Pages

Friday, August 6, 2010

വായനയ്‌ക്കു മുൻപ്...

 മാന്യവായനക്കാരെ,

ബഹുമാന്യ പണ്ഡിതൻ എ അബ്‌ദുസ്സലാം സുല്ലമി എടവണ്ണ രചിച്ച്, കോഴിക്കോട് ‘യുവത’ ബുക് ഹൌസ് പ്രസിദ്ധീകരിച്ച ‘തെറ്റിദ്ധരിപ്പിക്കുന്ന ജമാ‌അത്തെ ഇസ്‌ലാമി’ എന്ന പുസ്തകമാണ് ഇത്.

സമകാലിക സാഹചര്യത്തിൽ ജമാ‌അത്തെ ഇസ്‌ലാമി കൂടുതൽ വിമർശിക്കപ്പെടുകയും ആരോപണ പ്രത്യാരോപണങ്ങൾ ശക്തിപ്രാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ചിലരെങ്കിലും ധരിച്ചുവശായിരിക്കുന്നത് ജ. ഇസ്‌ലാമിയെ, ഇപ്പോൾ അവരുടെ രാഷ്ട്രീയ പ്രവേശന വിളംബരത്തിനു ശേഷമാണ് വിമർശന വിധേയരാക്കാൻ തുടങ്ങിയത് എന്നാണ്. എന്നാൽ അവരുടെ ആരംഭം തൊട്ടേ അവരുടെ നിലപാടുകളെയും ആദർശ വൈജാത്യങ്ങളെയും കുറിച്ച് പഠനവിധേയമാക്കുകയും ജനസമക്ഷം അവതരിപ്പിക്കുകയും ചെയ്തിരുന്നു. തദ്‌വിഷയകമായി വായനക്കാരുടെ പ്രശംസ പിടിച്ചു പറ്റിയ ഈ ഗ്രന്ഥം ബ്ലോഗ് ലോകത്തെത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.


പുസ്‌തകം നോക്കി ടൈപ് ചെയ്യുന്നതിനിടയിൽ വരാനിടയുള്ള അക്ഷരത്തെറ്റുകൾ പരമാവധി തിരുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും സഹൃദയരായ നിങ്ങളുടെ ശ്രദ്ധയിൽ പെടുന്നവ ചൂണ്ടിക്കാണിക്കണമെന്ന് വിനയപുരസരം അപേക്ഷിക്കുന്നു...

 ******************

 പ്രസാധകക്കുറിപ്പ്
മുജാഹിദ്‌ പ്രസ്ഥാനത്തിന്നെതിരെ ജമാഅത്തെ ഇസ്‌ലാമി ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിശകലനംചെയ്യുന്ന ഈ കൃതി സാധാരണക്കാര്‍ക്ക്‌ ഏറെ ഗുണംചെയ്യും. മുജാഹിദുകള്‍ക്കു തൗഹീദ്‌ അപൂര്‍ണമാണെന്നു പറഞ്ഞ്‌ പിരിഞ്ഞുപോയ ജമാഅത്ത്‌ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത്‌ എവിടെയാണെന്ന്‌ പരിശോധിക്കുന്നതോടൊപ്പം ചെറുതും വലുതുമായ വിമര്‍ശനങ്ങള്‍ വിലയിരുത്തുന്നുമുണ്ട്‌. ഈ സംഘടന അകപ്പെട്ട ആശയക്കുഴപ്പങ്ങളുടെ വ്യാപ്‌തിയളക്കുവാന്‍ ഈ പുസ്‌തകം ഉപകരിക്കും.

ഇസ്‌ലാമും ഭരണവും, ഹുകൂമത്തെ ഇലാഹി, മാറിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പുനയം, ഇബാദത്തും ജമാഅത്തെ ഇസ്‌ലാമിയും തുടങ്ങി പതിനാറ്‌ അധ്യായങ്ങളാണ്‌ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌.

_ഡയറക്റ്റർ,
‘യുവത’ ബുക് ഹൌസ്
ആർ എം റോഡ്
കോഴിക്കോട്-2

        ഉള്ളടക്കം


അനുബന്ധം

“ഇസ്‌ലാം ജീവിതപദ്ധതി”

ഇസ്‌ലാമിന്റെ ലക്ഷ്യം ഈ ലോക ജീവിതമല്ല. പരലോക വിജയമാണ്‌. ഈ ജീവിതത്തെ ഒരു ജീവിതമായിട്ടുപോലും പരിശുദ്ധ ഖുര്‍ആനും നബിചര്യയും കാണുന്നില്ല. പരലോക വിജയമാണ്‌ യഥാര്‍ഥ വിജയം. സത്യം തുറന്നുപറയുവാന്‍ നിര്‍ദേശിക്കുന്ന മതമാണ്‌ ഇസ്‌ലാം. ശിര്‍ക്കിന്നും ബിദ്‌അത്തിന്നും മൗനത്തിലൂടെ അനുമതി നല്‍കുവാന്‍ സമ്മതിക്കാത്ത മതം. അക്രമിയായ ഭരണാധികാരിയുടെ മുന്നിലും സത്യം തുറന്നുപറയല്‍ ഏറ്റവും വലിയ ധര്‍മയുദ്ധമായി പ്രഖ്യാപിച്ച മതം. സത്യം തുറന്നുപറഞ്ഞതിനാല്‍ വധിക്കപ്പെട്ട മനുഷ്യനെ രക്തസാക്ഷിയായി കണക്കാക്കുന്ന മതം. പരലോകത്ത്‌ വിജയം ലഭിക്കുവാനുള്ള സംഗതികള്‍ മനുഷ്യന്റെ ബുദ്ധിക്ക്‌ മാത്രം കണ്ടുപിടിക്കുവാന്‍ സാധ്യമല്ല. അതിനാല്‍ ഇത്തരം സംഗതികളുടെ രൂപവും സ്വഭാവവും ഇസ്‌ലാം വിശദമായി വിവരിച്ചുതരുന്നു.

ഇബാദത്തും ജമാഅത്തെ ഇസ്‌ലാമിയും

ബാദത്തിന്റെ സത്ത അടിമവൃത്തിയോ നിരുപാധികമായ അനുസരണമോ അല്ല. പ്രത്യുത പ്രാര്‍ഥനയോ പ്രാര്‍ഥനാ മനോഭാവമോ അഭൗതികത കല്‌പിക്കലോ ആണ്‌. പരിശുദ്ധഖുര്‍ആനില്‍ ദുആഅ്‌ എന്ന പദവും ഇബാദത്ത്‌ എന്ന പദവും പര്യായപദങ്ങള്‍ എന്ന നിലയ്‌ക്ക്‌ ഉപയോഗിച്ചതായി കാണാം. ഏതാനും ചില ഉദാഹരണങ്ങള്‍.

നബിചര്യക്ക്‌ സ്ഥാനമില്ലാത്ത കര്‍മശാസ്‌ത്രം

മുഹമ്മദ്‌ നബി(സ) കൊണ്ടുവന്നതാണെന്ന്‌ നമുക്ക്‌ അറിവ്‌ ലഭിക്കാത്ത യാതൊന്നും തന്നെ കര്‍മശാസ്‌ത്രത്തില്‍ നാം അനുഷ്‌ഠിക്കുവാന്‍ പാടില്ലെന്ന്‌ പരിശുദ്ധഖുര്‍ആനും നബിചര്യയും വ്യക്തമാക്കുന്നു. അല്ലാഹുവിനെ സ്‌നേഹിക്കുന്ന സ്‌ത്രീ പുരുഷന്മാരോട്‌ മുഹമ്മദ്‌ നബി(സ)യെ കര്‍മശാസ്‌ത്രത്തിലും പിന്തുടരുവാന്‍ നിര്‍ദേശിക്കുന്നു. ഈ വിഷയം യാഥാസ്‌ഥിതികര്‍ക്ക്‌ എതിരായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളില്‍ സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌.

തിന്മ വിരോധിക്കലും സമുദായ ഭിന്നിപ്പും

“നമസ്‌കാരാനന്തരമുള്ള കൂട്ടുപ്രാര്‍ഥന നിഷിദ്ധമാണെന്നോ നരകപ്രവേശത്തിനിടയാക്കുമെന്നോ പ്രാമാണികരായ പണ്ഡിതന്മാരാരും പറഞ്ഞിട്ടില്ല. സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കല്‍ നിഷിദ്ധവുമാണ്‌. അതിനാല്‍ ഭിന്നിപ്പ്‌ ഒഴിവാക്കാനാണെങ്കില്‍ കൂട്ടുപ്രാര്‍ഥന നടത്താവുന്നതാണ്‌. ഭിന്നിപ്പ്‌ ഒഴിവാക്കാന്‍, ഇസ്രാഈല്യര്‍ പശുക്കുട്ടിയെ ആരാധിച്ചപ്പോള്‍ ഹാറൂന്‍ നബി(അ) അതിനെ തടഞ്ഞില്ലെന്നും ഭിന്നിപ്പാകുന്ന മുഖ്യതിന്മ ഒഴിവാക്കാനാണ്‌ പശുവാരാധനയില്‍ നിന്ന്‌ ഇസ്രാഈല്യരെ തടയാതിരിക്കുകയെന്ന തിന്മ അദ്ദേഹം ചെയ്‌തതെന്നും ഡോ. യൂസുഫുല്‍ ഖര്‍ദാവി തന്റെ ഫിഖ്‌ഹുദ്ദൗല ഫില്‍ ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്‌. (പ്രബോധനം, 1998 ഒക്‌ടോബര്‍ 10, പേജ്‌ 35)

സ്വഹാബത്തിലെ ഭിന്നതയും ജമാഅത്തും

ശിര്‍ക്കിനെയും ബിദ്‌അത്തിനെയും ലഘൂകരിച്ച്‌ കാണുവാനും മുജാഹിദുകള്‍ ഇവക്കെതിരായി നടത്തുന്ന പ്രസംഗങ്ങളെയും ഖണ്ഡന പ്രസംഗങ്ങളെയും വാദപ്രതിവാദങ്ങളെയും കൊച്ചാക്കി കാണിക്കുവാനും ഇവര്‍ സാധാരണ ഉപയോഗിക്കാറുള്ള മറ്റൊരു ആയുധമാണ്‌ സ്വഹാബത്തിന്റെയും മദ്‌ഹബിന്റെ ഇമാമുകളുടെയും ഇടയില്‍ ഉണ്ടായിരുന്ന അഭിപ്രായഭിന്നതകള്‍. ഇവര്‍ എഴുതുന്നു: ``ശാഖാപരമായ കര്‍മശാസ്‌ത്രവിഷയങ്ങളില്‍ സ്വഹാബികള്‍ക്കിടയില്‍ തന്നെ വളരെ വ്യത്യസ്‌തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. ചുംബനംകൊണ്ട്‌ വുദു മുറിയുമോ, ജനാസ ചുമന്നാല്‍ വുദു മുറിയുമോ, സ്‌ത്രീ കുളിക്കുമ്പോള്‍ തലമുടി അഴിച്ചിടല്‍ നിര്‍ബന്ധമാണോ, ജനനേന്ദ്രിയങ്ങള്‍ തമ്മില്‍ ചേരുന്നതു മൂലം കുളി നിര്‍ബന്ധമാകുമോ..... സ്വഹാബികള്‍ക്കിടയില്‍ പല കര്‍മശാസ്‌ത്ര വിഷയങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന്‌ പ്രമുഖ മുജാഹിദ്‌ നേതാവുതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്‌.'' (പ്രബോധനം, മുഖാമുഖം പരിപാടികളിലൂടെ, 1998 ഒക്‌ടോബര്‍ 10, പേജ്‌ 33)

ബിദ്‌അത്തുകളെ ന്യായീകരിക്കുന്നു

“ചോ: പ്രബോധനം വാരികയുടെ പുസ്‌തകം 46, ലക്കം 37ല്‍ ബിദ്‌അത്തിനെക്കുറിച്ച്‌ നിങ്ങള്‍ നടത്തിയ പരാമര്‍ശം വായിച്ചു. ബിദ്‌അത്തുകളില്‍ നല്ലതും ചീത്തയും ഉണ്ടെന്നും നല്ല ബിദ്‌അത്തുകള്‍ നിഷിദ്ധമല്ലെന്നുമുള്ള ഖുറാഫികളുടെ വാദമാണ്‌ അതില്‍ സമര്‍ഥിച്ചിരിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ എല്ലാ ബിദ്‌അത്തും `ദലാല' ആണെന്നും `ദലാലത്തു'കളെല്ലാം നരകത്തിലാണെന്നും ഉള്ള ഹദീസ്‌ `ദഈഫാ'ണോ? അല്ലെന്നുണ്ടെങ്കില്‍ ആ ഹദീസിന്റെ താല്‌പര്യം ഒന്നു വിശദീകരിച്ചു തരാമോ?

ശാഖാപരത്തിന്റെ പ്രശ്‌നം

മുസ്‌ലിംകള്‍ക്ക്‌ രക്ഷ അല്ലാഹുവിന്റെ സഹായമാണ്‌. വിശിഷ്യാ ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക്‌. ബദ്‌റിലും മറ്റും ലഭിച്ചതുപോലുള്ള സഹായംകൊണ്ട്‌ മാത്രമേ അവര്‍ക്ക്‌ വിജയം നേടാന്‍ കഴിയൂ. രണ്ടാമതായി അവര്‍ക്കുള്ള രക്ഷാമാര്‍ഗം ഇസ്‌ലാം സര്‍വമേഖലകളിലും മനസ്സിലാക്കി അത്‌ ജീവിതത്തില്‍ പകര്‍ത്തി അമുസ്‌ലിം സ്‌നേഹിതന്മാരെ ആകര്‍ഷിക്കുകയെന്നതാണ്‌. മുസ്‌ലിംകള്‍ക്ക്‌ അല്ലാഹുവിന്റെ സഹായം പ്രത്യേകമായി ലഭിക്കണമെങ്കില്‍ അവര്‍ ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തുകളില്‍ നിന്നും പരിപൂര്‍ണമായി മോചിതരാകണം. മനുഷ്യരെല്ലാം ദൈവത്തിന്റെ സൃഷ്‌ടികള്‍ തന്നെയാണ്‌. അതിനാല്‍ ഒരു വിഭാഗത്തോട്‌ ജനങ്ങള്‍ക്ക്‌ പ്രത്യേകമായി എന്തെങ്കിലും താല്‌പര്യം ഉണ്ടാവണമെങ്കില്‍ മറ്റുള്ള സമുദായങ്ങളില്‍ അവര്‍ക്ക്‌ കാണാന്‍ സാധിക്കാത്ത സദ്‌ഗുണങ്ങള്‍ അവരിലുണ്ടാകല്‍ അനിവാര്യമാണ്‌. അമുസ്‌ലിംകള്‍ അവരിലേക്ക്‌ ആകര്‍ഷിക്കപ്പെടണമെങ്കില്‍ അവര്‍ പ്രവാചകചര്യ മനസ്സിലാക്കി മാതൃകാപരമായ ജീവിതം നയിക്കേണ്ടത്‌ അനിവാര്യമാണ്‌.

മുസ്‌ലിംകളും പീഡനവും

ന്ത്യയിലെ മുസ്‌ലിംകള്‍ക്ക്‌ പീഡനമുണ്ട്‌. മുസ്‌ലിമായി ജനിച്ചു എന്ന ഏകകാരണത്താല്‍ അവരുടെ രക്തം ചില വര്‍ഗീയവാദികള്‍ അവര്‍ ജനിച്ചഭൂമിയില്‍ ഒഴുക്കുന്നുണ്ട്‌. ഇതിനു പരിഹാരം എന്താണ്‌? ഇന്ത്യയില്‍ വര്‍ഗീയവാദികള്‍ വളര്‍ന്നുവരുവാന്‍ ഇടയാക്കിയതില്‍ ജമാഅത്തെ ഇസ്‌ലാമിയെക്കാള്‍ വലിയ പങ്ക്‌ മുജാഹിദുകള്‍ക്കുണ്ടെന്ന്‌ ഇന്ത്യയിലെ വകതിരിവുള്ള ഒരു മനുഷ്യനെങ്കിലും പറയുമെന്ന്‌ തോന്നുന്നില്ല. രാഷ്‌ട്രീയമായി മുസ്‌ലിംകളെ സംഘടിപ്പിച്ചാല്‍ ഇതിനു പരിഹാരമാകുമോ? എങ്കില്‍ ജമാഅത്തിന്റെ മുന്‍ അമീര്‍ അബുല്ലൈസ്‌ തന്നെ പറയുന്നതുകാണുക: തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനു മൂന്നു രൂപമുണ്ടാവാം. മൂന്നും മുസ്‌ലിംകള്‍ക്കാപല്‌കരമാണ്‌. മുസ്‌ലിംകള്‍ പ്രത്യേകസംഘടന സ്ഥാപിക്കുകയും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ വേണ്ടി സ്വന്തം പ്രതിനിധികളെ നിര്‍ത്തുകയും ചെയ്യുകയെന്നതാണ്‌ ഒരു രൂപം. പക്ഷേ, ഇന്നേവരെ ബാധിച്ചിട്ടുള്ള ഛിദ്രതയും അനൈക്യവും വെച്ച്‌ നോക്കുമ്പോള്‍ അവര്‍ ഒരേ പ്ലാറ്റ്‌ഫോറത്തില്‍ ഏകീകരിക്കുക എന്നതു പ്രയാസമാണ്‌. മുസ്‌ലിംകളുടെ മാത്രം ഭൂരിപക്ഷം വോട്ടുകൊണ്ട്‌ മുസ്‌ലിം സ്ഥാനാര്‍ഥി ജയിക്കുന്നത്ര ഭൂരിപക്ഷം ഇന്ത്യയിലൊരിടത്തും ഇന്നവര്‍ക്കില്ല''. (പുസ്‌തകം 4, ലക്കം 3, 1, പ്രബോധനം, അബുല്ലയ്‌സ്‌ സാഹിബ്‌ നദ്‌വി)

ജമാഅത്തും മദ്‌ഹബുകളും

ന്റെ ജീവിതവും മരണവും അല്ലാഹുവിന്നാണെന്ന്‌ നമസ്‌കാരത്തിലും മറ്റും പ്രാര്‍ഥിക്കുന്ന മുജാഹിദുകള്‍ എങ്ങനെയാണ്‌ മുസ്‌ലിം ലീഗ്‌, കോണ്‍ഗ്രസ്സ്‌, ജനത മുതലായ പാര്‍ട്ടികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുക? സഖാക്കള്‍ വരെ നിങ്ങളില്‍ ഉണ്ടല്ലോ. ഇസ്‌ലാമില്‍ രാഷ്‌ട്രീയം ഉണ്ടെന്ന്‌ നിങ്ങള്‍ സമ്മതിക്കുന്നില്ലെന്നതിന്ന്‌ ഇത്‌ വ്യക്തമായ തെളിവല്ലേ? ഇതാണ്‌ ഇവര്‍ സൃഷ്‌ടിക്കുന്ന മറ്റൊരു തെറ്റിദ്ധാരണ. മദ്‌ഹബിനെ പ്രമാണമായി അംഗീകരിക്കുന്നവര്‍ക്കു ഇത്തരം ഒരു വിമര്‍ശനം ഇസ്‌ലാഹീ പ്രസ്ഥാനത്തിനു നേരെ ഉന്നയിക്കുവാന്‍ ധാര്‍മികമായി യാതൊരു അവകാശവുമില്ലെന്നുണര്‍ത്തട്ടെ. ആദ്യമായി ജമാഅത്തെ ഇസ്‌ലാമി മദ്‌ഹബിനെ പ്രമാണമായി അംഗീകരിച്ചിട്ടുണ്ടോ എന്ന്‌ പരിശോധിക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതികളും

താഗൂത്താണ്‌ സര്‍ക്കാര്‍ സ്‌കൂളുകളും കോടതികളുമെന്നും അതിനാല്‍ വിഗ്രഹങ്ങളെ ഉപേക്ഷിക്കുന്നതുപോലെ മുസ്‌ലിംകള്‍ ഇവയില്‍ നിന്നെല്ലാം തുല്യ വിദൂരത പാലിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി വാദിക്കുകയുണ്ടായി.

സര്‍ക്കാര്‍ ജോലിയോടുള്ള സമീപനം

“ഇന്ത്യന്‍ ഗവണ്‍മെന്റ്‌ താഗൂത്താണ്‌. പരിശുദ്ധഖുര്‍ആനില്‍ താഗൂത്തിന്ന്‌ ഇബാദത്തെടുക്കരുതെന്ന്‌ പറഞ്ഞ സ്ഥലത്തെല്ലാം വിവക്‌ഷിക്കുന്നത്‌ അനുസരണമാണ്‌. അപ്പോള്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ സര്‍ക്കാരിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടിവരും. ഇസ്‌ലാമില്‍ മതം, ഭൗതികം എന്നിങ്ങനെ വേര്‍പെടുത്തുന്നതു ശരിയല്ല.'' ഇതായിരുന്നു ജമാഅത്തിന്റെ സിദ്ധാന്തം. അങ്ങനെ മുസ്‌ലിംകള്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനെ ഇവര്‍ നിരുല്‍സാഹപ്പെടുത്തി. അവരുടെ സാഹിത്യങ്ങള്‍കൊണ്ട്‌ തന്നെ ഇത്‌ തെളിയിക്കാം.

മാറിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ്‌ നയം

തെരഞ്ഞെടുപ്പ്‌ ഞങ്ങള്‍ക്ക്‌ വിലക്കപ്പെട്ട കനിയായിരുന്നില്ലെന്നും സന്ദര്‍ഭം വന്നാല്‍ രംഗത്തിറങ്ങുമെന്നും പണ്ടുതന്നെ ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന്‌ ജമാഅത്ത്‌ സുഹൃത്തുക്കള്‍ ഇപ്പോള്‍ പ്രസ്‌താവിക്കുന്നു. അറിവില്‍ ആരും സമ്പൂര്‍ണരല്ല. മുഹമ്മദ്‌ നബി(സ) പോലും തന്റെ ചില തീരുമാനങ്ങള്‍ മാറ്റിയിട്ടുണ്ട്‌. സഹാബിവര്യന്‍മാരും മദ്‌ഹബിന്റെ ഇമാമുകളും അഭിപ്രായങ്ങള്‍ മാറ്റിയിട്ടുണ്ട്‌. മുജാഹിദ്‌ പ്രസ്ഥാനം ഉണ്ടായതു തന്നെ പഴയ യാഥാസ്ഥിതിക വിശ്വാസങ്ങള്‍ തിരുത്തിയും മാറ്റിയുമാണ്‌. എന്നാല്‍ ഞങ്ങള്‍ അഭിപ്രായം മാറ്റിയത്‌, ആദ്യം തങ്ങള്‍ക്ക്‌ ലഭിക്കാത്ത തെളിവുകള്‍ പിന്നീട്‌ ലഭിച്ചതുകൊണ്ടാണെന്ന്‌ പറയുവാന്‍ ലജ്ജിക്കാറില്ല. പക്ഷേ, ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന തത്വങ്ങളാണ്‌ അവര്‍ തിരുത്തിയിട്ടുള്ളത്‌. മുജാഹിദ്‌ പ്രസ്ഥാനത്തില്‍ നിന്ന്‌ അവര്‍ വേര്‍പ്പെട്ടുപോയി പുതിയ സംഘടനയുണ്ടാക്കുവാന്‍ ഉന്നയിച്ച പ്രശ്‌നങ്ങളിലാണ്‌ തിരുത്തിയിട്ടുള്ളത്‌; സംഘടനയുടെ പ്രസക്തിപോലും ഇല്ലാതാക്കുന്നവിധം. അതിനാല്‍ തിരുത്തിയതു സമ്മതിക്കുവാന്‍ ഇവര്‍ സ്വാഭാവികമായും ഭയപ്പെടുന്നു. ജമാഅത്തെ ഇസ്‌ലാമിക്കാരുടെ ഓര്‍മയ്‌ക്കുവേണ്ടി ചിലത്‌ താഴെ ഉദ്ധരിക്കാം.

ഹുകൂമത്തെ ഇലാഹി

മുസ്‌ലിം ലീഗ്‌, സമുദായത്തിന്‌ നിഷേധിക്കപ്പെട്ട നീതിക്ക്‌ വേണ്ടി ശബ്‌ദിച്ചപ്പോള്‍ അത്‌ ഇസ്‌ലാമിന്ന്‌ എതിരാണെന്ന്‌ പറഞ്ഞ്‌ ജമാഅത്തുകാര്‍ അവരെ പിന്നില്‍നിന്ന്‌ കുത്തി. മുസ്‌ലിം സമുദായത്തെ ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തില്‍ നിന്നും അധാര്‍മികതയില്‍ നിന്നും മോചിപ്പിച്ച, അമുസ്‌ലിംകളെ വരെ ആകര്‍ഷിക്കുന്ന ഒരു സമുദായമാക്കി പരിവര്‍ത്തിപ്പിക്കാന്‍ മുജാഹിദ്‌ പ്രസ്ഥാനം പ്രവര്‍ത്തിച്ചപ്പോള്‍ സമുദായത്തിന്റെ പേരില്‍ ശബ്‌ദിക്കരുതെന്ന്‌ മുമ്പ്‌ പറഞ്ഞ ജമാഅത്തുകാര്‍ മുജാഹിദുകളെ ആക്ഷേപിച്ചത്‌ അവര്‍ സമുദായത്തെ ഭിന്നിപ്പിക്കുകയാണെന്നും ശാഖാപരമായ കാര്യങ്ങളില്‍ തര്‍ക്കിക്കുകയാണെന്നുമായിരുന്നു. അങ്ങനെ മുജാഹിദുകളെയും അവര്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തി. മുജാഹിദുകളുമായി സഹകരിക്കേണ്ടവര്‍ കളം മാറിച്ചവിട്ടി. പിന്നെ ഇവര്‍ എന്തിനാണ്‌ പ്രവര്‍ത്തിക്കുന്നത്‌? അവരുടെ ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ പാര്‍ട്ടിയുടെ ലക്ഷ്യം വിവരിക്കുന്നതില്‍ പോലും വൈരുധ്യങ്ങള്‍ കാണാം. പ്രവാചകന്‍മാര്‍ നമുക്ക്‌ കാണിച്ചുതന്ന ശൈലിയും രൂപവും മാറ്റിക്കൊണ്ടുള്ള ഒരു മതരാഷ്‌ട്രവാദമാണ്‌ ഇവര്‍ക്കുള്ളതെന്ന കാര്യം സര്‍വ മുസ്‌ലിംകള്‍ക്കും അറിയാവുന്ന യാഥാര്‍ഥ്യമാണ്‌. അധികാരം ലഭിച്ചിട്ടും ഇസ്‌ലാമിക ഭരണം സ്ഥാപിക്കുന്നതില്‍ അശ്രദ്ധകാണിച്ച ഒരു വിഭാഗത്തോട്‌ മൗദൂദി സാഹിബ്‌ അതിനു വേണ്ടി നിര്‍ദേശിച്ചത്‌ തെറ്റാണെന്ന്‌ ഇവിടെ വാദിക്കുന്നില്ല. അത്‌ മുസ്‌ലിംകളുടെ ബാധ്യതയുമാണ്‌. എന്നാല്‍ മൗദൂദിയുടെ വാദം ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്‌ത ജമാഅത്തിന്റെ ബുദ്ധിയെയും വിജ്ഞാനത്തെയും വിമര്‍ശിക്കാതിരിക്കുവാന്‍ ഇസ്‌ലാമിനെ മനസ്സിലാക്കിയ ഒരു മനുഷ്യന്നും സാധിക്കുകയില്ല. ഇവിടുത്തെ മുസ്‌ലിംകള്‍ അബൂജഹ്‌ലിനെപ്പോലുള്ള മുസ്‌ലിംകളാണെന്ന്‌ അവര്‍ തന്നെ എഴുതിയതു നാം കണ്ടു. ഇവരുടെ മതരാഷ്‌ട്രവാദംകൊണ്ട്‌ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിന്നും യാതൊരു നന്‍മയും ലഭിക്കുവാന്‍ പോകുന്നില്ല. വര്‍ഗീയവാദികള്‍ വളരുവാന്‍ മാത്രമേ ഇത്‌ ഉപകരിക്കുകയുള്ളൂ. ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുവാന്‍ ആഗ്രഹിക്കുന്ന അമുസ്‌ലിം സുഹൃത്തുക്കള്‍ക്ക്‌ പോലും തലവേദന സൃഷ്‌ടിക്കുവാനും അവര്‍ പോലും തിരിച്ച്‌ ചിന്തിക്കുവാനും മാത്രമേ ഇതു പ്രയോജനപ്പെടുകയുള്ളൂ.

ജമാ‌അത്തെ ഇസ്‌ലാമിയും സമുദായസ്‌നേഹവും

ദാഹിച്ച പട്ടിക്കു ദാഹജലം നല്‍കുന്നതുപോലും പുണ്യകര്‍മമാണെന്നു പഠിപ്പിച്ച മതമാണ്‌ ഇസ്‌ലാം. ഇന്ത്യന്‍ മുസ്‌ലിംകളില്‍ ന്യൂനതകളും കുറവുകളുമുണ്ട്‌. ഭൂരിപക്ഷം മഹാപാപമായ ശിര്‍ക്കിലും അനാചാരത്തിലും ജീവിക്കുകയാണ്‌. ധാര്‍മിക നിലവാരം ചിലപ്പോള്‍ ഇതര സമുദായങ്ങളെക്കാള്‍ താഴ്‌ന്നതാണ്‌. ഈ യാഥാര്‍ഥ്യത്തിന്‌ എതിരെ ഒരിക്കലും മുജാഹിദ്‌ പ്രസ്ഥാനം അജ്ഞത നടിച്ചിട്ടില്ല. എങ്കിലും അവരും ഈ നാട്ടിലെ പൗരന്മാരാണ്‌. ഈ നാട്ടില്‍ ജനിച്ചവരാണ്‌. നാടിന്റെ പുരോഗതിക്കു ഇതര സമുദായങ്ങളെക്കാള്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരാണ്‌. നികുതി അവരും നല്‍കുന്നുണ്ട്‌. അപ്പോള്‍ ഇന്ത്യന്‍ പൗരനെന്നനിലക്ക്‌ ലഭിക്കുവാനുള്ള അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും അവരും നൂറുശതമാനം അര്‍ഹരാണ്‌. ഈ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിന്നെതിരായി ശബ്‌ദിക്കുവാനും സംഘടിക്കുവാനും അവര്‍ക്കും അവകാശമുണ്ട്‌. ഇത്‌ വര്‍ഗീയത വളര്‍ത്തുകയെന്നതല്ല. വര്‍ഗീയ ചിന്താഗതിയെ മനുഷ്യമനസ്സില്‍നിന്നും വിശിഷ്യാ അധികാരവര്‍ഗത്തിന്റെ മനസ്സില്‍ നിന്നും നീക്കലാണ്‌. അത്‌ വളര്‍ന്നുവരുന്നതിന്നെതിരായി പ്രവര്‍ത്തിക്കലും സംഘടിക്കലുമാണ്‌. വര്‍ഗീയതയ്‌ക്ക്‌ മുഹമ്മദ്‌ നബി നല്‍കിയ നിര്‍വചനമാണ്‌ സമ്പൂര്‍ണമായിട്ടുള്ളത്‌. നിന്റെ സമുദായത്തെ ഒരു തെറ്റില്‍ സഹായിക്കലാണ്‌ വര്‍ഗീയതയെന്നു ആ മഹാന്‍ പ്രസ്‌താവിച്ചു. ബാര്‍ബര്‍മാര്‍, തൊഴിലാളികള്‍, വ്യവസായികള്‍, അധ്യാപകന്മാര്‍, ബീഡിത്തൊഴിലാളികള്‍ മുതലായവരെല്ലാം അവരുടെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കല്‍ വര്‍ഗീയമല്ലെങ്കില്‍ ഒരു സമുദായത്തിന്‌ ലഭിക്കുവാന്‍ അവകാശപ്പെട്ട നീതി നിഷേധിക്കപ്പെടുമ്പോള്‍ അതിന്നെതിരെ ശബ്‌ദിക്കലും സംഘടിക്കലും എങ്ങനെയാണ്‌ വര്‍ഗീയമാകുന്നത്‌?

ഇസ്‌ലാമും ഭരണവും

സ്‌ലാം ദൈവിക മതമാണ്‌. അതിനാല്‍ സര്‍വ മേഖലകളിലും മനുഷ്യന്റെ പുരോഗതിക്കും അവന്റെ രക്ഷയ്‌ക്കും ഉപയുക്തവും ഏതു കാലത്തെയും വെല്ലുവിളികളെ അതിജീവിക്കുവാന്‍ അനുയോജ്യവുമായ നിയമങ്ങളാണ്‌ മനുഷ്യസമൂഹത്തിന്റെ മുന്നില്‍ ഈ മതം അവതരിപ്പിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ നിയമങ്ങള്‍ ആരുടെ മേലും അടിച്ചേല്‍പ്പിക്കേണ്ട ആവശ്യം ഈ മതത്തിനും അതിന്റെ അനുയായികള്‍ക്കുമില്ല. അത്‌ പാടുള്ളതുമല്ല. പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: “മതത്തില്‍ നിര്‍ബന്ധമില്ല. നിശ്ചയം സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്നും വ്യക്തമായിരിക്കുന്നു” (2:256).