്‌തിഹാദ്‌ പാടില്ലെന്ന യാഥാര്‍ഥ്യം വിദ്യാര്‍ഥികള്‍ക്കു പോലും അറിയുന്നതുമാണ്‌. ഇമാമുകളെ സംബന്ധിച്ച്‌ ഇജ്‌തിഹാദിയ്യായ പ്രശ്‌നങ്ങള്‍ മിക്കതും നമ്മെ സംബന്ധിച്ച്‌ ഇജ്‌തിഹാദിയ്യല്ല. കാരണം അവര്‍ക്ക്‌ സുന്നത്ത്‌ ലഭിക്കാത്തതുകൊണ്ട്‌ ഇജ്‌തിഹാദ്‌ ചെയ്‌തു അഭിപ്രായം പറയേണ്ടിവന്നതാണ്‌. നമ്മെ സംബന്ധിച്ചേടത്തോളം അവര്‍ ഇജ്‌തിഹാദ്‌ ചെയ്‌ത മിക്ക വിഷയങ്ങളും നബിചര്യ(നസ്സ്‌) സ്ഥിരപ്പെട്ടതാണ്‌. നബിചര്യ സ്ഥിരപ്പെട്ട പ്രശ്‌നങ്ങളിലും ഇജ്‌തിഹാദ്‌ ചെയ്യാമെന്ന്‌ പടുജാഹിലുകള്‍ മാത്രമേ ജല്‍പിക്കുകയുള്ളൂ. നബി(സ), മുആദി(റ)ന്‌ ഖുര്‍ആനിലും നബിചര്യയിലും മതവിധി കാണാത്ത പ്രശ്‌നങ്ങളിലാണ്‌ ഇജ്‌തിഹാദ്‌ ചെയ്യാന്‍ അനുമതി നല്‍കിയത്‌. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി ഇവിടെയും തെറ്റിദ്ധാരണയുണ്ടാക്കി ജനങ്ങള്‍ മദ്‌ഹബ്‌ ഉപേഷിച്ച്‌ നബിചര്യയിലേക്ക്‌ മടങ്ങുന്നതിന്‌ തടസ്സം സൃഷ്‌ടിക്കുകയാണ്‌.

മുജാഹിദുകള്‍ കോണ്‍ഗ്രസ്സിലോ ജനതയിലോ മുസ്‌ലിംലീഗിലോ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഞാന്‍ കോണ്‍ഗ്രസ്സ്‌ മുജാഹിദായതുകൊണ്ട്‌ നമസ്‌കാരത്തില്‍ പ്രാരംഭ പ്രാര്‍ഥന കറാഹത്തായി കാണുന്നു, അല്ലെങ്കില്‍ ഞാന്‍ മുസ്‌ലിംലീഗുകാരനായതുകൊണ്ട്‌ റുകൂഇല്‍ നിന്ന്‌ എഴുന്നേല്‍ക്കുന്ന സന്ദര്‍ഭത്തിലും അതിലേക്ക്‌ പോകുന്ന സന്ദര്‍ഭത്തിലും കൈ ഉയര്‍ത്തല്‍ കറാഹത്തായി ദര്‍ശിക്കുന്നു, ഞാന്‍ ജനതയായതുകൊണ്ട്‌ ഖബറിന്ന്‌ സുജൂദ്‌ ചെയ്യല്‍ അനുവദനീയമായി കാണുന്നു എന്ന്‌ പറഞ്ഞാല്‍ അവനെ ആ നിമിഷം സംഘടനയില്‍ നിന്ന്‌ പുറത്താക്കുന്നതാണ്‌. എന്നാല്‍ ഇങ്ങനെ വാദിക്കുന്നവരുടെ വാദങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ദൃഷ്‌ടിയില്‍ ശാഖാപരമാണ്‌. ഇവര്‍ക്ക്‌ പാര്‍ട്ടിയില്‍ അംഗീകാരം നല്‍കുന്നു. യഥാര്‍ഥത്തില്‍ മുജാഹിദുകള്‍ വിവിധ രാഷ്‌ട്രീയകക്ഷികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ട്‌ ഒരു നബിചര്യപോലും നഷ്‌ടപ്പെടുന്നില്ല. ഇസ്‌ലാമിലെ രാഷ്‌ട്രീയ നയവും നഷ്‌ടപ്പെടുന്നില്ല. ജമാഅത്തെ ഇസ്‌ലാമിക്കാര്‍ വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ വോട്ട്‌ നല്‍കുന്നതുകൊണ്ട്‌ ഇസ്‌ലാമിലെ രാഷ്‌ട്രീയത്തെ അവര്‍ അവഗണിച്ചവരാകുന്നില്ല. ചില മിനിമം പരിപാടികളുടെ അടിസ്ഥാനത്തിലാണ്‌ ഇവയെല്ലാം. വോട്ടു ചെയ്യലാണ്‌ ഏറ്റവും അടിസ്ഥാനപരമായ പ്രശ്‌നം. ജമാഅത്തെ ഇസ്‌ലാമിക്കാര്‍ വ്യാപാരി വ്യവസായി സംഘടനകളിലും അധ്യാപക സംഘടനകളിലും മറ്റു ട്രേഡ്‌ യൂനിയനുകളിലും അംഗത്വമെടുക്കുകയും ജാഥയില്‍ പങ്കെടുത്തു ജയ്‌ വിളിക്കുകയും ചെയ്യുന്നുണ്ട്‌. ഇതുകാരണം ഇസ്‌ലാമിന്റെ വ്യാപാരി വ്യവസായി രംഗത്തുള്ള നിയമങ്ങളെയും വിദ്യാഭ്യാസരംഗത്തുള്ള നിയമങ്ങളെയും മറ്റും ഇവര്‍ നിഷേധിച്ച്‌ മനുഷ്യനിര്‍മിതമായ നിയമങ്ങള്‍ അംഗീകരിക്കുന്നുവെന്ന്‌ മുജാഹിദുകള്‍ വിമര്‍ശിക്കാറില്ല.

ഇന്ത്യയില്‍ മുസ്‌ലിംകള്‍ വളരെ ന്യൂനപക്ഷമാണ്‌. അവര്‍തന്നെ വിവിധ ആശയക്കാരാണ്‌. ഇവരെയെല്ലാം സംഘടിപ്പിച്ച്‌ ഒരു മുസ്‌ലിം ഭരണം ഉണ്ടാക്കുവാന്‍ സ്വപ്‌നം കണ്ടിരിക്കുന്നതാണോ മുസ്‌ലികള്‍ക്ക്‌ രക്ഷക്കുള്ള വഴി; അതല്ല ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതോ? വര്‍ഗീയവാദികള്‍ ഭരണം കയ്യടക്കി ഭരണഘടന തന്നെ അട്ടിമറിച്ച്‌ ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കുവാനുള്ള അവസരം സൃഷ്‌ടിക്കാതിരിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട്‌ മതേതര സ്വഭാവമുള്ള രാഷ്‌ട്രീയകക്ഷികളില്‍ ചേര്‍ന്നു അവരെ ശക്തിപ്പെടുത്തുവാനും അവരുടെ വിശാല മനഃസ്ഥിതി പ്രോത്സാഹിപ്പിക്കുവാനും ഉദ്ദേശിച്ച്‌ രാഷ്‌ട്രീയകക്ഷികള്‍ക്ക്‌ വോട്ട്‌ ചെയ്യുന്നതും, നാം ഭൂരിപക്ഷമായി ഇസ്‌ലാമികമായ ഒരു ഭരണം സ്ഥാപിക്കുവാനുള്ള അന്തരീക്ഷം ആരുടെതായാലും നിര്‍ബന്ധം ചെലുത്താതെ ഉണ്ടായിത്തീരുന്നതുവരെ അവയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതും ഇസ്‌ലാമിലെ രാഷ്‌ട്രീയത്തെ നിഷേധിക്കലല്ല. ഇതിന്നും പുറമെ മുജാഹിദുകളുടെ ഈ രാഷ്‌ട്രീയനയംകൊണ്ട്‌ എന്തു ദോഷമാണ്‌ മുസ്‌ലിംസമൂഹത്തിന്‌ സംഭവിച്ചത്‌? സമുദായ സ്‌നേഹം ജമാഅത്തെ ഇസ്‌ലാമിയുടെ മാത്രം കുത്തകയല്ലല്ലോ. നിഷ്‌പക്ഷത പുലര്‍ത്തുന്ന ഏതൊരു വ്യക്തിയും മുജാഹിദുകളുടെ രാഷ്‌ട്രീയ നയം കൊണ്ട്‌ നന്‍മ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന്‌ അംഗീകരിക്കുന്നതാണ്‌. ഇന്ത്യയിലെ അമുസ്‌ലിം സ്‌നേഹിതന്‍മാര്‍ ഇസ്‌ലാമിന്റെ മഹത്വം മനസ്സിലാക്കി ഭൂരിപക്ഷം ഇസ്‌ലാമിലേക്ക്‌ പ്രവേശിച്ചുകഴിഞ്ഞാലും ഇസ്‌ലാമികമായ ഒരു ഭരണത്തെക്കുറിച്ച്‌ ചിന്തിക്കുന്നതിന്നു അവരുടെ പ്രവര്‍ത്തനം തടസ്സമാകുമോ എന്ന്‌ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. കാരണം നിങ്ങള്‍ നിങ്ങളുടെ അനുയായികള്‍ക്ക്‌ വോട്ടു ചെയ്യുവാന്‍ അനുമതി നല്‍കുന്ന സന്ദര്‍ഭത്തില്‍ ഇസ്‌ലാമില്‍ രാഷ്‌ട്രീയമുണ്ടെന്ന തത്വത്തെക്കുറിച്ച്‌ അവരെ ബോധവാന്‍മാരാക്കുകയും ഇത്‌ കേവലം ഒരു താല്‍ക്കാലിക സംവിധാനം മാത്രമാണെന്ന്‌ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്‌തുകൊണ്ടാണെന്ന യാഥാര്‍ഥ്യം ഞങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങളുടെ വിഷയത്തില്‍ ഇത്‌ സമ്മതിക്കുവാന്‍ നിങ്ങള്‍ക്ക്‌ ഒരുപക്ഷേ, സാധിക്കുകയില്ല. കാരണം അപ്പോള്‍ നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനക്ക്‌ പ്രസക്തി നഷ്‌ടപ്പെടുമല്ലോ. എന്നാല്‍ ഇസ്‌ലാം രാഷ്‌ട്രീയമാണെന്നും ഇന്ത്യന്‍ മുസ്‌ലിംകളെ പരിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ സംസ്‌കരിക്കുന്നതിനെക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്‌ അവരെ സംഘടിപ്പിച്ച ഇന്ത്യയില്‍ മതരാഷ്‌ട്രം സ്ഥാപിക്കുവാന്‍ പരിശ്രമിക്കുന്നതിന്നാണെന്നും ഭരണമില്ലെങ്കില്‍ പരിപൂര്‍ണ മുസ്‌ലിമായി ഇന്ത്യയിലെയും അമേരിക്കയിലെയും പേര്‍ഷ്യയിലെയും ചീനയിലെയും ബ്രിട്ടനിലെയും ജപ്പാനിലെയും മുസ്‌ലിംകള്‍ക്ക്‌ ജീവിക്കുവാന്‍ സാധ്യമല്ലെന്നും ഇബാദത്ത്‌ അല്ലാഹുവിനു മാത്രം അര്‍പ്പിച്ച്‌ ശിര്‍ക്കില്‍ നിന്ന്‌ മോചനം ലഭിക്കുവാന്‍ സാധിക്കുകയില്ലെന്നും മുജാഹിദുകള്‍ പഠിപ്പിക്കുന്നില്ല.

8. ``മൗദൂദി തന്റെ ഇജ്‌തിഹാദിലൂടെ ശരിയെന്ന്‌ തോന്നിയ ചില കാര്യങ്ങളിലൊഴിച്ച്‌ മറ്റെല്ലാറ്റിലും ഹനഫി മദ്‌ഹബ്‌ പിന്‍പറ്റിയ ആളായിരുന്നു. അതുകൊണ്ട്‌ തറാവീഹ്‌ നമസ്‌കാരം 20 റക്‌അത്ത്‌ നിര്‍വഹിച്ചു. ജുമുഅ ഖുത്തുബയുടെ രണ്ടാംഘട്ടം അറബി ആയിരിക്കണമെന്ന്‌ നിഷ്‌കര്‍ഷിക്കുകയും ചെയ്‌തു. ഹനഫീ മദ്‌ഹബുകരായ ജമാഅത്തെ ഇസ്‌ലാമിക്കാരുടെ നിയന്ത്രണത്തിലുള്ള പള്ളികളിലും ഹനഫീ സമ്പ്രദായങ്ങളായിരിക്കും നിലനില്‍ക്കുക''. (പ്രബോധനം വാരിക, വാള്യം 53, ലക്കം 47, ചോദ്യോത്തരം, പേജ്‌ 15)

9. ``കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മദ്‌ഹബുകള്‍ സ്വീകരിക്കുന്നില്ല എന്ന ധാരണ ശരിയല്ല. അവര്‍ ശാഫിഈ, ഹനഫീ എന്നീ മദ്‌ഹബുകളിലൊന്നിനെ പിന്‍പറ്റുന്നവരാണ്‌''. (പ്രബോധനം വാരിക, വാള്യം 46, ലക്കം 3, ചോദ്യോത്തരം, പേ. 21) നബിചര്യയില്‍ നിന്ന്‌ കൂടുതലായി അകലുന്ന മദ്‌ഹബാണ്‌ ഹനഫീ മദ്‌ഹബ്‌. കൂടുതല്‍ അടുത്തത്‌ ഹന്‍ബലീ മദ്‌ഹബും. ഇവരാണെങ്കില്‍ ഏതിനേയും സ്വീകരിക്കാന്‍ തയ്യാറുമാണ്‌.

10. ``ചോ: പൂര്‍ണമായി സ്വീകരിക്കാവുന്ന ഒരു ഫിഖ്‌ഹ്‌ ഗ്രന്ഥം നിലവിലില്ലാതിരിക്കെ ഫിഖ്‌ഹ്‌ ക്രോഡീകരണത്തിന്‌ ജമാഅത്തെ ഇസ്‌ലാമി മുന്നിട്ടിറങ്ങാത്തത്‌ എന്തുകൊണ്ടാണ്‌?

ഉ: ഫിഖ്‌ഹില്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ സ്വന്തമായ ഒരു വീക്ഷണമില്ല. എല്ലാ മദ്‌ഹബുകളെയും അംഗീകരിക്കുന്നു. ഒരു പ്രത്യേക മദ്‌ഹബിനെ പിന്‍പറ്റാത്തവര്‍ക്കും ജമാഅത്തില്‍ സ്ഥാനമുണ്ട്‌. അപ്പോള്‍ പിന്നെ ജമാഅത്തെ ഇസ്‌ലാമി സ്വന്തമായി ഫിഖ്‌ഹ്‌ ഗ്രന്ഥങ്ങള്‍ ക്രോഡീകരിക്കുന്ന പ്രശ്‌നം ഉദ്‌ഭവിക്കുന്നില്ല.'' (പ്രബോധനം വാരിക, വാള്യം 47, ലക്കം 12, ചോദ്യോത്തരം, പേജ്‌ 32)

7 comments:

Malayali Peringode said...

``ചോ: പൂര്‍ണമായി സ്വീകരിക്കാവുന്ന ഒരു ഫിഖ്‌ഹ്‌ ഗ്രന്ഥം നിലവിലില്ലാതിരിക്കെ ഫിഖ്‌ഹ്‌ ക്രോഡീകരണത്തിന്‌ ജമാഅത്തെ ഇസ്‌ലാമി മുന്നിട്ടിറങ്ങാത്തത്‌ എന്തുകൊണ്ടാണ്‌?

ഉ: ഫിഖ്‌ഹില്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ സ്വന്തമായ ഒരു വീക്ഷണമില്ല. എല്ലാ മദ്‌ഹബുകളെയും അംഗീകരിക്കുന്നു. ഒരു പ്രത്യേക മദ്‌ഹബിനെ പിന്‍പറ്റാത്തവര്‍ക്കും ജമാഅത്തില്‍ സ്ഥാനമുണ്ട്‌. അപ്പോള്‍ പിന്നെ ജമാഅത്തെ ഇസ്‌ലാമി സ്വന്തമായി ഫിഖ്‌ഹ്‌ ഗ്രന്ഥങ്ങള്‍ ക്രോഡീകരിക്കുന്ന പ്രശ്‌നം ഉദ്‌ഭവിക്കുന്നില്ല.'' (പ്രബോധനം വാരിക, വാള്യം 47, ലക്കം 12, ചോദ്യോത്തരം, പേജ്‌ 32)

hafeez said...

സലഫികള്‍ക്ക് മദ്ഹബ് ഇല്ല എന്നത് ശരിയല്ല. മിക്ക സലഫികളും ഹമ്പലീ മദ്ഹബ് പിന്‍പറ്റുന്നവരാണ്. ശൈഖുല്‍ ഇസ്ലാം ഇബ്നു തെയ്മിയ്യ ഹമ്പലീ മദ്ഹബ് പിന്തുടര്‍ന്നു. ഇന്നും ഗള്‍ഫ്‌ സലഫികള്‍ ഹമ്പലീ മദ്ഹബ് പിന്‍പറ്റുന്നവരാണ്.

hafeez said...

മദ്ഹബുകളോടുള്ള ജമാഅത്ത് നിലപാട്
-------------------------------------

നിഷ്കളങ്കരായ ദൈവഭക്തരും നിസ്വാര്‍ത്ഥരായ മുജാഹിദുകളും ഖുര്‍ആനും സുന്നത്തും അഗാധമായി പഠിച്ച ധിഷണാശാലികളുമായ പൂര്‍വ്വീക ഇമാമുകള്‍ തങ്ങളുടെ സൂക്ഷ്മമായപഠന-മനനങ്ങളുടെ
വെളിച്ചത്തില്‍ ക്രോഡീകരിച്ച ഇസ്ലാമിക ധര്‍മ്മശാസ്ത്ര സരണികളാകുന്നു മദ്ഹബുകള്‍. ഇമാമുകളുടെ ഈ പരിശ്രമം ദീനുല്‍ ഇസ്ലാമിനും മുസ്ലിം ഉമ്മത്തിനും ലഭിച്ച അതിമഹത്തായ സേവനങ്ങളാകുന്നു. സാധാരണക്കാര്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ അനായാസം പഠിക്കാനും പകര്‍ത്താനും ഏറ്റം സഹായകമായ ഉപാധികളാണവ.പില്‍ക്കാല
ഇസ്ലാമിക പണ്ഡിതന്മാര്‍ക്ക് പുതിയ ഇജ്തിഹാദുകളിലേര്‍പ്പെടാനും തങ്ങളുടെ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന ഇസ്ലാമിക നിയമങ്ങള്‍ നിര്‍ദ്ദാരണം ചെയ്യാനുമുള്ള അടിസ്ഥാന മാതൃകകളായും മദ്ഹബുകള്‍ വര്‍ത്തിക്കുന്നു. ഈ നിലക്ക് പണ്ഡിത-പാമര ഭേദമന്യേ എല്ലാ മുസ്ലിംകളും മദ്ഹബുകളോടും അവയുടെ ഇമാമുകളോടും കടപ്പെട്ടിരിക്കുന്നു.

ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും പ്രത്യേക മദ്ഹബിനെ പ്രസ്ഥാനത്തിന്റെ സ്വന്തം മദ്ഹബായി സ്വീകരിച്ചിട്ടില്ല. എല്ലാ അംഗീകൃത മദ്ഹബുകളെയും അത് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. എല്ലാ മദ്ഹബിന്റെയും അനുയായികളെ അത് ഉള്‍ക്കൊള്ളുന്നുമുണ്ട്. അംഗീകൃത മദ്ഹബുകളെല്ലാം വിശുദ്ധ ഖുര്‍ആനിനെയും തിരുസുന്നത്തിനെയും തഖ്വയെയും ആധാരമാക്കി ക്രോഡീകരിക്കപ്പെട്ടിട്ടുള്ളതാണ്. അവയെല്ലാം ഇസ്ലാമിക നിയമത്തിന്റെ വ്യത്യസ്ത ഭാഷ്യങ്ങളാകുന്നു. ഇമാമുകളുടെ ചിന്താരീതിയുടെയും അവര്‍ നേരിട്ട സാഹചര്യങ്ങളുടെയും വ്യത്യാസമാണ് വിശദാംശങ്ങളില്‍ അവ തമ്മിലുള്ള വ്യത്യാസം പ്രതിഫലിപ്പിക്കുന്നത്.

hafeez said...

പ്രമാണങ്ങളില്‍ നിന്ന് നിയമങ്ങള്‍ നേരിട്ട് ഗ്രഹിക്കാനാവാത്ത സാധാരണക്കാര്‍ക്ക്, തങ്ങള്‍ വിശ്വസിക്കുന്ന ഏതെങ്കിലും പണ്ഡിതന്റെ കര്‍മശാസ്ത്രസരണി പിന്‍പറ്റുകയല്ലാതെ ഗത്യന്തരമില്ല. എന്നാല്‍ ഒരാള്‍ മുസ്ലിമാകാന്‍ നിര്‍ബന്ധമായും ഏതെങ്കിലും ഒരു മദ്ഹബിനെ അന്ധമായി അനുകരിച്ചേ തീരൂ എന്ന വീക്ഷണത്തെ ജമാഅത്തു നിരാകരിക്കുന്നു. ഖുര്‍ആനിലും സുന്നത്തിലും മറ്റു നിദാനങ്ങളിലും ആവശ്യമായ അവഗാഹമുള്ളവര്‍ക്ക് സ്വന്തം നിലയില്‍ തന്നെ ഇസ്ലാമിന്റെ വിധിവിലക്കുകള്‍ ഗ്രഹിക്കാന്‍ കഴിയും. മദ്ഹബുകള്‍ക്കതീതമായി ചിന്തിക്കുന്ന അത്തരം ആളുകളെയും ജമാഅത്ത് ഉള്‍ക്കൊള്ളുന്നു.

മദ്ഹബിന്റെ ഇമാമുകളുടെ കാലം കഴിഞ്ഞതോടെ -നാലാം നൂറ്റാണ്േടാടെ ഇസ്ലാമിക നിയമശാസ്ത്രഗവേഷണത്തിന്റെ- ഇജ്തിഹാദിന്റെ കവാടങ്ങള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു എന്ന വാദത്തെ ജമാഅത്തെ ഇസ്ലാമി രണ്ടുകാരണങ്ങളാല്‍ നിഷേധിക്കുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും മദ്ഹബുകളുടെ തന്നെയും സാമാന്യ ബുദ്ധിയുടെയും യാതൊരു
പിന്‍ബലവുമില്ലാത്തതാണാവാദമെന്നു മാത്രമല്ല, അവയെല്ലാം വിരുദ്ധവുമാണത് എന്നതാണ് ഒരു കാരണം. രണ്ടാമതായി മദ്ഹബിന്റെ ഇമാമുകള്‍ കര്‍മശാസ്ത്രം ക്രോഡീകരിച്ചത് അവരുടെ ചരിത്ര പശ്ചാത്തലത്തിലാകുന്നു. തങ്ങള്‍ അഭിമുഖീകരിച്ച സാമൂഹ്യ-സാംസ്കാരിക-സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളില്‍ ദീനുല്‍ ഇസ്ലാമിന്റെ പ്രായോഗിക രൂപം കണ്െടത്തുകയായിരുന്നു അവര്‍. സ്ഥലകാലങ്ങളും സാമൂഹ്യസാഹചര്യങ്ങളും മാറുമ്പോള്‍ ഈ രൂപങ്ങളിലും മാറ്റം ആവശ്യമായി വരും. ആ മാറ്റങ്ങള്‍ നിര്‍ണ്ണയിക്കുന്നതിന് പുതിയ പഠനങ്ങളും ഗവേഷണങ്ങളും അനിവാര്യമാകുന്നു. പൂര്‍വ്വ പണ്ഡിതന്മാര്‍ ആവിഷ്കരിച്ച കര്‍മശാസ്ത്രസംഹിതകള്‍ കാലികമായ ഗവേഷണത്തിനും പുനഃക്രമീകരണത്തിനും അതീതമാണെന്ന വാദം ഇസ്ലാമിക ശരീഅത്ത് സാര്‍വ്വലൌകികവുമാണെന്ന വിശ്വാസത്തിന്റെ നിഷേധമാകുന്നു.

hafeez said...

from
www.jihkerala.org

ബെഞ്ചാലി said...

ഖബര്‍ ആരാധന ശാഖാപരം.. അങ്ങിനെ എന്തെല്ലാം അടവ് നയം.. അതൊക്കെ ഈ മൌദൂദി തത്വങ്ങളോടുള്ള പ്രേമമല്ലാതെ ...

hafeez said...

ഖബര്‍ ആരാധന ശാഖാപരം എന്ന് ജമാഅത്ത് എവിടെയും പറഞ്ഞിട്ടില്ല. ദയവായി കള്ളം പറയരുത്

Post a Comment