“ഇന്ത്യന്‍ ഗവണ്മെന്റ് താഗൂത്താണ്. പരിശുദ്ധഖുര്ആനില് താഗൂത്തിന്ന് ഇബാദത്തെടുക്കരുതെന്ന് പറഞ്ഞ സ്ഥലത്തെല്ലാം വിവക്ഷിക്കുന്നത് അനുസരണമാണ്. അപ്പോള്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ സര്‍ക്കാരിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടിവരും. ഇസ്ലാമില്‍ മതം, ഭൗതികം എന്നിങ്ങനെ വേര്‍പെടുത്തുന്നതു ശരിയല്ല.'' ഇതായിരുന്നു ജമാഅത്തിന്റെ സിദ്ധാന്തം. അങ്ങനെ മുസ്ലിംകള് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനെ ഇവര്‍ നിരുല്സാഹപ്പെടുത്തി. അവരുടെ സാഹിത്യങ്ങള്‍കൊണ്ട് തന്നെ ഇത് തെളിയിക്കാം.
1. ``താഗൂത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെട്ടതാണ് - ബിംബങ്ങള്‍- ദൈവേതര ഭരണകൂടങ്ങള്‍, അദൈവിക കോടതികള്‍, നിഷിദ്ധമായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എല്ലാം തന്നെ.'' (ഇസ്ലാമിലെ ഇബാദത്ത്, ടി മുഹമ്മദ് സാഹിബ്, പേ. 67, 1979)
2. ``ഖുര്‍ആനില്‍ താഗൂത്തിനെ കൈവെടിയണമെന്നു പറഞ്ഞതിന്റെ അര്‍ഥം അവനുള്ള ഇബാദത്തുപേഷിക്കണമെന്നാണ്. അതായത് താഗൂത്തിനുള്ള അടിമത്തവും അനുസരണവും ഒഴിവാക്കണമെന്ന്.'' (ഇസ്ലാമിലെ ഇബാദത്ത്, പേജ് 94)
3. ``നിങ്ങളുടെ ആദര്‍ശം സത്യമാണെങ്കില്‍ മറ്റൊരു ദീനില്‍ നിന്നു കൊണ്ട് നിങ്ങള്‍ക്കു സുഖനിദ്രപോലും വരികയില്ല. എന്നിട്ടല്ലേ നിങ്ങള്‍ ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുകയും ആ സേവനത്താല്‍ ലഭ്യമാകുന്ന ആഹാരം സന്തോഷത്തോടെ ഭക്ഷിക്കുകയും സസുഖം കാല്‍നീട്ടി ഉറങ്ങുകയും ചെയ്യുന്നത്.'' (ഖുതുബാത്ത് പേജ് 405)
ദീന് എന്നതിന്റെ അര്‍ഥം സ്റ്റെയിറ്റാണെന്ന് സമര്‍ഥിച്ച ശേഷമാണ് മൗദൂദി സാഹിബ് ഇപ്രകാരം എഴുതുന്നത്. അദ്ദേഹത്തിന്റെ അടുക്കല്‍ ദീന് എന്നതിന്റെ വിവക്ഷ ഇതാണ്.
4. ``എന്നാല്‍ മുസ്ലിംകളെന്നു വാദിച്ചുകൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക, ഇസ്ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്) നടപ്പില്‍വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ച് ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്, പേ. 405) ബ്രാക്കറ്റ് മൗദൂദിയുടെതു തന്നെ.
5. ``അനിസ്ലാമിക വ്യവസ്ഥിതി അധികാരം വാഴുന്ന രാജ്യങ്ങളിലധിവസിക്കുന്ന മുസ്ലിംകളുടെ ജീവിതത്തിലേക്ക് നോക്കുക. താഗൂത്തുപരമായ സകല സ്ഥാപനങ്ങളുമായും അവര്‍ ബന്ധപ്പെട്ടു ജീവിക്കുന്നതു കാണാം. അവിടത്തെ അനിസ്ലാമിക കോടതികളില്‍ മുസ്ലിംകള് ശരണം പ്രാപിക്കുന്നു. അനിസ്ലാമിക പാഠശാലകള്‍ക്കു തങ്ങളുടെ സന്താനങ്ങളെ ഏല്പിച്ചുകൊടുക്കുന്നു. അനിസ്ലാമിക ഭരണയന്ത്രത്തിന്റെ ചക്രശകലങ്ങളാവാനും അതിന്റെ പക്കല്‍ നിന്ന് ഉന്നത സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കാനും അവര്‍ അഹമഹമികയാ പരിശ്രമിക്കുന്നു.'' (ശിര്‍ക്ക്, പേജ്: 212)
6. ``അപ്പോള്‍ ഈ ആഗ്രഹവും സ്ഥാനാര്‍ഥിത്വവും ഒരനിസ്ലാമിക ഗവണ്മെന്റിന്റെ ഉദ്യോഗത്തിന് വേണ്ടിയാണെങ്കില്‍ അതെത്രമാത്രം ദോഷകരമായിരിക്കുമെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നതാണ്''. (പ്രബോധനം, 1951 ആഗസ്റ്റ് 1, പു. 4, ലക്കം 3)
മുജാഹിദുകള്‍ വാദിച്ചത് ഇപ്രകാരം സംഗ്രഹിക്കാം: ``ഇന്ത്യന്‍ ഗവണ്മെന്റ് താഗൂത്താണെന്ന് നാം സമ്മതിക്കുക. എന്നാല്‍ തന്നെ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്ക് എതിരാവാത്തനിലക്ക് ഭൗതിക പ്രശ്നങ്ങളില്‍ അവരെ അനുസരിക്കല്‍ ഇസ്ലാമിന്റെ തത്വത്തിന് എതിരാകുന്നില്ല. ഇന്ത്യന്‍ ജനാധിപത്യം വര്‍ഗീയവാദികള്‍ കൈയടക്കി അത് നഷ്ടപ്പെടുന്നതു നാം സൂക്ഷിക്കണം. മുസ്ലിംകള്‍ക്കു ഇന്ത്യന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും സുപ്രീംകോടതി ജഡ്ജിയും ആകുന്നതിന്ന് വരെ നിയമതടസ്സമില്ല. അതിനാല്‍ നിങ്ങള്‍ ഇസ്ലാമിനു വിരുദ്ധമല്ലാത്ത എല്ലാ രംഗത്തും കടന്നുചെന്ന് സമുദായത്തിന് നന്മ ചെയ്യുവാന്‍ ശ്രമിക്കുക, നിങ്ങളും ഈ നാട്ടിലെ പൗരന്മാരാണ്. നികുതിയും മറ്റും നിങ്ങളും നല്‍കുന്നുണ്ട്. ആ നികുതി വര്‍ഗീയവാദികള്‍ മാത്രം അനുഭവിക്കുവാന്‍ എന്തിന് സന്ദര്‍ഭം സൃഷ്ടിക്കണം. നമുക്കിതിന്ന് നബിമാരുടെ മാതൃകയുണ്ട്. അവരില്‍ 95 ശതമാനവും ഭൗതികപ്രശ്നങ്ങളില്‍ അനിസ്ലാമിക ഗവണ്മെന്റിനെ അനുസരിച്ച് ജീവിച്ചവരാണ്. ഭരണം ലഭിച്ചവര്‍തന്നെ കുറെ കാലം അനിസ്ലാമിക ഭരണത്തിന്റെ കീഴില്‍ ജീവിച്ചവരാണ്. യൂസുഫ് നബി(അ) അനിസ്ലാമിക സര്‍ക്കാരിന്റെ കീഴില്‍ വകുപ്പ്മന്ത്രിയായി ജോലി ചെയ്തിട്ടുണ്ട്. ഈജിപ്തിലെ പരിപൂര്‍ണ അധികാരം അദ്ദേഹത്തിന് അവസാനം ലഭിച്ചുവോ എന്നതു നമ്മുടെ ചര്‍ച്ചാവിഷയമല്ല. അദ്ദേഹം അധികാരത്തില്‍ വന്ന് ചുരുങ്ങിയതു ഏഴ് വര്‍ഷമെങ്കിലും കഴിഞ്ഞ ശേഷമാണ് സഹോദരന്മാര് വരുന്നത്. ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് നാട്ടില്‍ പരിപൂര്‍ണ അധികാരം ഉണ്ടായിരുന്നില്ലെന്ന് പരിശുദ്ധ ഖുര്‍ആന്‍ തന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അനുജന് ബിന്‍യാമീനെ പിടിച്ചുവെക്കാന്‍ ഒരു തന്ത്രം അല്ലാഹു അദ്ദേഹത്തിന് തോന്നിച്ചത്. മുശ്രിക്കുകളുമായി നല്ല കാര്യത്തില്‍ സഹകരിക്കുകയില്ലെന്നു പറഞ്ഞ സന്ദര്‍ഭത്തിലാണ് നന്മയില് ആരുമായും സഹകരിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിച്ചത്. ഇന്ത്യന്‍ ജനാധിപത്യം നിലനില്ക്കുവാന് നമുക്ക് അമുസ്ലിംകളുമായും സഹകരിക്കാം. ഇതു നഷ്ടപ്പെട്ടാല്‍ ഒരു സമൂഹത്തെ ഇസ്ലാമികമായി വളര്‍ത്തിക്കൊണ്ടുവരാന്‍ പോലും നമുക്ക് സാധിക്കുകയില്ല.''
ഇവര്‍ എഴുതുന്നു: ``മതത്തിന്റെ പരിവേഷമൊന്നുമില്ലാതെ തന്നെ മനുഷ്യനെ അല്ലാഹുവിന്നുള്ള സര്‍വാര്‍പ്പണത്തില്‍ നിന്ന് തെറ്റിക്കുന്ന ദൃശ്യങ്ങളായ വേറെയും പല ശക്തികളുമുണ്ടിവിടെ. അവയും താഗൂത്തിന്റെ വിഭാഗങ്ങള്‍ തന്നെ. ഉദാഹരണത്തിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി, അവാന്തര വിഭാഗങ്ങള്‍ എല്ലാം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.'' (ഇബാദത്ത് ഒരു സമഗ്രപഠനം, പേ. 335, പുതിയ പതിപ്പ്) ഈ താഗൂത്തായ കമ്യൂണിസ്റ്റുകാര്‍ക്ക് ജമാഅത്തെ ഇസ്ലാമി വോട്ടുചെയ്തത് അവര്‍ക്ക് ഇബാദത്തെടുക്കലാണോ? അപ്പോള്‍ താഗൂത്താണെങ്കില്‍ തന്നെ ഇസ്ലാമില്‍ എതിരാവാത്ത സംഗതികളില്‍ അവരെ അനുസരിക്കാമെന്ന് ഇവര്‍ തന്നെ സമ്മതിച്ചു. അവരെ അധികാരത്തില്‍ പ്രതിഷ്ഠിക്കാമെന്ന് വരെ ഇവര്‍ ഇന്ന് സ്വന്തം പ്രവൃത്തിയിലൂടെയും പ്രഖ്യാപനത്തിലൂടെയും മുസ്ലിംകളോട് നിര്‍ദേശിക്കുന്നു. പള്ളികളില്‍ വെച്ച് വരെ ഇത് താഗൂത്തിനെ സഹായിക്കുവാന്‍ അനുയായികളോട് പ്രഖ്യാപിച്ചത് അരമന രഹസ്യമാണെങ്കിലും അങ്ങാടിപ്പരസ്യമാണ്. ഒരു ചോദ്യവും മറുപടിയും കാണുക:
``ചോ. അല്ലാഹുവിനെ മാത്രം ഇബാദത്തു ചെയ്യുക, താഗൂത്തിനെ വെടിയുക എന്ന സന്ദേശവുമായി നിയുക്തരായ എല്ലാ പ്രവാചകന്മാരും അവര്‍ ജനിച്ചുവളര്‍ന്ന സമൂഹത്തിലും രാഷ്ട്രത്തിലും നിലവിലിരുന്ന നിയമവ്യവസ്ഥകളും ചട്ടങ്ങളും അനുസരിച്ചുപോന്നു എന്നു പറയുന്നത് ശരിയാണോ?
ഉ: അല്ലാഹുവിന്റെ കല്പനകള്ക്കും ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ക്കും വിരുദ്ധമായ ഒരു നിയമവും ഒരു കാലത്തും ഒരു പ്രവാചകനും അനുസരിച്ചിട്ടില്ല.... അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കെതിരല്ലാത്ത നിയമങ്ങള്‍ അനുസരിക്കുന്നത് തെറ്റാണെന്നവാദം ആര്‍ക്കും ഇല്ലതാനും.'' (ചോദ്യോത്തരം, പേ. 29)
താഗൂത്താണെങ്കിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് എതിരല്ലാത്ത നിയമങ്ങള്‍ അനുസരിക്കുന്നത് തെറ്റല്ലെന്ന സത്യം അംഗീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. `എന്നാല്‍ അല്ലാഹുവിന്റെ കല്പനകള്ക്ക് എതിരായി പ്രവാചകന്മാര് ഭരണകൂടത്തെ അനുസരിച്ചിരുന്നുവെന്ന് ഇവിടെ ആരും വാദിച്ചിട്ടില്ല. എന്നാല്‍ ജമാഅത്തെ ഇസ്ലാമി വാദിച്ചതു ദൈവേതര ഭരണകൂടങ്ങള്‍ താഗൂത്തായതിനാല്‍ അവയെ പരിപൂര്‍ണമായി വര്‍ജിക്കണമെന്നും അതിനാല്‍ ഒരു രീതിയിലും (സുഖമായി ഉറങ്ങിക്കൊണ്ട് പോലും) സഹകരിക്കുവാന്‍ പാടില്ലെന്നുമായിരുന്നു. ഒരു മുസ്ലിമും പ്രത്യേകിച്ച് മുജാഹിദ് പ്രവര്ത്തകന്മാര് പരമാധികാരം ഭരണാധികാരികള്‍ക്കു നല്കി തിരഞ്ഞെടുപ്പിലോ സര്‍ക്കാര്‍ ജോലിയിലോ പ്രവേശിച്ചിരുന്നില്ല. എന്നിട്ടും മുജാഹിദുകള്‍ ശിര്‍ക്ക് ചെയ്യുകയെന്ന് ജല്പിച്ചാണ് ഇവര്‍ ജമാഅത്ത് രൂപീകരിച്ചത്. ഇവര്‍ തന്നെ എഴുതുന്നു: ``കേരളത്തിലുണ്ടായിരുന്ന ഇ എം എസ് മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കുകയുണ്ടായി. പക്ഷേ ഇ എം എസ് മദ്യവും ചൂതാട്ടവും നിയമവിധേയമാക്കിയാല്‍ അവ ഹലാലായിത്തീരുമെന്നോ അവ ഹലാലാക്കുവാനുള്ള അന്തിമമായ അധികാരം ഇ എം എസ്സിന്നുണ്ടെന്നോ ഇവിടെയുള്ള മുസ്ലിംകളാരും വിശ്വസിക്കുന്നില്ല. ഇതുപോലെ ഇന്ത്യയിലുള്ള മുസ്ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും വിരോധിക്കുന്നതെന്തും ഹറാമുമാണെന്ന് വിശ്വസിക്കുകയോ നിരുപാധികമായ നിയമനിര്‍മാണത്തിനുള്ള പരമാധികാരം അവര്‍ക്ക് വകവെച്ച് കൊടുക്കുകയോ ചെയ്യുന്നില്ല''. (വിമര്‍ശിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി, പ്രബോധനം, മുഖപ്രസംഗം, പു. 32, ലക്കം 3) വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇ എം എസിനെ ദൈവമാക്കുക തന്നെയാണ് ചെയ്യുന്നത്.... (അതേ പുസ്തകം)
ഇതില്‍ ഒരു മുജാഹിദിന്നും തര്‍ക്കമില്ല. ഇവര്‍ ഇവിടെ എഴുതുന്നത് ഇ എം എസ്സിന്റെയും ഇന്ദിരാഗാന്ധിയുടെയും ആരാധകര്‍ വരെ പരമാധികാരം അവര്‍ക്ക് വകവെച്ച് കൊടുക്കുന്നില്ല എന്നാണ്. പ്രബോധനം തുടരുന്നു: ``അവര്‍ നിര്‍മിക്കുന്ന ഏതു നിയമവും ദൈവിക നിയമങ്ങള്‍പോലെ ശാശ്വതവും അലംഘനീയവുമാണെന്നും കൂറോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അതനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതി പാടില്ലെന്നും ഇവിടെയുള്ള അമുസ്ലിംകളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകര്‍ പോലും വിശ്വസിക്കുന്നില്ല''. അതേ പുസ്തകം, പേജ്: 16) മുസ്ലിംകളില് ദൈവവിശ്വാസം ഇല്ലാത്ത ചിലര്‍ പരമാധികാരം പലര്‍ക്കും അംഗീകരിച്ചുകൊടുക്കുന്നുണ്ട്. അതിനാല്‍ ആരുംതന്നെ ഇങ്ങനെ ചെയ്യുന്നില്ലെന്ന് നമുക്ക് വാദമില്ല. ഇപ്രകാരം എഴുതിയതിനുശേഷവും സല്‍സബീലിലെയും മറ്റും പ്രസ്താവനകള്‍ ദുര്‍വ്യാഖ്യാനംചെയ്തു മുജാഹിദുകള്‍ അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുന്നില്ലെന്ന് ആരോപിക്കുന്നത് തനിച്ച അഹങ്കാരവും സഹിഷ്ണുത അല്പംപോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത വിമര്‍ശനവുമാണ്. മക്കാമുശ്രിക്കുകള്‍ പോലും പരമാധികാരം അല്ലാഹുവിന്നാണെന്ന് അംഗീകരിച്ചവരായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ അത് വ്യക്തമാക്കുന്നുണ്ട്. ജമാഅത്തിന്റെ ശൂറാ കമ്മിറ്റി പരമാധികാരം അല്ലാഹുവിന്നാണെന്ന് അംഗീകരിക്കുന്നുണ്ടോ എന്ന് `ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി 27 വര്‍ഷം' എന്ന പുസ്തകം വായിക്കുന്ന ഏതൊരാളും സംശയിച്ചേക്കാം. അതുപോലെ പ്രസ്ഥാനം ഏതൊരു ആദര്‍ശത്തിന്റെ മേല്‍ സ്ഥാപിച്ചുവോ ആ ആദര്‍ശം പോലും ജമാഅത്തുകാര്‍ ഇന്ന് മാറ്റിമറിച്ചിരിക്കുകയാണ്. പരമാധികാരം അല്ലാഹുവിന്നല്ല പ്രത്യുത, തങ്ങളുടെ അമീറിന്നും ശൂറാ കമ്മിറ്റിക്കുമാണെന്ന നിലപാടിലാണ് അവര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ കൈ കെട്ടുന്ന വിഷയത്തില്‍ പോലും അല്ലാഹുവിന്റെ നിയമം പാലിക്കണമെന്ന് പറയുന്ന ഒരു പ്രസ്ഥാനത്തിന്റെ നേരെ ശാഖാപരം എന്നു പറഞ്ഞ് ഭൂരിപക്ഷത്തിന്റെ സംതൃപ്തിക്ക് വേണ്ടി കൈകെട്ടുകയും ഖുനൂത്ത് ചൊല്ലുകയും കൂട്ടുപ്രാര്‍ഥന നടത്തുകയും തറാവീഹ് 23 റക്അത്തു നമസ്കരിക്കുകയും ശേഷം മുസ്ലിമിലും മറ്റും ഇല്ലാത്ത ഹദീസുകള്‍ ഉണ്ടെന്നു `പ്രബോധന'ത്തില്‍ പോലും എഴുതി തെളിവുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ വിഭാഗമാണോ അതല്ല, മുജാഹിദുകളാണോ അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുന്നവരെന്ന് നിഷ്പക്ഷമായി ചിന്തിക്കുക.
Friday, August 6, 2010
സര്‍ക്കാര്‍ ജോലിയോടുള്ള സമീപനം
Posted by
Malayali Peringode
at
Friday, August 06, 2010
Email ThisBlogThis!Share to XShare to FacebookShare to Pinterest

Labels:
സര്‍ക്കാര്‍ ജോലിയോടുള്ള സമീപനം
Subscribe to:
Post Comments (Atom)
2 comments:
``ചോ. അല്ലാഹുവിനെ മാത്രം ഇബാദത്തു ചെയ്യുക, താഗൂത്തിനെ വെടിയുക എന്ന സന്ദേശവുമായി നിയുക്തരായ എല്ലാ പ്രവാചകന്മാരും അവര്‍ ജനിച്ചുവളര്‍ന്ന സമൂഹത്തിലും രാഷ്ട്രത്തിലും നിലവിലിരുന്ന നിയമവ്യവസ്ഥകളും ചട്ടങ്ങളും അനുസരിച്ചുപോന്നു എന്നു പറയുന്നത് ശരിയാണോ?
ഉ: അല്ലാഹുവിന്റെ കല്പനകള്ക്കും ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ക്കും വിരുദ്ധമായ ഒരു നിയമവും ഒരു കാലത്തും ഒരു പ്രവാചകനും അനുസരിച്ചിട്ടില്ല.... അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കെതിരല്ലാത്ത നിയമങ്ങള്‍ അനുസരിക്കുന്നത് തെറ്റാണെന്നവാദം ആര്‍ക്കും ഇല്ലതാനും.'' (ചോദ്യോത്തരം, പേ. 29)
ജമാഅത്തെ ഇസ്ലാമിയും അനിസ്ലാമിക ഭരണകൂടവും
ചോ: "എല്ലാ സമുദായത്തിലും അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, ത്വാഗൂത്തിനെ വെടിയുക എന്ന കല്പനയുമായി നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്'' (അന്നഹ്ല് 36). ഇതില്‍നിന്നും മനസ്സിലാകുന്നത് ത്വാഗൂത്തുമായി ഒരു വിധത്തിലും യോജിക്കാന്‍ പാടില്ല എന്നാണല്ലോ. ഇക്കാര്യം ജമാഅത്തെ ഇസ്ലാമിയുടെ സാഹിത്യങ്ങളില്‍ നിറഞ്ഞുനില്ക്കുകയും ചെയ്യുന്നു. 'ജമാഅത്തെ ഇസ്ലാമിയും വിമര്‍ശകരും' എന്ന ഗ്രന്ഥത്തിലെ ചില ഉദ്ധരണികള്‍ ചുവടെ ചേര്‍ക്കുന്നു:
"നിയമനിര്‍മാണത്തിന്റെ പരമാധികാരം അല്ലാഹുവിനാണ്. അനിസ്ലാമിക ഭരണകൂടങ്ങള്‍ അതംഗീകരിക്കാത്തതിനാലാണ് അവ ത്വാഗൂത്തുകളാകുന്നത്. അപ്രകാരംതന്നെ, വിധിക്കുള്ള അവകാശം സ്രഷ്ടാവിന്നാണ്. അത് സ്വീകരിക്കാതെ ദൈവികനിയമങ്ങള്ക്കെതിരെ വിധിക്കുന്നതിനാലാണ് അനിസ്ലാമിക കോടതികള്‍ ത്വാഗൂത്തുകളാകുന്നത്'' (പേജ് 136).
"ത്വാഗൂത്തുകളെ വര്‍ജിക്കല്‍ നിര്‍ബന്ധമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്ദിഗ്ധമായി അറിയിക്കുകയും ചെയ്തിരിക്കുന്നു'' (പേജ് 142).
നടേ വിവരിച്ച ഖുര്‍ആന്‍ നിര്‍ബന്ധമായും ഉപേക്ഷിക്കാന്‍ കല്പിച്ച കാര്യങ്ങളാണ്. എന്നാല്‍, ഇന്ന് ജമാഅത്ത് അംഗങ്ങള്‍ ഈ അനിസ്ലാമിക ഭരണകൂടത്തിന്റെ വിവിധ വകുപ്പുകളില്‍ ജോലിനോക്കുകയും ഈ ത്വാഗൂത്ത് ഗവണ്മെന്റിന്റെ കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്യുന്നു. ഇത് പരസ്പര വൈരുധ്യമല്ലേ?
ഉ: സ്രഷ്ടാവിനെയോ സ്രഷ്ടാവിന്റെ പരമാധികാരത്തെയോ നിയമനിര്‍മാണത്തിനുള്ള അല്ലാഹുവിന്റെ അനിഷേധ്യമായ അവകാശത്തെയോ അംഗീകരിക്കാത്ത ഭരണാധികാരിയോ ഭരണകൂടമോ ഏതായിരുന്നാലും അത് ത്വാഗൂത്ത് തന്നെ. ആ ഭരണകൂടം ദൈവവിരുദ്ധമായ നിയമങ്ങള്‍ നിര്‍മിക്കുകയും സുസ്ഥിര ധാര്‍മിക-സദാചാരമൂല്യങ്ങളെ നിരാകരിക്കുകയും അഴിമതിയും അധാര്‍മികതയും മുഖമുദ്രയാക്കുകയും യഥാര്‍ഥവിശ്വാസികളുടെ അവകാശങ്ങള്‍ ധ്വംസിക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ വിനാശകരമായ ത്വാഗൂത്ത് ആയിത്തീരുന്നു. ഇത്തരം ത്വാഗൂത്ത് വ്യവസ്ഥിതിയെ എതിര്‍ക്കുകയും നിരാകരിക്കുകയുമാണ് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരുടെ ചുമതല. ഈ മൌലിക വീക്ഷണത്തില്‍ ജമാഅത്തെ ഇസ്ലാമി ഒരു വിട്ടുവീഴ്ചയും ഒരിക്കലും ചെയ്തിട്ടില്ല. ത്വാഗൂത്തിനു പകരം അല്ലാഹുവിന്റെ സന്മാര്ഗത്തെ സ്ഥാപിക്കാനാണ് ഇസ്ലാമികപ്രസ്ഥാനം ലക്ഷ്യമാക്കുന്നത്. അതിനു സ്വീകരിക്കുന്ന മാര്‍ഗം, പക്ഷേ സമാധാനപരവും നിയമവാഴ്ചയെ അംഗീകരിച്ചുകൊണ്ടുള്ളതും ബോധവല്ക്കരണത്തില് ഊന്നുന്നതുമാണ്.
എന്നാല്‍, ലക്ഷ്യം നേടുന്നതുവരെയുള്ള കാലഘട്ടത്തില്‍ ഇസ്ലാമികപ്രവര്‍ത്തകര്‍ വ്യവസ്ഥിതിയുടെ നേരെ സ്വീകരിക്കുന്ന സമീപനമെന്തായിരിക്കണമെന്നതാണ് പ്രശ്നം. പൂര്‍ണമായ ബഹിഷ്കരണവും വിട്ടുനില്‍ക്കലും കൂടുതല്‍ കടുത്ത ദ്രേഹികള്ക്ക്-ഫാഷിസ്റുകള്ക്കുതന്നെയും-ഇസ്ലാമിനെയും മുസ്ലിംകളെയും പീഡിപ്പിക്കാനാണ് അവസരം നല്‍കുകയെങ്കില്‍, താരതമ്യേന ദ്രോഹം കുറഞ്ഞവരെ അധികാരത്തിലേറ്റാനും ഭരണയന്ത്രം ഏല്പിക്കാനും ഇസ്ലാമിക പ്രസ്ഥാനം നിര്‍ബന്ധിതമാണ്. അതുപോലെ, ഇസ്ലാമികാധ്യാപനങ്ങളുമായി ഏറ്റുമുട്ടാത്ത തൊഴിലുകളില്‍ മുസ്ലിംകള് ഏര്‍പ്പെടുന്നതും സമുദായത്തിനും രാജ്യത്തിനും ഗുണകരമാവും എന്ന് പ്രസ്ഥാനം കരുതുന്നു. അതേസമയം, മഹാപാപങ്ങള്‍ ചെയ്യാനോ ഇസ്ലാമികവിരുദ്ധ വിധികള്‍ പുറപ്പെടുവിക്കാനോ നിര്‍ബന്ധിക്കുന്ന ഉദ്യോഗങ്ങള്‍ ഇസ്ലാമികപ്രവര്‍ത്തകര്‍ സ്വീകരിക്കരുതെന്നുതന്നെയാണ് ജമാഅത്തിന്റെ സുചിന്തിതമായ കാഴ്ചപ്പാട്. ചോറുള്ളത് സര്‍ക്കാറിന്റെ അടുക്കളയില്‍ മാത്രമാണെന്ന് അത് കരുതുന്നില്ല. ചില ന്യൂനപക്ഷസമൂഹങ്ങള്‍ പോലും സാമ്പത്തികമായി വളര്‍ന്നത് സര്‍ക്കാര്‍ ഉദ്യോഗങ്ങള്കൊണ്ടല്ലതാനും.
ത്വാഗൂത്ത് വ്യവസ്ഥിതിയുടെ നിയമങ്ങളാണ് ഈ രാജ്യത്ത് നിലനില്‍ക്കുന്നത്. ആ നിയമങ്ങള്‍തന്നെ ശരി എന്ന് വിശ്വസിക്കുന്നവരുമാണ് രാജ്യത്തെ ഭൂരിപക്ഷവും. അവരുമായി തര്‍ക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടാവുമ്പോള്‍ മറ്റു പോംവഴികളില്ലെങ്കില്‍ നിലവിലെ കോടതികളെത്തന്നെ സമീപിക്കേണ്ടിവരും. സമാന്തര കോടതികള്‍ സ്ഥാപിക്കുക ജമാഅത്തിന്റെ നയമോ പരിപാടിയോ അല്ല. ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സര്‍ക്കാര്‍ 1992 ഡിസംബര്‍ 10-ന് അന്യായമായി നിരോധിച്ചപ്പോള്‍ ജമാഅത്ത് അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. ദൈവികേതര ഭരണകൂടം സ്വയംനിര്‍മിത നിയമങ്ങളെപ്പോലും കാറ്റില്‍ പറത്തുന്നു എന്ന് തെളിയിക്കാനായിരുന്നു അത്. അക്കാര്യത്തില്‍ ജമാഅത്ത് വിജയിക്കുകയും ചെയ്തു.
http://www.jihkerala.org/faq/FaqAnswers.php?qi=100
Post a Comment