Pages

Friday, August 6, 2010

ജമാ‌അത്തെ ഇസ്‌ലാമിയും സമുദായസ്‌നേഹവും

ദാഹിച്ച പട്ടിക്കു ദാഹജലം നല്‍കുന്നതുപോലും പുണ്യകര്‍മമാണെന്നു പഠിപ്പിച്ച മതമാണ്‌ ഇസ്‌ലാം. ഇന്ത്യന്‍ മുസ്‌ലിംകളില്‍ ന്യൂനതകളും കുറവുകളുമുണ്ട്‌. ഭൂരിപക്ഷം മഹാപാപമായ ശിര്‍ക്കിലും അനാചാരത്തിലും ജീവിക്കുകയാണ്‌. ധാര്‍മിക നിലവാരം ചിലപ്പോള്‍ ഇതര സമുദായങ്ങളെക്കാള്‍ താഴ്‌ന്നതാണ്‌. ഈ യാഥാര്‍ഥ്യത്തിന്‌ എതിരെ ഒരിക്കലും മുജാഹിദ്‌ പ്രസ്ഥാനം അജ്ഞത നടിച്ചിട്ടില്ല. എങ്കിലും അവരും ഈ നാട്ടിലെ പൗരന്മാരാണ്‌. ഈ നാട്ടില്‍ ജനിച്ചവരാണ്‌. നാടിന്റെ പുരോഗതിക്കു ഇതര സമുദായങ്ങളെക്കാള്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരാണ്‌. നികുതി അവരും നല്‍കുന്നുണ്ട്‌. അപ്പോള്‍ ഇന്ത്യന്‍ പൗരനെന്നനിലക്ക്‌ ലഭിക്കുവാനുള്ള അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും അവരും നൂറുശതമാനം അര്‍ഹരാണ്‌. ഈ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിന്നെതിരായി ശബ്‌ദിക്കുവാനും സംഘടിക്കുവാനും അവര്‍ക്കും അവകാശമുണ്ട്‌. ഇത്‌ വര്‍ഗീയത വളര്‍ത്തുകയെന്നതല്ല. വര്‍ഗീയ ചിന്താഗതിയെ മനുഷ്യമനസ്സില്‍നിന്നും വിശിഷ്യാ അധികാരവര്‍ഗത്തിന്റെ മനസ്സില്‍ നിന്നും നീക്കലാണ്‌. അത്‌ വളര്‍ന്നുവരുന്നതിന്നെതിരായി പ്രവര്‍ത്തിക്കലും സംഘടിക്കലുമാണ്‌. വര്‍ഗീയതയ്‌ക്ക്‌ മുഹമ്മദ്‌ നബി നല്‍കിയ നിര്‍വചനമാണ്‌ സമ്പൂര്‍ണമായിട്ടുള്ളത്‌. നിന്റെ സമുദായത്തെ ഒരു തെറ്റില്‍ സഹായിക്കലാണ്‌ വര്‍ഗീയതയെന്നു ആ മഹാന്‍ പ്രസ്‌താവിച്ചു. ബാര്‍ബര്‍മാര്‍, തൊഴിലാളികള്‍, വ്യവസായികള്‍, അധ്യാപകന്മാര്‍, ബീഡിത്തൊഴിലാളികള്‍ മുതലായവരെല്ലാം അവരുടെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കല്‍ വര്‍ഗീയമല്ലെങ്കില്‍ ഒരു സമുദായത്തിന്‌ ലഭിക്കുവാന്‍ അവകാശപ്പെട്ട നീതി നിഷേധിക്കപ്പെടുമ്പോള്‍ അതിന്നെതിരെ ശബ്‌ദിക്കലും സംഘടിക്കലും എങ്ങനെയാണ്‌ വര്‍ഗീയമാകുന്നത്‌?