Pages

Friday, August 6, 2010

ഇസ്‌ലാമും ഭരണവും

സ്‌ലാം ദൈവിക മതമാണ്‌. അതിനാല്‍ സര്‍വ മേഖലകളിലും മനുഷ്യന്റെ പുരോഗതിക്കും അവന്റെ രക്ഷയ്‌ക്കും ഉപയുക്തവും ഏതു കാലത്തെയും വെല്ലുവിളികളെ അതിജീവിക്കുവാന്‍ അനുയോജ്യവുമായ നിയമങ്ങളാണ്‌ മനുഷ്യസമൂഹത്തിന്റെ മുന്നില്‍ ഈ മതം അവതരിപ്പിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ നിയമങ്ങള്‍ ആരുടെ മേലും അടിച്ചേല്‍പ്പിക്കേണ്ട ആവശ്യം ഈ മതത്തിനും അതിന്റെ അനുയായികള്‍ക്കുമില്ല. അത്‌ പാടുള്ളതുമല്ല. പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: “മതത്തില്‍ നിര്‍ബന്ധമില്ല. നിശ്ചയം സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്നും വ്യക്തമായിരിക്കുന്നു” (2:256).


“നിന്റെ നാഥന്‍ (നിര്‍ബന്ധമായി) ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവര്‍ അഖിലവും സത്യവിശ്വാസികളാകുമായിരുന്നു. അപ്പോള്‍ ജനങ്ങള്‍ വിശ്വാസികളാകുവാന്‍ നീ നിര്‍ബന്ധിക്കുകയോ? (അതുപാടില്ല)” (10:99).

“നീ പറയുക. നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ളതാണ്‌ സത്യം. അതിനാല്‍ ഇഷ്‌ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്‌ടമുള്ളവര്‍ അവിശ്വസിക്കട്ടെ” (18:29)

അതിനാല്‍ ആരിലും നിര്‍ബന്ധം ചെലുത്താതെ സ്വമനസ്സാല്‍ ഇസ്‌ലാമിനെ മനസ്സിലാക്കി എല്ലാ രംഗത്തും ഇസ്‌ലാമിന്റെ നിയമമനുസരിച്ച്‌ മനുഷ്യര്‍ ജീവിച്ചു കാണുവാന്‍ ഏതൊരു മുസ്‌ലിമും ആഗ്രഹിക്കുക സ്വാഭാവികമാണ്‌. ആഗ്രഹിക്കല്‍ അവന്റെ ബാധ്യതയുമാണ്‌. കച്ചവടം, കൃഷി, ഭരണം, കുടുംബം, വിവാഹം, വിവാഹമോചനം, വ്യവസായം, കോടതി, വിദ്യാഭ്യാസം മുതലായ രംഗങ്ങളിലും സൃഷ്‌ടികള്‍ സൃഷ്‌ടികര്‍ത്താവിന്റെ നിയമങ്ങള്‍ അനുസരിച്ച്‌ നിലകൊള്ളണമെന്നതാണ്‌ ഇസ്‌ലാമിന്റെ താല്‌പര്യം.

ജമാഅത്തെ ഇസ്‌ലാമി ശാഖാപരമെന്ന്‌ വിവക്ഷിക്കുന്ന രംഗങ്ങളില്‍ പോലും ദൈവത്തിന്റെയും അവന്റെ ദൂതന്റെയും നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കണമെന്ന്‌ മുജാഹിദ്‌ പ്രസ്ഥാനം പഠിപ്പിക്കുന്നു. നമസ്‌കാരത്തിലെ കൈകെട്ടല്‍, റമദാനിലെ രാത്രിനമസ്‌കാരത്തിന്റെ റക്‌അത്തുകളുടെ എണ്ണം, നമസ്‌കാരശേഷമുള്ള പ്രാര്‍ഥന, വുദൂ ചെയ്യുമ്പോള്‍ തലതടവല്‍ മുതലായ വിഷയങ്ങളില്‍ ദൈവത്തിന്റെയും ദൂതന്റെയും നിയമങ്ങള്‍ സ്വീകരിക്കണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌. മദ്‌ഹബിന്റെ പേരില്‍ മനുഷ്യര്‍ നിര്‍മിച്ചുണ്ടാക്കിയ നിയമങ്ങള്‍ക്ക്‌ ഒരു രംഗത്തും അവര്‍ അംഗീകാരം നല്‍കുന്നില്ല. അപ്പോള്‍ ഇസ്‌ലാമിക ഭരണം ഉണ്ടാകുന്നതു മുജാഹിദുകള്‍ ആഗ്രഹിക്കാത്ത, അവര്‍ക്ക്‌ അനിഷ്‌ടകരമായ സംഗതിയാണെന്ന്‌ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമം ജമാഅത്തെ ഇസ്‌ലാമി നടത്തുന്നത്‌ പ്രസ്ഥാനത്തിന്റെ നിലനില്‍പിനും പ്രചാരത്തിനുംവേണ്ടിയായിരിക്കാം. എങ്കിലും ലക്ഷ്യം നന്നായാല്‍ മാത്രം പോര, മാര്‍ഗവും നന്നായിരിക്കണമെന്നതാണ്‌ ഇസ്‌ലാമിന്റെ അടിസ്ഥാനതത്വം. ഈ വിഷയത്തില്‍ മുജാഹിദ്‌ പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള തര്‍ക്കം എവിടെയെല്ലാമാണെന്ന്‌ നമുക്ക്‌ പരിശോധിക്കാം.

ആരാധനകളുടെ ലക്ഷ്യം ഭരണം

ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാനഗ്രന്ഥമായ ഖുതുബാത്തില്‍ എഴുതുന്നു: “ചുരുക്കത്തില്‍ ദിനംപ്രതി അഞ്ചു തവണ ഓരോ പള്ളിയില്‍വെച്ചും സംഘം ചേര്‍ന്നുള്ള നമസ്‌കാരം മൂലം ഈ വിധം പരിശീലിപ്പിക്കുന്നതിന്റെ അര്‍ത്ഥം ഒരു ചെറിയ പരിധിക്കുള്ളില്‍വെച്ചുകൊണ്ടു സുശക്തവും വിപുലവുമായ ഒരു ഭരണകൂടം നടത്തുവാന്‍ നിങ്ങളെ പരിശീലിപ്പിക്കുകയും അതിന്‌ നിങ്ങളെ പ്രാപ്‌തരാക്കുകയും ചെയ്‌ക എന്നതാണ്‌.” (ഖുതുബാത്ത്‌, പേ:199)

“നമസ്‌കാരം, നോമ്പ്‌, സകാത്ത്‌ എന്നീ ആരാധനാകര്‍മങ്ങള്‍ നിങ്ങളുടെമേല്‍ നിര്‍ബന്ധമാക്കിയതില്‍ ഇതേ ഒരുക്കങ്ങളും പരിശീലനങ്ങളും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇവിടത്തെ ഭരണകൂടങ്ങളെല്ലാം തങ്ങളുടെ പട്ടാളം, പോലീസ്‌, സിവില്‍ സര്‍വീസ്‌ മുതലായ വകുപ്പുകളിലേക്ക്‌ തെരഞ്ഞെടുക്കുവാനുദ്ദേശിക്കുന്ന ജനങ്ങള്‍ക്ക്‌ ആദ്യമായി ഒരു പ്രത്യേകതരം പരിശീലനം നല്‌കുകയും അനന്തരം അവരെ അതതു ജോലികളില്‍ നിയമിക്കുകയും ചെയ്യുന്നതുപോലെ ഇസ്‌ലാമും അതിലെ നാനാവിധ ഉദ്യോഗങ്ങളില്‍ നിയമിക്കാനുദ്ദേശിക്കുന്ന ജനങ്ങള്‍ക്ക്‌ പ്രഥമമായി ഒരു പ്രത്യേകവിധം പരിശീലനം നല്‌കുകയും പിന്നീട്‌ അവരെ കൊണ്ട്‌ സമരത്തിനും അല്ലാഹുവിന്റെ ആധിപത്യത്തിനുമുള്ള സേവനം ചെയ്യിക്കുവാനുദ്ദേശിക്കുകയുമാണ്‌ ചെയ്യുന്നത്‌.” (ഖുതുബാത്ത്‌, പേജ്‌ 388, 389)

“സഹോദരങ്ങളേ, നമസ്‌കാരം, നോമ്പ്‌, സകാത്ത്‌, ഹജ്ജ്‌ എന്നീ കര്‍മങ്ങളുടെ ഉദ്ദേശ്യം ഇപ്പോള്‍ നിങ്ങള്‍ നല്ലപോലെ ഗ്രഹിച്ചു കഴിഞ്ഞിരിക്കുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ആരാധനകര്‍മങ്ങളെല്ലാം വെറും ചില പൂജകള്‍ മാത്രമാണെന്നാണ്‌ നിങ്ങള്‍ ഇതുവരെ വിചാരിച്ചുപോന്നിട്ടുള്ളത്‌. അതോ നിരവധി കാലമായി ഇതേ തെറ്റിദ്ധാരണയിലാണ്‌ നിങ്ങള്‍ പെട്ടുകിടന്നിരുന്നത്‌. എത്രയും മഹത്തരവും ത്യാഗസമ്പൂര്‍ണവുമായ ഒരു സേവനത്തിനുള്ള പരിശീലനമാണീ കര്‍മങ്ങളെന്ന പരമാര്‍ഥം നിങ്ങളെ ഇതേവരെ ആരും പഠിപ്പിച്ചിട്ടില്ല.” (ഖുതുബാത്ത്‌, പേജ്‌:393)

ഇസ്‌ലാമിലെ ആരാധനകര്‍മങ്ങള്‍ക്ക്‌ അല്ലാഹു രൂപംനല്‍കിയിട്ടുള്ളത്‌ മനുഷ്യര്‍ക്കു ഭൗതികമായി ചില നേട്ടങ്ങള്‍കൂടി ലഭിക്കുവാന്‍ അനുയോജ്യമായ നിലയ്‌ക്കാണ്‌. നാം ആരാധനാകര്‍മങ്ങള്‍ അനുഷ്‌ഠിക്കുമ്പോള്‍ ഈ സംഗതികൂടി ആഗ്രഹിക്കുന്നതിനും വിരോധമില്ല. എന്നാല്‍ ഇത്‌ ആരാധനയുടെ ലക്ഷ്യമായി കാണുവാന്‍ പാടില്ല. ലക്ഷ്യമായി അവതരിപ്പിക്കുവാനും പാടില്ല. ഈ പ്രവണത ആരാധനകര്‍മങ്ങളുടെ ആത്മീയത നഷ്‌ടപ്പെടുത്തിയേക്കാവുന്നതും പരലോക പ്രതിഫലത്തെ പ്രതികൂലമായി ബാധിക്കുന്നതുമായേക്കും. ആഗ്രഹിക്കുക എന്നതും ലക്ഷ്യംവെയ്‌ക്കുക എന്നതും തമ്മില്‍ ധ്രുവാന്തരമുണ്ടെന്ന്‌ കാണാം.

ചില ഉദാഹരണങ്ങള്‍:
നബി(സ) അരുളി: നിങ്ങള്‍ നോമ്പനുഷ്‌ഠിക്കുവിന്‍. നിങ്ങള്‍ ആരോഗ്യവാന്മാരാകും. മുസ്‌ലിംകളുടെ നോമ്പ്‌ ആരോഗ്യത്തിന്‌ നല്ലതാണെന്ന്‌ മുന്‍വിധി ഇല്ലാത്തവര്‍ സമ്മതിക്കും. ഒരു മുസ്‌ലിം നോമ്പനുഷ്‌ഠിക്കുമ്പോള്‍ ഈ നന്മകൂടി ആഗ്രഹിക്കുന്നതിന്‌ വിരോധമില്ല. എന്നാല്‍ നോമ്പനുഷ്‌ഠിക്കുന്നതിന്റെ ലക്ഷ്യം ആരോഗ്യമാണെങ്കില്‍ പരലോക പ്രതിഫലം അവന്ന്‌ നഷ്‌ടപ്പെടുന്നു. നോമ്പിന്റെ ലക്ഷ്യം ആരോഗ്യ സംരക്ഷണമായി അവതരിപ്പിക്കുവാനും പാടില്ല. ആരോഗ്യം ദൈവം മനുഷ്യര്‍ക്കു നല്‍കുന്ന ഭൗതികമായ ഒരനുഗ്രഹമാണ്‌. അല്ലാഹുവിനെ നിഷേധിക്കുന്നവര്‍ക്ക്‌ വരെ ഈ അനുഗ്രഹം അവന്‍ നല്‍കും.
അല്ലാഹു പറയുന്നു: ``നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള അനുഗ്രഹം ആഗ്രഹിക്കുന്നതില്‍ തെറ്റില്ല'' (അല്‍ബഖറ:198). ഹജ്ജിന്‌ പോകുന്ന സന്ദര്‍ഭത്തില്‍ ധനം സമ്പാദിക്കണമെന്ന്‌ കൂടി ഒരാള്‍ ആഗ്രഹിക്കുന്ന പക്ഷം തെറ്റില്ലെന്ന്‌ ഖുര്‍ആന്‍ ഇവിടെ ഉണര്‍ത്തുന്നു. എന്നാല്‍ ഹജ്ജിന്റെ ലക്ഷ്യം ധനസമ്പാദനമാക്കി മാറ്റുവാന്‍ പാടില്ല. ധനം അല്ലാഹു മനുഷ്യര്‍ക്കുനല്‍കുന്ന ഭൗതികമായ ഒരനുഗ്രഹമാണ്‌. ഇതില്‍ ദൈവവിശ്വാസി, ദൈവനിഷേധി എന്ന വ്യത്യാസം അവന്‍ കല്‌പിക്കുന്നില്ല. അതിനാല്‍ ഹജ്ജ്‌ എന്ന ആരാധനാകര്‍മത്തിന്റെ ലക്ഷ്യം ഈ ഭൗതികനേട്ടം കരസ്ഥമാക്കുക എന്നതായിരിക്കാന്‍ പാടില്ല; പരലോകപ്രതിഫലം ലഭിക്കുവാനും ദൈവശിക്ഷയില്‍ നിന്ന്‌ മോചിതനാകുവാനും ഉദ്ദേശിക്കുന്നുവെങ്കില്‍.
ഭരണം അല്ലാഹു നമുക്ക്‌ നല്‍കുന്ന ഭൗതികമായ ഒരനുഗ്രഹമാണ്‌. ഇതിനുവേണ്ടി നാം പ്രവര്‍ത്തിക്കേണ്ടതുണ്ടോ ഇല്ലേ എന്ന്‌ പ്രത്യേക അധ്യായത്തില്‍ വിവരിക്കുന്നുണ്ട്‌. ചിലപ്പോള്‍ സത്യവിശ്വാസികള്‍ക്ക്‌ നല്‍കാതെ സത്യനിഷേധികള്‍ക്ക്‌ അല്ലാഹു നല്‍കുന്ന അവന്റെ ഭൗതികമായ ഒരനുഗ്രഹം; സമ്പത്തുപോലെ. അല്ലാഹുവിന്റെ നബിമാര്‍ ഈ ഭൂമിയില്‍ ഒരു നേരത്തെ ഭക്ഷണത്തിന്‌ പോലും വകയില്ലാതെ പട്ടിണികിടന്നപ്പോള്‍ അല്ലാഹുവിന്റെ ശത്രുക്കള്‍ക്കു സ്വര്‍ണ കട്ടിലില്‍ കിടക്കുവാനും സ്വര്‍ണപാത്രത്തില്‍ ഭക്ഷിക്കുവാനും അവന്‍ അനുഗ്രഹം നല്‌കിയിട്ടുണ്ട്‌. ഇതുപോലെ അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്ക്‌ ഭൂമിയില്‍ ഒരു സെന്റ്‌ ഭൂമിയുടെമേല്‍ പോലും അധികാരം ഇല്ലാതെ ജീവിച്ച സന്ദര്‍ഭത്തില്‍ ഭൂമിയിലെ അധികാരവും ആധിപത്യവും അവന്റെ ശത്രുക്കള്‍ക്ക്‌ അവന്‍ നല്‌കിയത്‌ ഏതൊരു മുസ്‌ലിമിനും അറിയുന്ന യാഥാര്‍ഥ്യമാണ്‌. നംറൂദിനും ഫിര്‍ഔനിനും ഭരണം നല്‍കിയത്‌ പിശാചായിരുന്നില്ല. അല്ലാഹു തന്നെയായിരുന്നുവെന്ന്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

``അല്ലാഹു ഭരണാധികാരം നല്‍കിയതിനാല്‍ തന്റെ രക്ഷിതാവിന്റെ പ്രശ്‌നത്തില്‍ ഇബ്‌റാഹീമുമായി തര്‍ക്കിച്ച ഒരുവനെ നീ കണ്ടുവോ?'' (സൂറ 2:258)

``നീ പറയുക. രാജത്വത്തിന്റെ അധിപനായ അല്ലാഹുവേ, നീ ഉദ്ദേശിച്ചവര്‍ക്ക്‌ രാജത്വം നീ നല്‌കുകയും നീ ഉദ്ദേശിച്ചവരില്‍ നിന്ന്‌ രാജത്വം എടുത്തുകളയുകയും ചെയ്യുന്നു'' (ആലു ഇംറാന്‍ 26)

ഈ ആയത്തിന്റെ പരിധിയില്‍ നിന്ന്‌ സുലയ്‌മാന്‍ നബി(അ)യും ദാവൂദ്‌ നബി(അ)യും നംറൂദും ഫിര്‍ഔനും സത്യവിശ്വാസിയും സത്യനിഷേധിയും ആരും തന്നെ പുറത്തുപോകുന്നില്ല. സമ്പത്തുപോലെ തന്നെ ഭരണാധികാരവും ജാതിമതവ്യത്യാസമില്ലാതെ സ്രഷ്‌ടാവ്‌ അവന്റെ സൃഷ്‌ടികള്‍ക്ക്‌ നല്‍കുന്ന ഭൗതിക അനുഗ്രഹമായതിനാല്‍ ഇസ്‌ലാമിലെ ആരാധന കര്‍മങ്ങളുടെ ലക്ഷ്യം ഈ ഭൗതിക അനുഗ്രഹം കരസ്ഥമാക്കലായി വ്യാഖ്യാനിക്കുന്നതിനോട്‌ മുജാഹിദ്‌ പ്രസ്ഥാനം വിയോജിക്കുന്നു. ഭരണത്തിന്റെ വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ഇസ്‌ലാഹീ പ്രസ്ഥാനത്തിന്‌ വിയോജിപ്പ്‌ ഒന്ന്‌ ഇതാണ്‌. ഒരു ഹദീസ്‌ പ്രത്യേകം ശ്രദ്ധിക്കുക:
നബി(സ)അരുളി: ``പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രതിഫലം നല്‌കുന്നതു ഉദ്ദേശ്യമനുസരിച്ചുമാത്രമാകുന്നു. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക. ഒരാള്‍ ഹിജ്‌റ പുറപ്പെടുന്നത്‌ താന്‍ ഉദ്ദേശിക്കുന്ന ഐഹികക്ഷേമത്തെയോ വിവാഹം ചെയ്യുവാനുദ്ദേശിക്കുന്ന സ്‌ത്രീയെയോ ലക്ഷ്യമാക്കിയാണെങ്കില്‍ അവനു ലഭിക്കുന്ന നേട്ടവും അതുതന്നെ'' (ബുഖാരി, മുസ്‌ലിം). വിവാഹം പ്രവാചക ചര്യയാണ്‌. ഇസ്‌ലാമിന്റെ ധാരാളം നിര്‍ദേശങ്ങള്‍ അതിലുണ്ട്‌. എങ്കിലും ഭൗതിക ആവശ്യം ഇതില്‍ മുന്നിട്ട്‌നില്‍ക്കുന്നതിനാല്‍ ഒരാള്‍ ഹിജ്‌റ പോകുന്നതിന്റെ ലക്ഷ്യം വിവാഹം ചെയ്യലാണെങ്കില്‍ അവന്ന്‌ പരലോകത്ത്‌ പ്രതിഫലമില്ലെന്ന്‌ നബി(സ) ഇവിടെ ഉണര്‍ത്തുന്നു. എന്നാല്‍ ഇതിനെയും ആഗ്രഹിക്കുകയാണെങ്കില്‍ വിരോധമില്ല. ഭരണത്തെ ഞങ്ങള്‍ ലക്ഷ്യംവെക്കുന്നതു പരലോകത്തെ ആഗ്രഹിച്ചുകൊണ്ട്‌ തന്നെയാണെന്നു ജമാഅത്തെ ഇസ്‌ലാമിക്കാര്‍ വാദിക്കാറുണ്ട്‌. ധനസമ്പാദനം ഹജ്ജിന്റെ ലക്ഷ്യമായി കണ്ട്‌ ഹജ്ജ്‌ ചെയ്യുന്ന ഒരു വ്യക്തിയോട്‌ അല്ലെങ്കില്‍ നോമ്പിന്റെ ലക്ഷ്യം ആരോഗ്യസംരക്ഷണമായി കണ്ട്‌ നോമ്പനുഷ്‌ഠിക്കുന്നവനോട്‌ ഇതിനെ താരതമ്യം ചെയ്യുന്നത്‌ ശരിയല്ല. ഹജ്ജില്‍ ധനസമ്പാദനവും നോമ്പില്‍ ആരോഗ്യസംരക്ഷണവും ആഗ്രഹിച്ചുകൊള്ളുകയെന്ന്‌ പറയുമ്പോള്‍ `ഞാന്‍ ധനമോ ആരോഗ്യമോ ലക്ഷ്യംവെക്കുന്നുണ്ടെങ്കില്‍ അതുകൊണ്ടും ഉദ്ദേശിക്കുന്നതു പരലോകമാണെ'ന്ന്‌ മുട്ടുന്യായം പറയുന്നതിന്‌ തുല്യമാണ്‌ ഈ വാദവും. ചുരുക്കത്തില്‍ ഇസ്‌ലാമിലെ ആരാധനകര്‍മങ്ങളുടെ ലക്ഷ്യം, ദൈവം ജാതിയും മതവും നോക്കാതെ അവന്റെ അടിമകള്‍ക്കു നല്‍കുന്ന ഒരു ഭൗതിക അനുഗ്രഹമായ ഭരണാധികാരം കരസ്ഥമാക്കലായി അവതരിപ്പിക്കുന്നത്‌ ആരാധനകര്‍മങ്ങളുടെ ആത്മീയത നഷ്‌ടപ്പെടുത്തുവാനും പരലോക പ്രതിഫലം നിഷേധിക്കപ്പെടുവാനും മാത്രമേ ഉപകരിക്കുകയുള്ളൂ. അതുപോലെ ആരാധനകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനെക്കാള്‍ പ്രാധാന്യം രാഷ്‌ട്രീയത്തിനാണെന്ന ചിന്താഗതിയും മനുഷ്യരില്‍ ഇതുണ്ടാക്കും. നിഷ്‌പക്ഷബുദ്ധിയോടുകൂടി നോക്കുന്ന ഏതൊരു മനുഷ്യനും, ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെടുന്ന വ്യക്തികളില്‍ ഈ ചിന്താഗതി വളര്‍ന്നുവരുന്നതുകാണാം.

തൗഹീദിന്റെയും സുന്നത്തിന്റെയും കഴുത്തില്‍ കത്തിവെക്കുന്ന പ്രശ്‌നങ്ങള്‍ സ്വന്തം നാട്ടില്‍ ഉണ്ടായാല്‍പോലും പ്രതികരിക്കുവാന്‍ മടികാണിക്കുന്നവര്‍ ലോകത്തിന്റെ ഒരു മൂലയില്‍ രാഷ്‌ട്രീയമായ എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ ശക്തിയായി പ്രതികരിക്കുന്നത്‌ കാണാം. റമദാനില്‍ ഒരു സ്ഥലത്ത്‌ മാസംമുഴുവന്‍ ഞാന്‍ ക്ലാസ്സെടുക്കുകയുണ്ടായി. പരലോകത്ത്‌ മനുഷ്യര്‍ക്ക്‌ പ്രതിഫലം ലഭിക്കുന്ന അനുഷ്‌ഠാന കര്‍മങ്ങള്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വിവരിക്കുന്ന ശൈലിയിലായിരുന്നു എന്റെ ക്ലാസ്സ്‌. എത്രയോ ദൂരത്തുള്ള ഇസ്‌ലാഹീ പ്രവര്‍ത്തകര്‍ പോലും വളരെ താല്‍പര്യത്തോടുകൂടി ക്ലാസ്സില്‍ പങ്കെടുക്കുമായിരുന്നു. സ്‌ത്രീ പുരുഷ വ്യത്യാസമില്ലാതെ അവര്‍ സംശയങ്ങള്‍ ചോദിച്ച്‌ മനസ്സിലാക്കും. പുണ്യകര്‍മങ്ങള്‍ ചോദിച്ച്‌ പഠിക്കും. എന്നാല്‍ ആദ്യത്തെ ഒന്നു രണ്ട്‌ ക്ലാസ്സില്‍ സ്ഥലത്തെ ജമാഅത്തെ ഇസ്‌ലാമിയിലെ മുതിര്‍ന്ന വ്യക്തികളും യുവാക്കളും പങ്കെടുത്തിരുന്നു. ശേഷം, ശാഖാപരമായ വിഷയമാണ്‌ ഞാന്‍ സംസാരിക്കുന്നതെന്ന്‌ പറഞ്ഞു ക്ലാസ്സിനെ നിസ്സാരമാക്കി അവര്‍ വരവ്‌ നിര്‍ത്തി. ജമാഅത്തെ ഇസ്‌ലാമിയെ ആ ക്ലാസ്സില്‍ ഞാന്‍ വിമര്‍ശിച്ചിരുന്നില്ല. എന്റെ ക്ലാസ്സിലെ വിഷയം അമേരിക്കയിലെയും ബ്രിട്ടണിലെയും ജപ്പാനിലെയും ഭരണദൂഷ്യങ്ങള്‍ വിവരിക്കലായിരുന്നുവെങ്കില്‍ മാസം മുഴുവനും അവര്‍ പങ്കെടുക്കുമായിരുന്നു.
മുഹമ്മദ്‌ പ്രവാചകന്‍ തന്നെയാണോ എന്ന്‌ പരിശോധിക്കുവാന്‍ ഹിര്‍ഖല്‍ രാജാവ്‌ അബൂസുഫ്‌യാനോട്‌ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി. അതിലെ ഒരു പ്രധാന ചോദ്യം ഇമാം ബുഖാരി വിവരിക്കുന്നു കാണുക:

ഹിര്‍ഖല്‍: അദ്ദേഹത്തിന്റെ പിതാക്കന്മാരില്‍ ആരെങ്കിലും രാജാവായി ഉണ്ടായിരുന്നുവോ? അബൂസുഫ്‌യാന്‍: ഇല്ല. ശേഷം ഈ ചോദ്യം ഉന്നയിക്കുവാനുള്ള കാരണം ഹിര്‍ഖല്‍ തന്നെ വിവരിച്ചു: ``അദ്ദേഹത്തിന്റെ പൂര്‍വപിതാക്കന്മാരില്‍ ആരെങ്കിലും രാജാവായി ഉണ്ടായിരുന്നോ എന്ന്‌ ഞാന്‍ ചോദിച്ചു. ഇല്ലെന്ന്‌ നിങ്ങള്‍ പറഞ്ഞു. ഞാന്‍ പറയട്ടെ, അദ്ദേഹത്തിന്റെ പൂര്‍വ പിതാക്കളില്‍ രാജാക്കന്മാരുണ്ടായിരുന്നുവെങ്കില്‍ നഷ്‌ടപ്പെട്ട രാജാധികാരം വീണ്ടെടുക്കാനുള്ള തന്ത്രമാണ്‌ ഇതെന്ന്‌ എനിക്ക്‌ പറയാമായിരുന്നു''. (ഇപ്പോള്‍ അതിന്ന്‌ സാധ്യമല്ലല്ലോ) (ഹ. നമ്പര്‍ 6). അബ്‌ദുല്ലയുടെയും ആമിനയുടെയും മകനായ മുഹമ്മദിനെ പ്രവാചകനായി അല്ലാഹു തിരഞ്ഞെടുത്തതിന്റെ ഒരു താല്‌പര്യം, മുഹമ്മദ്‌ മതപ്രബോധനം നടത്തുന്നതിന്റെ ലക്ഷ്യം അധികാരം പിടിച്ചെടുക്കലാണെന്ന്‌ ജനങ്ങള്‍ തെറ്റിദ്ധരിക്കാതിരിക്കുക എന്നതാണെന്ന്‌ ഈ റിപ്പോര്‍ട്ടില്‍ നിന്ന്‌ ഗ്രഹിക്കാം. എന്നാല്‍ ഇതായിരുന്നു ലക്ഷ്യമെന്ന്‌ പറയലാണ്‌ ശരിയായ ഇസ്‌ലാമെന്നും ഇതിനെ എതിര്‍ക്കുന്നവര്‍ ഇസ്‌ലാമിന്റെയും ഇസ്‌ലാമിക ഭരണത്തിന്റെയും ശത്രുക്കളാണെന്നും ജമാഅത്തുകാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.

ഭരണത്തെക്കുറിച്ച്‌ മുഹമ്മദ്‌നബി(സ) തന്നെ പ്രസ്‌താവിക്കുന്നതു കാണുക:
അബ്‌ദുര്‍റഹ്‌മാന്‍ (റ) നിവേദനം. നബി(സ) എന്നോട്‌ പറഞ്ഞു: ``അബ്‌ദുര്‍റഹ്‌മാന്‍, നീ അധികാരം ചോദിച്ചു വാങ്ങരുത്‌. നീ അത്‌ ചോദിച്ചുവാങ്ങിയാല്‍ നീ അതിലേക്ക്‌ ഏല്‍പിക്കപ്പെടും (അല്ലാഹു നിന്നെ സഹായിക്കുകയില്ല). ചോദിക്കാതെ നല്‍കപ്പെട്ടാല്‍ നീ സഹായിക്കപ്പെടും'' (ബുഖാരി, ഹ. നമ്പര്‍: 7146, മുസ്‌ലിം 1652). അധികാരം ചോദിക്കുവാന്‍ പാടില്ല എന്ന ശീര്‍ഷകം തന്നെ നല്‍കിയാണ്‌ ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലിമും ഈ ഹദീസ്‌ ഉദ്ധരിക്കുന്നത്‌.

നബി(സ) അരുളി: ``നിങ്ങള്‍ ഭരണം ലഭിക്കുവാന്‍ അത്യാഗ്രഹം കാണിക്കും. എന്നാല്‍ അവസാന ദിവസം അതുനിങ്ങള്‍ക്ക്‌ ഖേദകരമാകും.'' (ബുഖാരി:ഹ. നമ്പര്‍:7148)

അബൂമൂസാ(റ) നിവേദനം: ``ഞാനും എന്റെ പിതൃസഹോദരന്മാരില്‍ രണ്ടുപേരും നബി(സ)യുടെ സദസ്സില്‍ പ്രസംഗിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: പ്രവാചകരേ, അല്ലാഹു താങ്കളെ ഏല്‍പിച്ച അധികാരത്തില്‍ നിന്ന്‌ ചിലത്‌ എന്നെയും ഏല്‍പിക്കുക. മറ്റെ വ്യക്തിയും അതുപോലെ ആവശ്യപ്പെട്ടു. നബി(സ) അരുളി: അധികാരം ചോദിക്കുന്നവനെയും അതിന്ന്‌ അത്യാഗ്രഹം പ്രകടിപ്പിക്കുന്നവനെയും ഞാന്‍ അതു ഏല്‍പിക്കുകയില്ല'' (മുസ്‌ലിം, ഹ.നമ്പര്‍:1733, ബുഖാരി, ഹ. നമ്പര്‍:7149)

അബൂദര്‍റ്‌(റ) പറയുന്നു: ``പ്രവാചകരേ, താങ്കള്‍ എന്നെ ഗവര്‍ണറാക്കൂ എന്ന്‌ ഞാന്‍ നബി(സ)യോടു ആവശ്യപ്പെട്ടു. അപ്പോള്‍ അവിടുന്ന്‌ എന്റെ ചുമലില്‍ കൈകൊണ്ട്‌ അടിച്ച്‌ ഇപ്രകാരം അരുളി: അബൂദര്‍റ്‌, താങ്കള്‍ ദുര്‍ബലനാണ്‌. അധികാരം ഒരു അമാനത്താണ്‌. അതു അന്ത്യദിനത്തില്‍ നിന്ദ്യതയും ഖേദവുമാണ്‌. അവകാശപ്പെട്ട നിലയ്‌ക്ക്‌ എടുക്കുകയും ബാധ്യതകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ഒഴികെ'' (മുസ്‌ലിം, ഹ.നമ്പര്‍ 1825)

അബൂദര്‍റ്‌(റ) നിവേദനം: നബി(സ) അരുളി: അബൂദര്‍റ്‌, താങ്കളെ ഞാന്‍ ദുര്‍ബലനായി കാണുന്നു. എന്റെ സ്വന്തം കാര്യത്തില്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നത്‌ താങ്കള്‍ക്കും ഞാന്‍ ഇഷ്‌ടപ്പെടുന്നു. നീ രണ്ടാളുടെ ഭരണാധികാരി പോലും ആകരുത്‌. അനാഥയുടെ സമ്പത്തിന്റെ ബാധ്യതയും ഏറ്റെടുക്കരുത്‌'' (മുസ്‌ലിം, ഹാ.നമ്പര്‍: 1826). ഭരണത്തെയും അധികാരത്തെയും ഈ രീതിയില്‍ കണ്ട ഒരു പ്രവാചകന്റെ പേരിലാണ്‌ അദ്ദേഹം നടപ്പാക്കിയ ആരാധനാകര്‍മങ്ങളുടെയെല്ലാം ലക്ഷ്യം അധികാരം പിടിച്ചെടുക്കലായിരുന്നുവെന്ന്‌ മതത്തിന്റെ പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്‌. മക്കാ മുശ്‌രിക്കുകളുടെ ധാരണയായിരുന്നു ഇതെന്ന്‌ ചരിത്രം വ്യക്തമാക്കുന്നുണ്ട്‌. ഖുര്‍ആനിന്റെ ശൈലി കാണുക: ``ഭൂമിയില്‍ നാം അവര്‍ക്ക്‌ സ്വാധീനം നല്‌കിയാല്‍ നമസ്‌കാരം നിലനിറുത്തുന്നവരും സകാത്ത്‌ കൊടുക്കുന്നവരും നന്മ ഉപദേശിക്കുന്നവരും തിന്മ വിരോധിക്കുന്നവരുമത്രെ അവര്‍'' (ഹജ്ജ്‌: 41). ഭരണം ലഭിച്ചാല്‍ നമസ്‌കാരം നിലനിര്‍ത്തുവാനും സകാത്ത്‌ കൊടുക്കുവാനും സമൂഹത്തിലെ തിന്‍മ വിരോധിക്കുവാനും നന്മ കല്‌പിക്കുവാനും അവര്‍ ജാഗ്രത പുലര്‍ത്തുമെന്നാണ്‌ ഖുര്‍ആന്‍ പ്രയോഗിച്ചശൈലി. ഈ ശൈലി ആരാധനകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. അതിന്റെ ആത്മീയത കൂടുതല്‍ പ്രകാശിപ്പിക്കുന്നു. അങ്ങനെ അത്‌ പഠിക്കുവാനും ഗ്രഹിക്കുവാനും ഉത്സാഹം കാണിക്കുന്ന ഒരു സ്‌ത്രീ പുരുഷ സമൂഹത്തെ വളര്‍ത്തുന്നു.

ജമാഅത്തെ ഇസ്‌ലാമിയുടെ പുസ്‌തകത്തില്‍ തന്നെ എഴുതുന്നതു കാണുക: “ഭരണാധികാരം ഒരു ലക്ഷ്യമല്ലെന്നും ലക്ഷ്യപ്രാപ്‌തിക്കുള്ള മാര്‍ഗമാണെന്നും ഏതു സാധാരണക്കാരനും മനസ്സിലാക്കാവുന്നതേയുള്ളൂ. മൗലാന മൗദൂദി ഭരണാധികാരം ലക്ഷ്യമായി മനസ്സിലാകുന്നു എന്നു പറയുന്നത്‌ ഒരിക്കലും ശരിയല്ല.” (ഇസ്‌ലാമിന്‌ രാഷ്‌ട്രീയ വ്യാഖ്യാനമോ? ഉറൂജ്‌ ഖാദിരി, പേജ്‌:161) എങ്കില്‍ ഭരണം ലക്ഷ്യമാക്കുവാന്‍ പാടില്ലെന്ന്‌ മുജാഹിദ്‌ പ്രസ്ഥാനം പറയുമ്പോള്‍ അതിന്നെതിരായി എന്തിന്‌ തെറ്റിദ്ധാരണകള്‍ പരത്തുവാന്‍ ശ്രമിക്കണം? എന്തിന്‌ കലിതുള്ളണം?
ഭരണം ഭൗതികമായ ഒരനുഗ്രഹമാണെന്ന്‌ വിമര്‍ശകര്‍ തന്നെ എഴുതുന്നു: ലൗകികനേട്ടങ്ങളായി വ്യവഹരിക്കപ്പെടുന്ന ധനം, അന്തസ്സ്‌, അധികാരം, ഭരണം എന്നിവ സ്വന്തം നിലയ്‌ക്കു ഇസ്‌ലാമിന്റെ ദൃഷ്‌ടിയില്‍ ഹീനകാര്യങ്ങളല്ല. മറിച്ച്‌ അവ അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവുമാണ്‌. (പ്രബോധനം മാസിക, പു.28, ലക്കം 7, പേജ്‌:47) മൗദൂദി സാഹിബ്‌ ഇസ്‌ലാമിലെആരാധനകര്‍മങ്ങളില്‍ ആത്മീയത തീരെ കാണുന്നില്ലെന്ന്‌ ഇവിടെ വാദിക്കുന്നില്ല. ഇസ്‌ലാം പകുതിയിലധികം രാഷ്‌ട്രീയമാണെന്ന്‌ ഇവര്‍ എഴുതിയത്‌ നിഷേധിക്കുവാന്‍ ഇവര്‍ക്കു സാധിക്കുമോ? ആരാധനകര്‍മങ്ങളിലെ ഭൗതിക വശത്തെയാണ്‌ ഇദ്ദേഹം ലക്ഷ്യമായി അവതരിപ്പിക്കുന്നത്‌. അതിനാണ്‌ പ്രാമുഖ്യം നല്‍കുന്നത്‌. പരിശുദ്ധ ഖുര്‍ആനും നബിചര്യയും നമസ്‌കാരത്തിന്റെ തത്വങ്ങള്‍ ധാരാളമായി നമുക്ക്‌ വിവരിച്ചുതരുന്നുണ്ട്‌. അവയില്‍ ഒന്നിലും ഭരണം നടത്തുവാനുള്ള ഒരു പരിശീലനമാണ്‌ നമസ്‌കാരമെന്ന്‌ നമുക്ക്‌ വിവരിച്ചുതരുന്നില്ല. മര്‍ഹൂം അബുസ്വബാഹ്‌ അഹ്‌മദലി മൗലവിയുടെ പുസ്‌തകത്തില്‍, രാഷ്‌ട്രീയമായി നോക്കുകയാണെങ്കില്‍ ഇത്‌ മാതൃകായോഗ്യമായ ഒരു ഗ്രാമ പഞ്ചായത്ത്‌ ആണെന്ന്‌ എഴുതിയത്‌ മൗദൂദിയുടെ ശൈലിയുമായി യോജിക്കുന്നുണ്ടെങ്കില്‍ അതു അദ്ദേഹത്തിന്റെ ഒരഭിപ്രായമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അബുസ്വബാഹ്‌ മൗലവി ഇത്‌ ലക്ഷ്യമായോ പകുതിയില്‍ അധികമായോ ഒരിക്കലും അവതരിപ്പിക്കുന്നുമില്ല. പുറമേ ഭരണമില്ലെങ്കില്‍ മുസ്‌ലിംകള്‍ പരിപൂര്‍ണരാവുകയില്ലെന്നും, അല്ലാഹുവിന്‌ മാത്രം ഇബാദത്ത്‌ അര്‍പ്പിച്ച്‌ ജീവിക്കുവാന്‍ സാധ്യമാവില്ലെന്നും അബുസ്വബാഹ്‌ മൗലവിക്ക്‌ വാദമുള്ളതായി അറിയാന്‍ സാധിച്ചിട്ടുമില്ല. ഇസ്‌ലാമിലെ പ്രമാണം പരിശുദ്ധഖുര്‍ആനും നബിചര്യയുമാണ്‌.

ഭരണമില്ലെങ്കില്‍ മതമില്ല

അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്‌ പോലെയുള്ള വന്‍രാഷ്‌ട്രങ്ങളില്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമായി ജീവിക്കുന്നുണ്ട്‌. ഏത്‌ കാലത്തും ഇത്തരം അവസ്ഥ ഉണ്ടായിരിക്കുകയും ചെയ്യും. ഇത്തരം അനിസ്‌ലാമിക രാഷ്‌ട്രത്തിന്റെ കീഴില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്കു പരിപൂര്‍ണ മുസ്‌ലിംകളായി ജീവിക്കുവാന്‍ സാധിക്കുമോ? ഇസ്‌ലാമിനെ ഈ രാഷ്‌ട്രങ്ങളില്‍ ഭരണരംഗത്തു പ്രതിഷ്‌ഠിക്കുവാന്‍ മുസ്‌ലിംകള്‍ക്ക്‌ സാധിക്കാതെ വന്നാല്‍ അവിടെ ഇസ്‌ലാം തന്നെയില്ലെന്ന്‌ നമുക്ക്‌ വാദിക്കുവാന്‍ പറ്റുമോ? അവിടത്തെ മുസ്‌ലിംകള്‍ മോഷ്‌ടാവിന്റെ കൈ മുറിച്ചില്ല, വ്യഭിചാരിയെ ശിക്ഷിച്ചില്ല, ഇസ്‌ലാമിലെ മറ്റു ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കിയില്ല എന്നീ കാരണങ്ങളാല്‍ ശിക്ഷിക്കപ്പെടുമോ? അവരുടെ മതപ്രവര്‍ത്തനം എങ്ങനെയായിരിക്കണം? മുജാഹിദ്‌ പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള മറ്റൊരു തര്‍ക്കവിഷയമാണിത്‌. ജമാഅത്തെ ഇസ്‌ലാമിയുടെ വീക്ഷണം താഴെ വിവരിക്കാം.

``സ്വന്തം ഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്‌പവീടുപോലെയാണ്‌. ഭൂമിയില്‍ സ്‌ഥാപിതമായ ഒരു വീട്ടില്‍ മാത്രമെ നിങ്ങള്‍ക്ക്‌ താമസിക്കാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍ മറ്റൊരു വീട്ടിന്റെ പ്ലാനുണ്ടായിരിക്കുന്നതുകൊണ്ട്‌ എന്തു പ്രയോജനമാണുള്ളത്‌?'' (ഖുതുബാത്ത്‌, പേജ്‌ 398, ജിഹാദിന്റെ പ്രാധാന്യം)

എത്രവലിയ വിഡ്‌ഢിത്തമാണ്‌ ഇസ്‌ലാമിന്റെ പേരില്‍ ഒരു മഹാന്‍ എഴുതിവിടുന്നത്‌. തലച്ചോറില്‍ ഒരു വീട്‌ ഉണ്ടെങ്കില്‍, ഭൂമിയില്‍ സ്ഥാപിക്കപ്പെടുന്ന വീട്‌ കൊണ്ട്‌ നമുക്ക്‌ ലഭിക്കുന്ന യാതൊരു ഉപകാരവും പ്രസ്‌തുത വീട്‌ കൊണ്ട്‌ ലഭിക്കുകയില്ലെന്ന്‌ വളരെ വ്യക്തമാണ്‌. ഈ രണ്ടു വീടുകള്‍ തമ്മില്‍ ധ്രുവങ്ങളെക്കാള്‍ വ്യത്യാസമുണ്ട്‌. അപ്പോള്‍ മൗദൂദിയുടെ വാദപ്രകാരം ഇന്ന്‌ ഒരു മനുഷ്യനും മുസ്‌ലിമായി ജീവിക്കുവാന്‍ സാധ്യമല്ല. മുസ്‌ലിം ലോകത്ത്‌ പോലും ഇസ്‌ലാമിക ഭരണമില്ലെന്ന്‌ ജമാഅത്തുകാര്‍ വാദിക്കുന്നു; എഴുതുകയും ചെയ്യുന്നു. (പ്രബോധനം മാസിക, 1965 ജൂണ്‍, മുഖപ്രസംഗം പേജ്‌4,

അല്ലാഹു നിയോഗിച്ച പ്രവാചകന്മാരില്‍ പലരും സ്വന്തം ഭരണമില്ലാത്ത ദീനില്‍ ജീവിച്ചു മരിച്ചവരാണ്‌ അവരുടെയെല്ലാം ദീന്‍ മൗദൂദി പറഞ്ഞ `സാങ്കല്‍പിക വീട്‌' പോലെയായിരുന്നു.
ഇബ്‌റാഹീം നബി: അല്ലാഹു പറയുന്നു: ``അല്ലാഹു ആധിപത്യം നല്‌കിയതിനാല്‍ തന്റെ നാഥന്റെ വിഷയത്തില്‍ ഇബ്‌റാഹീമിനോട്‌ തര്‍ക്കിച്ചവനെ കുറിച്ച്‌ നീ ചിന്തിച്ചിട്ടില്ലയോ'' (2:258). നംറൂദ്‌ രാജാവിന്റെ ഭരണത്തിന്‌ കീഴിലായിരുന്നു ഇബ്‌റാഹീം നബി(അ) ജീവിച്ചിരുന്നത്‌. ഈ സന്ദര്‍ഭത്തില്‍ ഒന്നും തന്നെ അദ്ദേഹം ഭൂമിയില്‍ നിര്‍മിച്ച വീട്ടില്‍ താമസിക്കുന്നതുപോലെ ഇസ്‌ലാമിന്റെ വീട്ടില്‍ താമസിച്ച്‌ ജീവിച്ചിരുന്നില്ല. `കേവലം തലച്ചോറില്‍ ഉള്ള സാങ്കല്‍പിക വീട്ടി'ലായിരുന്നു താമസിച്ചിരുന്നത്‌. ഇനി ഏതെങ്കിലും കാലത്തു തന്റെ മരണത്തിന്റെ മുമ്പായി ഇബ്‌റാഹീം നബി(അ)ക്ക്‌ ആധിപത്യം അല്ലാഹു നല്‍കിയതു ഖുര്‍ആന്‍ വിവരിക്കുന്നില്ല. അപ്പോള്‍ ഈ പ്രവാചകന്റെ കാലത്തു ഇസ്‌ലാം കേവലം സാങ്കല്‍പിക വീടായിരുന്നു.

യൂസുഫ്‌ നബി: ഖുര്‍ആന്‍ പറയുന്നു: ``രാജാവിന്റെ നിയമത്തില്‍ തന്റെ സഹോദരനെ പിടിക്കാവതല്ല'' (യൂസുഫ്‌ 76). ഈ സന്ദര്‍ഭത്തില്‍ യൂസുഫ്‌ നബി(അ) അനിസ്‌ലാമിക ഭരണത്തിന്റെ കീഴിലായിരുന്നു ജീവിച്ചിരുന്നത്‌. പരിപൂര്‍ണ അധികാരം ഉണ്ടായിരുന്നില്ല. അപ്പോള്‍ മൗദൂദിയന്‍ വീക്ഷണപ്രകാരം അദ്ദേഹത്തിന്റെ ഇസ്‌ലാം ഈ സന്ദര്‍ഭത്തില്‍ അപൂര്‍ണമായിരുന്നു, `സാങ്കല്‍പിക വീട്ടി'ലായിരുന്നു താമസം.

ഈസാനബി: ഈസാനബി(അ)ക്ക്‌ ഒരിക്കലും ഭരണം ലഭിച്ചിട്ടില്ല. കൈസര്‍ രാജാവിന്റെ കീഴിലായിരുന്നു അദ്ദേഹത്തെ ക്രൂശിക്കുവാന്‍ ശത്രുക്കള്‍ തയ്യാറെടുക്കുകയും അല്ലാഹു അത്ഭുതകരമായി രക്ഷിക്കുകയും ചെയ്യുന്നതുവരെ ജീവിച്ചിരുന്നത്‌. ഈ പ്രവാചകനും കേവലം `സാങ്കല്‍പിക വീടു'പോലെയുള്ള ഇസ്‌ലാമില്‍ ജീവിച്ചാണ്‌ മരിക്കുന്നത്‌.

മൂസാനബി: മൂസാനബി(അ) ഫിര്‍ഔനിനെ നശിപ്പിക്കുന്നതുവരെ ആ രാജാവിന്റെ കീഴിലാണ്‌ ജീവിച്ചിരുന്നത്‌. ഈ സന്ദര്‍ഭത്തില്‍ മൂസാനബി(അ)ക്ക്‌ ഭരണം ലഭിച്ചിരുന്നില്ല. ഭാര്യ ആസ്യാബീവിയും ജാലവിദ്യക്കാരും രക്തസാക്ഷികളായ സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്‌ ഭരണം ലഭിച്ചിരുന്നില്ല. അപ്പോള്‍ ആ കാലത്തു ഭൂമിയില്‍ ഇസ്‌ലാം ഉണ്ടായിരുന്നില്ല. തലച്ചോറിലെ `സങ്കല്‍പ വീട്‌' പോലെയുള്ള ഇസ്‌ലാമില്‍ ജീവിച്ചാണ്‌ ഇവരെല്ലാം മരണപ്പെട്ടത്‌.

സകരിയ്യാ നബി: സകരിയ്യാ നബി(അ), യഹ്‌യാ നബി(അ) മുതലായ പ്രവാചകന്മാരെ ഭരണാധികാരികള്‍ വധിച്ചു കളഞ്ഞു. ഭരണമില്ലാത്ത ഇസ്‌ലാമില്‍ ജീവിച്ചാണ്‌ ഇവരെല്ലാം മരണപ്പെട്ടത്‌. ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്തതും തലച്ചോറിലെ സങ്കല്‍പവീടുമായ ഇസ്‌ലാമില്‍.

മുഹമ്മദ്‌ നബി: മുഹമ്മദ്‌ നബി(സ)യും സഹാബിവര്യന്മാരും 13 വര്‍ഷം മക്കയില്‍ ജീവിച്ചിരുന്നത്‌ ഭരണമില്ലാത്ത ഇസ്‌ലാം ദീനിലായിരുന്നു. ആ കാലഘട്ടത്തില്‍ മരിച്ച സഹാബിവര്യന്മാര്‍ കേവലം സങ്കല്‍പ ഇസ്‌ലാമില്‍ ജീവിച്ചവരായിരുന്നു. നബി(സ)യും സഹാബി വര്യന്മാരും അന്ന്‌ കേവലം തലച്ചോറിലെ വീട്ടില്‍ താമസിക്കുന്നതുപോലെയായിരുന്നു. മൗദൂദിയുടെ വാദഗതിമൂലം സ്ഥിരപ്പെടുന്ന അപകടം പിടിച്ച വാദങ്ങളാണ്‌ ഇവയെല്ലാം.

തങ്ങളുടെ വികലമായ ചിന്താഗതിക്കു ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റ)യെയും ഇവര്‍ കരുവാക്കുന്നുണ്ട്‌. (ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശകരും പേ. 153). ഇബ്‌നുതൈമിയ(റ) മൗദൂദി പ്രസ്‌താവിച്ചതുപോലെ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെയും മൗദൂദിയുടെയും പ്രസ്‌താവനകള്‍ തമ്മില്‍ ധ്രുവങ്ങളുടെ വ്യത്യാസം കാണാം. അധികാരം ലഭിച്ചിട്ടും ജനങ്ങളുടെ ഭരണകാര്യം ഏറ്റെടുക്കുകയോ അതിനെക്കുറിച്ച്‌ ചിന്തിക്കാതിരിക്കുകയോ ചെയ്യുന്നത്‌ കുറ്റകരമാണ്‌. അധികാരം ലഭിച്ചാല്‍ വന്നുചേരുന്ന നിയമങ്ങള്‍ നടപ്പിലാക്കേണ്ടത്‌ ആ സന്ദര്‍ഭത്തിലെ ബാധ്യതയാകുന്നു. അത്‌ നിര്‍വഹിച്ചേ തീരൂ.

ഇപ്രകാരം പണ്ഡിതന്മാര്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌; ഇതില്‍ തര്‍ക്കവുമില്ല. ജമാഅത്തെ ഇസ്‌ലാമിക്കാരുടെ വാദം അതല്ല. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക്‌ പോലും ഭരണമില്ലാത്തതിനാല്‍ അല്ലാഹുവിനുമാത്രം ഇബാദത്തെടുത്തു ജീവിക്കുവാന്‍ സാധ്യമല്ല. പന്നിമാംസം നിര്‍ബന്ധിതാവസ്ഥയില്‍ ഭക്ഷിക്കുന്നതുപോലെ അവരടക്കം ശിര്‍ക്ക്‌ ചെയ്‌തു ജീവിക്കുകയാണിവിടെ എന്നായിരുന്നു ജമാഅത്തുകാര്‍ വാദിച്ചിരുന്നത്‌. ഭരണമില്ലെങ്കില്‍ മതമില്ല എന്നതാണ്‌ തത്വമെങ്കില്‍ അല്ലാഹു പ്രവാചകന്മാര്‍ക്കു അതും സാധിപ്പിച്ചുകൊടുക്കുമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. പരിശുദ്ധ ഖുര്‍ആനില്‍ പ്രസ്‌താവിക്കപ്പെട്ട പ്രവാചകന്മാരില്‍ ഒന്നു രണ്ടുപേര്‍ മാത്രമേ പ്രവാചക ജീവിതകാലം മുഴുവനും മതാധിഷ്‌ഠിത ഭരണം നടത്തിയിട്ടുള്ളൂ. മറ്റു പ്രവാചകന്മാരുടെ അവസ്ഥ അതായിരുന്നില്ല. അവരില്‍ അധികപേര്‍ക്കും മരണംവരം ഭരണം ലഭിച്ചതായി ഖുര്‍ആന്‍ നമുക്ക്‌ അറിവുനല്‍കുന്നില്ല. ഹദീസിലുമില്ല. ചരിത്രത്തിലുമില്ല. ഏതാനും നബിമാര്‍ക്ക്‌ മാത്രമാണ്‌. കുറെകാലം കഴിഞ്ഞതിനുശേഷം പരിമിതമായ ചില പ്രദേശങ്ങളില്‍ അധികാരം നടത്തുവാന്‍ സാധിച്ചിട്ടുള്ളത്‌. അതു തന്നെ അവരുടെ പ്രസ്ഥാനത്തിന്റെ പരമമായ ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുമില്ല. അവരുടെ ആത്മീയ നേതൃത്വം സ്വീകരിച്ച ഒരു ജനവിഭാഗം വളര്‍ന്നുവന്നപ്പോള്‍ സ്വാഭാവികമായും ഒരു രാഷ്‌ട്രമായിത്തീരുകയാണ്‌ ചെയ്‌തത്‌.
കേരള അമീറായിരുന്ന മൗലവി വി പി മുഹമ്മദലി സാഹിബ്‌ മുഹമ്മദ്‌ നബി(സ)യും സഹാബിവര്യന്മാരും മക്കാ ജീവിതത്തില്‍ പരിപൂര്‍ണമുസ്‌ലിംകളായിരുന്നില്ലെന്ന്‌ വരെ വാദിക്കുകയുണ്ടായി. ശേഷം പരിപൂര്‍ണ മുസ്‌ലിമായിരുന്നില്ലെങ്കിലും യഥാര്‍ഥ മുസ്‌ലിമായിരുന്നുവെന്ന്‌ ഒരു വ്യാഖ്യാനം നല്‍കി പ്രസ്‌താവനയെ ന്യായീകരിക്കുവാന്‍ ലേഖനങ്ങള്‍ എഴുതുകയുമുണ്ടായി. ഖാദിയാനികളെ എതിര്‍ക്കുവാനായിരുന്നു ഇപ്രകാരം വാദിച്ചിരുന്നതെങ്കിലും വളരെ അപകടം പിടിച്ച ഒരു വിശ്വാസത്തില്‍ നിന്ന്‌ ഉല്‍ഭവിച്ചതായിരുന്നു ഇവരുടെ ഈ ആരോപണം. ഇസ്‌ലാം കാര്യങ്ങള്‍ അഞ്ചാണ്‌. അതിലൊന്ന്‌ മാര്‍ഗമുള്ളവന്‍ ഹജ്ജും ഉംറയും നിര്‍വഹിക്കുക എന്നതാണ്‌. ഒരു മുസ്‌ലിം പരിപൂര്‍ണ മുസ്‌ലിമാകണമെങ്കില്‍ ഈ അഞ്ച്‌ സംഗതികളും നിര്‍വഹിക്കണമെന്നില്ല. കഴിവുള്ള വ്യക്തികള്‍ സകാത്തും ഹജ്ജും നിര്‍വഹിക്കാതിരുന്നാല്‍ മാത്രമാണ്‌ അവര്‍ പരിപൂര്‍ണ മുസ്‌ലിംകളല്ലാതായിത്തീരുന്നത്‌. എന്നാല്‍ കഴിവില്ലാത്ത വ്യക്തികള്‍ ഇവ നിര്‍വഹിച്ചിട്ടില്ലെങ്കിലും അവര്‍ പരിപൂര്‍ണ മുസ്‌ലിംകളാണ്‌. യഥാര്‍ഥ മുസ്‌ലിംകളുമാണ്‌. പരിപൂര്‍ണ മുസ്‌ലിം തന്നെയാണ്‌ യഥാര്‍ഥ മുസ്‌ലിം. യഥാര്‍ഥ മുസ്‌ലിംകള്‍ എല്ലാം തന്നെ പരിപൂര്‍ണ മുസ്‌ലിംകളാണ്‌. സമൂഹം, വ്യക്തി, സ്‌ത്രീകള്‍, പുരുഷന്മാര്‍, ഭരണകൂടം, സ്വതന്ത്രന്മാര്‍, അടിമകള്‍, മുതലാളിമാര്‍, ആരോഗ്യമുള്ളവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെടുന്നതാണ്‌ പരിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദേശങ്ങള്‍.
ഇസ്‌ലാമിന്റെ ശത്രുക്കള്‍ളെ ശരിക്കും ഭയപ്പെടുത്തുന്ന നിലയ്‌ക്കു ആയുധങ്ങള്‍ ശേഖരിക്കുവാന്‍ നിര്‍ദേശിക്കുന്നതുകാണാം. ചില തീവ്രവാദി സംഘടനകളും ഇസ്‌ലാമിന്റെ വിമര്‍ശകരും ഈ ആയത്ത്‌ തെളിവായി ഉദ്ധരിക്കാറുണ്ട്‌. യഥാര്‍ഥത്തില്‍ ഈ നിര്‍ദേശം, ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങാതെ മതപ്രബോധനം ശ്രവിച്ച്‌ ഇസ്‌ലാമിന്റെ മഹത്വം മനസ്സിലാക്കുകയും മുസ്‌ലിംകളുടെ മാതൃകാപരമായ ജീവിതം കണ്ടു മുസ്‌ലിംകളാവുകയും അങ്ങനെ സ്വയം ഒരു രാഷ്‌ട്രമായിത്തീരുകയും ചെയ്യുമ്പോള്‍ ആ രാഷ്‌ട്രത്തിലെ ഭരണാധികാരികളോടുള്ള കല്‌പനയാണ്‌. മുസ്‌ലിം രാഷ്‌ട്രം സ്ഥാപിക്കപ്പെട്ടാല്‍പോലും വ്യക്തികളുമായി ഈ ആയത്ത്‌ ബന്ധപ്പെടുന്നില്ല. വ്യക്തികള്‍ക്കു ആയുധങ്ങള്‍ ശേഖരിച്ചുവെക്കുന്നതില്‍ ഇസ്‌ലാമിക രാഷ്‌ട്രത്തിലും പരിധികള്‍ നിര്‍ണയിക്കാം. അല്ലാത്തപക്ഷം രക്തപ്പുഴ ഒഴുകുവാന്‍ തുടങ്ങും. ഇന്ത്യയിലും അമേരിക്കയിലും റഷ്യയിലും ചൈനയിലും ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക്‌ ഈ നിര്‍ദേശം ബാധകമാകുന്നില്ല. അവര്‍ ആയുധങ്ങള്‍ വാരിക്കൂട്ടിയില്ല എന്ന കാരണത്താല്‍ പരിപൂര്‍ണ മുസ്‌ലിംകളാവാതിരിക്കുന്നില്ല. ഇതുപോലെ മോഷ്‌ടാവിന്റെ കൈ മുറിക്കുവാനും വ്യഭിചാരിയെ ശിക്ഷിക്കുവാനും മറ്റുമുള്ള നിര്‍ദേശങ്ങള്‍ ഇന്ത്യയിലും അമേരിക്കയിലും മറ്റും താമസിക്കുന്ന ന്യൂനപക്ഷ മുസ്‌ലിംകളുമായി ബന്ധപ്പെടുന്നില്ല. ഇത്തരം നിയമങ്ങള്‍ നടപ്പാക്കിയില്ല എന്ന കാരണത്താല്‍ അവര്‍ കുറ്റക്കാരാകുന്നില്ല. ഈ നിയമങ്ങള്‍ നടപ്പാക്കിയാലാണ്‌ ന്യൂനപക്ഷ മുസ്‌ലിംകള്‍ ശിക്ഷിക്കപ്പെടുക. ഏതൊരു രാഷ്‌ട്രത്തിലെയും ക്രിമിനല്‍ നിയമങ്ങള്‍ പാലിക്കുവാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്‌.

മുസ്‌ലിംരാഷ്‌ട്രങ്ങളില്‍ താമസിക്കുന്ന മുസ്‌ലിം വ്യക്തികളുമായി പോലും ഈ നിര്‍ദേശങ്ങള്‍ ബന്ധപ്പെടുന്നില്ല എന്നതാണ്‌ യാഥാര്‍ഥ്യം. എന്റെ സ്വത്ത്‌ ഒരാള്‍ മോഷ്‌ടിച്ചാല്‍ അവന്റെ കൈ മുറിക്കുവാന്‍ എനിക്കവകാശമില്ല. എന്റെ മകളെ അല്ലെങ്കില്‍ ഭാര്യയെ ഒരാള്‍ മാനഭംഗപ്പെടുത്തിയാല്‍ എനിക്ക്‌ അയാളെ ശിക്ഷിക്കുവാന്‍ അവകാശമില്ല. എന്റെ മകനെ അല്ലെങ്കില്‍ എന്റെ പിതാവിനെ ഒരാള്‍ വധിച്ചാല്‍ ഘാതകനെ വധിക്കുവാന്‍ എനിക്കവകാശമില്ല. അതെല്ലാം ഭരണാധികാരികളാണ്‌ ചെയ്യേണ്ടത്‌. ശിക്ഷിക്കുവാനോ വിട്ടുവീഴ്‌ചചെയ്യുവാനോ എനിക്ക്‌ അവരോട്‌ ആവശ്യപ്പെടാം. അതായത്‌ ക്രിമിനല്‍ നിയമങ്ങള്‍ വ്യക്തികള്‍ കൈയിലെടുക്കുന്നത്‌ ഇസ്‌ലാമിക രാഷ്‌ട്രങ്ങളില്‍ പോലും അനുവദനീയമല്ല.
സത്യനിഷേധികളെ എവിടെ വെച്ച്‌ കണ്ടുമുട്ടിയാലും വധിച്ചുകളയുവാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നതുകാണാം. ഒരു മുസ്‌ലിം തന്റെ ജീവിതത്തില്‍ ഒരു സത്യനിഷേധിയെയും വധിച്ചില്ല എന്ന്‌ കരുതുക. അത്രയുമല്ല അവന്‍ ധാരാളം സത്യനിഷേധികളെ സാമ്പത്തികമായും മറ്റും സഹായിക്കുകയും ചെയ്‌തു. ഈ കാരണത്താല്‍ അവന്‍ പരിപൂര്‍ണമുസ്‌ലിമാവാതിരിക്കുന്നില്ല. ഇസ്‌ലാമിനെ നശിപ്പിച്ചുകളയുവാന്‍ ശത്രുക്കള്‍ ഇങ്ങോട്ട്‌ യുദ്ധത്തിനുവന്നപ്പോള്‍ സ്വാഭാവികമായും മുസ്‌ലിംകള്‍ക്ക്‌ യുദ്ധക്കളത്തില്‍ ഇറങ്ങേണ്ടിവന്നു. ഈ സന്ദര്‍ഭത്തില്‍ സത്യവിശ്വാസികള്‍ ഭീരുക്കളാവരുത്‌. ശത്രുവിനോടു മാന്യമായി വര്‍ത്തിക്കണമെന്ന ഖുര്‍ആനിന്റെ അടിസ്ഥാന തത്വം കണക്കിലെടുത്ത്‌ മുസ്‌ലിംകള്‍ പുറം കാണിച്ചുകൊടുക്കേണ്ടതില്ല. ശക്തിയായി പ്രതിരോധിക്കുകയും പ്രത്യാക്രമിക്കുകയും വേണം. ഈ സാഹചര്യത്തിലാണ്‌ സത്യനിഷേധികളെ വധിച്ചുകളയാന്‍ വിശുദ്ധ ഖുര്‍ആന്‍ കല്‌പിച്ചത്‌.
ജമാഅത്തെ ഇസ്‌ലാമി തന്നെ എഴുതുന്നു: ``നാം ആശിക്കുന്ന സത്യവ്യവസ്ഥ ഭൂമുഖത്ത്‌ ഒരു ചാണ്‍ സ്ഥലത്തുപോലും ഇന്നു ഫലത്തില്‍ സ്ഥാപിതമായിട്ടില്ലെന്നത്‌ ശരിയാണ്‌. പക്ഷേ നമുക്ക്‌ ഭൂമിയുടെ സ്ഥിതി കണ്ടു നിരാശപ്പെടേണ്ടതില്ല?''. (പ്രബോധനം, പു.7, ല 6) ഈ ഭൂമിയില്‍ ഒരു മനുഷ്യന്‍പോലും പരിപൂര്‍ണ മുസ്‌ലിമും മുവഹ്‌ഹിദുമായി ഇല്ലെന്ന്‌ ചുരുക്കം. അപ്രകാരം ജീവിക്കുവാന്‍ ഒരാള്‍ ഉദ്ദേശിച്ചാലോ അതിന്‌ സാധ്യവുമല്ല, ജമാഅത്തുകാര്‍ക്ക്‌ പോലും. അവര്‍ ഉദ്ദേശിച്ചഭരണം അവര്‍ക്ക്‌ ലഭിക്കുന്നതുവരേക്കും.

``രാഷ്‌ട്രസ്ഥാപനം മുസ്‌ലിംകളുടെ നിര്‍ബന്ധബാധ്യതയാണ്‌ എന്ന്‌ വ്യക്തമാക്കുന്ന ധാരാളം തിരുവചനങ്ങളുണ്ട്‌''. (പ്രബോധനം മാസിക, ല. 10, പു.36, പേ.22) ഈ വിഷയത്തില്‍ ഒരു ഹദീസ്‌ പോലും ഇല്ല എന്നതാണ്‌ യാഥാര്‍ഥ്യം. സമൂഹത്തെ ഖുര്‍ആന്‍കൊണ്ടും നബിചര്യകൊണ്ടും സംസ്‌കരിച്ചെടുക്കുക എന്നതാണ്‌ മുസ്‌ലിംകളുടെ ബാധ്യത. അങ്ങനെ ഒരു സമൂഹം ഉണ്ടായിത്തീരുമ്പോള്‍ അവര്‍ രാഷ്‌ട്രമായിത്തീരുകയാണ്‌ ചെയ്യുക. ഈ യാഥാര്‍ഥ്യം ഇവര്‍ തന്നെ എഴുതിയതു കാണാവുന്നതാണ്‌. നിങ്ങള്‍ മൂന്നു പേര്‍ ഒരു യാത്ര പുറപ്പെട്ടാല്‍ അവരില്‍ ഒരാളെ അമീറായി നിശ്ചയിക്കണം എന്നും നിങ്ങളെല്ലാം ഭരണകര്‍ത്താക്കളാണെന്നും ഭരണാധികാരിയുണ്ടായാല്‍ അദ്ദേഹത്തോട്‌ കൂറ്‌ പ്രഖ്യാപിക്കണമെന്നും നബി(സ) പ്രസ്‌താവിച്ച ഹദീസുകളാണ്‌ ഇവര്‍ ശേഷം ഉദ്ധരിക്കുന്നത്‌. സമൂഹത്തിനുള്ളിലെ നേതൃത്വപരമായ ബാധ്യതകളെ സംബന്ധിച്ച ഹദീസുകള്‍ രാഷ്‌ട്രസംസ്ഥാപനത്തിനു തെളിവാക്കുന്നതിന്‌ യാതൊരു ന്യായവുമില്ല. രാഷ്‌ട്രസംസ്ഥാപനം അല്ലാഹു നല്‍കുന്ന ഒരു ഭൗതിക അനുഗ്രഹമാണ്‌. നാം അതിനുവേണ്ടി പ്രവര്‍ത്തിച്ചാലും ലഭിക്കണമെന്നില്ല. ഇത്തരത്തിലുള്ള ഒരു സംഗതി മുസ്‌ലിംകളുടെ നിര്‍ബന്ധബാധ്യതയായി ഇസ്‌ലാം നിശ്ചയിച്ചിട്ടില്ല; നിശ്ചയിക്കുകയുമില്ല. റഷ്യയിലും ജപ്പാനിലും ഇന്ത്യയിലും മറ്റും താമസിക്കുന്ന മുസ്‌ലിംകളുടെ മേല്‍ ഇത്തരം ഒരു നിര്‍ബന്ധബാധ്യത കരുണാനിധിയായ ദൈവം ചുമത്തുകയില്ല. അധികാരം ലഭിച്ചവര്‍ക്ക്‌ മുസ്‌ലിം രാഷ്‌ട്ര സംസ്ഥാപനം നിര്‍ബന്ധബാധ്യതയാണെന്ന്‌ നമുക്ക്‌ പറയാം. അതിനും ഇവര്‍ ഉദ്ധരിച്ച തെളിവുകള്‍ ഒന്നുപോലും യഥാര്‍ഥതെളിവുകളല്ലെന്ന്‌ ഹദീസ്‌ പരിശോധിക്കുന്നവര്‍ക്ക്‌ മനസ്സിലാക്കാം.

``മുസ്‌ലിം സമൂഹത്തിന്റെ ഭരണം വെറും ശാഖാപരമോ മതേതരമോ ആയിരുന്നുവെന്ന്‌ വാദിച്ചു ഖുതുബ പരിഭാഷയും തറാവീഹ്‌ റക്‌അത്തുകളുടെ എണ്ണവുമാണ്‌ കൂടുതല്‍ മൗലികവും മതപരവുമെന്ന്‌ ധരിക്കാനോ ധരിപ്പിക്കാനോ ആര്‍ ശ്രമിച്ചാലും ഇസ്‌ലാമിനോട്‌ ചെയ്യുന്ന നീതിയല്ല''. (പ്രബോധനം വാരിക, പു 20, ലക്കം 34, പേജ്‌ 4)

ഇവര്‍ വിഷയം അട്ടിമറിക്കുകയാണ്‌ ചെയ്യുന്നത്‌. ഇന്ത്യയെപ്പോലെയുള്ള ഒരു രാഷ്‌ട്രത്തില്‍ ജീവിക്കുന്ന മുസ്‌ലിംകളെ സംബന്ധിച്ച്‌ മൗലികമായ പ്രശ്‌നം ഒരു മതരാഷ്‌ട്രം സ്ഥാപിക്കുവാന്‍ ശ്രമിക്കലാണെന്ന്‌ വിഡ്‌ഢികള്‍ മാത്രമേ വാദിക്കുകയുള്ളൂ. പുറമെ, മതരാഷ്‌ട്രം സ്ഥാപിക്കുവാന്‍വേണ്ടി തെരഞ്ഞെടുപ്പില്‍ നിന്നെല്ലാം മുസ്‌ലിംകള്‍ അകന്നുനില്‍ക്കുകയാണ്‌ ചെയ്യേണ്ടതെന്ന്‌ വിവരദോഷികള്‍ മാത്രമേ ജല്‍പിക്കൂ. ഇതാണല്ലോ ഇവര്‍ സമൂഹത്തോട്‌ പ്രഖ്യാപിച്ചിരുന്നത്‌. മുസ്‌ലിംകളുടെ മൗലികമായപ്രശ്‌നം പരിശുദ്ധഖുര്‍ആനും തിരുസുന്നത്തുമനുസരിച്ച്‌ ജീവിക്കുക എന്നതാണ്‌. ജനങ്ങളെ പൊതുവായും മുസ്‌ലിംകളെ പ്രത്യേകമായും അതിലേക്ക്‌ ക്ഷണിക്കുക എന്നതുമാണ്‌. ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുവാനുള്ള ഒരു പ്രധാന മാധ്യമമാണ്‌ വെള്ളിയാഴ്‌ചയിലെ ഖുത്‌ബ. ഇത്‌ ഒരു വിഭാഗം മലയാളത്തില്‍ നിര്‍വഹിക്കുമ്പോള്‍ അതിനെ മറ്റുള്ളവര്‍ വിമര്‍ശിക്കുകയും അവരെ അനാചാരത്തിന്റെ ആളുകളായി ചിത്രീകരിക്കുകയും ചെയ്യുന്നു. നബി(സ) നമസ്‌കരിച്ചത്ര തറാവീഹ്‌ നമസ്‌കരിക്കുന്നവരെ മതം വെട്ടിമുറിക്കുന്നവരെന്ന്‌ പോലും വിളിച്ച്‌ അധിക്ഷേപിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇതിന്നെതിരെ പ്രതികരിക്കാതെ ഇന്ത്യയില്‍ മതരാഷ്‌ട്രം സ്ഥാപിക്കുവാന്‍ മുസ്‌ലിംകള്‍ പ്രവര്‍ത്തിക്കലാണ്‌ പോലും മൗലികം! ഖുര്‍ആനും സുന്നത്തും മുറുകെപിടിക്കുന്നവരെ അനാചാരത്തിന്റെ ആളുകളായി ചിത്രീകരിക്കുന്ന ഒരു കൂട്ടം യാഥാസ്ഥിതിക മുസ്‌ലിംകളെ സംഘടിപ്പിച്ചുകൊണ്ട്‌ ഇവര്‍ എന്തുതരം ഇസ്‌ലാമിക രാഷ്‌ട്രമാണ്‌ സ്ഥാപിക്കുവാന്‍ പോകുന്നത്‌? അമുസ്‌ലിംകള്‍ ഒരു വിഗ്രഹത്തിന്ന്‌ പോലും അര്‍പ്പിക്കുവാന്‍ മടികാണിക്കുന്ന ആരാധനകളാണ്‌ മുസ്‌ലിംകളില്‍ ഭൂരിപക്ഷം ഖബ്‌റുകളില്‍ അര്‍പ്പിക്കുന്നത്‌. മൗദൂദി സാഹിബ്‌ തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്‌. ഈ മുസ്‌ലിംകളെ സംഘടിപ്പിച്ചാണ്‌ ഇവര്‍ ഇസ്‌ലാമികരാഷ്‌ട്രം സ്ഥാപിക്കുന്നത്‌! അതു തന്നെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കലും വോട്ടുചെയ്യലും അസംബ്ലിയിലും പാര്‍ലിമെന്റിലും പോകലും ഹറാമാക്കിക്കൊണ്ടും!

ഭരണത്തിനുവേണ്ടി പ്രവര്‍ത്തിക്കല്‍

മുജാഹിദ്‌ പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി ഇവര്‍ എഴുതുന്നതു കാണുക:
``ജമാഅത്തെ ഇസ്‌ലാമിയെ എതിര്‍ക്കാനിറങ്ങുമ്പോള്‍ ഇസ്‌ലാമിക ഭരണത്തിനുവേണ്ടി ശ്രമിക്കേണ്ടതില്ലെന്നും ഭരണം ലഭിക്കുകയാണെങ്കില്‍ ഇസ്‌ലാമികമായി നടത്തിയാല്‍ മതിയെന്നും വാദിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ മറവില്‍ ഇസ്‌ലാമിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം ദയനീയമായ പരിണാമങ്ങളും വിചിത്രമായ വൈരുധ്യങ്ങളും വന്നുചേരുകതന്നെചെയ്യും''. (പ്രബോധനം വാരിക, 1998 ഒക്‌ടോബര്‍-17)

``ഭരണം ലഭിച്ചപ്പോള്‍ ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കുകയല്ല, ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കാന്‍ ഭരണം സ്ഥാപിക്കുകയായിരുന്നു നബി(സ) ചെയ്‌തതെന്നും സത്യവിശ്വാസികള്‍ അതാണ്‌ ചെയ്യേണ്ടതെന്നും ഇതൊക്കെയും സംശയരഹിതമായി തെളിയിക്കുന്നു''. (പ്രബോധനം വാരിക, 1998 ഒക്‌ടോബര്‍ 17, പേജ്‌ 35)

മുജാഹിദ്‌ പ്രസ്ഥാനം ഇസ്‌ലാമിനെ തോല്‍പിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ വരെ ഇവര്‍ ഇവിടെ ആരോപിക്കുന്നു. മുജാഹിദ്‌ പ്രസ്ഥാനം എന്താണ്‌ പറയുന്നതെന്ന്‌പോലും പഠിക്കാതെയാണ്‌ ഇവര്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നത്‌. ഭരണത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടതില്ലെന്ന്‌ മുജാഹിദ്‌ പ്രസ്ഥാനം പറയുന്നുണ്ടെങ്കില്‍ അതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌, സമൂഹത്തെ മുസ്‌ലിംകളായി പരിവര്‍ത്തിപ്പിക്കാതെ അധികാരത്തിനുവേണ്ടി പ്രവര്‍ത്തിച്ചാല്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുവാന്‍ സാധ്യമല്ല എന്നാണ്‌ അതിനാല്‍ പരിവര്‍ത്തന പ്രവര്‍ത്തനം തുടങ്ങേണ്ടതു ഭരണം സ്ഥാപിച്ചിട്ടല്ല, അടിത്തറയില്‍ നിന്നാണ്‌ എന്നത്രെ. അതായത്‌ പരിശുദ്ധഖുര്‍ആനും നബിചര്യയും അടിസ്ഥാനമാക്കുന്ന ഒരു സമൂഹത്തെ സൃഷ്‌ടിക്കുക, അല്ലാഹുവിനും അവന്റെ ദൂതനും അനുസരണം കാണിക്കുന്നതിലും തൗഹീദിലും ജാഗ്രത പുലര്‍ത്തുന്ന ഒരു സമൂഹത്തെ സൃഷ്‌ടിക്കുക എന്നാണ്‌.

അല്ലാഹുവും അവന്റെ മലക്കുകളും ഇറങ്ങിവന്നു ഇവിടെ ഭരണം നടത്തുകയില്ല. മനുഷ്യനാണ്‌ ഭരണം നടത്തുന്നത്‌. അതിനാല്‍ ആ മനുഷ്യനെ ഇസ്‌ലാമെന്താണെന്ന്‌ ആദ്യം പഠിപ്പിക്കുക, സമൂഹത്തെ ശരിയായ മുസ്‌ലിംകളായി പരിവര്‍ത്തിപ്പിക്കാതെ അധികാരം കൈയില്‍ നല്‍കിയാല്‍ അതിന്റെ ഫലം എന്താണെന്നതിന്‌ ഇന്ന്‌ മുസ്‌ലിംലോകത്ത്‌ നടക്കുന്ന സംഭവങ്ങള്‍ തന്നെ സാക്ഷിയാണ്‌. ശരിയായ ഇസ്‌ലാമിക ഭരണം ഇന്ന്‌ ലോകത്തില്ലെന്നും ഇവര്‍ തന്നെ സമ്മതിക്കുന്നുണ്ട്‌. ഇസ്‌ലാമിക ഭരണത്തിന്റെ അടിത്തറ ഖുര്‍ആനും സുന്നത്തുമാണ്‌. വിശ്വാസപരമായി ഇതംഗീകരിക്കാത്തവരാണ്‌ ഇന്ത്യയില്‍ കൂടുതലുള്ളത്‌. തൗഹീദ്‌ അംഗീകരിക്കുക, ശിര്‍ക്കു ബിദ്‌അത്തുകളെ നിരാകരിക്കുക എന്നതാണ്‌ ഇസ്‌ലാമിക ഭരണത്തിന്റെ മറ്റൊരു അടിത്തറ. എന്നാല്‍ ഖബ്‌റാരാധനയും ബിദ്‌അത്തുകളും തൗഹീദായും സുന്നത്തായും അവതരിപ്പിക്കുന്ന മുസ്‌ലിംകളാണ്‌ ഇന്ത്യയില്‍ ഭൂരിപക്ഷമുള്ളത്‌. ഇവരുടെ കൈയില്‍ ഇന്ത്യയുടെ ഭരണചക്രം ലഭിക്കുന്നതിനെക്കാള്‍ ഇസ്‌ലാമിന്റെ താല്‍പര്യം സംരക്ഷിക്കപ്പെടുന്നതിനു നല്ലത്‌ ഇന്ത്യന്‍ മതേതരത്വം അപകടം സംഭവിക്കാതെ നിലനില്‍ക്കലാണെന്ന്‌ മുജാഹിദ്‌ വിരോധം കൊണ്ട്‌ അന്ധത ബാധിച്ചിട്ടില്ലാത്തവര്‍ക്കു ഗ്രഹിക്കുവാന്‍ പ്രയാസമുണ്ടാവുകയില്ല. ഇസ്‌ലാമികരാഷ്‌ട്രം സ്ഥാപിക്കണോ വേണ്ടേ എന്നതല്ല, ജനാധിപത്യവും ഇന്ത്യന്‍ മതേതരത്വവും തകര്‍ക്കാന്‍ വര്‍ഗീയവാദികളെ അനുവദിക്കണോ വേണ്ടേ എന്നതാണ്‌ ഇപ്പോഴത്തെ മൗലികപ്രശ്‌നമെന്ന്‌ വകതിരിവുള്ളവരെ പറഞ്ഞറിയിക്കേണ്ടതില്ല. ഒരു ഏക്കര്‍ സ്ഥലത്തെ ഭരണം പോലും ഇല്ലാഞ്ഞിട്ടും, ഇസ്‌ലാഹീ പ്രസ്ഥാനത്തെ ഇസ്‌ലാമിനെ തോല്‍പിക്കാന്‍ ശ്രമിക്കുന്ന പ്രസ്ഥാനമായി ചിത്രീകരിക്കാന്‍ ധാര്‍ഷ്‌ട്യം കാണിച്ചവരുടെ കൈയില്‍ ഭരണം ലഭിച്ചാല്‍ തൗഹീദ്‌ പ്രസ്ഥാനത്തെ ഇവര്‍ നിരോധിക്കുകയും അതിന്റെ പണ്ഡിതന്മാരെ ഉന്‍മൂലനം ചെയ്യുകയും ചെയ്യുമെന്ന്‌ ന്യായമായും ആശങ്കിക്കാവുന്നതാണ്‌!

മനുഷ്യമനസ്സ്‌ ഖുര്‍ആന്‍കൊണ്ടും നബിചര്യകൊണ്ടും സംസ്‌കരിക്കാതെ ഇത്തരക്കാരുടെ കൈയില്‍ ഭരണം ലഭിച്ചാല്‍ ഭ്രാന്തന്റെ കൈയില്‍ കഠാരി ലഭിച്ചതുപോലെയായിരിക്കും. ഇന്ന്‌ മുസ്‌ലിം ലോകത്ത്‌ അതാണ്‌ കാണുന്നത്‌. പണ്ടുകാലത്ത്‌ കണ്ടതും അതു തന്നെയാണ്‌. നബി കുടുംബത്തെ ഒരു തുള്ളി ദാഹജലം പോലും നല്‍കാതെ വധിച്ചുകളഞ്ഞത്‌ ആരായിരുന്നു? ഞങ്ങളാണ്‌ ശരിയായ മുസ്‌ലിംകളെന്നായിരുന്നു താര്‍ത്താരികളും തുര്‍ക്കികളും അവകാശപ്പെട്ടിരുന്നത്‌. ഇസ്‌ലാമിസ്റ്റുകളെ ദിവസേന വധിച്ചുകളയുന്നത്‌ ഏതു രാഷ്‌ട്രത്തിലാണ്‌? സയ്യിദ്‌ ഖുതുബിനെയും മറ്റും തൂക്കിക്കൊന്നത്‌ ആരായിരുന്നു? അഫ്‌ഗാനിസ്‌താനില്‍ എന്താണ്‌ നടക്കുന്നത്‌? ഇവരെല്ലാം അവകാശപ്പെടുന്നത്‌ ഞങ്ങളുടെ ഭരണമാണ്‌ ശരിയായ ഇസ്‌ലാമിക ഭരണം എന്നാണ്‌. എന്നാല്‍ ഇന്ത്യയില്‍ എത്ര പണ്ഡിതന്മാരെയാണ്‌ ഭരണകൂടം തൂക്കിലേറ്റിയ്‌ത്‌?

ജമാഅത്തെ ഇസ്‌ലാമി ചിലപ്പോള്‍ സത്യം അറിഞ്ഞോ അറിയാതെയോ എഴുതാറുണ്ട്‌. അവര്‍ എഴുതിയ സത്യം മാത്രമാണ്‌ മുജാഹിദുകള്‍ ഈ വിഷയത്തില്‍ എന്നും പറഞ്ഞിട്ടുള്ളത്‌.
``എന്നാല്‍ വൈയക്തിക ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും സംസ്‌കരണത്തിനുമുമ്പായി രാഷ്‌ട്രഘടനയില്‍ പരിവര്‍ത്തനമുണ്ടാക്കുന്നതു കുതിരയ്‌ക്കു മുമ്പില്‍ വണ്ടികെട്ടാനുള്ള ശ്രമമാണ്‌. ഈ പശ്ചാത്തലത്തില്‍ വേണം ഇസ്‌ലാമിക രാഷ്‌ട്രസിദ്ധാന്തത്തെ കാണുന്നത്‌. ചുരുക്കത്തില്‍ വ്യക്തികളെ സംസ്‌കരിക്കുകയും ബഹുജനാഭിപ്രായം ഇസ്‌ലാമികസിദ്ധാന്തത്തിന്നനുകൂലമായി മാറ്റുകയുമത്രെ ഞങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യം. ഇസ്‌ലാമിക രാഷ്‌ട്ര സ്ഥാപനമല്ല.'' (പ്രബോധനം മാസിക, പു 21, ലക്കം 9, 1962 ജൂലായ്‌ 1, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍, ആഭ്യന്തരമന്ത്രി ലാല്‍ബഹദൂര്‍ ശാസ്‌ത്രിയുടെ പ്രസ്‌താവനയ്‌ക്കു ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഖയ്യിം മുഹമ്മദ്‌ യൂസുഫ്‌ സാഹിബിന്റെ മറുപടി). ഇതേ സംഗതി മുജാഹിദുകള്‍ പറഞ്ഞതുകൊണ്ടാണ്‌ അവരെ ജമാഅത്തെ ഇസ്‌ലാമിയുടെ മറവില്‍ ഇസ്‌ലാമിനെ തോല്‍പിക്കാന്‍ ശ്രമിക്കുന്നവരെന്ന്‌ ചിത്രീകരിച്ചതെന്ന്‌ ഓര്‍ക്കുക.

``മുസ്‌ലിംകള്‍ സ്വജീവിതത്തില്‍ ദീന്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ ഇതരവിഭാഗങ്ങളില്‍ ഇസ്‌ലാം ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ യാതൊരു കാരണവും അവശേഷിക്കുന്നില്ല. ചുരുങ്ങിയ പക്ഷം നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇസ്‌ലാമിനെ താത്വികമായെങ്കിലും അംഗീകരിക്കുകതന്നെ ചെയ്യുമെന്നതില്‍ സംശയമില്ല. അങ്ങനെ വരുമ്പോള്‍ ഇസ്‌ലാമിക ചിന്താഗതിക്ക്‌ മാത്രമേ പ്രാബല്യമുണ്ടായിരിക്കുകയുള്ളൂ. ഇങ്ങനെയുള്ള ഒരു ചുറ്റുപാടില്‍ ഒരിസ്‌ലാമിക സ്റ്റൈയിറ്റിന്റെ രൂപീകരണവും ക്ഷിപ്രസാധ്യമാണല്ലോ. തങ്ങള്‍ക്ക്‌ മുമ്പുള്ളവരെ പ്രതിനിധികളാക്കിയതുപോലെ നിങ്ങളില്‍ നിന്നും സത്യവിശ്വാസം കൈക്കൊള്ളുകയും സദ്‌കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവരെ ഭൂമിയില്‍ പ്രതിനിധികളാക്കുമെന്ന്‌ അല്ലാഹു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു എന്ന ഖുര്‍ആന്‍വാക്യത്തില്‍ അടങ്ങിയിരിക്കുന്ന തത്വവും ഇതുതന്നെയാണ്‌. ഇന്നു മുസ്‌ലിംസമുദായം കേവലം ഒരു സമുദായമായവശേഷിച്ചിരിക്കുകയാണ്‌. മുസ്‌ലിംകളില്‍ നിന്ന്‌ പ്രാസ്ഥാനിക ജീവിതം തീരെ നശിച്ചു പോയിരിക്കുകയാണ്‌'' (പ്രബോധനം, പു.7, ല.10, 1954 നവംബര്‍ 15, ഭൗതിക രാഷ്‌ട്രത്തില്‍ നിങ്ങള്‍ക്ക്‌ ജീവിക്കാമോ?) ഹുകൂമത്തെ ഇലാഹിക്കുവേണ്ടി പുതിയൊരു പരിശ്രമം നടത്തേണ്ടതായി വരികയില്ലെന്ന്‌ എഴുതിയശേഷം ഇവര്‍ വിവരിച്ച മാര്‍ഗമാണ്‌ മുകളില്‍ നാം വായിച്ചത്‌.

``ഇസ്‌ലാമിന്റെ താല്‌പര്യവും മുസ്‌ലിം സമുദായത്തിന്റെ സകലവിധ താല്‌പര്യങ്ങളും എപ്പോഴും ഒന്നായിക്കൊള്ളണമെന്നില്ല. ഈ പരമാര്‍ഥം ഇന്ന്‌ തീരെ വിസ്‌മരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇതെത്ര പരിതാപകരം! സമുദായത്തിന്റെ വ്യാജതാല്‌പര്യങ്ങളെ അഗണ്യകോടിയില്‍ തള്ളിക്കളഞ്ഞു ഇസ്‌ലാമിന്റെ താല്‌പര്യത്തിനു മുന്‍ഗണന നല്‌കുകയല്ലാതെ ഒരു യഥാര്‍ഥ മുസ്‌ലിമിന്‌ ഗത്യന്തരമില്ല''(ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യം, മാര്‍ഗം. അബുലൈസ്‌, പേ. 58)

``മുസ്‌ലിം സമുദായത്തിന്റെ ജീവിതനിലവാരം അമുസ്‌ലിംകള്‍ക്ക്‌ ഒട്ടും തന്നെ ആകര്‍ഷണീയമല്ലെന്ന പരമാര്‍ഥം മര്‍ക്കടമുഷ്‌ടിയില്ലാത്ത ഏതൊരാളും സമ്മതിക്കുന്നതാണ്‌. ഇനി മുസ്‌ലിംകളുടെ വല്ല പ്രത്യേകതയും വല്ല നിലക്കും പ്രകടമായിട്ടുണ്ടെങ്കില്‍ തന്നെ അതു മിക്കവാറും അവരുടെ സ്വകാര്യജീവിതത്തില്‍ മാത്രം പരിമിതമാണ്‌. സാമൂഹ്യപ്രശ്‌നങ്ങളെയും ഇടപാടുകളെയും സംബന്ധിച്ചിടത്തോളം അവരുടെ കര്‍മജീവിതത്തിനു യാതൊരു സവിശേഷതയും ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല''. (ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യം, മാര്‍ഗം, പേജ്‌:77)

``ഞങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നിര്‍വഹിക്കുന്നതിനുള്ള ഏറ്റവും ശരിയായ മാര്‍ഗം ആദ്യമായി മനുഷ്യന്റെ ചിന്തയെയും ഹൃദയത്തെയും സംസ്‌കരിക്കുക എന്നതാണ്‌. പ്രവാചകവര്യര്‍ ഇതേ മാര്‍ഗമാണ്‌ സ്വീകരിച്ചിരുന്നത്‌. നബി(സ) തിരുമേനിയുടെ ഉത്തമ മാതൃകയും ഇതുതന്നെയാണ്‌. ജനങ്ങളുടെ ഹൃദയത്തില്‍ അല്ലാഹുവെക്കുറിച്ചുള്ള ഭയഭക്തിയും പരലോകത്തിലെ രക്ഷാശിക്ഷകളിലുള്ള വിശ്വാസവും അടിയുറപ്പിച്ച ശേഷമാണ്‌ തിരുമേനി മദ്യനിരോധം പ്രഖ്യാപിച്ചതെന്നും അല്ലാത്തപക്ഷം മദ്യം ഉപേക്ഷിക്കാന്‍ ആരും അത്ര എളുപ്പം തയ്യാറാകുമായിരുന്നില്ലെന്നും ആഇശ(റ) പ്രസ്‌താവിക്കുന്നു. തിരുമേനി (സ)തന്നെ അരുള്‍ചെയ്യുന്നതു നോക്കുക: അറിയുക, മനുഷ്യ ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്‌. അത്‌ ശരിപ്പെട്ടാല്‍ ശരീരം മുഴുവന്‍ ശരിപ്പെട്ടു. അത്‌ ദുഷിച്ചാല്‍ ശരീരമാകമാനം ദുഷിച്ചു. അതത്രെ ഹൃദയം. അതിനാല്‍ ഭരണവ്യവസ്ഥ മാറ്റുക, സാമ്പത്തിക സാമൂഹിക വ്യവസ്ഥയില്‍ മാറ്റം വരുത്തുക എന്നിങ്ങനെ ഏതു പ്രശ്‌നമാകട്ടെ ഹൃദയത്തിനും മസ്‌തിഷ്‌കത്തിനും സംസ്‌കരണം സിദ്ധിക്കാത്ത കാലത്തോളം അതൊരിക്കലും വിജയപ്രദമാകയില്ലെന്നാണ്‌ ഞങ്ങളുടെ അഭിപ്രായം. ഇനി വിജയിച്ചാല്‍ തന്നെ വെറും താല്‍ക്കാലികം മാത്രമായിരിക്കും. കൂടുതല്‍ കാലം അതു നിലനില്‍ക്കുക സാധ്യമേയല്ല''. (ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യം, മാര്‍ഗം പേജ്‌ 64,65)
ഇതേ കാര്യം പറഞ്ഞതുകൊണ്ടാണ്‌ ഇസ്‌ലാമികഭരണം വരുന്നതിന്‌ മുജാഹിദുകള്‍ എതിരാണെന്നുള്ള തെറ്റിദ്ധാരണകള്‍ ഇവര്‍ സൃഷ്‌ടിക്കുന്നത്‌. ആരിലും നിര്‍ബന്ധം ചെലുത്താതെ ഇസ്‌ലാമിന്റെ മഹത്വം പഠിപ്പിച്ചുകൊടുത്തും സ്വജീവിതത്തില്‍ അത്‌ പകര്‍ത്തിയും മറ്റുള്ളവരെ ആകര്‍ഷിക്കുക. ഇതാണ്‌ സ്ഥിരമായ ഇസ്‌ലാമിക പ്രവര്‍ത്തന ശൈലി.
ഇവരുടെ മാസികയില്‍ വന്ന ഒരു ചോദ്യവും അതിനു നല്‍കിയ മറുപടിയും ശ്രദ്ധിക്കുക:

ചോദ്യം: അനിസ്‌ലാമിക രാഷ്‌ട്രത്തില്‍ മുസ്‌ലിംകള്‍ ജീവിച്ചതിന്റെ മാതൃക നബിയുടെ മക്കാജീവിതമാണോ? ഇത്തരം പരിതഃസ്ഥിതികളില്‍ മറ്റൊരു രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ അവര്‍ ഇവിടെ നിന്നു കൊണ്ട്‌ശ്രമിക്കേണ്ടതുണ്ടോ?

ഉത്തരം: നബി(സ) ഇന്നത്തെ അര്‍ഥത്തില്‍ ഒരു രാഷ്‌ട്രീയ നേതാവായിട്ടല്ല മറിച്ച്‌ സ്വന്തം സഹോദരങ്ങളായ മനുഷ്യര്‍ക്ക്‌ ദൈവികസന്ദേശം എത്തിച്ചുകൊടുക്കുകയും അവരെ സന്മാര്‍ഗത്തിലേക്ക്‌ ക്ഷണിക്കുകയും സംസ്‌കരിച്ചെടുക്കുകയും ചെയ്യുന്ന പ്രവാചകനായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്‌. അങ്ങനെ പ്രസ്‌തുത സന്ദേശം സ്വീകരിച്ച്‌ അതിന്നനുസരിച്ച്‌ ജീവിക്കുന്ന ഒരു സമൂഹമുണ്ടായപ്പോള്‍ അവര്‍ സ്വാഭാവികമായും ഒരു രാഷ്‌ട്രമായിത്തീര്‍ന്നു. സമൂഹ ജീവിതത്തെ നിയന്ത്രിക്കുന്ന ഏതു ആദര്‍ശ ചിന്താഗതികളുടെയും സ്വഭാവം ഇതുതന്നെയാണ്‌. അതിന്‌ രാഷ്‌ട്രം സ്ഥാപിക്കുക എന്ന്‌ പറയാമെങ്കില്‍ പറഞ്ഞുകൊള്ളുക. അല്ലെങ്കില്‍ പറയേണ്ടതില്ല. അത്‌ ഭാഷാപ്രയോഗത്തിലുള്ള വ്യത്യാസം മാത്രമാണ്‌. എന്നാല്‍ ഇസ്‌ലാമില്‍ വിശ്വാസമുള്ളവര്‍ക്ക്‌ മാതൃക നബി(സ) തന്നെയാണെന്നതില്‍ സംശയമില്ല. അതിനാല്‍ ദൈവിക സന്ദേശമനുസരിച്ച്‌ ജീവിക്കുകയും സ്വസഹോദരങ്ങളായ മനുഷ്യരെ അതിലേക്ക്‌ ക്ഷണിക്കുകയുമാണ്‌ മുസ്‌ലിംകളുടെ കര്‍ത്തവ്യം. ഫലം എന്തുതന്നെയായിരുന്നാലും നബിയുടെ മാതൃക അതാണെന്നതില്‍ സംശയമില്ല''(പ്രബോധനം മാസിക, പുസ്‌തകം 38, ലക്കം 2, 1972 ജൂണ്‍, അനിസ്‌ലാമിക രാഷ്‌ട്രവും മുസ്‌ലിംകളും, പേജ്‌ 38,39)

നബിയുടെ മാതൃക എന്തെന്ന്‌ മുജാഹിദുകള്‍ പ്രസ്‌താവിച്ചതിന്റെ പേരിലാണ്‌ അവര്‍ എവിടെയും ഇസ്‌ലാമികഭരണം വരുന്നതിന്‌ എതിരാണെന്നും ഇസ്‌ലാമിനെ നശിപ്പിക്കുകയാണെന്നും ജമാഅത്തുകാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്‌.

``മറ്റൊരുകാര്യം ഇവിടെ ശ്രദ്ധേയമാകുന്നു. ഈ സൂക്തങ്ങളില്‍ അധിക്ഷേപിക്കപ്പെട്ടവര്‍ അറബികളായ മുശ്‌രിക്കുകളത്രെ. അവികലരും സുരക്ഷിതരുമായ സന്താനങ്ങള്‍ ജനിക്കുവാന്‍ വേണ്ടി അവര്‍ അല്ലാഹുവോട്‌ പ്രാര്‍ഥിച്ചിരുന്നു. പക്ഷേ കുട്ടിയുടെ ജനനത്തിനുശേഷം ഇതരന്മാര്‍ക്കാണ്‌ അവര്‍ നന്ദി രേഖപ്പെടുത്തിയിരുന്നത്‌. ഇതായിരുന്നു അവരുടെ പ്രത്യേകത. തീര്‍ച്ചയായും വളരെ നെറികെട്ട ഒരു നിലപാടാണിത്‌. എന്നാല്‍ ഇന്നത്തെ ഏകദൈവവാദികളുടെ ശിര്‍ക്കാണ്‌ ഇതിനേക്കാള്‍ കൂടുതല്‍ നെറികെട്ടത്‌. ഇവര്‍ സന്താനങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നതുപോലും ദൈവേതരന്മാരോടാകുന്നു. ഗര്‍ഭകാലത്തു നടത്തുന്ന വഴിപാടുകള്‍ ഇതരന്മാര്‍ക്കാണ്‌. കുട്ടി ജനിച്ചശേഷമുള്ള നേര്‍ച്ചകള്‍ ഇതരന്മാരുടെ ഖബ്‌റുകള്‍ക്കും. എന്നിട്ടും ജാഹിലിയ്യാ കാലത്തെ അറബികള്‍ മുശ്‌രിക്കുകളും ഇവര്‍ മുവഹ്‌ഹിദുകളുമാണത്രെ. അവര്‍ക്ക്‌ നരകവും ഇവര്‍ക്ക്‌ സ്വര്‍ഗവും. അവരെ വിമര്‍ശിക്കുന്ന നാവുകള്‍ അതിരൂക്ഷങ്ങളാണെങ്കിലും ഇവരെ വിമര്‍ശിച്ചുപോയാല്‍ മതവൃത്തങ്ങളില്‍ എന്തെന്നില്ലാത്ത ഒരു കോളിളക്കം സംജാതമാവും. ഈ സ്ഥിതിവിശേഷത്തെപ്പറ്റിയാണ്‌ പരേതനായ ഹാലി മുസദ്ദസിന്‍ പറഞ്ഞത്‌: ജൂതന്മാര്‍ വിഗ്രഹപൂജ നടത്തിയാല്‍ കാഫിര്‍, ദൈവത്തിനുപുത്രനെ സങ്കല്‌പിച്ചാല്‍ കാഫിര്‍, അഗ്നിയ്‌ക്കു മുമ്പില്‍ പ്രണമിച്ചാല്‍ കാഫിര്‍, നക്ഷത്രങ്ങള്‍ക്ക്‌ ശക്തിയുണ്ടെന്നു വിശ്വസിച്ചാല്‍ കാഫിര്‍. എന്നാല്‍ വിശ്വാസികള്‍ക്കു വിശാലമാണ്‌ മാര്‍ഗങ്ങള്‍! ആരെ വേണമെങ്കിലും അവര്‍ക്കു സാവേശം ആരാധിക്കാം. നബിയെ യഥേഷ്‌ടം ദൈവമാക്കിയാലും ഇമാമുകളുടെ പദവി നബിയുടെതില്‍ നിന്നുയര്‍ത്തിയാലും ശ്‌മശാനങ്ങളില്‍ പോയി വഴിപാടുകളര്‍പ്പിച്ചാലും ശഹീദന്മാരുടെ അടുത്തു ചെന്ന്‌ പ്രാര്‍ഥിച്ചാലും തൗഹീദിനു കോട്ടമൊന്നും വരുന്നില്ല. ഇസ്‌ലാം തകരുന്നില്ല. ഈമാന്‍ പോകുന്നില്ല!'' (പ്രബോധനം മാസിക, പുസ്‌തകം 26, ലക്കം 4, 1965 മാര്‍ച്ച്‌, തഫ്‌ഹീമുല്‍ ഖുര്‍ആന്‍- മൗദൂദി, പേജ്‌ 11,12, അഅ്‌റാഫ്‌ 189-ാം ആയത്തിന്റെ വ്യാഖ്യാനം) ചിന്തിക്കുക! ഇത്തരം മുസ്‌ലിംകളാണ്‌ ഇന്ത്യയില്‍ ഭൂരിഭാഗവും. ഇവരെ സംഘടിപ്പിച്ചുകൊണ്ട്‌ എങ്ങനെയാണ്‌ ഒരു ഇസ്‌ലാമിക ഭരണം ഇവര്‍ സ്ഥാപിക്കുക? മുജാഹിദുകള്‍ ഇത്തരം മുസ്‌ലിംകളെ സംഘടിപ്പിച്ച്‌ ഒരു ഇസ്‌ലാമിക ഭരണം സ്ഥാപിക്കുവാന്‍ രംഗത്തു വരാത്തതുകൊണ്ടായിരിക്കുമോ ജമാഅത്തു വിരോധം മറയാക്കി ഇസ്‌ലാമിനെ തകര്‍ക്കുന്നവരാണ്‌ മുജാഹിദുകളെന്ന്‌ ഇവര്‍ എഴുതിവിട്ടത്‌?

``മുസ്‌ലിംകളുടെ ധാര്‍മികാധഃപതനത്തിന്റെ കഥ പറയാതിരിക്കുകയാണ്‌ ഭേദം. വ്യഭിചാരം, മദ്യപാനം, ചൂതാട്ടം, ചീട്ടുകളി എന്നുവേണ്ട സകല വൃത്തികേടുകളും വഷളത്തരങ്ങളും ഈ സമുദായത്തില്‍ നിര്‍ബാധം നടമാടുന്നു. സുന്നത്തുകളുടെ സ്ഥാനത്തു ബിദ്‌അത്തുകള്‍ കയ്യേറിയിരിക്കുന്നു. ഭൗതികത്വം തൗഹീദിനെ കാര്‍ന്നുതിന്നുന്നു''. (പ്രബോധനം, പുസ്‌തകം 24, ലക്കം 8,9, 1964 ജനുവരി 15, പേജ്‌ 192, സമ്മേളനപ്രമേയം)

``ഭാരതത്തിലെ കോടിക്കണക്കിനാളുകള്‍ ഇനിയും യഥാവിധം ഇസ്‌ലാമിക സന്ദേശം ശ്രവിച്ചിട്ടില്ലാത്തവരാണ്‌. മുസ്‌ലിംകളില്‍ തന്നെ വലിയൊരു വിഭാഗമാളുകള്‍ യഥാര്‍ഥ ഇസ്‌ലാമികാധ്യാപനങ്ങളെക്കുറിച്ചജ്ഞരായാണ്‌ കഴിയുന്നത്‌''. (പ്രബോധനം, ലക്കം 10, പുസ്‌തകം 38, 1980 ജനുവരി, മുഖപ്രസംഗം, പേജ്‌ 2)

``അവകാശങ്ങളും അധികാരങ്ങളുമെല്ലാം സ്വയം ലഭ്യമാവുന്നതാണ്‌. പിന്നെ അതിനുവേണ്ടി അവര്‍ പ്രത്യേകം സംഘടിക്കുകയോ പ്രവര്‍ത്തിക്കുകയോ വേണ്ടിവരില്ലെന്ന്‌ തീര്‍ച്ച'' പ്രബോധനം, പുസ്‌തകം 32 ലക്കം 2, 1971 മുഖപ്രസംഗം )

ഇത്‌ മുജാഹിദുകള്‍ പറഞ്ഞാല്‍ ഇവര്‍ ഖണ്ഡിക്കും. സമ്പത്തിന്‌ നാം അധ്വാനിക്കേണ്ടതില്ലേ? എന്നു ഇവര്‍ ചോദിക്കും. നബി(സ) ഭരണത്തിനുവേണ്ടി പ്രത്യേകം പ്രവര്‍ത്തിച്ചുണ്ടെന്നു സമര്‍ഥിക്കും. നീട്ടി വലിച്ച ലേഖനങ്ങള്‍ എഴുതുവാന്‍ പേജുകള്‍ നീക്കിവെക്കും.
``മുസ്‌ലിം നാമധാരികളാല്‍ ഭരിക്കപ്പെടുന്ന ഒരു ഭൗതിക രാഷ്‌ട്രം സ്ഥാപിച്ചതുകൊണ്ട്‌ ഇസ്‌ലാമിന്‌ യാതൊരു നേട്ടവുമില്ല''. (മുസ്‌ലിം ഒരു പാര്‍ട്ടി, ഐ പി എച്ച്‌ നമ്പര്‍ 50, പേജ്‌ 10) ഈ തത്വം മുജാഹിദുകള്‍ പറഞ്ഞാല്‍ ജമാഅത്തിന്റെ മറവില്‍ ഇസ്‌ലാമിനെ തോല്‌പിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ ഇവര്‍ എഴുതും. മുസ്‌ലിം സമുദായത്തെ വിമര്‍ശിച്ചുവെന്ന്‌ ഇവര്‍ ജല്‍പിക്കും.
സുലൈമാന്‍നബി(അ) ഭരണം ലഭിക്കുവാന്‍വേണ്ടി പ്രാര്‍ഥിച്ചത്‌ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്‌. പരിശുദ്ധ ഖുര്‍ആനിലോ നബിചര്യയിലോ സ്ഥിരപ്പെട്ട ഒരു സംഗതിയേയും ഇസ്‌ലാഹീപ്രസ്ഥാനം എതിര്‍ക്കുകയില്ല. അതിനാല്‍ ഭരണം ആഗ്രഹിക്കുവാനോ അതിന്‌ പ്രാര്‍ഥിക്കുവാനോ പ്രവര്‍ത്തിക്കുവാനോ പാടില്ലെന്ന്‌ മുജാഹിദുകള്‍ വാദിച്ചിട്ടില്ല. ആ പ്രവര്‍ത്തനശൈലി എപ്രകാരമായിരിക്കണം, എവിടെനിന്നു ആരംഭിക്കണം ഇതാണ്‌ തര്‍ക്കവിഷയം.

``ഇസ്‌ലാമിനെ പൂര്‍ണരൂപത്തില്‍ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുകയും അവരില്‍ ഭൂരിഭാഗവും ഇസ്‌ലാമിനെ അംഗീകരിച്ചു കഴിഞ്ഞാല്‍ ഒരു ഇസ്‌ലാമിക സാമൂഹ്യക്രമം സ്ഥാപിക്കുകയും ചെയ്യണമെന്നേ മൗദൂദികളും പറയുന്നുള്ളൂ''. (പ്രബോധനം പു 17, ലക്കം 7, ചോദ്യോത്തരം, പേജ്‌ 9) അതുവരെ തൗഹീദ്‌ അനുസരിച്ച്‌ ജീവിക്കുവാനും മുസ്‌ലിംകള്‍ക്ക്‌ സാധിക്കുമെന്ന്‌ മുജാഹിദുകള്‍ പറഞ്ഞതായിരിക്കുമോ തര്‍ക്കവിഷയം?

ഇസ്‌ലാമും രാഷ്‌ട്രീയവും

മുജാഹിദ്‌ പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ എഴുതുന്നതു കാണുക: ``മുജാഹിദ്‌ സംഘടനയുടെ സമുന്നത നേതാവായ പ്രമുഖ പണ്ഡിതന്‍ എഴുതുന്നു: മതവിഷയങ്ങള്‍ പ്രധാനമായിരിക്കട്ടെ, അപ്രധാനമായിരിക്കട്ടെ അവയിലെല്ലാം വ്യക്തമായ നിര്‍ദേശം നല്‍കിയതിനുശേഷമേ തിരുമേനി വിടപറഞ്ഞിട്ടുള്ളൂ. തൗഹീദിന്റെ വിശാലമായ അര്‍ഥകല്‌പനയില്‍ ഭരണവും ഉള്‍പ്പെടുമായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അണുഅളവ്‌ തെറ്റാതെ കണിശവും സൂക്ഷ്‌മവുമായ നിയമനിര്‍ദേശങ്ങള്‍ തിരുമേനി നല്‍കുമായിരുന്നു. പക്ഷേ ഭരണം ദുനിയാവിന്റെ കാര്യമായതിനാല്‍ അതതു കാലത്തെ ജനങ്ങള്‍ കൂടിയാലോചിച്ചു തീരുമാനിക്കട്ടെ. നിങ്ങളുടെ ലൗകികകാര്യങ്ങളില്‍ കൂടുതല്‍ അറിവുള്ളവര്‍ നിങ്ങള്‍ തന്നെയാണെന്ന തിരുവചനത്തിന്റെ താല്‌പര്യത്തോട്‌ അനുരൂപമായിക്കൊണ്ടാണ്‌ നബി അതിനെക്കുറിച്ച്‌ വ്യക്തമായി നിര്‍ദേശങ്ങള്‍ നല്‍കാതിരുന്നത്‌ (സല്‍സബീല്‍, പുസ്‌തകം 2, ല 23, പേജ്‌ 16)

നമ്മുടെ രാജ്യത്തെ ആത്യന്തികമതേതരവാദികളുടെയും ഭൗതിക വാദികളുടെയും വീക്ഷണം തന്നെയല്ലേ ഇത്‌? മതം മനുഷ്യനും ദൈവവും തമ്മിലുള്ള സ്വകാര്യ ഇടപാടാണെന്നും സീസര്‍ക്കുള്ളത്‌ സീസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനെന്നുമുള്ള കാഴ്‌ചപ്പാട്‌ വെച്ചുപുലര്‍ത്തുകയും ഭരണവും രാഷ്‌ട്രീയവുമെല്ലാം അതതു കാലത്തെ ജനങ്ങള്‍ തീരുമാനിക്കേണ്ടതാണെന്നും മതം അതിലിടപെടരുതെന്നുമുള്ള നിലപാട്‌ സ്വീകരിക്കുകയും ചെയ്യുന്ന തനി ഭൗതികന്മാരുടെ വീക്ഷണവും ഇതുതന്നയെല്ലേ?'' (പ്രബോധനം വാരിക, 1998 സെപ്‌തംബര്‍ 26, പേജ്‌ 33)

`സല്‍സബീലി'ല്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം മനുഷ്യര്‍ സ്വമനസ്സാല്‍ ആരുടെയും നിര്‍ബന്ധമില്ലാതെ ഇസ്‌ലാമാവുകയും അങ്ങനെ ഒരു ഇസ്‌ലാമികരാഷ്‌ട്രം സ്ഥാപിക്കപ്പെടുകയും ചെയ്‌താല്‍ ഇസ്‌ലാമിന്‌ ഭരണരംഗത്തേക്ക്‌ നിയമങ്ങള്‍ ഇല്ലെന്നും മനുഷ്യന്റെ ഇഷ്‌ടംപോലെ എങ്ങനെയും ഭരണം നടത്താമെന്നുമാണെന്ന്‌ വിഡ്‌ഢികള്‍ മാത്രമേ വ്യാഖ്യാനിക്കുകയുള്ളൂ. ഇവര്‍ ശാഖാപരമായി തള്ളുന്ന രംഗത്തുവരെ ഇസ്‌ലാമിന്റെ നിയമമുണ്ടെന്ന്‌ പറയുന്ന മുജാഹിദ്‌ പ്രസ്ഥാനത്തെ എങ്ങനെ ഇവര്‍ക്കു ഇപ്രകാരം കുറ്റപ്പെടുത്താന്‍ സാധിച്ചു? ഇവരാണ്‌ പോലും സഹിഷ്‌ണുതയുടെ ആളുകള്‍! ഭരണമില്ലെങ്കില്‍ തൗഹീദില്ലെന്ന വാദത്തെയാണ്‌ ഞങ്ങള്‍ ഖണ്ഡിക്കുന്നത്‌. അതുപോലെ ഭരണവും തൗഹീദും ഒന്നുതന്നെയാണെന്ന വാദത്തെയും. റഷ്യയിലും ചൈനയിലും ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക്‌ വരെ പരിപൂര്‍ണ തൗഹീദിന്റെ ആളുകളായി ജീവിക്കുവാന്‍ സാധിക്കുമെന്നാണ്‌ ഞങ്ങളുടെ വാദം. ഇന്ത്യയില്‍ ജീവിക്കുന്ന നിങ്ങള്‍ക്കും ഞങ്ങള്‍ക്കും അതുപോലെ സാധിക്കുന്നതാണ്‌. മിക്ക നബിമാര്‍ക്കും അനുയായികള്‍ക്കും ഭരണം ലഭിച്ചിട്ടില്ല. എങ്കിലും അവരെല്ലാം പരിപൂര്‍ണ മുവഹ്‌ഹിദുകളായി ജീവിച്ചു മരിച്ചവരാണ്‌. 13 വര്‍ഷം മുഹമ്മദ്‌ നബി(സ)യും സഹാബിവര്യന്മാരും മക്കയില്‍ ഇസ്‌ലാമിക ഭരണമില്ലാതെ ജീവിക്കുകയുണ്ടായി. അന്ന്‌ അവര്‍ മദീനയില്‍ ഇസ്‌ലാമിക ഭരണത്തിന്റെ കീഴില്‍ തൗഹീദിന്റെ അനുയായികളായി ജീവിച്ചതു പോലെ തന്നെ പരിപൂര്‍ണ മുവഹ്‌ഹിദുകളായി തന്നെയാണ്‌ ജീവിച്ചത്‌. പൂജ്യം മുവഹ്‌ഹിദുകളായിട്ടോ അര മുവഹ്‌ഹിദുകളായിട്ടോ ആണ്‌ അവര്‍ ജീവിച്ചിരുന്നതെന്ന്‌ മുസ്‌ലിംകള്‍ പറയുകയില്ല. ചെങ്കടല്‍ കടന്ന്‌ മൂസാനബി(അ)യും അനുയായികളും അക്കരെ എത്തുന്നതുവരെ ഇസ്‌ലാമിക ഭരണമില്ലാതെയാണ്‌ ജീവിച്ചിരുന്നത്‌. എങ്കിലും അവര്‍ക്കു തൗഹീദ്‌ ഉണ്ടായിരുന്നു. ലോകത്ത്‌ ഇന്ന്‌ എവിടെയും പരിപൂര്‍ണ ഇസ്‌ലാമിക ഭരണമില്ലെന്ന്‌ നിങ്ങള്‍ തന്നെ എഴുതിയതിന്‌ എത്ര തെളിവ്‌ വേണമെങ്കിലും ഉദ്ധരിക്കുവാന്‍ സാധിക്കുന്നതാണ്‌. ഇസ്‌ലാമിക ഭരണമില്ലെങ്കില്‍ തൗഹീദ്‌ പൂര്‍ണമല്ലെന്നാണല്ലോ ജമാഅത്ത്‌ സിദ്ധാന്തം. എന്നാല്‍ ഒരു മനുഷ്യനും ഇന്ന്‌ ലോകത്തു പരിപൂര്‍ണ തൗഹീദിന്റെ അനുയായി ആയിക്കൊണ്ട്‌ ജീവിക്കുന്നില്ലെന്ന്‌ `സല്‍സബീലും' പറയണമെന്ന്‌ വാശിപിടിക്കുന്നത്‌ മര്യാദയാണോ? നിങ്ങള്‍ തന്നെ എഴുതിയതു വായിക്കുക:

``ചോ. മുസ്‌ലിംകള്‍ അന്യമതസ്ഥരുടെ ആരാധനാലയങ്ങളിലും തീര്‍ഥാടനകേന്ദ്രങ്ങളിലും പോയി പുഷ്‌പാര്‍ച്ചന നടത്തുന്നതും പ്രദക്ഷിണംവെക്കുന്നതും ശരിയാണോ? മതേതര ഇന്ത്യയില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന മുസ്‌ലിംകള്‍ ഇത്തരം ചടങ്ങുകള്‍ ചെയ്യേണ്ടിവരുന്നുണ്ട്‌. നിര്‍ബന്ധിതാവസ്ഥയുടെ പേരില്‍ ഇതിനെ ന്യായീകരിക്കാന്‍ കഴിയുമോ?

. കലര്‍പ്പില്ലാത്ത ഏകദൈവവിശ്വാസമാണ്‌ ഇസ്‌ലാമിന്റെ അടിത്തറ. ബഹുദൈവ സങ്കല്‌പവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും അത്‌ അനുവദിക്കുന്നില്ല. ക്ഷേത്രങ്ങളിലെ പുഷ്‌പാര്‍ച്ചന, പ്രദക്ഷിണം പോലുള്ള ആചാരങ്ങള്‍ക്കും ഇതു ബാധകമാണ്‌. ശിര്‍ക്കുപരമായവിശ്വാസങ്ങളുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്ന ആചാരങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരവുമായി പൊരുത്തപ്പെടുന്നതല്ല. മതേതര ഇന്ത്യയില്‍ ശിര്‍ക്ക്‌ ചെയ്യാന്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യം നിലവിലില്ല''. (പ്രബോധനം വാരിക 1990 മാര്‍ച്ച്‌ 10, വാള്യം 48, ലക്കം 38, ചോദ്യോത്തരം, പേജ്‌ 30).

ഇസ്‌ലാമിക ഭരണമില്ലാത്ത ഇന്ത്യയില്‍ കലര്‍പ്പില്ലാത്ത ഏകദൈവവിശ്വാസമനുസരിച്ച്‌ ജീവിക്കാമെന്നും ശിര്‍ക്ക്‌ ചെയ്യേണ്ടിവരുന്ന നിര്‍ബന്ധിതാവസ്ഥപോലും ഇല്ലെന്നും ഇവര്‍ തന്നെ എഴുതുന്നു. കോണ്‍ഗ്രസ്സിലെ മന്ത്രിമാരെ എതിര്‍ക്കുവാന്‍വേണ്ടി തല്‍ക്കാലം ഞങ്ങള്‍ അപ്രകാരം മറുപടി എഴുതിയതാണെന്നായിരിക്കും ഒരുപക്ഷേ ഇവരുടെ വ്യാഖ്യാനം. അനുയായികള്‍ക്ക്‌ അതു തന്നെ മതിയാകുമല്ലോ.

``മതവും രാഷ്‌ട്രവും രണ്ടാണെന്നു പറയാറുണ്ട്‌. ശരിയാണ്‌, മതവും രാഷ്‌ട്രവും ഒന്നല്ല. മതവും മനുഷ്യനും ഒന്നല്ലാത്തതുപോലെതന്നെ. എന്നാല്‍ മതവും മനുഷ്യനും തമ്മില്‍ ബന്ധമില്ല- ബന്ധിപ്പിക്കാന്‍ പാടില്ല എന്ന്‌ പറയുന്നതുപോലെ തന്നെ അസംബന്ധമാണ്‌ മതവും രാഷ്‌ട്രവും തമ്മില്‍ ബന്ധമില്ല, ബന്ധപ്പെടുത്തിക്കൂടാ എന്നു പറയുന്നതും'' പ്രബോധനം വാരിക, വാള്യം 48, ലക്കം 32, പേജ്‌ 5). മതവും രാഷ്‌ട്രവും തമ്മില്‍ ബന്ധമില്ലെന്ന്‌ മുജാഹിദുകള്‍ക്കും വാദമില്ല. ഒന്നല്ല എന്ന്‌ മാത്രമാണ്‌ ഞങ്ങള്‍ക്കുള്ളവാദം. അതു ചിലപ്പോള്‍ നിങ്ങളും സമ്മതിക്കുന്നുണ്ടല്ലോ. കച്ചവടം, കൃഷി, വിവാഹം, ഭരണം മുതലായ പ്രശ്‌നങ്ങളിലും ഒരാള്‍ ഭാര്യയുമായി ലൈംഗികബന്ധം സ്ഥാപിക്കുമ്പോള്‍ അതില്‍ പോലും മതത്തിന്‌ ബന്ധമുണ്ടെന്നാണ്‌ മുജാഹിദുകള്‍ വാദിക്കുന്നത്‌. അതുപോലെ നമസ്‌കാരത്തില്‍ കൈകെട്ടുക, തറാവീഹ്‌ നമസ്‌കാരത്തിന്റെ റക്‌അത്തുകള്‍ തീരുമാനിക്കുക, സുബ്‌ഹ്‌ നമസ്‌കാരത്തിലെ ഖുനൂത്ത്‌, നമസ്‌കാരശേഷമുള്ള കൂട്ടുപ്രാര്‍ഥന മുതലായവയിലും മതത്തിന്‌ ബന്ധമുണ്ടെന്നേ മുജാഹിദുകള്‍ വാദിച്ചിട്ടുള്ളൂ.

ചോ: മഹാഭൂരിപക്ഷത്തോടെ വിജയിച്ചു അധികാരത്തില്‍ വന്ന രാജീവ്‌ ഗാന്ധിയെ ജമാഅത്ത്‌ അമീര്‍ അഭിനന്ദിക്കുകയും ശ്രീ ഗാന്ധിക്കു വിജയം കൈവരാന്‍ പ്രാര്‍ഥിക്കുകയും ചെയ്‌തതായി കണ്ടു. (പ്രബോധനം വാരിക, 19.1.85) ഇത്‌ ഭീരുത്വപ്രകടനമല്ലേ? അവിശ്വാസിക്കുവേണ്ടി പ്രാര്‍ഥിക്കുന്നതു ശരിയോ?

ഉ: ..... രാജ്യത്തിന്റെ ഉദ്‌ഗ്രഥനവും സമുദായ സൗഹാര്‍ദവും രാഷ്‌ട്രത്തിന്റെ വിശിഷ്യാ ദുര്‍ബലവിഭാഗങ്ങളുടെ ക്ഷേമത്തെയും സുരക്ഷിതത്വത്തെയും സംബന്ധിച്ചുള്ള രാജ്യനിവാസികളുടെ പ്രതീക്ഷകളും സഫലീകരിക്കാന്‍ ദൈവം താങ്കളെ തുണക്കട്ടെ എന്നാണ്‌ അമീറിന്റെ സന്ദേശത്തിലുള്ള വാചകം. ഈ വാചകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തിന്റെയും മുസ്‌ലിംകളടക്കമുള്ള രാജ്യനിവാസികളുടെയും മൊത്തം താല്‌പര്യങ്ങളുമായി ബന്ധപ്പെട്ടതാണ്‌. രാജീവിന്റെ വ്യക്തിപരമായ മോക്ഷത്തിനോ ആത്മശാന്തിക്കോ വേണ്ടിയുള്ള പ്രാര്‍ഥനയല്ല'' (പ്രബോധനം വാരിക, വാള്യം 18, ലക്കം 50, പേജ്‌ 9).

രാഷ്‌ട്രീയകാര്യം തൗഹീദ്‌ പോലെയാണെങ്കില്‍ തൗഹീദ്‌ നടപ്പാക്കുവാനും രാജീവ്‌ഗാന്ധിക്കുവേണ്ടി പ്രാര്‍ഥിക്കാമായിരുന്നുവല്ലോ? നിങ്ങള്‍ ഇപ്പോള്‍ പല വ്യക്തികള്‍ക്കും വോട്ടു ചെയ്യുന്നുണ്ട്‌. തൗഹീദ്‌ നടപ്പാക്കുവാനും നിങ്ങളുടെ പള്ളിയില്‍ ഇമാമായി നില്‍ക്കുവാനും വേണ്ടി അവര്‍ക്കു വോട്ടു ചെയ്യുമോ? ഇല്ല എന്നതാണ്‌ മറുപടിയെങ്കില്‍ ഈ വേര്‍തിരിവിന്റെ മാനദണ്ഡമെന്താണെന്ന്‌ നിങ്ങള്‍തന്നെ വിശദീകരിക്കുമല്ലോ.

അല്ലാഹു പറയുന്നു, വിശ്വസിച്ചവരായ എന്റെ ദാസന്മാരേ, തീര്‍ച്ചയായും എന്റെ ഭൂമി വിശാലമാണ്‌. അതിനാല്‍ എനിക്ക്‌ മാത്രം നിങ്ങള്‍ ഇബാദത്തെടുക്കുവിന്‍ (അന്‍കബൂത്ത്‌ 56). ഒരു നാട്ടില്‍ വെച്ച്‌ അല്ലാഹുവിന്‌ മാത്രം ഇബാദത്തെടുക്കുവാന്‍ സാധ്യമല്ലെങ്കില്‍ അവിടെ നിന്ന്‌ ഹിജ്‌റ പുറപ്പെടാന്‍ നിര്‍ദേശിക്കുകയാണ്‌. പരിപൂര്‍ണ ഇസ്‌ലാമിക ഭരണമുള്ള സ്ഥലത്തേക്കായിരിക്കണം ഈ ഹിജ്‌റയെന്ന്‌ മുഹമ്മദ്‌ നബി(സ) മനസ്സിലാക്കുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ നബി(സ) മുസ്‌ലിംകളോട്‌ ഒരു ക്രിസ്‌ത്യാനി ഭരിക്കുന്ന അബ്‌സീനിയായിലേക്കു തൗഹീദ്‌ സംരക്ഷിച്ച്‌ ജീവിക്കുവാന്‍ വേണ്ടി ഹിജ്‌റ പുറപ്പെടാന്‍ പറയുമായിരുന്നില്ല.

ഇസ്‌ലാമിക ഭരണമില്ലെങ്കില്‍ തൗഹീദ്‌ പൂര്‍ണമല്ലെന്ന വാദപ്രകാരം ഇസ്‌ലാം പ്രായോഗിക മതമല്ലെന്നു സമ്മതിക്കേണ്ടതായി വരും. ഇസ്‌ലാമിന്റെ ഏറ്റവും പ്രധാനതത്വം അല്ലാഹുവിന്‌ മാത്രം ഇബാദത്തെടുത്തു ജീവിക്കുക എന്നതാണ്‌. ഇസ്‌ലാമിക ഭരണമുള്ള സ്ഥലത്തു മാത്രമേ ഇത്‌ പ്രായോഗികമാക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന ഇവരുടെ സിദ്ധാന്തപ്രകാരം ഇന്ന്‌ ഭൂമിയില്‍ ഈ സിദ്ധാന്തം പ്രായോഗികമാക്കുവാന്‍ സാധിക്കുകയില്ലെന്ന്‌ ഉറപ്പാകുന്നു. ഈ ആയത്തിന്‌ പണ്ഡിതന്മാര്‍ നല്‍കുന്ന അര്‍ഥം ഇപ്രകാരമാണ്‌:

“നിങ്ങള്‍ഏതു ഭൂമിയിലാണെങ്കിലും എനിക്ക്‌ മാത്രം ഇബാദത്തെടുക്കുവിന്‍'' (ജലാലൈനി) ഏതു ഭൂമിയില്‍വെച്ചും അല്ലാഹുവിന്‌ മാത്രം ഇബാദത്തെടുത്തു ജീവിക്കുവാന്‍ സാധിക്കുമെന്ന്‌ ഖുര്‍ആന്‍ പറയുന്നു. അതിന്റെ പേരില്‍ ശത്രുക്കളുടെ മര്‍ദനം ഉണ്ടാവുകയും അത്‌ സഹിക്കുവാന്‍ സാധിക്കാതെ വരികയും ചെയ്യുന്നപക്ഷം മാത്രമാണ്‌ ഹിജ്‌റ പോകുന്ന പ്രശ്‌നം ഉല്‍ഭവിക്കുന്നത്‌. നബി(സ)യും സഹാബിവര്യന്മാരും ഹിജ്‌റ പുറപ്പെട്ടതു മക്കയില്‍ ഇസ്‌ലാമിക ഭരണം ഇല്ലാത്തതിനാലോ അല്ലാഹുവിനു മാത്രം ഇബാദത്തെടുത്തു ജീവിക്കുവാന്‍ സാധിക്കാത്തതുകൊണ്ടോ ആയിരുന്നില്ല. പ്രത്യുത, അതിന്റെ പേരില്‍ ശത്രുക്കള്‍ ആക്രമിച്ചപ്പോള്‍ ആ ആക്രമണം സഹിക്കുവാന്‍ സാധ്യമല്ലാത്തതുകൊണ്ടായിരുന്നു.
ഇമാംറാസി(റ) എഴുതുന്നു: ``അല്ലാഹുവിനു മാത്രം ഇബാദത്തെടുക്കുവാന്‍ യാതൊരു തടസ്സവുമില്ലെന്ന്‌ സൂചിപ്പിക്കുകയാണ്‌. അല്ലാഹു ഇപ്രകാരം പറയുന്നതു പോലെയാണ്‌ ഈ ആയത്ത്‌. എനിക്ക്‌ മാത്രം ഇബാദത്തെടുക്കുന്നതിന്‌ യാതൊരു തടസ്സവും ഇല്ലാത്തതിനാല്‍ നിങ്ങള്‍ എനിക്കു മാത്രം ഇബാദത്തെടുക്കുവിന്‍'' (റാസി, 25:84).

വിമര്‍ശകര്‍ എഴുതുന്നു: ``മുസ്‌ലിം രാജ്യങ്ങളില്‍ ഭരണം നടത്തുന്നതു മുസ്‌ലിംകളാണ്‌. പക്ഷേ ഭരണവ്യവസ്ഥിതി ഇസ്‌ലാമികമല്ല. ഇസ്‌ലാമിക റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട രാജ്യങ്ങളില്‍ പോലും ഫലത്തില്‍ ഇസ്‌ലാമികാടിസ്ഥാനത്തിലല്ല ഭരണം നടത്തപ്പെടുന്നത്‌. യഥാര്‍ഥത്തില്‍ മുസ്‌ലിം രാജ്യങ്ങളില്‍ ഇന്നും യൂറോപ്പിന്റെ ആധിപത്യമാണ്‌ നടക്കുന്നത്‌. ദേശീയതയും സോഷ്യലിസവുമംഗീകരിച്ചവരാണ്‌ മുസ്‌ലിം രാജ്യങ്ങളുടെ തലപ്പത്തിരിക്കുന്നത്‌. അവ രണ്ടും യൂറോപ്പിന്റെ സംഭാവനകളുമാണ്‌. ഭരിക്കുന്ന കൈകളല്ല ഭരണത്തിന്‌ അടിസ്ഥാനമായ ആദര്‍ശമാണ്‌ പ്രധാനം'' (പ്രബോധനം മാസിക, 1965 ജൂണ്‍, മുഖപ്രസംഗം, പേജ്‌4) ഇതിലെ അവസാന വാചകം മുജാഹിദുകള്‍ പറഞ്ഞാല്‍ ഇസ്‌ലാമില്‍ രാഷ്‌ട്രീയമില്ലെന്ന്‌ മുജാഹിദുകള്‍ പറയുന്നുണ്ടെന്ന്‌ തെറ്റിദ്ധരിപ്പിക്കും.

മുഹമ്മദ്‌ നബി മതപരിധിവിട്ടു രാഷ്‌ട്രീയം കളിച്ചുവോ? എന്ന ഒരു അധ്യായം തന്നെ ``ഇബാദത്ത്‌ ഒരു സമഗ്രപഠനം'' എന്ന ഗ്രന്ഥത്തില്‍ കാണാം (പേജ്‌ 296). മുജാഹിദുകള്‍ക്ക്‌ എതിരായി എഴുതിയ ഗ്രന്ഥത്തില്‍ ഇങ്ങനെ ഒരു അധ്യായം എന്തിന്‌? ഉത്തരം വളരെ സുഗ്രാഹ്യമാണ്‌. ഇസ്‌ലാഹീ പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കു കതന്നെ. മതപരിധിവിട്ടു രാഷ്‌ട്രീയം കളിക്കാമെന്ന്‌ ഒരു മുജാഹിദും പറയുന്നില്ല. പറയുകയുമില്ല. മതത്തിന്റെ വ്യക്തമായ നിയമങ്ങള്‍ ഭരണരംഗത്തും രാഷ്‌ട്രീയരംഗത്തുമുണ്ട്‌. അത്‌ ശ്രദ്ധിക്കുവാനും പകര്‍ത്തുവാനും ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്‌. കൈകെട്ടുന്ന വിഷയംപോലും മതപരിധി വടരുത്‌ എന്ന്‌ പറയുന്നവര്‍ ഭരണരംഗവും രാഷ്‌ട്രീയവും മതപരിധിവിട്ടു കളിക്കാമെന്ന്‌ പറയുമെന്ന്‌ ഒരു നിഷ്‌പക്ഷവാദിയും പറയുകയില്ല.

``ഇസ്‌ലാമില്‍ മതവും രാഷ്‌ട്രവും വേര്‍പെടുത്തുക സാധ്യമല്ല'' (ഇബാദത്ത്‌ ഒരു സമഗ്രപഠനം, പേജ്‌ 300). ഇസ്‌ലാമില്‍ മതവും നഖംമുറിക്കലും മതവും മീശ കത്രിക്കലും മതവും മലമൂത്രവിസര്‍ജനവും മതവും തറാവീഹ്‌ നമസ്‌കാരവും മതവും കൈകെട്ടലും മതവും ഖുനൂത്തും എന്നിങ്ങനെ വേര്‍പ്പെടുത്തുവാന്‍ സാധിക്കുമെന്ന്‌ ഇസ്‌ലാഹീ പ്രസ്ഥാനം വാദിക്കുന്നില്ല. എന്നിട്ടല്ലേ മതവും രാഷ്‌ട്രവും വേര്‍പ്പെടുത്തുവാന്‍ സാധിക്കുക. രാഷ്‌ട്രമില്ലെങ്കില്‍ തൗഹീദും മതവുമില്ല എന്ന വാദത്തെയാണ്‌ ഞങ്ങള്‍ ഖണ്‌ഡിക്കുന്നത്‌. ഇസ്‌ലാമിക രാഷ്‌ട്രം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം എവിടെനിന്ന്‌ തുടങ്ങണം എന്നതാണ്‌ അവശേഷിക്കുന്ന തര്‍ക്കവിഷയം. അനിസ്‌ലാമിക ഭരണകൂടത്തിന്റെ കീഴില്‍ മുസ്‌ലിംകള്‍ ജീവിക്കേണ്ടിവരുമ്പോള്‍ അവര്‍ എന്തു നയം സ്വീകരിക്കണം, അവരുടെ തൗഹീദിന്റെ അവസ്ഥ എന്തായിരിക്കും ഇത്തരം വിഷയങ്ങളും ഇസ്‌ലാം വിശദീകരിക്കുന്നുണ്ട്‌. അതിനാല്‍ ആ വിശദീകരണം സ്വീകരിച്ച്‌ മൗദൂദിയുടെ വീക്ഷണം ഉപേക്ഷിക്കുക. നിങ്ങള്‍ അസംബ്ലിയിലും പാര്‍ലിമെന്റിലും ഗവണ്‍മെന്റ്‌ ഉദ്യോഗങ്ങളിലും പട്ടാളത്തിലും പോലീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിക്കുക എന്ന്‌ മുജാഹിദുകള്‍ മുസ്‌ലിം സമൂഹത്തോടു പ്രഖ്യാപിച്ചു. നിങ്ങള്‍ ഏതുരംഗത്തായാലും അല്ലാഹുവിന്റെ കല്‌പനകള്‍ സൂക്ഷിക്കണം. ഇസ്‌ലാം സമ്പൂര്‍ണ മതമാണ്‌. പള്ളിയില്‍ മാത്രം പരിമിതമായ മതമല്ല. അതിനാല്‍ ഏതു രംഗത്തായാലും അവിടെ ഇസ്‌ലാമിക വിധി ഉണ്ടോ എന്ന്‌ ശ്രദ്ധിക്കണം. ജാഗ്രത പുലര്‍ത്തണം. പരമമായ അധികാരം അല്ലാഹുവിന്‌ മാത്രമാണ്‌. അതിനെ മാറ്റിമറിക്കുവാന്‍ ഒരു നേതാവിനും ഭരണാധികാരിക്കും അവകാശമില്ല. അതിന്‌ അവകാശമുണ്ടെന്ന്‌ നിങ്ങള്‍ വിശ്വസിച്ചാല്‍ അവനില്‍ നിങ്ങള്‍ പങ്കുചേര്‍ക്കുകയാണ്‌. എന്നാല്‍ ഖുര്‍ആനിനും നബിചര്യക്കും എതിരാവാത്ത നിയമങ്ങളും പദ്ധതികളും പരിപാടികളും ഭരണരംഗത്തു നിങ്ങള്‍ക്ക്‌ പുതിയതായി ആവിഷ്‌കരിക്കാം; മനുഷ്യന്റെ നന്മക്കും അവന്റെ രക്ഷക്കും വേണ്ടി. ദൈവത്തിന്റെ കല്‌പനക്ക്‌ എതിരായി ആരെയും നിങ്ങള്‍ അനുസരിക്കരുത്‌; സ്വന്തം മാതാപിതാക്കളെപ്പോലും. ഇപ്രകാരം മുജാഹിദുകള്‍ പ്രഖ്യാപിച്ചത്‌ മതവും രാഷ്‌ട്രവും വേര്‍പ്പെടുത്തലാണെന്ന്‌ മുജാഹിദ്‌ വിരോധത്താല്‍ അന്ധത ബാധിച്ചവര്‍ മാത്രമേ വാദിക്കൂ.
``പ്രവാചകന്മാര്‍ ജനനേതാക്കള്‍, അനുസരിക്കപ്പെടാന്‍ വേണ്ടി അയക്കപ്പെട്ടവര്‍'' (ഇബാദത്ത്‌ ഒരു സമഗ്രപഠനം, പേജ്‌ 300). ഇപ്രകാരം ഒരു അധ്യായം തന്നെ ഈ ഗ്രന്ഥത്തില്‍ കാണാം. ഇസ്‌ലാഹീ പ്രസ്ഥാനത്തെ ഇവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്‌. മദ്‌ഹബുകള്‍ പ്രമാണമാക്കുകയും സുന്നത്തില്‍ സ്ഥിരപ്പെട്ട കാര്യങ്ങളെ ശാഖാപരമായി ചിത്രീകരിച്ച ഭൂരിപക്ഷത്തെ തൃപ്‌തിപ്പെടുത്തുവാന്‍ ബിദ്‌അത്തുകളെ പന്‍തുടരുകയും (വിശദീകരണം ബന്ധപ്പെട്ട അധ്യായങ്ങളില്‍ വരുന്നുണ്ട്‌) ചെയ്യുന്ന ഒരു വിഭാഗത്തിന്‌ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ നേരെ ഇപ്രകാരം ഒരു ആക്ഷേപം ഉന്നയിക്കുവാന്‍ എന്താണ്‌ അവകാശം? പ്രവാചകന്മാര്‍ എല്ലാ രംഗത്തും നേതാക്കന്മാരാണ്‌. കൈകെട്ടുന്ന രംഗത്തുപോലും അവര്‍ അനുസരിക്കപ്പെടാന്‍വേണ്ടി അയക്കപ്പെട്ടവരാണ്‌; തറാവീഹ്‌ നമസ്‌കാരത്തിന്റെ റക്‌അത്തിന്റെ പ്രശ്‌നങ്ങളില്‍ പോലും. ഭരണരംഗവും രാഷ്‌ട്രീയരംഗവും ഈ അടിസ്ഥാന തത്വത്തിനു പുറത്തല്ല. അതിനാല്‍ ഈ രംഗത്തും പരിശുദ്ധഖുര്‍ആനിന്റെയും നബിചര്യയുടെയും നിര്‍ദേശമുണ്ടോ എന്ന്‌ ഓരോ മുസ്‌ലിമും പഠിക്കുവാന്‍ ശ്രദ്ധിക്കണം, ശ്രമിക്കണം ഇതാണ്‌ മുജാഹിദുകള്‍ പറയുന്നത്‌; അതു മൗദൂദി സാഹിബിനു എതിരായാല്‍ പോലും.

ഒരു പ്രവാചകന്‍ ജീവിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ ആ പ്രവാചകന്റെ നിര്‍ദേശം അനുസരിച്ച്‌ മറ്റൊരാള്‍ ഭരണം നടത്തിയാല്‍ പ്രവാചകന്മാര്‍ ജനനേതാക്കളും അനുസരിക്കപ്പെടാന്‍ വേണ്ടി അയക്കപ്പെട്ടവരുമാണെന്ന തത്വത്തിന്‌ എതിരാകുമെന്ന്‌ മുജാഹിദുകള്‍ മനസ്സിലാക്കുന്നില്ല. എതിരാകുമെങ്കില്‍ പ്രവാചകന്മാര്‍ മരിക്കാതെ എക്കാലവും ജീവിക്കേണ്ടിവരും. അതുപോലെ മുസ്‌ലിംകള്‍ കേവലം ന്യൂനപക്ഷമായി ഭരണമില്ലാതെ അനിസ്‌ലാമിക ഭരണത്തിന്‌ കീഴിലോ ജനാധിപത്യ ഭരണവ്യവസ്ഥക്ക്‌ കീഴിലോ ജീവിക്കേണ്ടിവരുമ്പോള്‍ മുസ്‌ലിംകളുടെ നന്മക്കുവേണ്ടി അധികാരം വഹിക്കലും കൂടുതല്‍ നല്ലവരായി തോന്നുന്നവര്‍ക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യലും മറ്റും ഇസ്‌ലാമിന്‌ വിരുദ്ധമാണെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നില്ല. ഇത്‌ പ്രവാചകന്മാര്‍ ജനനേതാക്കളും അനുസരിക്കപ്പെടാന്‍ വേണ്ടി അയക്കപ്പെട്ടവരുമാണെന്ന തത്വത്തിനു എതിരാണെന്നും ഞങ്ങള്‍ മനസ്സിലാക്കിയിട്ടില്ല.

നാം ഒരാള്‍ക്ക്‌ വോട്ടുചെയ്യുന്നത്‌ ആ വ്യക്തിയാണ്‌ ഏറ്റവും നല്ലവനെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമല്ലോ. അല്ലെങ്കില്‍ ഒരു പാര്‍ട്ടിക്ക്‌ വോട്ടുചെയ്യുവാന്‍ നിര്‍ദേശിക്കുമ്പോള്‍ ആ പാര്‍ട്ടി ഉള്ളതില്‍ നല്ലതാണെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കുമല്ലോ. എങ്കില്‍ അയാള്‍ക്ക്‌ വേണ്ടിയും ആ പാര്‍ട്ടിയുടെ നിലനില്‍പിന്‌ വേണ്ടിയും നമുക്ക്‌ പ്രവര്‍ത്തിക്കാം. നന്മയില്‍ മുശ്‌രിക്കുകളുമായിട്ട്‌ പോലും സഹകരിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്‌ (സൂറ 5:2). ഇന്ത്യയില്‍ ജനാധിപത്യം നിലനിര്‍ത്തുവാന്‍ സാധിച്ചാല്‍ മാത്രമേ മുസ്‌ലിംകള്‍ക്ക്‌ മതം പ്രബോധനം ചെയ്യുവാനും മതത്തില്‍ ചേരാന്‍ ആരേയും നിര്‍ബന്ധിക്കാതെ ഭൂരിപക്ഷ സമുദായമായിത്തീരുവാനും സാധിക്കുകയുള്ളൂ. അതിനാല്‍ ഇന്ത്യന്‍ ജനാധിപത്യം നിലനിര്‍ത്തുവാന്‍ ഏറ്റവും നല്ല രാഷ്‌ട്രീയപ്പാര്‍ട്ടി ഏതാണെന്ന്‌ തോന്നുകയാണെങ്കില്‍ ആ പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്കും നിലനില്‍പിനും വേണ്ടി ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ആ പാര്‍ട്ടിയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാന്‍ അനുവാദം നല്‍കുന്നത്‌, പ്രവാചകന്മാര്‍ ജനനേതാക്കളും അനുസരിക്കപ്പെടാന്‍ വേണ്ടി അയക്കപ്പെട്ടവരുമാണെന്ന തത്വത്തിന്‌ എതിരാണെന്നു മതപ്രമാണങ്ങളില്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ ഗ്രഹിക്കുവാന്‍ സാധിച്ചിട്ടില്ല. വോട്ട്‌ചെയ്യലാണല്ലോ ഏറ്റവും പ്രധാനപ്പെട്ടത്‌. വോട്ടു ചെയ്യല്‍ ഈ തത്വത്തിന്‌ എതിരാകുന്നില്ലെങ്കില്‍ മുകളില്‍ വിവരിച്ചതും എതിരാകുന്നില്ല. ഇത്‌ ഇസ്‌ലാമിലെ രാഷ്‌ട്രീയത്തെ നിഷേധിക്കലല്ല. പ്രത്യുത അതിനെ അംഗീകരിക്കലും അത്‌ പുലര്‍ന്നുകാണുവാന്‍ സാഹചര്യം സൃഷ്‌ടിക്കലുമാണ്‌. അന്ധമായ മുജാഹിദ്‌ വിരോധം തലയില്‍ കയറിയവര്‍ക്ക്‌ ഇതൊന്നും മനസ്സിലായില്ല എന്നുവരാം. എന്നാല്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക്‌ അല്‌പമെങ്കിലും രക്ഷകിട്ടിയത്‌- ജമാഅത്തെ ഇസ്‌ലാമിക്കു വരെ- മുജാഹിദുകള്‍ പറയുന്ന ഈ തത്വം ഇന്ത്യയിലെ ഭൂരിപക്ഷം മുസ്‌ലിംകളും അംഗീകരിച്ചതുകൊണ്ടു മാത്രമാണ്‌. മുജാഹിദുകള്‍ പറഞ്ഞതോടെ അവരൊക്കെ അംഗീകരിച്ചതാണെന്ന വാദവും ഞങ്ങള്‍ക്കില്ല. യാദൃച്ഛികമായി യോജിച്ചതുമാത്രമാണ്‌. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി പ്രചരിപ്പിക്കുന്ന രാഷ്‌ട്രീയ ദര്‍ശനം കൊണ്ട്‌ ഈ സമുദായത്തിന്‌ എന്തു നന്മയാണ്‌ ലഭിച്ചത്‌? ആദര്‍ശം മാറ്റിയതുകൊണ്ടാണ്‌ അവര്‍ക്കുപോലും രക്ഷ ലഭിച്ചത്‌ എന്നത്രെ വാസ്‌തവം.
``സാധാരണ ഉപദേഷ്‌ടാക്കളല്ല അവര്‍'' (ഇബാദത്ത്‌ ഒരു സമഗ്ര പഠനം, പേജ്‌ 301). ഇസ്‌ലാഹീ പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ ഇപ്രകാരം ഒരു അദ്ധ്യായവും ആ ഗ്രന്ഥത്തില്‍ കാണാം. പ്രവാചകന്മാര്‍ സാധാരണ ഉപദേഷ്‌ടാക്കളല്ല. അവര്‍ സര്‍വ മേഖലകളിലും ഉപദേശങ്ങള്‍ നല്‍കുകയും അതനുസരിച്ച്‌ ജീവിക്കുകയും ചെയ്‌തവരാണ്‌. ദിവ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ അവര്‍ സംസാരിക്കുന്നത്‌. അതിനാല്‍ നിരുപാധികമായി അവരെ അനുസരിക്കണം. അവരുടെ ഒരു ചര്യ സ്ഥിരപ്പെട്ടു കണ്ടാല്‍ ശാഖാപരം എന്ന്‌ പറഞ്ഞ്‌ അതിനെ അവഗണിക്കരുത്‌. അവര്‍ സാധാരണ ഉപദേഷ്‌ടാക്കളല്ലാത്തതിനാല്‍ അവരുടെ ചര്യകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. അതിനാല്‍ മദ്‌ഹബുകള്‍ക്ക്‌ പ്രസക്തി തന്നെയില്ല. അനുഷ്‌ഠാനകര്‍മങ്ങളിലും അവരെ അനുസരിക്കണം. ഇതാണ്‌ മുജാഹിദുകള്‍ പറയുന്നത്‌. സമൂഹത്തെ ഇസ്‌ലാമികവത്‌കരിക്കാന്‍ അവര്‍ എവിടെ നിന്നും തുടങ്ങി, എങ്ങനെ പ്രവര്‍ത്തിച്ചു? എന്നീ വിഷയത്തിലും അവരെ അനുസരിക്കണം. മുജാഹിദുകള്‍ ഈ വിഷയം സമൂഹത്തെ പഠിപ്പിക്കുന്നുണ്ട്‌. അതിനാല്‍ മൗദൂദിയുടെ പല ആശയങ്ങളെയും ഖണ്‌ഡിക്കേണ്ടിവരുന്നു. മൗദൂദിയുടെ ആശയം അംഗീകരിച്ചാല്‍ മാത്രമേ പ്രവാചകന്മാര്‍ ജനനേതാക്കളും അനുസരിക്കപ്പെടാന്‍ വേണ്ടി അയക്കപ്പെട്ടവരും അസാധാരണക്കാരായ ഉപദേഷ്‌ടാക്കളുമായിത്തീരുകയുള്ളൂ എന്ന്‌ ഖുര്‍ആനോ നബിചര്യയോ പഠിപ്പിക്കുന്നില്ല.
ഇബ്‌റാഹീം നബി സര്‍വ്വാര്‍പ്പണം ചെയ്‌തു, മുസ്‌ലിംകളും. ഗ്രന്ഥക്കാരോട്‌ സര്‍വ്വാര്‍പ്പണത്തിനു തയ്യാറുണ്ടോ എന്ന്‌ ചോദിക്കുന്നു. സര്‍വ്വാര്‍പ്പണദീനാണ്‌ ആര്‍ക്കും ഭൂഷണം. പ്രപഞ്ചദീനാണ്‌ സര്‍വ്വാര്‍പ്പണം. അതല്ലാത്ത മറ്റൊന്ന്‌ സ്വീകാര്യമല്ല. ദീന്‍ അനുസരണം, ഇതാണ്‌ പ്രകൃതിമതം. ഇപ്രകാരമെല്ലാം പ്രത്യേകം തലക്കെട്ടുകള്‍ നല്‍കി ഈ പുസ്‌തകത്തില്‍ ആയത്തുകള്‍ ഉദ്ധരിച്ച്‌ സമര്‍ഥിക്കുന്നു (ഇബാദത്ത്‌ ഒരു സമഗ്ര പഠനം, 308 മുതല്‍316 വരെ). ഇസ്‌ലാഹീ പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിമാത്രമാണ്‌ ഈ തലക്കെട്ടുകളെല്ലാം ഗ്രന്ഥകാരന്‍ നല്‍കുന്നത്‌. നിങ്ങളെക്കാള്‍ ഈ തത്വങ്ങള്‍ സമൂഹത്തെ പ്രാധാന്യപൂര്‍വം പഠിപ്പിക്കുന്നവരാണ്‌ ഞങ്ങള്‍. വോട്ടു ചെയ്യുവാന്‍ പോകുന്ന മുജാഹിദുകളെയും രാഷ്‌ട്രീയപാര്‍ട്ടികളില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന മുജാഹിദുകളെയും ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഈ തത്വങ്ങള്‍ക്ക്‌ ഞങ്ങള്‍ എതിര്‍പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ നിങ്ങള്‍ പരിഹസിച്ചേക്കാം. എന്നാല്‍ പ്രവാചകന്മാരുടെ നിര്‍ദേശങ്ങള്‍ക്ക്‌ ഞങ്ങള്‍ സര്‍വ്വാര്‍പ്പണം ചെയ്‌തതാണ്‌ ഇതിന്‌ കാരണം. മദ്‌ഹബുകള്‍ പ്രമാണമായി അംഗീകരിക്കുകയും നബിചര്യ സ്ഥിരപ്പെട്ടു വന്ന പ്രശ്‌നങ്ങളില്‍ വരെ ഭൂരിപക്ഷത്തിന്റെ തൃപ്‌തികരസ്ഥമാക്കുവാന്‍ വേണ്ടി ഇരുമുഖങ്ങള്‍ പ്രകടിപ്പിക്കുകയും ശൂറാ യോഗങ്ങള്‍ സംഘടിപ്പിച്ച്‌ നയം മാറ്റുകയാണെന്ന്‌ പറഞ്ഞ്‌ ആദര്‍ശങ്ങള്‍ മാറ്റുകയും പാര്‍ട്ടിയുമായി ബന്ധമില്ലെന്ന്‌ പറഞ്ഞ്‌ ജയിലില്‍നിന്ന്‌ പുറത്തുവരികയുമൊക്കെ ചെയ്‌തവരെ ചൂണ്ടിക്കാണിച്ച്‌ ഞങ്ങള്‍ക്കും ഇത്തരം വിമര്‍ശനം ഉന്നയിക്കാം. പക്ഷേ, ഇത്തരം വിലകുറഞ്ഞ വിമര്‍ശനം ഉന്നയിക്കേണ്ട ഗതികേടു വരത്തക്കവിധം ജമാഅത്തെ ഇസ്‌ലാമിയെ എതിര്‍ക്കുവാന്‍ മുജാഹിദുകള്‍ക്ക്‌ വിഷയ ദാരിദ്ര്യം ഉണ്ടായിട്ടില്ല. ഈ വിമര്‍ശകര്‍ എഴുതുന്നു: ``രാഷ്‌ട്രീയത്തില്‍ ദീന്‍ നോക്കേണ്ടതില്ലെന്നും നോക്കിയാലൊക്കുകയില്ലെന്നും തന്നെയാണ്‌ മുജാഹിദുകളുടെ വീക്ഷണമെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു'' (പ്രബോധനം വാരിക പേജ്‌ 33, 1998 സെപ്‌തംബര്‍ 26) സല്‍സബീലില്‍ വന്ന ഒരു ലേഖനത്തെ വ്യാഖ്യാനിച്ചുകൊണ്ടാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്നെതിരെ ഇപ്രകാരം ഒരു ആരോപണം ഇവര്‍ ഉന്നയിക്കുന്നത്‌.

16 comments:

M. Ashraf said...

ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ അടിസ്ഥാന ആദര്‍ശം
لا إله إلا الله محمدا رسول اللهഎന്നതാകുന്നു. അതായത്, 'ഇലാഹ്' അല്ലാഹു മാത്രമാകുന്നു; അവനല്ലാതെ ഒരു ഇലാഹും ഇല്ല. മുഹമ്മദ് (സ) അല്ലാഹുവിന്റെ 'റസൂല്‍' ആകുന്നു.

വിശദീകരണം : ഈ ആദര്‍ശത്തിലെ ആദ്യഭാഗമായ, അല്ലാഹു ഏക'ഇലാഹ്' ആണെന്നും മറ്റാരും 'ഇലാഹ്' അല്ലെന്നും ഉള്ളതിന്റെ വിവക്ഷ ഇതാണ്: ഏതൊരുവന്‍ നമ്മുടെയും അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതിനിയമ വിധികര്‍ത്താവും ആണോ, അതേ അല്ലാഹു തന്നെയാണ് വാസ്തവത്തില്‍ നമ്മുടെയെല്ലാം സാക്ഷാല്‍ 'മഅ്ബൂദും' സാന്മാര്‍ഗിക വിധികര്‍ത്താവും. ആരാധനക്കര്‍ഹനും യഥാര്‍ഥത്തില്‍ അനുസരിക്കപ്പെടേണ്ടവനും അവന്‍ മാത്രമാകുന്നു. പ്രസ്തുത നിലകളിലൊന്നും അവന്ന് യാതൊരു പങ്കാളിയുമില്ല.

M. Ashraf said...

ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ അടിസ്ഥാന ആദര്‍ശം
لا إله إلا الله محمدا رسول اللهഎന്നതാകുന്നു. അതായത്, 'ഇലാഹ്' അല്ലാഹു മാത്രമാകുന്നു; അവനല്ലാതെ ഒരു ഇലാഹും ഇല്ല. മുഹമ്മദ് (സ) അല്ലാഹുവിന്റെ 'റസൂല്‍' ആകുന്നു.

വിശദീകരണം : ഈ ആദര്‍ശത്തിലെ ആദ്യഭാഗമായ, അല്ലാഹു ഏക'ഇലാഹ്' ആണെന്നും മറ്റാരും 'ഇലാഹ്' അല്ലെന്നും ഉള്ളതിന്റെ വിവക്ഷ ഇതാണ്: ഏതൊരുവന്‍ നമ്മുടെയും അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതിനിയമ വിധികര്‍ത്താവും ആണോ, അതേ അല്ലാഹു തന്നെയാണ് വാസ്തവത്തില്‍ നമ്മുടെയെല്ലാം സാക്ഷാല്‍ 'മഅ്ബൂദും' സാന്മാര്‍ഗിക വിധികര്‍ത്താവും. ആരാധനക്കര്‍ഹനും യഥാര്‍ഥത്തില്‍ അനുസരിക്കപ്പെടേണ്ടവനും അവന്‍ മാത്രമാകുന്നു. പ്രസ്തുത നിലകളിലൊന്നും അവന്ന് യാതൊരു പങ്കാളിയുമില്ല.

M. Ashraf said...

പ്രസ്തുത ആദര്‍ശം സ്വീകരിക്കുന്നതിനാല്‍ മനുഷ്യന്റെ മേല്‍ താഴെ വിവരിക്കുന്ന സംഗതികള്‍ കൂടി അനിവാര്യമായിത്തീരുന്നു:

6. സ്വാധികാരത്തെ കൈയൊഴിക്കുക. സ്വേച്ഛകള്‍ക്കടിമപ്പെടുന്നതുപേക്ഷിക്കുക. ഏക ഇലാഹായി താന്‍ സമ്മതിച്ചംഗീകരിച്ച അല്ലാഹുവിന്റെ മാത്രം അടിമയായി നിലകൊള്ളുക.
7. താന്‍ വല്ലതിന്റെയും ഉടമസ്ഥനും അധികാരിയുമാണെന്ന് കരുതാതിരിക്കുക. സര്‍വതും, തന്റെ ജീവനും അവയവങ്ങളും ശാരീരികവും മാനസികവുമായ കഴിവുകളും വരെ അല്ലാഹുവിന്നുടമപ്പെട്ടതും അവങ്കല്‍നിന്നുള്ള 'അമാനത്തും' ആണെന്ന് കരുതുക.
8. താന്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരവാദപ്പെട്ടവനും സമാധാനം ബോധിപ്പിക്കേണ്ടവനുമാണെന്ന് കരുതുക. തന്റെ കഴിവുകള്‍ ഉപയോഗിക്കുന്നതിലും പെരുമാറ്റത്തിലും ക്രയവിക്രയങ്ങളിലും അവയെക്കുറിച്ച് അന്ത്യനാളില്‍ അല്ലാഹുവിന്റെ മുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടതുണ്ടെന്നും സ്വകര്‍മങ്ങളുടെ സദ്ഫലമോ ദുഷ്ഫലമോ അനുഭവിക്കേണ്ടിവരുമെന്നുമുള്ള യാഥാര്‍ഥ്യം സദാ ഗൌനിക്കുക.
9. തന്റെ ഇഷ്ടത്തിന് അല്ലാഹുവിന്റെ ഇഷ്ടത്തെയും, തന്റെ അനിഷ്ടത്തിന് അല്ലാഹുവിന്റെ അനിഷ്ടത്തെയും മാനദണ്ഡമായി സ്വീകരിക്കുക.
10. അല്ലാഹുവിനെ അഗാധമായി സ്നേഹിക്കുക. അവന്റെ പ്രീതിയും സാമീപ്യവും, തന്റെ സമസ്ത ശ്രമങ്ങളുടെയും ലക്ഷ്യമായും മുഴു ജീവിതത്തിന്റെ അച്ചുതണ്ടായും സ്വീകരിക്കുക.
11. തന്റെ സ്വഭാവചര്യകള്‍, സാമൂഹിക നാഗരിക സാമ്പത്തിക രാഷ്ട്രീയ ഇടപാടുകള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ വിഷയങ്ങളിലും അല്ലാഹുവിന്റെ നിര്‍ദേശത്തെ മാത്രം നിര്‍ദേശമായി അംഗീകരിക്കുക. അല്ലാഹു നിശ്ചയിച്ചുതന്നതോ അവന്റെ നിയമ നിര്‍ദേശങ്ങള്‍ക്ക് വിധേയമോ ആയ പദ്ധതിയെ മാത്രം പദ്ധതിയായി സ്വീകരിക്കുക. അവന്റെ 'ശരീഅത്തി'നു വിരുദ്ധമായതെന്തും തള്ളിക്കളയുക.
ഈ ആദര്‍ശത്തിലെ രണ്ടാം ഭാഗമായ 'മുഹമ്മദ്(സ) അല്ലാഹുവിന്റെ റസൂല്‍ ആണെ'ന്നതിന്റെ വിവക്ഷ ഇതാണ്: സാക്ഷാല്‍ 'മഅ്ബൂദും' പ്രപഞ്ചത്തിന്റെ അധിപതിയുമായ അല്ലാഹു, ഭൂവാസികളായ മനുഷ്യര്‍ക്കാകമാനം അന്ത്യദിനം വരേക്കുള്ള പ്രാമാണിക മാര്‍ഗനിര്‍ദേശപത്രവും പരിപൂര്‍ണ ജീവിതപദ്ധതിയും കൊടുത്തയച്ച്, ആ നിര്‍ദേശവും പദ്ധതിയും അനുസരിച്ചു പ്രവര്‍ത്തിച്ചുകൊണ്ട്, ഒരു സമ്പൂര്‍ണ ജീവിതമാതൃക സംസ്ഥാപിക്കാന്‍ നിയോഗിച്ചിട്ടുള്ള അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ) തിരുമേനി ആകുന്നു.

M. Ashraf said...

ഈ വസ്തുത ഗ്രഹിച്ചംഗീകരിക്കുന്നതിനാല്‍ താഴെ പറയുന്ന സംഗതികള്‍ മനുഷ്യന്റെ മേല്‍ അനിവാര്യമായിത്തീരുന്നു:

1. മുഹമ്മദ്(സ) തിരുമേനിയുടേതെന്നു തെളിഞ്ഞ എല്ലാ ശിക്ഷണ നിര്‍ദേശങ്ങളും നിരുപാധികം സ്വീകരിക്കുക.
2. ഒരു കാര്യം ചെയ്യുന്നതിനും ചെയ്യാതിരിക്കുന്നതിനുമുള്ള പ്രേരണ, ആ കാര്യത്തില്‍ ദൈവദൂതന്റെ കല്‍പനയോ നിരോധമോ ഉള്ളതായി തെളിഞ്ഞിട്ടുണ്ട് എന്നത് മാത്രമാവുക. അതല്ലാതെ മറ്റൊരു തെളിവും അനുസരണത്തിന് ആവശ്യമില്ലാതിരിക്കുക.
3. ദൈവദൂതന്റേതൊഴിച്ചു മറ്റാരുടെയും സ്വതന്ത്രമായ നേതൃത്വവും മാര്‍ഗദര്‍ശനവും അംഗീകരിക്കാതിരിക്കുക. മറ്റു മനുഷ്യരെ പിന്തുടരുന്നത് അല്ലാഹുവിന്റെ കിതാബിനും റസൂലിന്റെ സുന്നത്തിനും വിധേയമായിട്ടല്ലാതെ അവ രണ്ടില്‍നിന്നും സ്വതന്ത്രമായിക്കൊണ്ടാവാതിരിക്കുക.
4. സ്വജീവിതത്തിലെ സകല ഇടപാടുകളിലും സാക്ഷാല്‍ പ്രമാണവും മൂലാധാരവും അടിസ്ഥാനരേഖയുമായി അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നത്തും അംഗീകരിക്കുക. കിതാബിനും സുന്നത്തിനും യോജിക്കുന്ന ആദര്‍ശവും വിശ്വാസവും മാര്‍ഗവും മാത്രം അവലംബിക്കുകയും അവക്കെതിരായതെന്തും തിരസ്കരിക്കുകയും ചെയ്യുക.
5. വ്യക്തിപരമോ കുടുംബപരമോ ഗോത്രപരമോ വംശീയമോ ദേശീയമോ കക്ഷിത്വപരമോ സംഘടനാപരമോ ആയ എല്ലാവിധ അനിസ്ലാമിക പക്ഷപാതങ്ങളെയും മനസ്സില്‍നിന്നു പുറംതള്ളുക. ദൈവദൂതനോടും അവിടുന്ന് സമര്‍പ്പിച്ച സത്യത്തോടുമുള്ള സ്നേഹാദരവിനെ അതിജയിക്കുകയോ, അതിനോട് കിടപിടിക്കുകയോ ചെയ്യുമാറ് മറ്റാരുടെയും സ്നേഹബഹുമാനത്തില്‍ സ്വയം ബന്ധിതനാവാതിരിക്കുക.
6. ദൈവദൂതനെ അല്ലാതെ മറ്റാരെയും സത്യത്തിന്റെ മാനദണ്ഡമാക്കാതിരിക്കുക. മറ്റാരെയും വിമര്‍ശനാതീതനായി ഗണിക്കാതിരിക്കുക.* മറ്റൊരാളുടെയും മാനസികാടിമത്തത്തില്‍ കുടുങ്ങാതിരിക്കുക. അല്ലാഹു നിശ്ചയിച്ച ഈ പരിപൂര്‍ണ മാനദണ്ഡംകൊണ്ട് ഓരോരുത്തനെയും പരിശോധിക്കുകയും അതനുസരിച്ച് ആര്‍ ഏതു പദവിയിലാണോ അതേ പദവിയില്‍ വെക്കുകയും ചെയ്യുക.

M. Ashraf said...

ലക്ഷ്യം
ഖണ്ഡിക: 4
ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ലക്ഷ്യം 'ഇഖാമതുദ്ദീന്‍' ആകുന്നു. അതിന്റെ സാക്ഷാല്‍ പ്രേരകശക്തി, അല്ലാഹുവിന്റെ പ്രീതിയും പരലോകവിജയവും കരസ്ഥമാക്കുകയെന്നതാകുന്നു.

വിശദീകരണം :'ഇഖാമതുദ്ദീന്‍' എന്നതിലെ 'ദീന്‍' കൊണ്ടുള്ള വിവക്ഷ, പ്രപഞ്ചകര്‍ത്താവായ അല്ലാഹു, തന്റെ സകല പ്രവാചകന്മാരും മുഖേന വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അയച്ചുകൊണ്ടിരുന്നതും അന്ത്യപ്രവാചകനായ മുഹമ്മദ്(സ) മുഖേന അഖില മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി, അന്തിമവും പരിപൂര്‍ണവുമായി അവതരിപ്പിച്ചിട്ടുള്ളതുമായ സത്യദീനാകുന്നു. ഇന്ന് ലോകത്ത് പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായ ഏക ദീന്‍ ഇതൊന്നുമാത്രമാണ്. അതിന്റെ പേരത്രെ ഇസ്ലാം.
ഈ ദീന്‍ മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിലെ വ്യക്തിഗതവും സമഷ്ടിഗതവുമായ നാനാതുറകളെയും ഉള്‍ക്കൊള്ളുന്നു. ആദര്‍ശം, വിശ്വാസം, ആരാധനകള്‍, സ്വഭാവചര്യകള്‍ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്ക് പുറത്തല്ല.

M. Ashraf said...

ഈ ദീന്‍ ദൈവപ്രീതിയും പാരത്രിക വിജയവും ഉറപ്പുനല്‍കുന്നതായതുപോലെത്തന്നെ, ഐഹിക പ്രശ്നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമമായ ജീവിത വ്യവസ്ഥിതിയുമാണ്. ഉത്തമവും പുരോഗമനോന്മുഖവുമായ വ്യക്തി-സമൂഹ ജീവിത സംവിധാനം ഇതിന്റെ സംസ്ഥാപനത്തിലൂടെ മാത്രമേ സാധ്യമാകൂ.
ഈ ദീനിന്റെ 'ഇഖാമത്ത്' കൊണ്ടുള്ള വിവക്ഷ, യാതൊരുവിധ പരിഛേദവും വിഭജനവും കൂടാതെ, ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി ഈ ദീനിനെ പൂര്‍ണമായി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവുമെല്ലാം ഈ ദീനിന് അനുരൂപമായിരിക്കുമാറ്, മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ നിഖില മേഖലകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍വരുത്തുകയും ചെയ്യുക എന്നതാകുന്നു.
ഈ ദീനിന്റെ സംസ്ഥാപനത്തിനുള്ള ഉത്തമവും പ്രായോഗികവുമായ മാതൃക മുഹമ്മദ്(സ)യും സച്ചരിതരായ ഖലീഫമാരും സ്ഥാപിച്ചിട്ടുള്ളതാണ്.

M. Ashraf said...

പ്രവര്‍ത്തനമാര്‍ഗം
ഖണ്ഡിക: 5
ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പ്രവര്‍ത്തനമാര്‍ഗം താഴെ വിവരിക്കും പ്രകാരമായിരിക്കും:
1. ഖുര്‍ആനും സുന്നത്തും ജമാഅത്ത് പ്രവര്‍ത്തനത്തിന്റെ അസ്തിവാരമായിരിക്കും. മറ്റുള്ളതെല്ലാം രണ്ടാം സ്ഥാനത്ത്, ഖുര്‍ആനും സുന്നത്തും അനുസരിച്ച് പഴുതുള്ളേടത്തോളം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.
2. ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികള്‍ പാലിക്കുന്നതായിരിക്കും. സത്യസന്ധതക്കും വിശ്വസ്തതക്കും നിരക്കാത്തതോ, വര്‍ഗീയ വിദ്വേഷത്തിനും വര്‍ഗസംഘട്ടനത്തിനും ഇടയാക്കുന്നതോ നാട്ടില്‍ നാശമുണ്ടാക്കുന്നതോ ആയ മാര്‍ഗങ്ങളും പരിപാടികളും ഒരിക്കലും സ്വീകരിക്കുന്നതല്ല.
3. ജമാഅത്ത് അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. ആദര്‍ശപ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്കരിക്കുന്നതും, സാമൂഹിക ജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമ വിപ്ളവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്

BorN said...

Nayayude vaaaaaaaaal Ethrakaaaaaalam Kuzhalilittalum ...????/

Ethu thanneyaaaaaaaa KNM ,KJU, ISM MSM MGM (2 - each - Now) Only @ Kerala U can C this type of Salafi... !!!!!!!!! they r not salafi.

സാജിദ് ഈരാറ്റുപേട്ട said...

സാമ്പത്തികമേഖലയില്‍
സമ്പത്ത് അല്ലാഹുവിന്റേതാണ്. അത് എങ്ങനെ സമ്പാദിക്കണമെന്നും കൈവശം വെയ്ക്കണമെന്നും ചെലവഴിക്കണമെന്നും കല്‍പിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനു മാത്രമാണ്. ഇതാണ് സാമ്പത്തികരംഗത്തെ തൌഹീദ്. സമ്പത്ത് എന്റേതാണ്; അല്ലെങ്കില്‍ എന്റെ രാഷ്ട്രത്തിന്റേതാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരവും അവകാശവും മനുഷ്യനാണ്. അതില്‍ മതമോ ദൈവമോ പ്രവാചകനോ ഇടപെടേണ്ടതില്ല. ഇടപെടാവതുമല്ല- ഇങ്ങനെ വിശ്വസിക്കുന്നതും വാദിക്കുന്നതും തൌഹീദിനു കടകവിരുദ്ധമായ ശിര്‍ക് ആണ്. സാമ്പത്തികരംഗത്ത് ശിര്‍കുണ്ടായിരുന്ന പലരുടെയും കഥ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ശുഐബ് നബിയുടെ ജനത ഉദാഹരണം. സാമ്പത്തികകാര്യങ്ങളില്‍ മതം ഇടപെടരുതെന്ന് തീരുമാനിച്ചവരായിരുന്നു അവര്‍. അതിനാല്‍, അവരിലേക്ക് നിയുക്തനായ പ്രവാചകന്‍ ഈ വികലവിശ്വാസത്തിന്റെ കാണപ്പെടുന്ന തിന്‍മ തിരുത്താന്‍ അവരോടാവശ്യപ്പെട്ടു. "മദ്യന്‍ നിവാസികളിലേക്ക് നാം അവരുടെ സഹോദരന്‍ ശുഐബിനെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ടു ജീവിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ വേറെ ദൈവമില്ലതന്നെ. നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് സ്പഷ്ടമായ മാര്‍ഗദര്‍ശനം വന്നിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ അളവിലും തൂക്കത്തിലും പൂര്‍ണത വരുത്തുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ കമ്മിയാക്കാതിരിക്കുക. ഭൂമിയില്‍ അതിന്റെ സംസ്കരണം നടന്ന ശേഷം നിങ്ങള്‍ നാശമുണ്ടാക്കാതിരിക്കുക.'' (അല്‍ അഅ്റാഫ്: 85).

SabiQ said...

നമസ്കാരം ട്രെയ്നിംഗ് കോഴ്സ്? Please read this Question & Answer http://www.jihkerala.org/faq/FaqAnswers.php?qi=84

Abid Ali said...

ഇസ്ലാമിനെ അത്യന്തം സങ്കുചിതമായി വിശ്വാസാചാരങ്ങളില്‍ തളച്ചിട്ട മഹാ അബദ്ധം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നിരന്തര ബോധവത്കരണത്തിന്റെ ഫലമായി ഭാഗികമായെങ്കിലും തിരുത്തേണ്ട നിര്‍ബന്ധിതാവസ്ഥയിലാണിപ്പോള്‍ നമ്മുടെ മതസംഘടനകള്‍. ഒരു വശത്ത് അമുസ്ലിംകള്‍ക്കായുള്ള ദഅ്വത്തും പൊതു സംവാദങ്ങളും പ്രദര്‍ശനങ്ങളുമൊക്കെ സംഘടിപ്പിക്കുമ്പോള്‍ മറുവശത്ത് സാമ്രാജ്യത്വവിരോധവും മറ്റു സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളും വേണ്ടിവരുന്നു. അപ്പോഴും തങ്ങള്‍ പണ്േടയുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമിയുടെ പ്രബോധന ശൈലിയാല്‍ സ്വാധീനിക്കപ്പെട്ടിട്ടില്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഒരാവശ്യമായി അവര്‍ കരുതുന്നു. അതിന്റെ ഭാഗമാണ് കാലഹരണപ്പെട്ട ആരോപണങ്ങളുടെ വിരസമായ ആവര്‍ത്തനം.


ഭരണകൂടത്തെ ഇസ്ലാമീകരിക്കുക എന്ന ഒരു പരിപാടി ജമാഅത്തെ ഇസ്ലാമിക്കില്ല. കാഞ്ഞിരത്തിന്റെ കായ മാമ്പഴമാക്കി മാറ്റാന്‍ വല്ല വിദ്യയുമുണ്െടങ്കിലേ മതനിരാസ, കേവല ഭൌതികാദര്‍ശങ്ങളില്‍ പണിതുയര്‍ത്തിയ ഭരണകൂടത്തെ ഇസ്ലാമീകരിക്കാനാവൂ. ഇസ്ലാമിനെ താത്ത്വികമായും പ്രായോഗികമായും സ്വീകരിക്കുന്നവരാണ് ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കേണ്ടത്. ജനാധിപത്യപരമായി നടക്കേണ്ട ഈ പ്രക്രിയ വ്യക്തികളില്‍ പ്രബോധനം നടത്തുകയും അവരെ പരിവര്‍ത്തിപ്പിക്കുകയും ചെയ്തുകൊണ്ട് മാത്രം സാധിക്കുന്നതാണ്. ആ ജോലിയിലാണ് ഇസ്ലാമിക പ്രസ്ഥാനം ഏര്‍പ്പെട്ടിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ സിവില്‍-ക്രിമിനില്‍ നിയമങ്ങളും അവക്കാധാരമായ സാമൂഹികനീതിസങ്കല്‍പവും യാഥാര്‍ഥ്യമാവണമെങ്കില്‍ ഭരണം കൂടാതെ സാധ്യമല്ല. ശരീഅത്തിന് പ്രായോഗിക നിയന്ത്രണമില്ലാത്ത ഒരു സമൂഹത്തില്‍ നോമ്പിന്റെ ദിവസനിര്‍ണയവും സകാത്തിന്റെ സാമൂഹിക സംഭരണവും വിതരണവുമടക്കം എല്ലാം അപൂര്‍ണമോ വികലമോ ആയി അവശേഷിക്കും എന്നതിന് സമകാലിക മുസ്ലിംസമൂഹം തന്നെ സാക്ഷി. ഇസ്ലാം നിഷിദ്ധമാക്കിയ വ്യഭിചാരവും ഗര്‍ഭഛിദ്രവും നഗ്നതാ പ്രദര്‍ശനവും മദ്യപാനവും പലിശയും കൈക്കൂലിയും മറ്റെല്ലാ തിന്മകളും ഇല്ലാതാവണമെങ്കില്‍ വെറും വഅള് പോരാ, അധികാരത്തിന്റെ ഇടപെടലുകള്‍ തന്നെ വേണം. അതുകൊണ്ടാണ് 'സ്വന്തം ഭരണം ഇല്ലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത സങ്കല്‍പവീടു പോലെ' ആണെന്ന് പറഞ്ഞത്.


നമസ്കാരം ട്രെയ്നിംഗ് കോഴ്സ് (പരിശീലന പരിപാടി)തന്നെയാണ്. എന്തിന്റെ? അക്കാര്യം സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി വ്യക്തമാക്കിയതിങ്ങനെ: "ചുരുക്കത്തില്‍ ഇഹലോകജീവിതത്തില്‍ എല്ലാ സമയത്തും സകല വിഷയങ്ങളിലും ദൈവത്തെ സ്മരിക്കുക, അവന്റെ കോപത്തെ ഭയപ്പെടുക, അവന്റെ പൊരുത്തവും പ്രീതിയും വീക്ഷിക്കുക, അവന്റെ നിയമങ്ങളനുസരിക്കുക, അവന്റെ കല്‍പന ലംഘിക്കുന്നതിനാല്‍ ലഭിക്കാവുന്ന ഏത് ലാഭവും തിരസ്കരിക്കുക, അവനെ അനുസരിക്കുന്നതിനാല്‍ സംഭവിക്കുന്നതോ സംഭവിക്കാവുന്നതോ ആയ എല്ലാ കഷ്ട നഷ്ടങ്ങളും സസന്തോഷം സഹിക്കുക- ഇതാണ് ദൈവത്തിനുള്ള 'ഇബാദത്ത്'. ഇത്തരത്തിലുള്ള ജീവിതം ആദ്യന്തം ഇബാദത്ത് മാത്രമാണ്. എന്തിനേറെ, പ്രസ്തുത ജീവിതത്തില്‍ തിന്നുന്നതും കുടിക്കുന്നതും നടക്കുന്നതും ഇരിക്കുന്നതും ഉറങ്ങുന്നതും ഉണരുന്നതും സംസാരിക്കുന്നതുമെല്ലാം ഇബാദത്തില്‍ ഉള്‍പ്പെട്ടവയായിരിക്കും.


"ഇത് ഇബാദത്തിന്റെ സാക്ഷാല്‍ വിവക്ഷയാണ്. മുസ്ലിംകളെ ഇതേ നിലക്ക് ഇബാദത്ത് ചെയ്യുന്നവരാക്കിത്തീര്‍ക്കുകയത്രെ ഇസ്ലാമിന്റെ പരമലക്ഷ്യം. ഈ ആവശ്യാര്‍ഥം അടിസ്ഥാനപരമായ ഈ വലിയ ഇബാദത്തിന് മനുഷ്യനെ സന്നദ്ധനാക്കുന്ന ചില ഇബാദത്തുകള്‍ ഇസ്ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. ഈ പ്രത്യേക ഇബാദത്തുകള്‍ ആ വലിയ ഇബാദത്തിനുള്ള ഒരു 'ട്രെയ്നിംഗ് കോഴ്സ്' എന്നോണമാണ്'' (ഇസ്ലാംമതം, 14-ാം പതിപ്പ്, പേജ് 146,147 പ്രസാ: ഐ.പി.എച്ച് കോഴിക്കോട്). 'എന്നെ ഓര്‍ക്കാന്‍ നീ നമസ്കാരം നിലനിര്‍ത്തുക', 'തീര്‍ച്ചയായും നമസ്കാരം മ്ളേഛതകളില്‍നിന്നും നിഷിദ്ധങ്ങളില്‍നിന്നും തടയുന്നു' എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍ ശ്രദ്ധിച്ചാല്‍തന്നെ വ്യക്തമാവും ഇബാദത്തുകള്‍ ജീവിതസംസ്കരണത്തിനുള്ള ട്രെയ്നിംഗ് കോഴ്സ് തന്നെയാണെന്ന്.

Backer said...

മുജാഹിദ് പണ്ഡിത സംഘടന KJU വിന്റെ മുഖപത്രമായ അല്‍മുര്‍ശിദ്‌ "ഇസ്ലാം ഏതു ദിവസം ദീന്‍ (മതം) ആയോ അന്ന് തന്നെ സിയാസത്തും (രാഷ്ട്രവും) കൂടിയായിരുന്നു. അതിന്റെ മിമ്പര്‍ അതിന്റെ സിംഹാസനവും അതിന്റെ പള്ളി അതിന്റെ കോടതിയും അതിന്റെ തൌഹീദ് നമ്രൂദ്, ഫിരൌന്‍, ഖൈസര്‍, കിസ്ര മുതലായവരുടെ സാമ്രാജ്യത്വം നശിപ്പിക്കാനുള്ള സന്ദേശവും " (ജില്ദ് : 3 , ലക്കം 11 , പേജ് 405)


കേവലം ആരാധനയില്‍ ലയിക്കലല്ല ഇസ്ലാം, അങ്ങനെയായിരുന്നെങ്കില്‍ റസൂല്‍ തിരുമേനിയും സ്വഹാബതും രാജ്യഭാരം നടത്തേണ്ടതില്ലായിരുന്നു. അപ്പോള്‍ ഭൌതികവും ആത്മീയവും ഒത്തു ചേര്‍ന്നുള്ള ഒരു രാഷ്ട്രമാണ് ഇസ്ലാം എന്ന് മനസ്സിലാക്കണം (പുസ്തകം 5 , ലക്കം 3 , പേജ് 84 )

Backer said...

നമസ്കാരം ട്രെയ്നിംഗ് കോഴ്സ്?

ISM കൊച്ചി ശാഖ പ്രസിദ്ധീകരിച്ച അബു സ്സബാഹ് മൌലവി എഴുതിയ പുസ്തകം "നമസ്കാര ചൈതന്യം"
ജമാഅത്ത് നമസ്കാരത്തില്‍ സാമുദായികവും സാമ്പത്തികവും രാഷ്ട്രീയവും വിജ്ഞാനപരവുമായി ഒട്ടധികം ആന്തരാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട് (പേജ് 28 )

രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ ഇത് മാതൃകാ യോഗ്യമായ ഒരു ഗ്രാമ പഞ്ചായത്ത് ആണ്... ഈ ഗ്രാമ പഞ്ചായത്തിന്റെ അധ്യക്ഷസ്ഥാനമാണ് ജമാഅത്തിന്റെ ഇമാം വഹിക്കുന്നത് (പേജ് 29 )

മറ്റൊരു വിധത്തില്‍ നോക്കുകയാണെങ്കില്‍ ജമാത് നമസ്കാരം ഒരു പട്ടാള പരിശീലനമാണ്. ഒരു പട്ടാള ഓഫീസറുടെ മുമ്പില്‍ അദേഹത്തിന്റെ കീഴിലുള്ള ഭടന്മാര്‍ അണി നിരന്നു നില്‍ക്കുന്നത് പോലെയാണ് ഇമാമിന്റെ പിന്നില്‍ അദേഹത്തിന്റെ അനുയായികള്‍ അണി നിരന്നു നില്‍ക്കുന്നത് (പേജ് 31 )

محمد علي شهاب الإرشادي said...

💦💦 ഭരണത്തെയും അധികാരത്തെയും ഈ രീതിയില്‍ കണ്ട ഒരു പ്രവാചകന്റെ പേരിലാണ്‌ അദ്ദേഹം നടപ്പാക്കിയ ആരാധനാകര്‍മങ്ങളുടെയെല്ലാം ലക്ഷ്യം അധികാരം പിടിച്ചെടുക്കലായിരുന്നുവെന്ന്‌ മതത്തിന്റെ പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്‌... എന്നിട്ടും അത്യാഗ്രഹം തീരുന്നില്ല 👉ഭലഹീനരായ സ്ത്രീ സമൂഹത്തെ നടു റോട്ടിൽ ഇറക്കി 😕😕സംരക്ഷണം നല്കപ്പെടെണ്ടവള് മണലിൽ ശരീരം മൂടപ്പെട്ടു കുത്തക രാഷ്ട്രീയ കമ്പോളത്തിലെ ചരക്കായി പോലും എന്നോ തരം താഴ്തപെട്ടുപോയി.... !

Unknown said...

പ്രിയപ്പെട്ട സഹോദരാ, സയ്യിദ് മൗദൂദി പറഞ്ഞത് ഖുർആനിലും സുന്നത്തിലും ഇല്ലാത്തതാണെന്നു തെളിയിക്കാമോ? മൗദൂദി ഖുർആനിലും സുന്നത്തിലും എന്താണോ ഉള്ളത് അത് അല്ലാഹുവിനെയല്ലാതെ ആരെയും ഭയപ്പെടാതെ സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചത് തെറ്റാണ് എന്ന് പ്രമാണങ്ങൾ വച്ച് താങ്കൾ തെളിയിച്ചാൽ താങ്കളെ ഞാൻ 100% അംഗീകരിക്കാം.

നന്ദി സഹോദരാ.. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ..ആമീൻ...

Shamir Kolathur said...

ജമാഅത്തെ ഇസ്ലാമി v/s മുജാഹിദ് പ്രസ്ഥാനം. 1920 കൾക്ക് ശേഷം കേരളത്തിൽ കാണപ്പെട്ട ഒരു തരം വൈറസ്. പാരമ്പര്യ മുസ്ലിം പൈതൃകത്തെയും സാഗരം കണക്കെ വിജ്ഞാനസമ്പന്നരായ മഹാന്മാരുടെ ഗ്രന്ഥങ്ങളെ വാറോലകളാക്കിയും ഉരുവം കൊണ്ടവർ. പരിശുദ്ധ ദീൻ ശരിക്കൊന്നു മനസ്സിലാക്കാത്ത നേതാക്കൾ. ഖുതുബാത്ത് പോലും അതിനുള്ള No1 ഉദാഹരണം. എടോ... മുസ്ലിം ഉള്ളിടത്ത് ഇസ്ലാമിക് രാഷ്ട്രം പണിയാൻ ആരാടോ തന്നെയൊക്കെ ഏൽപ്പിച്ചത്..?? മദീനയും ജസീറതുൽ അറബും മുസ്ലിം സമ്പന്നമായ സമയത്താണ് ഇസ്ലാമിക് ഭരണം അവിടെ സാധ്യമായത്. അല്ലാതിടങ്ങളിൽ എങ്ങനെ ജീവിക്കണമെന്നും തിരുനബി(സ്വ) പഠിപ്പിച്ചു തന്നിട്ടുണ്ട്.

Post a Comment